Current Date

Search
Close this search box.
Search
Close this search box.

എന്റെ മകൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഞാൻ എങ്ങനെ അറിയും?

വീടിനകത്തായാലും പുറത്തായാലും കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ് രക്ഷിതാക്കൾക്ക് ഏറ്റവും കൂടുതൽ ആശങ്ക. മുതിർന്നവർ കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ചോ വീട്ടുജോലിക്കാർ കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ചോ സഹപ്രവർത്തകർ സഹപാഠികളെ ഉപദ്രവിക്കുന്നതിനെ കുറിച്ചെല്ലാം ദിവസവും പല സംഭവങ്ങളാണ് കേൾക്കേണ്ടി വരുന്നത്. കുട്ടി ശാരീരിക അതിക്രമത്തിന് ഇരയാവുന്നത് ഒന്നോ രണ്ടോ തവണ കണ്ടെത്തിയാൽ, മാതാപിതാക്കൾ കുട്ടിയുമായി ആരോഗ്യകരമായ രീതിയിൽ ഇടപെടുകയാണെങ്കിൽ സാധാരണയായി ഇരയുടെ മനഃശാസ്ത്രത്തെയും വ്യക്തിത്വത്തെയും അത് ബാധിക്കില്ല.

എന്നാൽ പീഡനം ആവർത്തിക്കപ്പെട്ടാൽ, ഇരക്ക് സംഭവിച്ച പരിക്കുകൾ ചികിത്സച്ചില്ലെങ്കിൽ അത് സാരമായി ബാധിക്കാറുമുണ്ട്. കഠിനമായ വിഷാദമായിരിക്കും അതിൽ ഒന്നാമത്തെ ഫലം. ഉത്കണ്ഠ, സാമൂഹിക ബന്ധങ്ങൾ രൂപീകരിക്കുന്നതിൽ ബുദ്ധിമുട്ട് തുടങ്ങി പല പെരുമാറ്റ പ്രശ്നങ്ങളും ഇത്തരക്കാരിൽ കാണാറുണ്ട്.

പീഡനത്തിന് വിധേയരായ എല്ലാ കുട്ടികളും മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട് എന്ന ധാരണ ശരിയല്ല. സംഭവം അന്വേഷിക്കുകയും അക്രമിയെ ശിക്ഷിക്കാനുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ എല്ലാം മാതാപിതാക്കളിൽ നിന്നും പൂർണ്ണ സുരക്ഷിതത്വം അനുഭവിക്കുന്ന ഇര കൂടുതൽ സമ്മർദ്ദങ്ങളിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. തുറന്നു സംസാരിക്കാനും മാതാപിതാക്കൾ വൈകാരികവും മാനസികവുമായ പിന്തുണ നൽകുകയും താൻ അവർക്ക് വേണ്ടപ്പെട്ടതാണെന്ന് ഇര ചിന്തിക്കുന്നിടത്ത് അവരുടെ മാനസികരോഗ്യം ഭദ്രമാണ്.

മറിച്ച്, ഇര അവഗണിക്കപ്പെടുകയും തുടർന്ന് അക്രമത്തിൽ ഇരയാവുകയും ചെയ്താൽ ഭാവിയിൽ ഉണങ്ങാത്ത മുറിവായി അത് നിലനിൽക്കും. പിടിച്ചു കയറാൻ പിടിവള്ളി കിട്ടാതെ ലൈംഗികതയുടെ അരാജകത്വത്തിലേക്ക് തെന്നി വീഴാനും സാധ്യത ഏറെയാണ്.

എന്റെ കുട്ടി പീഡനത്തിന് വിധേയനായോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാനാകും? എന്നത് സുപ്രധാനമായ ചോദ്യമാണ്. കാരണം അതിക്രമങ്ങൾക്ക് ഇരയായ കുട്ടി പലപ്പോഴും അമിതമായി ശല്യപ്പെടുത്തുകയോ, ഭയം, കുറ്റബോധം, ലജ്ജ എന്നിവ പ്രകടിപ്പിക്കുകയോ ചെയ്യാം.
ഇരയായ കുട്ടികളിൽ മിക്കവരും പിന്നീട് കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് പിൻ‌വലിയും . കുട്ടി ചില സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചില ആളുകളെ ഒഴിവാക്കുകയോ ശാരീരിക സമ്പർക്കം ഒഴിവാക്കുകയോ ചെയ്യുന്നതുൾപ്പെടെ നിരവധി അടയാളങ്ങളിലൂടെ നമുക്ക് അനിഷ്ട സംഭവങ്ങളുടെ സാധ്യതയെ അളന്നുനോക്കാം .

