Current Date

Search
Close this search box.
Search
Close this search box.

സന്താനപരിപാലനത്തിലെ ശരിയും തെറ്റും

ഒരു സഹോദരി അവതരിപ്പിച്ച പ്രശ്നം ഇങ്ങനെയായിരുന്നു. പതിനഞ്ച് വർഷത്തോളമായി ഭർത്താവും മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുന്ന സ്ത്രീയാണു ഞാൻ. ഭേദപ്പെട്ട ജോലിയുള്ള ഭർത്താവ്, പതിനാലുകാരനായ അഹ്മദ്, പതിമൂന്നുകാരൻ ഉമർ, ചെറിയ കുട്ടി റീമും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ മക്കളോട് ഭർത്താവ് കാണിക്കുന്ന ചില പെരുമാറ്റങ്ങൾ എന്നെ വല്ലാതെ പിടിച്ചുലക്കുന്നു. എന്താണിതിനൊരു പരിഹാരം.

കൂട്ടത്തിൽ ഉമർ പഠനത്തിൽ പിറകിലുമാണ്. പ്രത്യേകിച്ച് താൽപര്യങ്ങളൊന്നും തന്നെ ഇല്ലാതെ, മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ് അവനുള്ളത്. എന്നാൽ അഹ്മദ് പഠിക്കാനും സംസാരിക്കാനും മിടുക്കനാണ്. ഉമറിന്റെ കാര്യത്തിൽ അവന്റെ പിതാവിന് ചില ആഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവനെ സംബന്ധിച്ച് അവ അസാധ്യമായിരുന്നു. ക്രമേണ അവന്റെ കഴിവില്ലായ്മയെ ചൊല്ലി ഭർത്താവ് ഇകഴ്ത്തി സംസാരിക്കാനും തുടങ്ങി. പരീക്ഷകൾ കഴിഞ്ഞ് മാർക്ക് വന്നാൽ അത് പരിശോധിക്കുന്ന മുമ്പേ അയാൾ ഉമറിനെ താഴ്ത്തികെട്ടും. അവസരം കിട്ടുമ്പോഴൊക്കെ അഹ്മദിനെ പ്രശംസിക്കാനും വേണ്ടതൊക്കെ ചെയ്തുകൊടുക്കാനും അദ്ദേഹം മൽസരിക്കുകയും ചെയ്യുന്നു.

പിതാവിന്റെ ഇത്തരം നിലപാടുകൾ അഹ്മദിലും വലിയ മാറ്റങ്ങളുണ്ടാക്കി തുടങ്ങിയിരിക്കുന്നു. അവനും അനിയനും തമ്മിൽ ചീത്തവിളിച്ചും ഒച്ചവെച്ചും അസ്വരസ്യങ്ങൾ പതിവാണ്. പ്രശ്നം പരിഹരിക്കാൻ മുതിരുന്ന എനിക്കും ഭർത്താവിനും ഇടയിൽ ഒടുവിൽ പ്രശ്നങ്ങൾ മാത്രമാണ് ബാക്കിയാവുന്നത്. എന്റെ വാക്കുകളെ പാടെ അവഗണിച്ച് അഹ്മദിനെ കൂടുതൽ വഷളാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇതിൽ നിന്നും ഒരു ശാശ്വത പരിഹാരമാണ് എനിക്ക് വേണ്ടത്. ആ സഹോദരി തുടർന്നു.

1) പരിപാലനത്തിന്റെ രീതിശാസ്ത്രം
ഒരുപക്ഷത്തു നിന്നു മാത്രം വിലയിരുത്തുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പ്രത്യേകിച്ച് മാർക്കുകളുടെ വിഷയത്തിൽ. ഒരു കുട്ടിയുടെ മികവും പിഴവും മാർക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയല്ല. സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ പല കാര്യങ്ങളിലും അവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

– ഓരോ നേട്ടങ്ങളിലും മക്കൾ എത്രത്തോളം പരിശ്രമിച്ചു എന്നതിനെയാണ് നമ്മൾ അളവ്കോലാക്കേണ്ടത്. അല്ലാതെ അവർ നേടിയ മാർക്കുകളിൽ അല്ല.
– മറ്റുള്ളവരുമായി കുട്ടിയെ താരതമ്യം ചെയ്യുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക. ഓരോ കുട്ടിയും സൃഷ്ടിക്കപ്പെട്ടത് വ്യതിരക്തമായ കഴിവുകളും മികവുകളും കുറവുകളും കൊണ്ടു തന്നെയാണ്. അതിനാൽ ഓരോരുത്തരും വിവിധ രീതിയിൽ കഴിവുള്ളവരാണ്. ഓരോ മാതാപിതാക്കളും ഇത് ഉൾക്കൊള്ളുന്നതോടെ അസ്വാരസ്യങ്ങളുടെ വലിയൊരു മതിൽ തന്നെ പൊളിച്ചു നീക്കാനാവും.

2) മക്കളെ എങ്ങനെ വിലയിരുത്താം?
– പരിപാലനത്തിന്റെ ഏറ്റവും കാതലായ ലക്ഷ്യം എന്നത് ജീവിതവിജയമാണ്. വിദ്യാഭ്യാസ രംഗത്തെ ഓരോ ബിരുദങ്ങൾക്കും അപ്പുറം തിരിച്ചറിവിന്റെ വെട്ടമാണ് ഓരോ കുട്ടിയിലും തെളിഞ്ഞു കാണേണ്ടത്. വീടും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സുഹൃദ്ബന്ധങ്ങളും ആണ് സാമൂഹികമായി ഓരോ കുട്ടിയേയും സംസ്കാരസമ്പന്നനാക്കുന്നത്. അതിനാൽ പഠന മികവിലുപരിയായി അവന്റെ സാമൂഹികമായ ഇടപെടലുകളെയാണ് ഉയർച്ചയുടെ അളവുകോലായി കാണേണ്ടത്.

– ലക്ഷ്യമാണ് പ്രധാനം
അല്ലാഹു പറയുന്നു : ‘നബിയെ, പ്രഖ്യാപിക്കുക: ‘നിങ്ങൾ കർമ്മങ്ങൾ അനുഷ്ഠിച്ചു കൊള്ളുക- അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തികൾ കാണുന്നതാണ്. പ്രത്യക്ഷ- പരോക്ഷ കാര്യങ്ങളത്രയും അറിയുന്നവനിലേക്ക് പിന്നെ നിങ്ങൾ മടക്കപ്പെടും; നിങ്ങൾ അനുവർത്തിച്ചിരുന്നവയെ കുറിച്ച് തൽസമയം അവൻ നിങ്ങളെ വിവരമറിയിച്ചു തരുന്നതാണ്.’

റബ്ബ് നമ്മെ വിലയിരുത്തുന്നത് നമ്മുടെ കഴിവിനനുസരിച്ചാണ് അല്ലാതെ നമ്മുക്ക് നൽകിയ കൂലി നോക്കിയല്ല. മക്കൾ അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമ്പോൾ നേട്ടത്തിന് മാത്രം മാർക്കിടാതെ അവർ നടത്തിയ പരിശ്രമത്തിന് മൂല്യം നൽകുകയാണ് വേണ്ടത്.

3) താരതമ്യം ചെയ്യുമ്പോൾ
അല്ലാഹു നീതിമാനാണ്. തന്റെ സൃഷ്ടികൾക്ക് ഓരോരുത്തർക്കും അനുയോജ്യമായ അനുഗ്രഹങ്ങൾ അവൻ കനിഞ്ഞു നൽകുന്നു. സന്താന പരിപാലനത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് തന്റെ കുട്ടിയുടെ കഴിവുകളെയും കുറവുകളെയും ഉൾകൊള്ളുക എന്നത്.
അനാവശ്യമായ താരതമ്യങ്ങൾ ഓരോ കുട്ടിയെയും കടുത്ത നിരാശയിലേക്ക് തള്ളിവിടും. അതേസമയം ഓരോ മക്കളെയും അവരുടെ വ്യക്തിത്വത്തെ അളവ്കോലാക്കി വിലയിരുത്തുന്നത് ഗുണം ചെയ്യും.

ഓരോ കുട്ടിക്കും റബ്ബ് ഒരുക്കിയ സാഹചര്യങ്ങളും സൗകര്യങ്ങളും കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളെയും വിലയിരുത്തി താരതമ്യപ്പെടുത്താം.

4) നിബന്ധനയോടെയുള്ള സ്നേഹം
‘ നീ അങ്ങനെ ചെയ്താൽ എനിക്ക് നിന്നെ ഇഷ്ട്ടമാണ് ‘ എന്ന് മക്കളോട് പറയുന്നത് ശരിയല്ല. മക്കളെ അവരുടെ മികവിന്റെ ആകാശത്തിന് ചുവട്ടിൽ നിന്ന് കൊണ്ട് തന്നെ ചേർത്ത് നിർത്താനും, പരിഗണിക്കാനും രക്ഷിതാക്കൾക്കാവണം. നമ്മുടെ വഴിയിലൂടെ മാത്രമേ നടക്കാവൂ, തന്റെ ആഗ്രഹങ്ങൾ മാത്രം മകനിൽ സഫലമാവണം എന്ന് ശഠിക്കുന്ന ഓരോ രക്ഷിതാവും അടിയൊഴുക്കിൽ തന്നെ പരാജിതരാണ് എന്ന് ചുരുക്കം.

5- മക്കളുടെ കുറവുകൾ നികത്താം.
പാരിതോഷികങ്ങൾ നൽകുന്നത് കുഞ്ഞു മനസ്സിൽ വലിയ സ്വാധീനമുണ്ടാക്കും. നല്ല വാക്കുകൾ, സമ്മാനങ്ങൾ എല്ലാം അവരെ ഒത്തിരി സന്തോഷിപ്പിക്കും. മറുവശത്ത് വഴക്കും പിണക്കവും അവരെ നല്ലത് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം.

– മതം നൽകുന്ന പ്രചോദനം
അല്ലാഹു പറയുന്നു : ‘ ഒരു വിഷയത്തിൽ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ, തങ്ങളുടെ കാര്യത്തിൽ ഇഷ്ടാനുസൃതമുള്ള മറ്റൊരു തീരുമാനം എടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല. അവനും ദൂതനും ആരൊരാൾ എതിര് പ്രവർത്തിക്കുന്നുവോ അയാൾ സ്പഷ്ടമായ മാർഗ്ഗ ഭ്രംശത്തിൽ നിപതിച്ചു കഴിഞ്ഞു! ‘

വിശ്വാസികളെ സംബന്ധിച്ച് മതനിർദ്ദേശങ്ങളാണ് ഏറ്റവും പ്രധാനം എന്ന് ഈ സൂക്തത്തിലൂടെ മനസ്സിലാക്കാം. അങ്ങനെ വരുമ്പോൾ സമുദായത്തിന് ആവശ്യമുള്ള മതപണ്ഡിതനാവാൻ തയ്യാറെടുക്കുന്ന ഓരോ കുട്ടിയും തന്നെ ഓരോ പ്രവർത്തനത്തിലും കൃത്യത വേണം, അത് മാതാപിതാക്കൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

– വ്യക്തിത്വ വികസനം
മക്കളുമായി അവരുടെ ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കണം. അവരുടെ സ്വപ്നസാഫല്യത്തിന്റെ വഴികൾ, തടസ്സങ്ങൾ, സഹായങ്ങൾ എല്ലാം പങ്കുവെക്കാനൊരിടം ഉണ്ടാക്കിയെടുക്കണം. വൈവിധ്യങ്ങളായ അവരുടെ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ ആവശ്യമായ കരുതൽ നൽകണം.

– പ്രചോദനം വൈകാരികമായും
സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം. സാഹചര്യങ്ങൾക്കൊത്ത് മക്കളുടെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കാൻ രക്ഷിതാവിന് ആവണം. അവരെ അലട്ടുന്ന പ്രശ്നങ്ങളുടെ പരിഹാരം മാതാപിതാക്കളിൽ നിന്നാണ് ആദ്യം കിട്ടിതുടങ്ങേണ്ടത്.

-മാതൃകയാവുക
നാം പറയുന്നതല്ല, ചെയ്തുകാണിക്കുന്നതാണ് മക്കൾ ഒപ്പിയെടുക്കുക. നന്മയുടെ വഴിവിളക്കാവുക, പതറുമ്പോൾ അവർക്ക് എത്തിപ്പിടിക്കാനുള്ള കച്ചിത്തുരുമ്പുമാവുക.

സന്താനപരിപാലനത്തിന്റെ പിഴവുകളെ നികത്തുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടുന്ന മറ്റൊരു കാര്യം. സ്വാർത്ഥമായ ആഗ്രഹങ്ങളെ പാടേ വെടിഞ് അവരെ നേരായ വഴിയിൽ നടത്താൻ ഓരോ രക്ഷിതാവും തയ്യാറാവണം. നമ്മുടെ ഭാഗത്ത് എന്തെങ്കിലും പിഴവ് സംഭവിച്ചാൽ മക്കളോട് മാപ്പ് ചോദിക്കുക. വലിപ്പ ചെറുപ്പം നോക്കാതെ ശരിയായ പക്ഷത്തുനിന്ന് കാര്യങ്ങളെ കാണാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
അഹ്മദിന് തെറ്റായ വഴിയിൽ നിന്നും പിന്തിരിപ്പിക്കേണ്ടതും പിഴവുകളെ നികത്തി കൊടുക്കേണ്ടതും അവനോടുള്ള നിസ്വാർത്ഥമായ സ്നേഹത്തിന്റെ ഭാഗമാണ്.

മികവും തികവും നോക്കി മക്കൾക്കിടയിൽ മതിലുപണിയാതിരിക്കുക. പോരായ്മകളെ പരസ്പരം പരിഹരിക്കുക, സഹോദരങ്ങൾ തമ്മിൽ സ്നേഹം പങ്കിടാനുള്ള ഇടമുണ്ടാക്കുക. ഓരോ സന്തതിയും സ്വായത്തമാക്കിയ കഴിവുകൾക്ക് അനുസരിച്ച് വേണ്ടത് കൊണ്ടും കൊടുത്തും പരിപോഷിപ്പിക്കുക, ഉയർത്തി കൊണ്ടുവരിക; അവർ ഉയരങ്ങളുടെ ആകാശം തൊടും, തീർച്ച.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

Related Articles