Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തമാക്കുമ്പോള്‍

സാധാരണയായി, നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങല്‍ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍, ഒരു കാര്യത്തില്‍ അധിക രക്ഷിതാക്കളും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതായി കാണാറില്ല. അത് കുഞ്ഞുങ്ങളെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുന്നതിലാണ്. ആയതിനാല്‍, ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുകയും പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്. വ്യത്യസ്തമായ രീതികളിലൂടെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനാവശ്യമായ കഴിവുകള്‍ കുട്ടികളെ ചെറിയ പ്രായത്തില്‍ പരിശീലിപ്പിക്കുകയെന്നത് അനിവാര്യമായ കാര്യമാണ്. ഇതിന് കുട്ടികളെ സഹായിക്കുന്നതാണ് സേവിംഗ്‌സ് എക്കൗണ്ട് തുറന്നുകൊടുക്കുന്നത്. ഇത് ഭാവിയില്‍ കുട്ടികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനുളള കഴിവ് നേടിത്തരുന്നു. സമ്പാദിക്കുന്ന പണത്തിന്റെ മൂല്യത്തെ കുറിച്ച ബോധമുണ്ടാക്കുന്നതിന് കുട്ടികള്‍ക്ക് കുറച്ച് പണം നല്‍കി ചില ജോലികള്‍ ചെയ്യാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. അതുപോലെ, കുട്ടികള്‍ ഒരു വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ സമയം ശരിയായ രീതിയില്‍ സമ്പത്ത് ചെലവഴിക്കാന്‍ പ്രോത്സാഹനം നല്‍ക്കേണ്ടതുമുണ്ട്. സാമ്പത്തിക മേഖലിയില്‍ കുട്ടികള്‍ക്ക് കഴിവ് നേടിതരാന്‍ പര്യാപ്തമായ പതിനൊന്ന് നിര്‍ദേശങ്ങളാണ് താഴെ പറയുന്നത്.

ഒന്ന്: സേവിംഗ്‌സ് എക്കൗണ്ട് തുറന്നുകൊടക്കുക
കുട്ടികളുടെ ജനനത്തിന് തൊട്ടുടനെ തന്നെ അധിക രക്ഷിതാക്കളും സേവിംഗ്‌സ് എക്കൗണ്ട് എടുക്കാറുണ്ട്. എന്നാല്‍, കുട്ടികള്‍ ഈ എക്കൗണ്ടില്‍ ഒരു തരത്തിലുമുളള ഇടപെടലുകളും നടത്താറില്ല. അതേസമയം, കുട്ടികള്‍ക്ക് പണത്തെ കുറിച്ച ധാരണയുണ്ടെങ്കില്‍ സജീവമായി ഇടപെടാന്‍ കഴുയുന്ന മേഖലയുമാണിത്. ഒരുപക്ഷേ, ഒഴിവുസമയങ്ങളിലോ, ആഘോഷ വേളകളിലോ ആണ് കുട്ടികള്‍ മിക്കവാറും പണം നേരിട്ടുകാണുന്നത്. പണം നിക്ഷേപിക്കുന്ന സമയത്ത് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെയും കൂട്ടി ബാങ്കിലെത്തുകയാണെങ്കില്‍, കുട്ടികള്‍ വലുതായിരിക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ഇത് പര്യാപ്തമാണ്. ഇപ്രകാരത്തിലുളള ശീലങ്ങള്‍ കുട്ടികളെ സമ്പത്ത് സൂക്ഷിക്കാന്‍ പഠിപ്പിക്കുകയും ജീവത വിജയത്തിന് സഹായിക്കുന്നതുമാണ്. ആയതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഈ പരിശീലനം നല്‍കുക.

രണ്ട്: പതിവായി ചെയ്യാറുളള ജോലികള്‍ക്ക് പണം നല്‍കാതിരിക്കുക, ശരിയായ ജോലികള്‍ക്ക് പണം നല്‍കുക
അധിക രക്ഷിതാക്കളും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുകയും തുടര്‍ന്ന് പണം നല്‍കുകയും ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് പാരതോഷികങ്ങള്‍ നല്‍കി പണിയെടുപ്പിക്കുന്ന വ്യവസ്ഥ രക്ഷിതാക്കള്‍ ചെയ്തുവരുന്നതാണ്. വീട് വൃത്തിയാക്കുക, മേശപ്പുറത്ത് പാത്രങ്ങള്‍ അടക്കിവെക്കുക തുടങ്ങിയ വീട്ടാവശ്യങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ശേഷം പണം പാരിതോഷികമായി നല്‍കുകയും ചെയ്യാറുണ്ട്. ഇത് ശിരിയായ രീതിയല്ല. കാരണം, ചില പ്രവര്‍ത്തനങ്ങള്‍ കേവലം നിത്യ ജീവിതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്. തുടര്‍ന്നുളള ജീവതത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനഭങ്ങള്‍ ഒരാളും പണം നല്‍കുകയില്ല (വലുതായി കഴിഞ്ഞാല്‍). ആയതിനാല്‍ ജോലികളെ വീടുമായ ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെന്നും, പണം നല്‍കേണ്ട പ്രവര്‍ത്തനമെന്നുമായി രണ്ടായി തരംതിരിക്കുക. മുറികള്‍ വൃത്തിയാക്കുക, അവിശിഷ്ടങ്ങളുളള കൊട്ടകള്‍ പുറത്തുകൊണ്ടുപോയി വൃത്തിയാക്കുക തുടങ്ങിയ ചില വീട്ടുജോലികള്‍ നിത്യ ജീവതുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ അത്തരത്തിലുളള ജോലകള്‍ക്ക് കുട്ടികള്‍ക്ക് പണം നല്‍കാതരിക്കുക. എന്നാല്‍, വീടിന്റെ മുറ്റത്തോ അല്ലെങ്കില്‍ പ്രയാസമേറിയ ജോലികള്‍ക്കോ ആണ് കുട്ടികള്‍ക്ക് പണം നല്‍കേണ്ടത്. സാധാരണ ഭാരിച്ച ജോലികള്‍ പുറത്തുളള ആളുകളെയാണ് നാം ഏല്‍പ്പിക്കാറുളളത്. അതിനാല്‍ ഇത്തരം ഭാരിച്ച ജോലികള്‍ക്ക് കുട്ടികള്‍ക്ക് പണം നല്‍കി ചെയ്യിപ്പിക്കാവുന്നതാണ്. ഈ രീതികള്‍ സ്വീകരിക്കുന്നത് മുഖേന കുട്ടികള്‍ക്ക് സമ്പാദിക്കുന്ന പണത്തിന്റെ മൂല്യം മനസ്സിലാക്കാനും, ഭാരിച്ച ജോലികള്‍ ഭാവിയില്‍ ഏറ്റെടുക്കാനും കഴുയുന്നതാണ്.

മൂന്ന്: എങ്ങനെ പണം സമ്പാദിക്കണമെന്നതിനെ കുറിച്ച് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കുക
വേനല്‍, ശൈത്യം, വസന്തം തുടങ്ങിയ ധാരാളം അവധികാലങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭിക്കുന്നു. ആ കാലം അവര്‍ ആസ്വദിച്ച് അനുഭവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൗമാരക്കാരായ മക്കള്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരുടെ കഴിവിനും അവസ്ഥക്കു അനുയോജ്യമായ രീതിയില്‍ ജോലി കണ്ടെത്താന്‍ ഇത്തരം അവധികാലങ്ങളില്‍ രക്ഷിതാക്കളെന്ന നിലയില്‍ നിങ്ങള്‍ സഹായിക്കേണ്ടതുണ്ട്. ജോലിയില്‍ തിളങ്ങുന്നതിനുളള അവസരം നല്‍കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിക്കാലത്തേക്കാള്‍ എളുപ്പത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കച്ചവടത്തില്‍ ഏര്‍പ്പെടാനുള്ള ധാരാളം അവരസരങ്ങളുണ്ട് നിലവില്‍. അതിനാല്‍ കുട്ടികള്‍ക്കാവശ്യമായ അവസരോചിത ഇടപെടലുകള്‍ രക്ഷിതാക്കള്‍ നടത്തേണ്ടതുണ്ട്.

നാല്: സാമ്പത്തികമായി നിര്‍വഹിക്കേണ്ട ബാധ്യതകള്‍(പിഴ, നികുതി) നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുക
ട്രാഫിക് പിഴ, നികുതി, മറ്റ് പിഴകള്‍ എന്നീ വ്യത്യസ്ത തരത്തിലുള്ള പിഴകള്‍ നിത്യ ജീവിതത്തില്‍ നമുക്ക് അടക്കേണ്ടതായി വരാറുണ്ട്. എന്നാല്‍, കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്. കുട്ടികള്‍ മന:പൂര്‍വം ശരിയല്ലാത്ത പല പ്രവര്‍ത്തനങ്ങളും ചെയ്യാറുണ്ട്. ഇപ്രകാരം വീട്ടിലെ വസ്തുക്കള്‍ കേടാക്കുമ്പോള്‍ അവരെ വെറുതെ വിടാതെ നഷ്ടപരിഹാരം ഈടാക്കുകയാണ് (അവരുടെ സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുക) വേണ്ടത്. മോശമായ ഇത്തരം ശീലങ്ങളുടെ ഫലം ഇപ്രകാരമായിരിക്കുമെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുകയും ചെയ്യുക. ഇത് അവരെ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ കാര്യമായി സഹായിക്കുന്നതായിരിക്കും.

അഞ്ച്: വിവേകപൂര്‍ണമായി ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക
കുഞ്ഞുങ്ങള്‍ ആവശ്യപ്പെടുന്നത് രക്ഷിതാക്കള്‍ വാങ്ങികൊടുക്കുന്നു. ഇത് രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളോടുളള സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. പക്ഷേ, ഇപ്രകാരം ഇച്ഛിക്കുന്നത് വാങ്ങികൊടുക്കുന്നത് മുഖേന കുഞ്ഞുങ്ങള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനുളള അവസരമാണ് രക്ഷിതാക്കള്‍ ഇല്ലാതാക്കുന്നത്. കുട്ടികളുടെ പ്രത്യേകമായ സമ്പത്തില്‍ നിന്ന് ഇഷ്ടപ്പെട്ട വസ്ത്രവും കളിപ്പാട്ടവും വാങ്ങുന്നത് മുഖേന കുട്ടികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിക്കുകയാണ്. അങ്ങനെ കുഞ്ഞുങ്ങളെ മൂല്യബോധമുളള ജീവിതം നയിക്കാന്‍ പരിശീലിപ്പിക്കുകയാണ്.

ആറ്: നിക്ഷേപത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക
എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടതെന്ന് അധികമാളുകള്‍ക്കും വലിയ ധാരണയില്ലാത്ത ഒന്നാണ്. എന്നാല്‍, കുട്ടികളെ ചെറിയ പ്രായം മുതല്‍ക്കുതന്നെ നിര്‍ബന്ധമായും വളര്‍ത്തിക്കൊണ്ടുവരേണ്ട കഴിവാണിത്. നിങ്ങള്‍ നിക്ഷേപം നടത്തുന്ന സമയത്ത് നിങ്ങളുടെ കുട്ടികളെ മധ്യസ്ഥന്മാരായി കൂടെകൂട്ടുകയും അവര്‍ക്ക് അത് നിരീക്ഷിക്കുവാനുള്ള അവസരം നല്‍കുകയും ചെയ്യുക. നിങ്ങള്‍ കുട്ടികള്‍ക്ക് നിക്ഷേപത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുക. ഇത് കുട്ടികള്‍ക്ക് സഹായകവും പ്രോത്സാഹനവും ആകുന്നതാണ്. കൂടാതെ, ഒരേസമയം നിക്ഷേപവും, ബാങ്ക് എക്കൗണ്ട് കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ കഴിവും ലഭിക്കുന്നു, പ്രത്യേകമായ ജോലികള്‍ ചെയ്യാനുളള പ്രാപ്തി കരഗതമാകുന്നു, പണം സൂക്ഷിക്കാനുളള രീതിശാസ്ത്രം മനസ്സിലാക്കി തരുന്നു. ഇതെല്ലാം കുട്ടികള്‍ക്ക് തങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ വിവേകപൂര്‍ണമായ കഴിവ് നേടിതരുന്നതാണ്.

ഏഴ്: നിങ്ങള്‍ അവരുടെ മാതൃകകളാവുക
കുട്ടികള്‍ക്ക് പണവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ കൈവരുന്നത് ഏഴാമത്തെ വയസ്സിലാണെന്ന് കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഉദാഹരമായി, താങ്കള്‍ പലവ്യജ്ഞന കടയില്‍നിന്ന് സാധനങ്ങള്‍ വിവേകപൂര്‍ണമായി വാങ്ങുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ അത് നിരീക്ഷിക്കുന്നു. ഇനി, താങ്കള്‍ ഭാര്യയോട് പണത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുകയാണെങ്കില്‍ അതും കുട്ടികള്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍നിന്ന് സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിന് മികവുറ്റ മാതൃകകള്‍ ലഭ്യമാവേണ്ടത് അനിവാര്യമാണ്.

എട്ട്: ഓരോ കാര്യങ്ങള്‍ക്കും പണം അത്യാവശ്യമാണെന്ന് പ്രായോഗികമായി കട്ടികളെ ധരിപ്പിക്കുക
‘ഇതിന് ഒരുപാട് വിലയായി’ എന്ന് കുട്ടികളോട് കേവലമായി പറയുന്നതിനേക്കാള്‍ നല്ലത് അവരുടെ കൈയില്‍ പണം നല്‍കി അവരെകൊണ്ടുതന്നെ വാങ്ങിപ്പിക്കുന്നതാണ്. അതുപോലെ, വാങ്ങിയ സാധനത്തിന് പണം നല്‍കുന്ന സമയത്ത് കുട്ടികളെ കൊണ്ട് അത് കൊടുപ്പിക്കുകയാണെങ്കില്‍ വിലയെ കുറിച്ച ധാരണ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നതാണ്. ഇത്തരം ചെറിയ പ്രവര്‍ത്തികള്‍ കുട്ടികളെകൊണ്ട് ചെയ്യിപ്പിക്കുന്നത് ഒരുപാട് നേരം അവരെ ഉപദേശിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും.

ഒമ്പത്: സാമ്പത്തിക രംഗങ്ങളില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാക്കുക
‘ഈ വീഡിയോ ഗെയിം വാങ്ങിയാല്‍ നിന്റടുത്ത് ചെരുപ്പ് വാങ്ങാനുളള പണമുണ്ടാകില്ല’ എന്നീ രീതികളിലൂടെ കുട്ടികളെ പ്രായോഗികമായി തീരുമാനങ്ങളെടുക്കാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗങ്ങളില്‍ ശരിയായ തീരുമാനങ്ങളെടുക്കുവാനും, അതിന്റെ അനന്തരഫലങ്ങള്‍ മുന്‍കൂട്ടി കാണുവാനും കുട്ടികളെ പരിശീലിപ്പിക്കല്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.

പത്ത്: നല്‍കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധിപ്പിക്കുക
കുട്ടികള്‍ അവരുടേതായ രീതിയില്‍ പണം കണ്ടെത്തുമ്പോള്‍ അവരുടെ പണത്തില്‍ നിന്ന് ദാനം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. പള്ളികള്‍, സേവന സന്നദ്ധ സംഘടനകള്‍, ആവശ്യക്കാരയ വ്യക്തികള്‍ എന്നിവര്‍ക്ക് ദാനം നല്‍കാവുന്നതാണ്. അവസാനം, പണം ലഭിക്കുന്നവര്‍ക്ക് മാത്രമല്ല, നല്‍കുന്നവര്‍ക്കും അതില്‍ ഗുണമുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നതാണ്.

പതിനൊന്ന്: കുടംബത്തിലെ സാമ്പത്തിക പദ്ധതികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുക
നിങ്ങള്‍ എങ്ങനെയാണ് കുടംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ബില്ലുകള്‍ അടക്കുമ്പോള്‍, സാധനങ്ങള്‍ വാങ്ങുമ്പോള്‍, അവധികാലത്തെ കാര്യപരിപാടികള്‍ തയാറാക്കുമ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെയാണ് മാതൃക കാണിച്ചുകൊടുക്കുന്നതെന്ന് സുപ്രധാനമാണ്.

അവലംബം: mugtama.com
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്

Related Articles