ചില കുട്ടികളിൽ ഉറക്കത്തിൽ അസ്വസ്ഥതകൾ, അല്ലെങ്കിൽ രാത്രിയിൽ പതിവായി പേടിസ്വപ്നങ്ങൾ, ഭക്ഷണത്തിലെ ക്രമക്കേടുകൾ, ചിലർക്ക് ഭക്ഷണത്തോടുള്ള വിശപ്പ് കുറയുന്നു മറ്റുചിലർ അമിതമായി ഭക്ഷണം കഴിക്കുന്നു, പഠനത്തോട് വിമുഖത, സ്‌കൂളിൽ പോകാതിരിക്കുക, അല്ലെങ്കിൽ പെട്ടെന്ന് മടങ്ങി വരാതിരിക്കുക എന്നിവയൊക്കെ കാണപ്പെടാറുണ്ട്.

പതിവായി കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉൾവലിയുന്ന പ്രകൃതമാണെങ്കിൽ അതിന് കാരണമായി ഇത്തരം അതിക്രമങ്ങളെ വെച്ചുകെട്ടരുത്.

ഒറ്റപ്പെട്ട ശാരീരിക വേദനയോ പേടിയോ ഉൾക്കണ്ഠയോ കാണുമ്പോഴേക്കും എല്ലാം ലൈംഗിക അതിക്രമം ആയിരിക്കാം എന്ന ഒരൊറ്റ തലക്കെട്ടിനുള്ളിൽ ഒതുക്കുന്നത് ഒരുപക്ഷേ കുട്ടിയുടെ യഥാർത്ഥ പ്രശ്നപരിഹാരത്തിനു പോലും തടസ്സമാകും. അധ്യാപകന്റെ മോശം പെരുമാറ്റമോ ഭീഷണിപ്പെടുത്തലോ കാരണം കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചേക്കാം, മറിച്ച് അവൻ പീഡനത്തിന് വിധേയനായി എന്നത് ഒരു വ്യവസ്ഥയല്ല. അഥവാ യഥാർത്ഥ കാരണത്തിൽ എത്തുന്നത് വരെ പ്രശ്നത്തിന് ആലോചനയും വിവേകവും ശരിയായ വിവരശേഖരണവും ആവശ്യമാണ്.

കുട്ടികളുടെ പ്രായത്തിൽ അനുസരിച്ച് അവർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകൽ അനിവാര്യമാണ്. ചുറ്റുമുള്ളവരോട് എങ്ങനെ പെരുമാറണമെന്നും പെരുമാറ്റത്തിലെ ശരിയും തെറ്റും എന്താണെന്നും ഉപദ്രവം ഉണ്ടായാൽ എങ്ങനെ സ്വയം പ്രതിരോധിക്കണമെന്നും പഠിപ്പിക്കേണ്ടത് പ്രധാനമാണ്.

അവരുടെ കൂട്ടുകെട്ടുകളെ അറിയുകയും കാർട്ടൂൺ ഇലക്ട്രോണിക് ഗെയിമുകൾ സോഷ്യൽ നെറ്റ്‌വർക്കുകൾ എന്നിവയിലെല്ലാം കുട്ടികളുടെ ഇടപെടലുകളെ കൃത്യമായി നിരീക്ഷിക്കുകയും നന്മയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
കുട്ടികൾ നമ്മുടെ കൺവെട്ടത്തും പുറത്തും മാനസികമായും ശാരീരികമായും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിന് ഇവ നമ്മെ സഹായിക്കും.

വിവ: ഫഹ്‌മിദ സഹ്‌റാവിയ്യ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles