Personality

രക്‌ഷാകർതൃത്വം: ഒരു മനഃശാസ്ത്ര സമീപനം

നിങ്ങൾ തന്റെ കുഞ്ഞ് നല്ല മനോഹരമായ ഒരു വ്യക്തിത്വത്തിന് ഉടമയാകണം, നല്ലൊരു മനുഷ്യൻ ആവണം എന്നൊക്കെ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ, താൻ എന്ന രക്ഷിതാവിന്റെയും അതേപോലെ ഫലപ്രദമായ ഒരു രക്ഷാകർതൃത്വത്തിന്റെയും
പങ്കും പ്രാധാന്യവും അതിൽ എത്രത്തോളമുണ്ടെന്ന് നിർബ്ബന്ധമായും ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒരു കുഞ്ഞിന്റെ തനതായ, സ്വാഭാവികതയോടെയുള്ളതും ക്രിയാത്മകവുമായ വളർച്ചയെയാണ് എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതും. കുഞ്ഞിനെ മനസ്സിലാക്കാനോ കേൾക്കാനോ ഒട്ടും തയാറാവാതെ തങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെ മക്കളിൽ അടിച്ചേല്പിക്കുന്നതുകൊണ്ടും അതുപോലെ തന്നെ മാതാപിതാക്കളുടെ കടുംപിടുത്തവും വാശിയും അനുസരിച്ച് വരച്ചവരയിലൂടെ കുഞ്ഞുങ്ങളെ നടത്തുന്നതുകൊണ്ടും ഏറ്റവും കൂടുതൽ നഷ്ടങ്ങൾ ഉണ്ടാവുന്നത് കുഞ്ഞിന് തന്നെയാണ് എന്നുള്ളത് അച്ഛനമ്മമാർ മനസ്സിലാക്കണം.

ജന്മം നൽകിയതിന്റെ പേരിൽ എപ്പോഴും ഉടമസ്ഥാവകാശം എടുത്ത് പറഞ്ഞ് കുഞ്ഞുങ്ങളെ വളർത്തുന്ന മാതാപിതാക്കൾ ഓർത്തിരിക്കേണ്ട ഒന്നുണ്ട് അവർ നിങ്ങളിലൂടെ ഈ ലോകത്തേയ്ക്ക് വന്നു എന്നേയുള്ളൂ. ഒരു കുഞ്ഞ് വളർന്നു വരുമ്പോൾ അവൻ/അവൾ അവരവരുടേതും കൂടെയാണെന്ന് ഓർക്കുക, അവർക്ക് അവനവനോടും നീതിയും സത്യസന്ധതയും പുലർത്തേണ്ടതുണ്ട്. അവനവന്റെ ആവശ്യങ്ങളും പൂർത്തീകരിച്ച് നൽകേണ്ട ബാധ്യതയുണ്ട്. വളർന്ന് പക്വത പ്രാപിക്കുന്ന മക്കൾ നമ്മുടെ മാത്രം സ്വകാര്യസ്വത്താണെന്ന് വിശ്വസിച്ചെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റി. അവർ ഈ സമൂഹത്തിന്റേതും കൂടിയാണ്, അവർക്ക് സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുണ്ട്, അവർ ജനിച്ചു വളരുന്ന രാജ്യത്തിന്റെയും കൂടെ സമ്പത്തും വിഭവവുമായിട്ടാണ് അവരെ കണക്കാക്കപ്പെടുന്നത്. രാജ്യത്തോടും ഒരു പൗരാനെന്ന നിലയിലുള്ള സർവ്വ ഉത്തരവാദിത്വങ്ങളും അവരിൽ നിക്ഷിപ്തമാണ്.

