Current Date

Search
Close this search box.
Search
Close this search box.

അഭിനിവേശം; വിജയത്തിലേക്കുള്ള വാതിൽ

വിജയികളായ ആളുകളുടെ ഒരു പൊതു സ്വഭാവം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിസ്സംശയം അത് അഭിനിവേശമാണ്. എല്ലാവരും അവരുടെ ജോലിയെ ഇഷ്ടപ്പെടുന്നു. എന്നാൽ അതിലുപരി അവർ അതിനെ സ്നേഹിക്കുന്നു. 10 വർഷത്തിനിടയിൽ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, ഗൂഗിളിന്റെ സ്ഥാപകരായ ജെഫ് ബെസോസ് എന്നിവരും മറ്റുള്ളവരും ഉൾപ്പെടെ വിവിധ മേഖലകളിൽ വിജയിച്ച 500-ലധികം വ്യക്തികളെ അഭിമുഖം നടത്തി വിജയിച്ച ആളുകളുടെ 300 സ്വഭാവവിശേഷങ്ങൾ രേഖപ്പെടുത്തിയ റിച്ചാർഡ് ജോൺ അഭിനിവേശത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നത്.

കാരണം നിങ്ങൾ ചെയ്യുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ മറ്റ് ഗുണങ്ങൾ നേടുന്നത് വളരെ എളുപ്പമായിരിക്കും. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് ശേഷിക്കുന്ന ഗുണങ്ങളെ വലിക്കുന്ന ലോക്കോമോട്ടീവാണ് പാഷൻ. നിങ്ങൾക്ക് അഭിനിവേശമുണ്ടെങ്കിൽ മറ്റ് ഗുണങ്ങൾ മികച്ചതാക്കാൻ എളുപ്പമാണ്. മിസ്റ്റർ റിച്ചാർഡ് ആളുകളെ വിജയത്തിനായി പരിശ്രമിക്കുന്നവർ,  അതിനായി പോരാടുന്നവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു. തന്റെ അഭിനിവേശവും സ്വപ്നവും തിരിച്ചറിയുകയും താൻ ഇഷ്ടപ്പെടുന്നതെന്തെന്ന് കണ്ടെത്തിയ നിമിഷം മുതൽ അവ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവനാണ് പോരാളി. അന്വേഷകനെ സംബന്ധിച്ചിടത്തോളം, അവൻ തന്റെ അഭിനിവേശം അറിയാൻ ശ്രമിക്കുന്ന വ്യക്തിയാണ്. അവരാണ് ഇപ്പോഴും തങ്ങളുടെ അഭിനിവേശത്തിന്റെ ഫീൽഡ് തിരയുന്ന ബഹുഭൂരിപക്ഷം ആളുകളും.

ഇവിടെ പ്രധാനപ്പെട്ട ഒരു ചോദ്യം കടന്നു വരുന്നുണ്ട്: എന്റെ പാഷനായ മേഖലയെ ഞാൻ എങ്ങനെ തിരിച്ചറിയും? ഇതിന് ഉത്തരം ലഭിക്കാൻ രണ്ട് മാർഗങ്ങളുണ്ട്: ആദ്യത്തേത്, വ്യക്തമായ ഒരു ചോദ്യം സ്വയം ചോദിക്കുക, തിരിച്ചൊന്നും ലഭിക്കാതെ നിങ്ങൾക്ക് എന്ത് ജോലി ചെയ്യാൻ കഴിയും? നിങ്ങൾ ഒരെണ്ണം കണ്ടെത്തുകയാണെങ്കിൽ, അത് ഒരുപക്ഷേ നിങ്ങളുടെ പാഷനായിരിക്കും. 

അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് രണ്ടാമത്തെ മാർഗം. നിങ്ങളുടെ അഭിനിവേശവും സ്വപ്നവും കണ്ടെത്താൻ നിങ്ങൾ സ്വയം പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ വാലറ്റിന് പകരം , നിങ്ങളുടെ ഹൃദയത്തിൻ്റെ താൽപര്യങ്ങളെ പിന്തുടരുക. കാരണം അത് അനിവാര്യമായും നിങ്ങളുടെ അഭിനിവേശത്തിലേക്ക് നിങ്ങളെ നയിക്കും. 

ഇടർച്ചയിൽ നിന്ന് വിജയത്തിൻ്റെ പാസ്‌വേഡ് കണ്ടെത്തുക

ജീവിതത്തിൽ പോരാടുന്നവർ അവർ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ വിജയിക്കും! ഒരുപക്ഷേ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം ബിൽ ഗേറ്റ്‌സാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, നിരാശനായി, കഠിനമായ പരാജയം ഏറ്റുവാങ്ങി. സോഫ്റ്റ്‌വെയറിനോടുള്ള തന്റെ അഭിനിവേശവും താൽപര്യവും കണ്ടെത്തുന്നതുവരെ ജീവിതവുമായി ഒരു പോരാട്ടം തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികനാകുന്നതുവരെ ആ ആവേശം അദ്ദേഹത്തെ  ജ്വലിപ്പിച്ചു കൊണ്ടേയിരുന്നു.

അഭിനിവേശം യഥാർത്ഥ വിജയത്തിന്റെ തുടക്കമാണ്. അത് ജോലിയോടുള്ള തീവ്രമായ സ്നേഹമാണ്. മികച്ചവരാകാൻ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ആസ്വാദ്യകരമായ ജോലി നിങ്ങൾ ചെയ്യണം. എല്ലാ മേഖലകളിലെയും മികച്ച ആളുകൾ – അവരുടെ വ്യത്യസ്തതകൾക്കിടയിലും – അവർ ചെയ്യുന്നതിനെ സ്നേഹിക്കുന്നു.

കുട്ടികൾ മന്ദഗതിയിൽ തുടങ്ങുന്നതിൽ എനിക്ക് എതിർപ്പില്ല. എട്ട് വയസ്സുള്ളപ്പോൾ ഐൻ‌സ്റ്റൈനെപ്പോലെയല്ലെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. കാരണം ഐൻ‌സ്റ്റൈൻ തന്നെ എട്ട് വയസ്സുള്ളപ്പോൾ വളരെ മന്ദഗതിയിലായിരുന്നു. എന്നല്ല, ആർക്കൈവ്സ് ഓഫീസിലെ മൂന്നാം ക്ലാസ് ജീവനക്കാരനായാണ് അദ്ദേഹം തൻ്റ ജീവിതം ആരംഭിച്ചത്. ഭൗതികശാസ്ത്രത്തിന്റെ ലോകത്തോടുള്ള തന്റെ അഭിനിവേശം കണ്ടെത്തുന്നതുവരെ അത് തുടർന്നു. ഒരു നിമിഷം കൊണ്ട് അതികായനായി മാറിയത് പോലെ. ആപേക്ഷികതാ സിദ്ധാന്തം വികസിപ്പിച്ചെടുത്ത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഭൗതികശാസ്ത്രജ്ഞനായി.

നമുക്കിഷ്ടമുള്ളത് എങ്ങനെ കണ്ടെത്താം?

നിങ്ങൾ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തുന്നതിന് നിങ്ങൾ അത് അറിയാൻ ശ്രമിക്കണം. വെളിപാട് നിങ്ങളിലേക്ക് വരുന്നതുവരെ കാത്തിരിക്കരുത്. നിരവധി പാതകൾ പര്യവേഷണം ചെയ്യുക. എല്ലാ മേഖലകളിലും നന്നായി ഗവേഷണം ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്നത് കണ്ടെത്തുന്നതുവരെ നിങ്ങളുടെ കഴിവുകൾ പരീക്ഷിക്കുക. നിങ്ങൾ പരീക്ഷണം നടത്തണം. ഇതിന് ശക്തമായ കാഴ്ചശക്തി പോലും ആവശ്യമില്ല. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ അന്ധനായ എറിക് വെയ്ൻമയർ പറഞ്ഞു, “മറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ സന്തോഷം കണ്ടെത്തുക, അത് നിങ്ങളെ ശാശ്വത സന്തോഷത്തിലേക്ക് നയിക്കും”.

ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വന്നാൽ എന്താണ് ചെയ്യുക?

ഈ ജോലിക്കൊപ്പം നിങ്ങൾ ഇഷ്ടപ്പെടുന്ന ജോലിയും ചെയ്യണം. ആൽബർട്ട് ഐൻസ്റ്റീൻ ഒരു ആർക്കൈവ് ഓഫീസിൽ ജോലി ചെയ്യുന്നതിനിടയിൽ തന്റെ ഒഴിവുസമയങ്ങളിൽ ഭൗതികശാസ്ത്ര മേഖലയിൽ മികവ് തെളിയിച്ചതായി സങ്കൽപ്പിക്കുക. പണവും ബാങ്ക് അക്കൗണ്ടും അല്ല, നിങ്ങളുടെ ഹൃദയം ശ്രദ്ധിക്കുകയും സന്തോഷം പിന്തുടരുകയും ചെയ്യുക. പണം ഉപേക്ഷിക്കാൻ ഞാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല, തീർച്ചയായും ഇല്ല. 

എന്നാൽ നിങ്ങൾ ജോലി ചെയ്താൽ പണം സ്വാഭാവികമായും ലഭിക്കുമെന്നും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അഭിനിവേശമുണ്ടെങ്കിൽ അത് സമൃദ്ധമായിരിക്കുമെന്നും മിക്ക വിജയികളും പ്രസ്താവിച്ചിട്ടുണ്ട്. തന്റെ അഗാധമായ ശബ്ദം പിന്തുടരുകയും കമ്പ്യൂട്ടർ മേഖല വിട്ട് ഇന്റർനെറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം കമ്പനികൾ സൃഷ്ടിക്കുകയും ചെയ്തതിനാലാണ് 17 വയസ്സുള്ളപ്പോൾ താൻ കോടീശ്വരനായതെന്ന് മൈക്കൽ ഫോർഡ്രിക്ക് പറഞ്ഞത്. 

18 നും 25 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് സമ്പന്നർ ഇതിനകം ആസൂത്രണം ചെയ്തതിന് വിരുദ്ധമായി സമ്പത്ത് സൃഷ്ടിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനമുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതിൽ പണം ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ല. സോഫ്‌റ്റ്‌വെയർ ലോകത്തെ തന്റെ അഭിനിവേശം പിന്തുടരുകയായിരുന്നുവെന്ന് ബിൽ ഗേറ്റ്‌സ് പറയുന്നുണ്ട്. അവരിൽ ഒരാൾ പറയുന്നു,  “ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ ഒരു കോടീശ്വരൻ ആയിത്തീർന്നുവെന്ന് ഞാൻ മനസ്സിലാക്കി. ഇപ്പോൾ അവർ പറയുന്നത് ഞാൻ മനസ്സിലാക്കുന്നു: നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്താൽ പണം വരും”. 

നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങൾ ചെയ്താൽ, നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്യും, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവ കൂടെയുണ്ടാവും, ക്ഷമയോടെ സഹിച്ചുനിൽക്കും, നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. നിങ്ങൾ സന്തോഷത്തോടെയും ആസ്വദിച്ചും നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യും. വിജയം കൈവരിക്കാൻ ഉത്സാഹവും പ്രചോദനവും പ്രദാനം ചെയ്യും.

ഒരു ദിവസം രാവിലെ ഞാൻ വീടിൻ്റെ മുന്നിലൂടെ കടന്നുപോകുന്ന സ്കൂൾ ബസുകൾ നോക്കി ഇരിക്കുകയായിരുന്നു. ഓരോ ബസിനുള്ളിലും കൊച്ചുകുട്ടികളെ അഭിവാദ്യം ചെയ്യുകയും എവിടെ ഇരിക്കണമെന്ന് കാണിക്കുകയും ചെയ്യുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു. വ്യത്യസ്ത ടീച്ചർമാർ കുട്ടികളോട് ഇടപെടുന്ന രീതി എന്റെ ശ്രദ്ധ ആകർഷിച്ചു. അവരിൽ ചിലർ ബസിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിയുടെ വീട്ടിലേക്ക് നടന്ന് വീടിന് പുറത്ത് അവനെ കാത്തിരിക്കുന്നു. ചഞ്ചലപ്പെടാതെ പുഞ്ചിരിക്കുന്നു. അവർ വിദ്യാർത്ഥിയെ എടുത്ത് ബസിലേക്ക് കൊണ്ടുപോകുന്നു. ഒരാൾ തന്റെ കാമുകനെ ആകർഷകമായ അത്താഴത്തിന് കൊണ്ടു പോകുന്നതുപോലെ.

സീറ്റിലിരുന്ന് ഒരു നിമിഷം പോലും പുറത്തിറങ്ങാതെ ബസിന്റെ വാതിൽ തുറക്കുന്ന മറ്റൊരു ടീച്ചറുണ്ട്. അവരുടെ മുഖത്ത് മയക്കത്തോട് പോരാടുന്ന പാടുകൾ കാണാം. സ്കൂൾ ബാഗുമായി മല്ലിട്ട് ബസ്സിന് നേരെ വരുന്ന കുട്ടിയെ അവർ നോക്കുന്നു. അവർ ചൈതന്യമില്ലാത്ത പ്ലാസ്റ്റിക് ഭാവത്തോടെ അവനെ സ്വീകരിക്കുന്നു. 

ജോലിയോടുള്ള അഭിനിവേശമാണ് അവർ തമ്മിലുള്ള വ്യത്യാസമെന്ന് ഇപ്പോൾ ഞാൻ കരുതുന്നു. പണത്തിനും ജോലിക്കും വേണ്ടി ജോലി ചെയ്യുന്നവരുണ്ട്. ഇഷ്ടമുള്ളത് പണത്തിനും ജോലിക്കും വേണ്ടി ജോലി ചെയ്യുന്നവരുണ്ട്. ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് പറഞ്ഞു, “സംത്രൃപ്‍തി  നേടാനുള്ള ഒരേയൊരു മാർഗ്ഗം മികച്ച ജോലി ചെയ്യുകയാണ്, മികച്ച ജോലി ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം ചെയ്യുന്ന ജോലിയെ സ്നേഹിക്കുക എന്നതാണ്”.

വിവ: മുഫീദ് മുഹമ്മദ്

അവലംബം: അൽ ജസീറ

Related Articles