Personality

സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?

എന്തുകൊണ്ടാണ് പുരുഷന്‍മാര്‍ സ്ത്രീകളെ നോക്കാനും ആ നോട്ടം ദീര്‍ഘിപ്പിക്കാനും ഇഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് പുരുഷന്‍ തന്റെ കണ്ണുകള്‍ കൊണ്ട് സ്ത്രീകളെ പിന്തുടരുന്നത്? പുരുഷന്‍ മറ്റൊരു സ്ത്രീയെ നോക്കുമ്പോള്‍ അവന്റെ ഭാര്യക്ക് എന്തെങ്കിലും ന്യൂനതയോ സൗന്ദര്യക്കുറവോ ഉണ്ടെന്നാണോ അതിന്നര്‍ത്ഥം? സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷന്റെ നോട്ടത്തെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ എപ്പോഴും ഉയര്‍ന്നുവരുന്ന സുപ്രധാന ചോദ്യമാണിത്. അതിന്റെ കാരണം തിരിച്ചറിയുമ്പോള്‍ അതിലൊരു അത്ഭുതവും അവശേഷിക്കുകയില്ല. പുരുഷനിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് അതിന് പിന്നിലെ കാരണമെന്നാണ് ശാസ്ത്രം വിശദീകരിക്കുന്നത്. ഈ ഹോര്‍മോണ്‍ പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലുമുണ്ട്. എന്നാല്‍ സ്ത്രീകളില്‍ കാണുന്നതിന്റെ ആറിരട്ടിയാണ് പുരുഷനില്‍ അതിന്റെ അളവ്. പുരുഷനില്‍ ലൈംഗിക താല്‍പര്യവും വികാരവും ഉണ്ടാക്കുന്നത് ഈ ഹോര്‍മോണാണ്.

പുതുമയോടുള്ള പുരുഷന്റെ താല്‍പര്യമാണ് രണ്ടാമത്തെ കാരണം. അതുകൊണ്ടു തന്നെ സ്ത്രീലോകത്തെ പുതുമകള്‍ അവന്‍ തേടിക്കൊണ്ടിരിക്കുകയും അവര്‍ക്ക് നേരെയുള്ള നോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും. പുരുഷ മസ്തിഷ്‌കം സ്ത്രീകളോട് ഇടപഴകുന്നത് സ്ത്രീ മസ്തിഷ്‌കം പുരുഷനോട് ഇടപഴകുന്നതില്‍ നിന്ന് ഭിന്നമായാണ്. പുരുഷന്‍ ഒരു സ്ത്രീയെ ഭാഗങ്ങളായി കാണുമ്പോള്‍ സ്ത്രീ പുരുഷനെ പൂര്‍ണമായാണ് കാണുന്നത്. അതുകൊണ്ടാണ് പുരുഷന്‍ സ്ത്രീയെ കാണുമ്പോള്‍ അവനെ ആകര്‍ഷിക്കുന്ന ഭാഗങ്ങളില്‍ നോട്ടം കേന്ദ്രീകരിക്കപ്പെടുന്നത്. തന്റെ കാഴ്ച്ചയുടെ ആവശ്യംപൂര്‍ത്തീകരിക്കാനുള്ള ഈ ദൗര്‍ബല്യം എല്ലാ പുരുഷന്‍മാരിലുമുണ്ടാകും. പ്രായം, അനുഭവ സമ്പത്ത്, താല്‍പര്യങ്ങള്‍ തുടങ്ങിയവക്കനുസരിച്ച് കാഴ്ച്ച കേന്ദ്രീകരിക്കുന്ന ഭാഗങ്ങളില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. വിവാഹിതനായ ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയെ നോക്കുമ്പോള്‍ അവന്‍ അവളുമായി ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്നു എന്നതിന് അര്‍ത്ഥമില്ല. പൊതുവെ തന്റെ കണ്ണിന്റെ ആവശ്യം പൂര്‍ത്തീകരിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. തന്റെ ഭാര്യക്ക് സൗന്ദര്യം കുറവോ ന്യൂനതകളോ ഉള്ളതുകൊണ്ടുമല്ല അത്. അവനിലെ പുതുമയോടുള്ള താല്‍പര്യത്തിന്റെയോ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ സ്വാധീനഫലമോ ഉണ്ടാവുന്നതാവാം അതിന്നുള്ള താല്‍പര്യം.

Also read: അല്ലയോ ഉർദുഗാൻ, ഒമ്പത് വർഷം സോമാലിയയെ പിന്തുണച്ചതിന് നന്ദി

പുരുഷനെ ഒരു സ്ത്രീയുമായി ഇഷ്ടത്തിലാക്കുന്നത് അവളുടെ വ്യക്തിത്വമോ അതല്ല ബാഹ്യരൂപമോ എന്നത് സുപ്രധാനമായ ഒരു ചോദ്യമായിരിക്കാം. ആകര്‍ഷണത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് സ്‌നേഹം. അതുകൊണ്ടു തന്നെ ഒരു സ്ത്രീയുടെ ബാഹ്യരൂപം പുരുഷന്റെ കണ്ണില്‍ പെട്ടാല്‍ അവളെ പരിചയപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അവന്റെ തലച്ചോറിന് മൂന്ന് സെക്കന്റില്‍ താഴെ സമയം മതിയാവും. അതേസമയം അവളുടെ വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെട്ട് പരിചയപ്പെടാനാണെങ്കില്‍ വളരെയേറെ സമയം അതിന്നാവശ്യമാണവന്. അതുകൊണ്ടു തന്നെ ശാരീരികാകര്‍ഷണം എന്നത് പുരുഷനെ സംബന്ധിച്ചടത്തോളം ഒരു മാനദണ്ഡമല്ല, കാരണം വളരെ പെട്ടന്ന് സംഭവിക്കുന്നതാണത്.

മേല്‍പറഞ്ഞ ആകര്‍ഷണത്തിന്റെ അടിസ്ഥാനത്തില്‍ പുരുഷന്‍മാരെ രണ്ടായി തിരിക്കാം. ഈ ആകര്‍ഷണത്തെ പ്രതിരോധിക്കുന്നവരാണ് ഒരു വിഭാഗമെങ്കില്‍ അതിന് വഴങ്ങുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഓരോരുത്തരുടെയും ജീവിതപശ്ചാത്തലവും സംസ്‌കാരവും വിദ്യാഭ്യാസവുമെല്ലാം അതിനെ സ്വാധീനിക്കുന്നു. സ്ത്രീകളെ നോക്കാനുള്ള തങ്ങളുടെ താല്‍പര്യത്തെ അല്ലാഹുവിന്റെ കല്‍പന പാലിക്കുന്നതിന്റെ ഭാഗമായി പ്രതിരോധിക്കുന്നവരാണ് ചില പുരുഷന്‍മാര്‍. അല്ലാഹു പറയുന്നു: ”വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ.” മറ്റു ചിലര്‍ അതിനെ പ്രതിരോധിക്കുന്നത് തങ്ങള്‍ വളര്‍ത്തപ്പെട്ടിട്ടുള്ള ധാര്‍മിക ഗുണത്തിന്റെ പ്രേരണയാലാണ്. ആവശ്യമില്ലാതെ സ്ത്രീകളെ നോക്കരുതെന്നാണ് അവര്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ സ്ത്രീകള്‍ തങ്ങളുടെ ശ്രദ്ധാവിഷയമായി മാറാത്ത ചെറിയൊരു വിഭാഗം പുരുഷന്‍മാരുമുണ്ട്. അതുകൊണ്ടായിരിക്കാം അല്ലാഹു പുരുഷന്‍മാര്‍ക്ക് സ്വര്‍ഗത്തില്‍ സ്വര്‍ഗീയ സുന്ദരികകളെ  വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്ത്രീക്കും സ്വര്‍ഗത്തില്‍ അവളാഗ്രഹിക്കുന്നതെല്ലാം നല്‍കപ്പെടുമെങ്കില്‍ ഇത്തരം ഒരു വാഗ്ദാനം അവര്‍ക്ക് നല്‍കപ്പെട്ടത് കാണുന്നില്ല. സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷന്‍മാരുടെ തീവ്രമായ താല്‍പര്യം മുന്‍നിര്‍ത്തിയാണ് അല്ലാഹുവിന്റെ ഈ അഭിസംബോധന.

Also read: റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനികരുടെ കുറ്റസമ്മതം

ഓരോ പുരുഷന്‍മാരുടെയും കാഴ്ച്ച വ്യത്യസ്തമാണ്. ഒരാള്‍ നോക്കുന്ന തരത്തിലായിരിക്കില്ല മറ്റൊരാള്‍ സ്ത്രീയെ നോക്കുന്നത്. തന്റെ നിയന്ത്രണത്തില്‍ കഴിയുന്ന ദുര്‍ബലയായ സ്ത്രീയെ ഇഷ്ടപ്പെടുന്ന പുരുഷന്‍മാരുണ്ട്. അതേസമയം സ്വന്തം കാലില്‍ നില്‍ക്കുന്ന തന്റേടിയായ സ്ത്രീകളെ ഇഷ്ടപ്പെടുന്നവരുമുണ്ട്. മൂന്നാമതൊരു വിഭാഗം വൈകാരികത ഇഷ്ടപ്പെടുന്നവരാണ്. പൊതുവെ തങ്ങളെ പ്രശംസിക്കുന്ന, തങ്ങളുടെ സാന്നിദ്ധ്യം അവള്‍ക്കാവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന സ്ത്രീകളാണ് ഇത്തരക്കാരെ ആകര്‍ഷിക്കുക. ചിരിയും സംസാരവും ഇഷ്ടപ്പെടുന്ന പുരുഷന്‍ സംസാരപ്രിയരായ ഉല്ലാസവതികളെയായിരിക്കും ഇഷ്ടപ്പെടുക. ശാരീരിക ബന്ധത്തില്‍ ആസ്വാദനം കണ്ടെത്തുന്ന പുരുഷന്‍ പ്രാധാന്യം നല്‍കുന്നത് ശരീരത്തിനായിരിക്കും. ഇത്തരത്തില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ വൈവിധ്യം പുലര്‍ത്തുന്നവരാണ് പുരുഷന്‍മാര്‍.

പുരുഷനില്‍ ആകര്‍ഷണമുളര്‍ത്തുന്നതാണ് സ്ത്രീ ശരീരം. ഭാര്യ അവളുടെ സൗന്ദര്യത്തില്‍ പൊങ്ങച്ചം കാണിക്കുകയോ നാവുകൊണ്ട് വേദനിപ്പിക്കുകയോ ആരോപണങ്ങളും സംശയങ്ങളും വെച്ചുപുലര്‍ത്തുകയോ ചെയ്യുന്നവളാണെങ്കിലും സുന്ദരിയായ സ്ത്രീക്ക് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവനാണ് പുരുഷന്‍. പുരുഷനെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന സ്വഭാവഗുണങ്ങള്‍ അവനെ പരിചരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന സ്ത്രീയിലെ ആദരവും പരിഗണനയുമാണ്.

വിവ: അബൂഅയാശ്‌

Facebook Comments

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker