Current Date

Search
Close this search box.
Search
Close this search box.

കൗമാരക്കാരായ മക്കളോട് നിങ്ങളിക്കാര്യം സംസാരിച്ചിട്ടുണ്ടോ?

teenager.jpg

കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന കുട്ടി, അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അവരുമായി സംസാരിക്കുമ്പോള്‍ പങ്കുവെക്കേണ്ട ചില അടിസ്ഥാന ധാരണകളുണ്ട്. വൈകാരിക ബന്ധങ്ങള്‍, പഠനത്തോടുള്ള മടുപ്പ്, സോഷ്യല്‍ മീഡിയ, പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ആരോഗ്യത്തിനും ആഹാരത്തിലെ കൃത്യതക്കുമുള്ള പ്രാധാന്യം, സൗഹൃദത്തിന്റെ പരിധികള്‍, ദൈവത്തിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടവനാണെന്ന ബോധം തുടങ്ങിയവയാണ് പ്രസ്തുത ധാരണകള്‍. ഈ പറഞ്ഞിട്ടുള്ള എട്ട് കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന മക്കളോട് സംസാരിക്കാറുണ്ടോ എന്ന ചോദ്യമാണ് വായനക്കാരോട് ചോദിക്കുന്നത്.

ഇക്കാര്യങ്ങളെ കുറിച്ച് സംക്ഷിപ്തമായിട്ടല്ല വിശദമായി തന്നെ മക്കളോട് സംസാരിക്കേണ്ടത് അനിവാര്യമാണ്. ഒറ്റ പ്രാവശ്യം പറഞ്ഞ് അവസാനിപ്പിക്കേണ്ടതല്ല, മറിച്ച് ആവര്‍ത്തിക്കേണ്ടതാണവ. കാരണം വികാരങ്ങളും ചിന്തകളും മാറിമറിഞ്ഞ് വരുന്ന കാലമാണ് കൗമാരം. കൗമാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഈ കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടെങ്കില്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ കെണികളില്‍ നിന്നും രക്ഷപ്പെടാന്‍ അവരെയത് സഹായിക്കും. ആഹാര കാര്യങ്ങളിലും വ്യായാമത്തിലും കൃത്യത പാലിക്കാനും തെറ്റിലേക്കും വഴികേടിലേക്കും നയിക്കുന്ന കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കാനും അവരെയത് സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം അവരുമായി ഉത്തരവാദിത്വത്തെ കുറിച്ച് വിശദമായി സംസാരിക്കലാണ്. കുട്ടിയെന്ന തലത്തില്‍ നിന്നും വളരുന്നതോടെ തന്റെ വാക്കും പ്രവൃത്തിയും ദൈവത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്ന ബോധം അവര്‍ക്ക് പകര്‍ന്നു നല്‍കണം. അതില്‍ വരുന്ന വീഴ്ച്ചകളുടെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കല്ല, തനിക്ക് മാത്രമായിരിക്കുമെന്ന ധാരണ അവരിലുണ്ടാവണം.

ജോലിത്തിരക്കുകളോ അജ്ഞതയോ കാരണമായി കൗമാരക്കാരായ മക്കളുടെ പരിപാലനത്തില്‍ വീഴ്ച്ച വരുത്തുന്നവരാണ് മിക്ക രക്ഷിതാക്കളും. മക്കള്‍ തങ്ങള്‍ക്കെതിരെ തിരിയുകയോ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുകയോ പഠന കാര്യങ്ങളില്‍ വീഴ്ച്ച വരുത്തുകയോ ചെയ്യുമ്പോഴാണ് മക്കളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയോ സ്‌കൂളില്‍ വെച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലോ പ്രണയബന്ധത്തെ കുറിച്ചോ പെണ്‍കുട്ടി തനിക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുന്നതിനെ കുറിച്ചോ അറിയുമ്പോഴാണ് രക്ഷിതാക്കളത് ശ്രദ്ധിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെ രൂക്ഷമായി കുറ്റപ്പെടുത്തിയും ഒച്ചവെച്ചും അടിച്ചുമാണ് രക്ഷിതാക്കള്‍ നേരിടുന്നതെങ്കില്‍ ഏറ്റവും വലിയ വീഴ്ച്ചയാണത്. കൗമാരക്കാരെ കൂടുതല്‍ ധിക്കാരികളാക്കുകയാണത് ചെയ്യുക. മക്കള്‍ക്ക് മാതാപിതാക്കളെയും മാതാപിതാക്കള്‍ക്ക് മക്കളെയും നഷ്ടമാകുന്ന അവസ്ഥയിലേക്കാണത് എത്തിക്കുക.

നിഷിദ്ധ വൈകാരിക ബന്ധങ്ങളുടെ കെണിയില്‍ അകപ്പെട്ട നിരവധി യുവതിയുവാക്കളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. സാധാരണ നിലക്കുള്ള സ്ത്രീ-പുരുഷ പ്രണയ ബന്ധങ്ങളും സ്വവര്‍ഗ ബന്ധങ്ങളും അക്കൂട്ടത്തിലുണ്ട്. അത്തരക്കാരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അവരുടെ രക്ഷിതാക്കള്‍ ഈ വിഷയത്തെ കുറിച്ച് അവരുമായി സംസാരിച്ചിട്ടേ ഇല്ല എന്നാണ്. വൈകാരികവും ലൈംഗികവുമായ വിവരങ്ങള്‍ മക്കള്‍ക്ക് നല്‍കുന്നതിന് ബുദ്ധിപരമായ എത്രയോ വഴികളുണ്ടായിട്ടും മാതാപിതാക്കള്‍ അത് ചെയ്തില്ല. കൗമാരക്കാരനായ മകന് വൈകാരിക ബന്ധങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ സുഹൃത്തിനെ ചുമതലപ്പെടുത്തിയ പിതാവിനെ എനിക്കറിയാം. ഈ വിഷയം കൗമാരക്കാരിയായ മകളോട് സംസാരിക്കാന്‍ അവളുടെ തന്നെ സഹോദരിയെ ചുമതലപ്പെടുത്തിയ ഉമ്മമാരുണ്ട്. ലൈംഗിക വഴികേടുകളുടെ ദോഷങ്ങളെ കുറിച്ച് വിവരിക്കുന്ന വീഡിയോയുടെ ലിങ്ക് മകന് അയച്ചു കൊടുത്ത് അവനെ ബോധവല്‍കരിക്കുന്ന രക്ഷിതാക്കളുമുണ്ട്. ബുദ്ധിപരമായ സമീപനങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങളാണിത്.

കൗമാരക്കാരിലെ മാനസിക സംഘര്‍ഷങ്ങളാണ് മറ്റൊരു വിഷയം. കൗമാരക്കാരോട് വ്യക്തി വൈജാത്യങ്ങളെയും ലിംഗ വൈജാത്യങ്ങളെയും കുറിച്ച് സംസാരിക്കാന്‍ സമയം കണ്ടെത്തേണ്ട സവിശേഷമായ ഘട്ടമാണിത്. തന്നെ സൃഷ്ടിച്ച രക്ഷിതാവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അവരോട് സംസാരിക്കാനുള്ള സുവര്‍ണാവസരമാണിത്. സംസാരത്തില്‍ കല്‍പനയുടെയും ഉത്തരവിന്റെയും സ്വരം ഒഴിവാക്കി ശാന്തമായും യുക്തിയോടെയുമായിരിക്കണം സംസാരം. അല്ലാത്തപക്ഷം ദീനിനോടും ദീനീ നിഷ്ഠ പുലര്‍ത്തുന്നവരോടും വെറുപ്പായിരിക്കും അവരിലുണ്ടാവുക. ഖുര്‍ആന്‍ പാരായണത്തിലും നമസ്‌കാരം പോലുള്ള കര്‍മങ്ങളിലും സദ്‌വൃത്തരോടുള്ള സ്‌നേഹത്തിലും മാതാപിതാക്കള്‍ അവന്റെ മുന്നില്‍ മാതൃകയാവണം. വാക്കുകളേക്കാള്‍ അവരെ സ്വാധീനിക്കുക പ്രവര്‍ത്തനങ്ങളായിരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

പ്രായത്തിന്റെ ഈ സവിശേഷ ഘട്ടത്തില്‍ മക്കള്‍ തങ്ങളെ ധിക്കരിക്കുകയോ തങ്ങളുടെ ഉപദേശങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് അവരെ നഷ്ടപ്പെട്ടിരിക്കുന്ന എന്ന തോന്നല്‍ ചില മാതാപിതാക്കളിലെങ്കിലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഒട്ടും ശരിയല്ലാത്ത ഒരു തോന്നലാണത്. ചെറുപ്പം മുതല്‍ തന്നെ നല്ല രൂപത്തില്‍ അവനെ മാതാപിതാക്കള്‍ വളര്‍ത്തിയിട്ടുണ്ടെങ്കില്‍ എന്തൊക്കെ ധിക്കാരം കാണിച്ചാലും ചെറുപ്പത്തില്‍ അവരില്‍ നട്ടുവളര്‍ത്തിയിട്ടുള്ള മൂല്യങ്ങളിലേക്കും ഗുണങ്ങളിലേക്കും അവര്‍ മടങ്ങി വരിക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ നമുക്ക് അവരോടുള്ള സ്‌നേഹവും അവരുടെ കാര്യത്തിലുള്ള താല്‍പര്യവും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ പ്രകടമാക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് ഓര്‍പ്പെടുത്തലിന്റെയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതിന്റെയും ചുമതല മാത്രമാണുള്ളത്, പ്രായപൂര്‍ത്തിയായ തന്റെ ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും അവയെ കുറിച്ച് അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടവനാണ് താനെന്നുമുള്ള ധാരണ കൗമാരക്കാരില്‍ ഉണ്ടാക്കുകയെന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം.

വിവ: നസീഫ് തിരുവമ്പാടി

Related Articles