Current Date

Search
Close this search box.
Search
Close this search box.

ആലിംഗനത്തിന്റെ ഫലങ്ങളറിഞ്ഞ് ആശ്ലേഷിക്കാം

hug.jpg

‘നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കാത്ത ഒരു ദിവസം കടന്നു പോയാല്‍ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും ആയുസ്സിലെ ഒരു ദിനമായി അതിനെ കണക്കാക്കേണ്ടതില്ല.’ ഒരുപക്ഷെ ചിലരിലെങ്കിലും ഈ വാചകം ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആലിംഗനം കുട്ടിയിലുണ്ടാക്കുന്ന മാനസികവും ആരോഗ്യപരവുമായ ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ ആലിംഗനം ചെയ്യാന്‍ അതിയായ താല്‍പര്യം കാണിക്കും. ആലിംഗനം അവരെ സംബന്ധിച്ചടത്തോളം നിര്‍ബന്ധചര്യയായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയെ ദിവസത്തില്‍ ഒരു തവണയെങ്കിലും ആശ്ലേഷിച്ച് ചേര്‍ത്ത് പിടിക്കാന്‍ ശ്രദ്ധിക്കണം. ആലിംഗനവും ആശ്ലേഷണവും ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ചാണ് ഈ ലേഖനം.

1) ആലിംഗനം ചെയ്യുന്നയാളുടെ അടുക്കല്‍ താന്‍ സ്വീകാര്യനാണെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്നു. അതിന്റെ ഏറ്റവും വലിയ മാനസിക ഫലമാണത്. സന്തുലിത വ്യക്തിത്വത്തിന് ഉടമയാകാന്‍ കുട്ടിയെ അത് സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് സ്വീകാര്യനായി സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അവന്‍ വളരുന്നു. താന്‍ അംഗീകരിക്കപ്പെടാത്തവനും വെറുക്കപ്പെട്ടവനുമാണെന്ന് ധരിക്കുന്ന കുട്ടി മിക്കപ്പോഴും പ്രശ്‌നക്കാരനും കുഴപ്പക്കാരനുമായിരിക്കും.
2) കുട്ടിയില്‍ ഓക്‌സിജന്റെ അളവ് ആലിംഗനത്തിലൂടെ വര്‍ധിക്കുന്നു. അവനിലെ കോപത്തെ അത് ചികിത്സിക്കുകയും കൂടുതല്‍ ആത്മനിയന്ത്രണമുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അപ്രകാരം ആലിംഗനത്തിലൂടെ സന്തോഷമുണ്ടാക്കുന്ന സ്റ്റെറോറ്റനിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നു.
3) ആലിംഗനം കുട്ടികളില്‍ പ്രതിരോധ ശേഷി ഉയര്‍ത്തുകയും നാഡീവ്യവസ്ഥയുടെ സന്തുലിതത്വത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്നു. രോഗങ്ങളെയും പ്രയാസങ്ങളെയും നേരിടുന്നതിന് കൂടുതല്‍ മാനസിക കരുത്തത് നല്‍കുന്നു.
4) ആലിംഗനം വികാരങ്ങളിലെ ഉദാരത കുട്ടികളെ പഠിപ്പിക്കുന്നു. നിങ്ങള്‍ കുട്ടിയെ ആലിംഗനം ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെയും ആലിംഗനം ചെയ്യും. സ്വീകരിക്കുന്നത് പോലെ നല്‍കാനുമാണത് അതിലൂടെ അവനെ പഠിപ്പിക്കുന്നത്. അപ്രകാരം സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും അവര്‍ പഠിക്കുന്നുണ്ട്.
5) ആലിംഗനം ചെയ്യുന്ന രണ്ട് പേര്‍ക്കിടയിലെ തടസ്സങ്ങളെ ഇല്ലാതാക്കി അവര്‍ക്കിടയിലെ ദൂരം അത് കുറക്കുന്നു. മനസ്സില്‍ വല്ല മുഷിപ്പും ഉണ്ടെങ്കില്‍ ആലിംഗനം അത് നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ശുദ്ധവും തെളിഞ്ഞതുമായ ബന്ധം മടക്കി കൊണ്ടുവരികയും ചെയ്യുന്നു. കൗമാര പ്രായത്തിലും നമ്മുടെ മക്കള്‍ക്ക് നമ്മുടെ ആലിംഗനം വളരെ ആവശ്യമാണ്. ഈ പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ആലിംഗനം ആഗ്രഹിക്കുന്നതായി കാണപ്പെടുന്നു.
6) അസ്വസ്ഥതകളെയും സമ്മര്‍ദങ്ങളെയും ആലിംഗനം ഇല്ലാതാക്കുന്നു. വലിയവരിലും കുട്ടികളിലുമുള്ള എത്രയെത്ര വിയോജിപ്പുകളാണ് ആലിംഗനത്തിലൂടെ ചികിത്സിക്കപ്പെട്ടിട്ടുള്ളത്. കാരണം മാലിന്യങ്ങളെയത് ഉരുക്കിയില്ലാതാക്കുകയും തടസ്സങ്ങളെ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.
7) ആലിംഗനത്തിലൂടെ സുരക്ഷിതബോധവും ആശ്വാസവും വര്‍ധിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്നതിന് കുട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണത്. മുന്നോട്ടുള്ള ഗമനത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഇന്ധനമായിട്ടാണത് വര്‍ത്തിക്കുന്നത്.
8) ആലിംഗനത്തിലൂടെ പ്രതിഫലത്തിന് അര്‍ഹനാവുന്നു. കാരണം പ്രവാചകന്‍(സ)യുടെ ചര്യയാണ് അതിലൂടെ പിന്തുടരുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) ഫാതിമ(റ)ന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുമ്പോള്‍ കടന്നു വന്ന ഹസന്‍(റ)നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു, നിന്റെ ഇഷ്ടവും അവനുണ്ടാവണം. അവനെ സ്‌നേഹിക്കുന്നവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു.’ ഒരിക്കല്‍ വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹുസൈന്‍(റ)നെ നബി തിരുമേനി(സ) കണ്ടു. പിടിക്കാനെന്ന ഭാവത്തില്‍ നബി(സ) കൈനീട്ടിയപ്പോള്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അങ്ങനെ കയ്യില്‍ കിട്ടുന്നത് വരെ അവനെ അദ്ദേഹം ചിരിപ്പിച്ചു. കിട്ടിയപ്പോള്‍ ഒരു കൈ അവന്റെ താടയിലും മറുകൈ തലയിലും പിടിച്ചവനെ ചുംബിച്ചു. ഇത്തരത്തിലുള്ള പ്രവാചകന്‍ ചുംബിച്ചതിന്റെയും ആലിംഗനം ചെയ്തതിന്റെയും നിരവധി റിപോര്‍ട്ടുകള്‍ നമുക്ക് കാണാം.

അതിന് വേറെയും ചില ഉദാഹരണങ്ങള്‍ കാണാം. സൈദ് ബിന്‍ ഹാരിഥ(റ) യാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ നബി(സ) അദ്ദേഹം ആലിംഗനം ചെയ്തു. അപ്രകാരം അബീസിനിയയില്‍ നിന്ന് മടങ്ങിയെത്തിയ ജഅ്ഫര്‍ ബിന്‍ അബൂതാലിബിനെയും നബി(സ) കെട്ടിപ്പിടിച്ചു. നബി(സ) തന്റെ ഭാര്യമരെയും കുട്ടികളെയും സഹാബികളെയും ആലിംഗനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതിനായിരിക്കാം ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ ‘ആലിംഗനത്തിന്റെ അധ്യായം’ എന്ന അധ്യായം തലക്കെട്ട് തന്നെ നല്‍കിയത്.

അറബി ഭാഷയില്‍ ആലിംഗനത്തെ കുറിക്കാനുപയോഗിക്കുന്ന പദമായ ‘ഹള്വാനത്’ () മാതാവിന്റെ ഒക്കത്തെ (എളി) കുറിക്കുന്ന ‘ഹള്വ്ന്‍’ല്‍ നിന്നും രൂപപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ആലിംഗനം ചെയ്യുമ്പോള്‍ രണ്ട് ശരീരങ്ങള്‍ മാത്രമല്ല കൂടിചേരുന്നത്. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ആലിംഗനം ചെയ്യുന്നയാളില്‍ നിന്നുള്ള വികാരവിചാരങ്ങളും ശരീരം കൂടിചേരുന്നതോടൊപ്പം പങ്കുവെക്കപ്പെടുന്നു. ഒരര്‍ത്ഥത്തിലുള്ള വൈകാരികമായ ചാര്‍ജ്ജിംഗ് ആണതെന്ന് പറയാം. ആലിംഗനത്തിന്റെ രീതിയും ചേര്‍ത്തു പിടിക്കലിന്റെ ശക്തിയും ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് ഒരു സന്ദേശം കൈമാറുന്നുണ്ട്. അതിന് സ്വീകരിക്കുന്ന രീതിയില്‍ നിന്നും അതോടൊപ്പം ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നുമാണത് മനസ്സിലാക്കപ്പെടുന്നത്.

വളരെ പ്രസിദ്ധമായ ഒരു വാചകം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവിക്കാന്‍ നാലും, മനസ്സിനെ പരിചരിക്കാന്‍ എട്ടും, വളരാനും വികസിക്കാനും പന്ത്രണ്ടും ആലിംഗനങ്ങള്‍ ഒരു മനുഷ്യന് ഓരോ ദിവസവും ആവശ്യമാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles