Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ നമസ്‌കരിച്ചു വളരട്ടെ

Child-namaz.jpg

നല്ല കുട്ടികള്‍ മാതാപിതാക്കളുടെ കണ്‍കുളിര്‍മയാണ്. ഭൗതിക ലോകമെന്ന പൂന്തോപ്പിലെ പൂക്കളാണ് കുഞ്ഞുങ്ങള്‍. എന്നാല്‍ മസ്ജിദുകളില്‍ ഈ പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്നില്ലെന്നത് സങ്കടകരമായ കാര്യമാണ്. കൗമാരപ്രായക്കാരെയും വളരെ കുറച്ചേ അവിടെ കാണാനാവുന്നുള്ളൂ. വികലമായ സന്താന പരിപാലനത്തിന്റെ ഫലമായാണ് ഈ തിന്മ വ്യാപിച്ചിട്ടുള്ളത്. ഇക്കോലത്തിലുള്ള തലമുറയുടെ ഉദയം ഇസ്‌ലാമിനെ ബലഹീനമാക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ നമസ്‌കരിക്കാത്തവര്‍ ഇനിയെന്ന് നമസ്‌കരിക്കാനാണ്. ഈ കൊടുംപാതകത്തിന്റെ ഉത്തരവാദിത്വം മാതാപിതാക്കളുടെ മേലാണ്. ഉത്തരവാദിത്വ സമര്‍പ്പണം ബാദ്ധ്യതയായ കുടുംബ കാരണവന്‍മാര്‍ ഓര്‍ത്തിരിക്കോണ്ട ഒരു ഹദീസുണ്ട്. ‘നിങ്ങള്‍ എല്ലാവരും ഭരണാധികാരികളും അവരവരുടെ ഭരണീയരെ സംബന്ധിച്ച് ചോദിക്കപ്പെടുന്നവരുമാണ്, പുരുഷന്‍ തന്റെ കുടുംബത്തിന്റെ ഭരണാധികാരിയും അതിലെ പ്രജകളെ സംബന്ധിച്ച് ചോദിക്കപ്പെടുന്നവനുമാണ്’.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അരുളുന്നു ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.’ (അത്തഹ്‌രീം: 6) അല്ലാഹു പറയുന്നു നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം. (ത്വാഹാ: 132)
മാതാക്കളോടും പിതാക്കളോടുമായി നബി (സ) അരുളുന്നു ‘നിങ്ങളുടെ മക്കളോട് ഏഴാം വയസ്സില്‍ നിങ്ങള്‍ നമസ്‌കരിക്കാന്‍ കല്‍പിക്കുക, പത്ത് വയസ്സായാല്‍ അതിന്റെ പേരില്‍ അടിയ്ക്കുക.’ (അഹ്മദ്)

അനുകമ്പയോടെ അഭ്യസിപ്പിക്കുന്ന മനോഹരമായ ശൈലി നബി തിരുമേനിയുടെ ഈ നിര്‍ദേശത്തില്‍ അടങ്ങിയിട്ടുണ്ട്. ഏഴ് വയസ്സ് മുതല്‍ നമസ്‌കാരത്തിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും പത്ത് വയസ്സായിട്ടേ അടിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. മൂന്ന് വര്‍ഷത്തിനിടെ അയ്യായിരം തവണയിലേറെ സ്‌നേഹ പുരസ്സരം ക്ഷണിക്കപ്പെടുന്ന കുട്ടിയെ അതിന്റെ പേരില്‍ അടിക്കേണ്ടിവരാറില്ല. നമസ്‌കാരം ലഹരിയായി അവന്റെ സിരകളില്‍ പടര്‍ന്നിട്ടുണ്ടാകും.

പലപ്പോഴും നമസ്‌കാരത്തോളം പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്കുമാണ് പലരും കുട്ടികളെ അടിക്കാറുള്ളത്. കുട്ടികളെ സുബ്ഹി നമസ്‌കാരത്തിന് വിളിച്ചുണര്‍ത്തുന്ന എത്ര മാതാപിതാക്കളുണ്ട്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു ‘എന്റെ അമ്മായി മൈമൂനയുടെ വീട്ടില്‍ ഞാന്‍ ഒരു രാത്രി താമസിച്ചു, വൈകുന്നേരം നബി(സ) വന്നപ്പോള്‍ അന്വേഷിച്ചു കുട്ടി നമസ്‌കരിച്ചുവോ? വീട്ടുകാര്‍ പറഞ്ഞു: അതെ’. (അബൂദാവൂദ്)

ഇബ്‌നു ഉമര്‍(റ) പറയുന്നു: ഇടതും വലതും തിരിച്ചറിയാനായാല്‍ കുട്ടിയെ നമസ്‌കാരം അഭ്യസിപ്പിക്കണം. മുന്‍ഗാമികളായ മഹത്തുക്കള്‍ തങ്ങളുടെ മക്കളുടെ നമസ്‌കാരം ഗൗരവത്തില്‍ അന്വേഷിക്കാറുണ്ടായിരുന്നു. മുജാഹിദ്(റ) ഉദ്ധരിക്കുന്നു: ഞാന്‍ കേട്ടിട്ടുണ്ട് ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളില്‍ ഒരാള്‍ തന്റെ പുത്രനോട് ചോദിക്കുന്നു ഞങ്ങളുടെ കൂടെ നമസ്‌കാരത്തില്‍ നീ പങ്കെടുത്തോ? ആദ്യ തക്ബീര്‍ കിട്ടിയോ? പുത്രന്‍ പറഞ്ഞു ഇല്ല. അദ്ദേഹം പറഞ്ഞു കറുത്ത കണ്ണുള്ള നൂറ് ഒട്ടകങ്ങളുടെ നഷ്ടം ഇതിലും വലുതല്ല.

ദഹബിയുടെ സിയറില്‍ പ്രതിപാദിച്ചിരിക്കുന്നു: അബ്ദുല്‍ അസീസ് ബിന്‍ മര്‍വാന്‍ തന്റെ മകനായ ഉമറിനെ വിജ്ഞാന സമ്പാദനത്തിനായി മദീനയിലെ സ്വാലിഹ് ബിന്‍ കൈസാന്റെ അടുക്കലയച്ചു. നമസ്‌കാര വിഷയത്തില്‍ കണിശതയുള്ള ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഉമര്‍ നമസ്‌കാരത്തിന് സമയം വൈകിയെത്തി. സമയം തെറ്റിച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: മുടി വെട്ടുകാരി വൈകിച്ചതാണ്. അദ്ദേഹം പറഞ്ഞു: അത് നമസ്‌കാരത്തിന് ഭംഗം വരുത്തിയെന്ന് അവളോട് നീ പറയണം. അദ്ദേഹത്തിന്റെ പിതാവിനോട് കത്തിലൂടെ ഈ വിവരം തെര്യപ്പെടുത്താനും അദ്ദേഹം മടിച്ചില്ല. അബ്ദുല്‍ അസീസാകട്ടെ ദൂതനെ അയച്ച് ഉമറിന്റെ മുടി വടിച്ചുകളഞ്ഞു.

മാതാപിതാക്കളേ,  മുസ്‌ലിംകളായ നിങ്ങളില്‍ നിന്നും നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ ജന്മമെടുക്കാന്‍ ഇടവരരുത്. തണുത്ത പുലരികളില്‍ സുബ്ഹി നമസ്‌കാരത്തിന് മക്കളെ വിളിച്ചുണര്‍ത്താന്‍ മടിയാണെങ്കില്‍ ‘പറയുക നരകാഗ്‌നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!’ (അത്തൗബ: 81)
ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: പ്രയോജനകരമായവ പഠിപ്പിക്കാതെ കുട്ടികളെ വെറുതെ വിടുന്നവര്‍ വലിയ പിഴയാണ് ചെയ്യുന്നത്. അധിക കുട്ടികളും ചീത്തയാകുന്നത് ഫര്‍ദും സുന്നത്തും അഭ്യസിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാത്തത് കൊണ്ടാണ്. ചെറുപ്പത്തില്‍ അവരെ പാഴാക്കിയാല്‍ മുതിര്‍ന്നാലും അവര്‍ ഉപകാരപ്പെടുകയില്ല.

കുട്ടികള്‍ മസ്ജിദില്‍ തന്നെ നമസ്‌കരിക്കുന്നതില്‍ കുറേ നന്മകളുണ്ട്. അതിലൊന്ന് കുട്ടികള്‍ ദൈവ നിഷേധത്തിന്റെയും കപടതയുടേയും പിടിയില്‍ അകപ്പെടാതെ വളര്‍ന്നു വരുമെന്നതാണ്. നബി(സ) പറഞ്ഞിരിക്കുന്നു: സുബ്ഹി ഇശാ നമസ്‌കാരത്തേക്കാള്‍ ഭാരമേറിയ മറ്റൊരു നമസ്‌കാരവും മുനാഫിഖിന് ഇല്ല. അതിലുള്ള  നന്മകള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇഴഞ്ഞിട്ടായാലും അവര്‍ അതില്‍ പങ്കെടുക്കുമായിരുന്നു’.

ചില പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ നമസ്‌കാരത്തോട് പ്രതിപത്തിയുണ്ടാക്കാം.
1. നമസ്‌കാരത്തില്‍ കണിശത പുലര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവുക.
2. ഏത് കാര്യത്തിലും ഇഹലോകത്തിനേക്കാള്‍ പരലോകത്തിന് മുന്‍ഗണന കൊടുക്കുക. അത് കുഞ്ഞു മക്കളുടെ മനസ്സില്‍ നട്ടുപിടിപ്പിക്കുക. സ്‌കൂള്‍ പരീക്ഷകള്‍ക്ക് നമസ്‌കാരത്തേക്കാള്‍ പ്രാധാന്യം നല്‍കരുത്. പള്ളിയിലേക്ക് പോകുന്നതിനേക്കാള്‍ മുഖ്യമാകരുത് പഠന ചര്‍ച്ചകള്‍. നമസ്‌കാരം മുടക്കിയായ തൊഴിലിലൂടെ പണം സമ്പാദിക്കുന്നത് അന്തസ്സല്ല.
3. ക്ഷമ പാലിക്കുക, ക്ഷമ ഉപദേശിക്കുക. ‘നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.’ (ത്വാഹാ: 132)
4. നമസ്‌കാരത്തിന് സഹായകമായ കാര്യങ്ങള്‍ ചെയ്യിക്കുക. ആവശ്യമില്ലാതെ ഉറക്കമൊഴിക്കാന്‍ അനുവദിക്കാതിരിക്കുന്നതും ബാങ്കിന്റെ സമയത്ത് അലാറം വെക്കലും അതിന്റെ ഭാഗമാണ്.
5. നമസ്‌കാരത്തിന്റെ ഹദീസുകള്‍ അവരെ കേള്‍പ്പിക്കുക. നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഭൗതികവും പാരത്രികവുമായ ശിക്ഷകളെ സംബന്ധിച്ച് ഉണര്‍ത്തുക. നമസ്‌കാരത്തിന്‍ നിഷ്ഠ പുലര്‍ത്തുന്നവര്‍ക്കുള്ള ദൈവികമായ പ്രതിഫലം സംബന്ധിച്ച് കുഞ്ഞുമനസ്സില്‍ താത്പര്യം ഉളവാക്കുക.
6. നമസ്‌കാരത്തിന് നിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.
7. എല്ലായ്‌പ്പോഴും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ചിലപ്പോഴൊക്ക അവര്‍ കേള്‍ക്കട്ടെ. നബിമാരുടേയയും സുകൃതരുടേയും പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. ‘എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ’ (ഇബ്‌റാഹീം: 40)
8. ഖുര്‍ആന്‍ പഠിക്കുന്നവരും ജമാഅത്ത് നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായി അവര്‍ക്ക് ബന്ധം ഉണ്ടാക്കിക്കൊടുക്കുക.
9. ഉറക്കില്‍ നിന്നും കുട്ടികളെ ഉണര്‍ത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും يَا بُنَيَّ أَقِمِ الصَّلَاةَ ‘എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക’ (ലുക്മാന്‍: 17) പോലുള്ള ആയത്തുകളും ഹദീസുകളും പാരായണം ചെയ്ത് കൊണ്ട് വിളിക്കുകയും ചെയ്യുക.
10. ഒരു വീട് വാങ്ങേണ്ടി വന്നാല്‍ സൗകര്യങ്ങള്‍ പരിഗണിക്കുന്ന കൂട്ടത്തില്‍ പ്രഥമമായി വീട്ടില്‍ നിന്നും മസ്ജിദിലേക്കുള്ള ദൂരവും കൂടി പരിഗണിക്കുക.

Related Articles