അതേപോലെ തന്നെ ജീവിതമെന്നാൽ വളരെ അമൂല്യമായ ഒന്നാണ്. ഭൂമിയിൽ ജനിയ്ക്കുക അച്ഛനമ്മമാർ പറയുന്നത് അതേപോലെ കേട്ട് ജീവിക്കുക, വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക, ജീവിത പങ്കാളിക്കും മക്കൾക്കും വേണ്ടി ജീവിക്കുക, കഷ്ടപ്പെടുക, വാർദ്ധക്യത്തിലേക്ക് എത്തി മരിക്കുക എന്നതാണ് പൊതുവെ ജീവിതംകൊണ്ട് നമ്മളൊക്കെ ലക്ഷ്യമിടുന്നത് കാലാകാലങ്ങളായി ഈയൊരു മെത്തേഡ് ആണ് പിന്തുടർന്നു വരുന്നത്. എന്നാൽ ജീവിതത്തെ അറിയാനോ, അസ്വദിക്കാനോ എന്തിനേറെ പറയുന്നു ആത്മബോധം പോലും ഇല്ലാത്ത യാന്ത്രിക ജീവിതത്തിൽ അവനവനെ നഷ്ടപ്പെടുന്ന ഒരു ജീവിതമാണ് നമുക്കൊക്കെ ലഭിക്കുന്നത്.

ലോകപ്രശസ്തനായ കനേഡിയൻ മനഃശാസ്ത്രജ്ഞൻ എറിക് ബേൺ മനുഷ്യന്റെ പെരുമാറ്റ രീതികൾക്ക് അടിസ്ഥാനമായ സൈക്കോളജിക്കൽ മാനദണ്ഡങ്ങളെക്കുറിച്ച് ഗഹനമായ പഠനം നടത്തി രൂപപ്പെടുത്തിയെടുത്ത, മനശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന transactional analysis(TA) എന്ന മനഃശാസ്ത്ര രൂപം അവലോകനം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അതിൽ രക്ഷാകർതൃത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

മക്കൾ സ്വഇഷ്ടപ്രകാരം വല്ലതും ചെയ്യുമ്പോൾ അതിനെ പൂർണ്ണമായും നിരസിക്കുകയും, അതിൽ കുറ്റങ്ങൾ മാത്രം കണ്ടെത്തുകയും ചെയ്യുന്ന അച്ഛനമ്മമാർ ഉണ്ട്. മക്കൾ ചെയ്യുന്നതിനെ ഒരു തരത്തിലും സ്വീകാര്യമല്ലാത്ത ഇവർ അവരെ
അടച്ചാക്ഷേപ്പിക്കുകയും പ്രത്യേക നിയമങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തുകയും അത് പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത ഭാഷയിൽ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവരായിരിക്കും ഈ വിഭാഗക്കാർ CP (Critical parent/Controlling parent ) അഥവ എപ്പോഴും നിയന്ത്രണത്തിൽ നിർത്തുന്ന രക്ഷിതാക്കൾ എന്ന ഗ്രൂപ്പിൽ വരുന്നു.

ഇത്തരം മാതാപിതാക്കളുടെ (CA) മേൽനോട്ടത്തിൽ വളരുന്ന കുഞ്ഞുങ്ങൾ ഒരു പ്രത്യേക ചട്ടകൂടിൽ വളരുന്നതിനാൽ അതിനപ്പുറം ചിന്തിക്കാനോ, ആഗ്രഹിക്കാനോ, പ്രവൃത്തിക്കാനോ അവർക്ക് കഴിയുകയേ ഇല്ല. മാതാപിതാക്കൾ വരച്ച ഒരു ഫ്രെയിമിനകത്ത് നിന്ന് ആ സാഹചര്യത്തിനോട് സമരസപ്പെട്ടും പരുവപ്പെട്ടും (Adapted) വരാൻ അവർ നിർബ്ബന്ധിതരാക്കപ്പെടുന്നു. ഇങ്ങനെ പരുവപ്പെടുന്ന കുഞ്ഞുങ്ങൾ (Adapted Child) അഥവ AC എന്നറിയപ്പെടുന്നു. CP (controlling) ആയ അച്ഛനമ്മമാർക്ക് പരുവപ്പെടുന്ന അതായത് Adapted ആയ കുട്ടികൾ AC ആണ് ഉണ്ടാവുന്നത്.

അതേസമയം മറ്റൊരു വിഭാഗം അച്ഛനമ്മമാർ ഉണ്ട്. NP (Nurturing Parent) അഥവ പരിപോഷണത്തിലൂടെ പരിചരണം നടത്തുന്ന പാരന്റിങ് മെത്തേഡ് ആണ് അവർ അവലംബിക്കുന്നത്. . കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് അനുസൃതവും അനുകൂലവുമായ സമീപനങ്ങൾ അവരോട് കൈക്കൊള്ളുന്നു, അതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കുന്നു എന്നതാണ് ഈ വിഭാഗത്തിന്റെ സവിശേഷത. മക്കളുടെ ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, അഭിപ്രായങ്ങളെ വാക്കുകളെ കണക്കിലെടുക്കുകയും അവരെ വ്യക്തികളായി കാണുകയും അവരുടെയും കൂടെ തീരുമാനങ്ങൾക്ക് വിലകല്പിക്കുകയും ചെയ്യും. മക്കൾക്ക് എല്ലാത്തിനെക്കുറിച്ചും കാര്യകാരണ സഹിതം അറിവും ബോധവും പകർന്ന് കൊടുത്താണ് NP അച്ഛനമ്മമാർ അവരെ വളർത്തുന്നത് എന്നാൽ CP അങ്ങനെ ഒരു അവസരം നൽകുന്നില്ല ഞങ്ങൾ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി എന്ന ഒരൊറ്റ ആജ്ഞയിലാണ് മക്കളെ വളർത്തുന്നത്.

ഇത്തരം മാതാപിതാക്കളുടെ പരിരക്ഷയിൽ വളർന്ന മക്കൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരിക്കും. അവർ കടന്ന് പോകുന്ന വഴികളിൽ എല്ലായിടത്തും ശ്രദ്ധയും(attention) അംഗീകാരവും (acceptance) അഭിനന്ദനങ്ങളും ലഭിക്കും കൂടാതെ സ്വന്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായതിനാൽ എവിടെയും തന്റേതായൊരു അഭിപ്രായവും(opinion) സ്വന്തമായൊരു ശബ്ദവും(voice) ഉണ്ടാവും അവർക്ക്.

അച്ഛനമ്മമാരിൽ അച്ഛൻ CP യും അമ്മ NPയും അല്ലെങ്കിൽ തിരിച്ച് അച്ഛൻ NPയും അമ്മ CPയുമാണെന്നിരിക്കട്ടെ കുഞ്ഞുങ്ങൾ ആരെ കേൾക്കണം, അനുസരിക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിലാവും. അച്ഛനമ്മമാർക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുകയും അത് വീടിന്റെ അന്തരീക്ഷത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് മക്കളുടെ വിഷയത്തിൽ അച്ഛനും അമ്മയും ചേർന്ന് തീരുമാനം എടുക്കുകയോ അല്ലെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ അവരിൽ ആർക്കണോ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നത് അവർ മാത്രം ഇടപെടലുകൾ നടത്തുകയോ ആവും ഉത്തമം. മക്കൾക്ക് കൂടുതൽ ഇഷ്ടം Np ആയ രക്ഷിതാവിനെ ആവും എന്നതിൽ സംശയമില്ല. CPയെ ഭയം മൂലം ഒരുപക്ഷേ അനുസരിക്കുമെങ്കിലും ഉള്ളിൽ ദേഷ്യവും വെറുപ്പും ഒളിഞ്ഞിരിപ്പുണ്ടാവും.

NP കുഞ്ഞുങ്ങൾ പഠിച്ചതും ശീലിച്ചതും എല്ലായിടത്തും അതേപോലെ സത്യസന്ധമായി ഫോളോ ചെയ്യന്നവരായിരിക്കും. എന്നാൽ CP കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ അഭാവത്തിൽ അവർക്ക് ചെയ്യാൻ അനുവദിക്കാത്തതെല്ലാം ചെയ്യുകയും മാർഗ്ഗ നിർദ്ദേശം നൽകാൻ ആരും ഇല്ലാത്തതിനാൽ അപകടങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നു. തനിയ്ക്ക് ലഭിക്കാത്ത സ്വാതന്ത്ര്യത്തെ അച്ഛന്റെയും അമ്മയുടെയും അഭാവത്തിൽ തെറ്റായ രീതിയിൽ വിനിയോഗിക്കാൻ മക്കൾ ശ്രമിച്ചേക്കും എന്നതും CP മാതാപിതാക്കൾക്ക് വരുന്ന ഒരു വെല്ലുവിളിയാണ്.

CP ആയ അച്ഛനമ്മമാരുടെ മക്കൾ വിവാഹശേഷം നാളെ അവർ അച്ഛനമ്മമാർ ആവുമ്പോൾ അവരും CP തന്നെ ആയിട്ടാണ് മാറുന്നത് കാരണം അവരുടെ ഉപബോധമനസ്സിൽ സെറ്റ് ആയ ഒരു കാര്യം രക്ഷകർതൃത്വം എന്നാൽ ഞങ്ങളുടെ അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങളാണ്, അതായത് ഭരണമാണ്, ഒരു തരം അധികാരം ചെലുത്തലും അടിച്ചേല്പിക്കലുമാണ് പാരന്റിങ്. അവരെ മക്കൾ അനുസരിക്കാത്ത സാഹചര്യം വന്നാൽ അവരുടെ സ്ഥിരം വാക്കുകൾ  ഇതാവും ഞങ്ങളുടെ അച്ഛനമ്മമാർ അനങ്ങരുത്‌ എന്ന് പറഞ്ഞാൽ അനങ്ങില്ലായിരുന്നു ഞങ്ങൾ, അറിയാമോ? ഞങ്ങൾക്ക് അവരെ പേടിയായിരുന്നു അതുകൊണ്ട് “നിങ്ങൾ ഞങ്ങളെ പേടിച്ചു വേണം വളരാൻ എന്ന് ഭാഷ്യം.” മക്കളുടെ ശരിയായ വളർച്ചയ്ക്ക് ആശാസ്യമായ രീതിയല്ല CP പാരന്റിങ് മെത്തേഡ്. അതേസമയം NP മാതാപിതാക്കളുടെ മക്കൾ വിവാഹിതരായി, അച്ഛനും അമ്മയുമായാൽ അവർക്ക് NP ആവാനെ കഴിയുള്ളൂ. കാരണം അവർ മനസ്സിലാക്കിയത് രക്ഷാകർതൃത്വം എന്നാൽ അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയ രീതിയെ മാതൃകയാക്കലാണ്, ഏറ്റവും നല്ലൊരു ജീവിതം കണ്ടെത്താൻ മക്കളെ സഹായിക്കലാണ് എന്നാണ്, അച്ഛനും അമ്മയും നൽകുന്ന സേഫ് സോണിൽ നിന്ന് സ്നേഹവും പഠിച്ചരണവും വാത്സല്യവും അറിയുമ്പോൾ തന്നെ തിരിച്ചും സ്നേഹിക്കാനും നന്ദിയും കൂറും ഉള്ള മക്കളായി നല്ല മനുഷ്യരായി മാറാനും സാധിക്കണം എന്ന ബോധവും എന്നും അവരോടുള്ള ബഹുമാനവും അവരുടെ ഉള്ളിൽ നിലനിൽക്കും.

മക്കളെ വളർത്തുമ്പോൾ ശാസനയും ശിക്ഷണവും വേണ്ട എന്നല്ല, വേണം ആവശ്യത്തിന്.  പക്ഷെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അച്ഛനമ്മമാർ മക്കളെ പഠിപ്പിച്ചിരിക്കണം. എങ്കിൽ പരാതികൾക്കും പരിഭവങ്ങൾക്കും ആ വീട്ടിൽ സ്ഥാനം ഇല്ലാതെയാകും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close