Current Date

Search
Close this search box.
Search
Close this search box.

പാരന്റിങ്ങ്; ഫലസ്തീനിലെ ഉമ്മമാർക്ക് പറയാനുള്ളത്

ഫലസ്തീനിലെ ഒരു ഉമ്മയും തന്റെ മകനെ പഠിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്കൂൾ ഏതാണെന്ന് ചോദിച്ചു നടക്കാറില്ലല്ല; കാരണം, അവർ തന്നെയാണ് മക്കളുടെ യഥാർത്ഥ വിദ്യാകേന്ദ്രം. വളരെ സവിശേഷമായ രീതിയിലാണ് തങ്ങളുടെ മക്കളെ അവർ പരിപാലിക്കുന്നത്. അതിലൂടെ, അവർ വരും തലമുറകളെയും വീര്യം നിറഞ്ഞ ധീരന്മാരെയും വാർത്തെടുക്കുന്നു. കൂടാതെ, അവർ പ്രത്യേക മൂല്യങ്ങളെ മക്കളിലേക്ക് സന്നിവേശിപ്പിക്കുന്നു. പ്രസ്തുത മൂല്യങ്ങളാണ് അവരുടെ പരിപാലനത്തിലടങ്ങിയിരിക്കുന്ന രഹസ്യം.

ഫലസ്തീനിലെ ഉമ്മ തന്റെ മക്കളെ ചെറുപ്പത്തിൽ തന്നെ സ്വന്തത്തോടും സഹോദരങ്ങളോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കെൽപ്പുള്ളവരായി വളർത്തുകയും കുടുംബത്തിന്റെ പ്രാധാന്യത്തെയും പാരസ്പര്യത്തെയും കുറിച്ച് നിരന്തരം ഉണർത്തുന്നതിൽ ശ്രദ്ധ കേന്ദീകരിക്കുകയും ചെയ്യുന്നു. കൂടാതെ, വൈജ്ഞാനികവും സാംസ്കാരികവുമായ ഉന്നതി പ്രാപിപ്പിക്കാൻ മക്കളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം കൈവരിക്കാനും അതുവഴി, ഉയർന്ന തലത്തിലുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥാമാക്കാനും വിവിധ മേഖലകളിൽ മികവ് പുലർത്താനും തന്റെ മക്കളെ അവർ പ്രേരിപ്പിക്കുന്നു. തദ്വാരാ, അവർ വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും ധ്വജവാഹകരാവുന്നു.

കൂടാതെ, ആ ഉമ്മ മാനവിക മൂല്യങ്ങളെയും ഇസ്‌ലാമിക സ്വഭാവ ഗുണങ്ങളെയും അന്തർവഹിക്കാൻ മക്കളെ പ്രാപ്തരാക്കുന്നു. ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും ശക്തിയുടെയും വിശ്വസ്തതയുടെയും അർത്ഥ തലങ്ങളെ അവർക്ക് പകർന്നു നൽകുന്നു. ഖുർആൻ പാരായണം, തക്ബീർ, പ്രാർത്ഥന എന്നിവ കൊണ്ട് നിർഭയത്വം കൈവരിക്കാൻ പഠിപ്പിക്കുന്നു. അതിനാൽ, ഫലസ്തീനിലെ ഉമ്മ സർവ്വ ശക്തയാണ്. തന്റെ മക്കളിൽ മൂത്തവർ രക്തസാക്ഷിത്വം വരിക്കുമ്പോൾ സന്തോഷത്താൽ അവർ ആർത്തുവിളിക്കുന്നു. ചുംബിക്കാൻ ആദരവോടെ മക്കളുടെ മുമ്പിൽ തലതാഴ്ത്തുന്നു. അവരെ തലോടുന്നു. ഇതു കാണുന്ന പിഞ്ചോമനകൾ ആ ഉമ്മയെ സ്വയം അനുഗമിക്കുകയും പ്രസ്തുത മൂല്യങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു. തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ച രാഷ്ട്രീയ അവബോധം സിദ്ധിക്കുവാൻ ഉത്തേജിപ്പിക്കുന്നു.

ഫലസ്തീനിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ അഖ്സ മുസ്‌ലിംകളുടെ ആദ്യത്തെ ഖിബ്‌ലയാണ്. മസ്ജിദുൽ ഹറമിന് ശേഷം നിർമിക്കപ്പെട്ട രണ്ടാമത്തെ പള്ളിയുമാണ്. നബി (സ) ഇസ്റാഅ് ചെയ്തു വന്നതും ഏഴാനാകാശത്തേക്ക് ആരോഹണം (മിഅ്റാജ്) നടത്തിയതും അവിടെ നിന്നാണ്. അതിനാൽ, തദ്വിഷയത്തിൽ ദീനിപരമായ ഊർജം ആവാഹിക്കാൻ മക്കളെ പ്രചോദിപ്പിക്കുന്നു. മാത്രമല്ല, കുട്ടികൾ നമസ്കാരം, ഖുർആൻ മന:പാഠമാക്കൽ, ഇബാദത്തുകൾ എന്നിവ നിലനിർത്തുന്നതിന് മത പ്രതിബദ്ധത മനസിലാക്കിക്കൊടുക്കുന്നതിൽ അവർ പ്രത്യേകം ശ്രദ്ധചെലുത്തുന്നു.

ജീവിതത്തിലെ വെല്ലുവിളികളോട് പൊരുത്തപ്പെടാനും അനിവാര്യമായ കാര്യങ്ങൾ ഇല്ലാതിരിക്കുകയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കൾ അപൂർണമാവുകയും ചെയ്യുമ്പോൾ ബദലുകളെ കുറിച്ച് ചിന്തിക്കാനുള്ള പരിശീലനം നൽകുന്നു. വ്യത്യസ്ത പരിപാടികളിലൂടെയും ആഘോഷങ്ങളിലൂടെയും ആ ഉമ്മ തന്റെ മക്കളെ ഫലസ്തീൻ-ഇസ്‌ലാമിക സ്വത്വത്തിലേക്കും സംസ്കാരത്തിലേക്കും ഇണക്കിച്ചേർക്കുന്നു. ഈമാനും ധൈര്യവും ശക്തിയും പകരുന്ന പാട്ടുകൾ അവരെ പഠിപ്പിക്കുന്നു. ലാളനകൾക്കും സുഖലോലുപതക്കുമപ്പുറം സ്നേഹവും വാത്സ്യവും അവരിൽ നിന്ന് മക്കളിലേക്ക് പരന്നോഴുകുന്നു. ചെറുപ്പത്തിൽ തന്നെ നാടിനെ സ്നേഹിക്കുകയും അതിനായി പ്രതിരോധം തീർക്കുകയും ചെയ്ത ധീരന്മാരുടെ കഥകൾ അവർ മക്കളോട് പറഞ്ഞു കൊടുക്കുന്നു. ആഹാരപാനീയങ്ങളെക്കാൾ അഖ്സയോടും ഫലസ്തീനോടുള്ള സ്നേഹത്താൽ അവരെ ഊട്ടുന്നു. അങ്ങനെ, അവരോരുത്തരും തന്റെ ചുറ്റുപാടിനെക്കുറിച്ച അവബോധം സിദ്ധിച്ചും ഈ ജീവിതത്തിൽ നിറവേറ്റേണ്ടുന്ന കടമകളെക്കുറിച്ച് ഉത്തമ ബോധ്യമുള്ളവരായും വളർന്നു വരുന്നു.

അല്ലാഹുവിനെയല്ലാതെ മറ്റാരെയും അവർ ഭയപ്പെടുകയില്ല. അവരെ സംബന്ധിച്ച് ലക്ഷ്യം വളരെ വ്യക്തമാണ്. വേദനിപ്പിക്കുന്ന ജീവിത സാഹചര്യങ്ങളോട്, അത് മരണമാണെങ്കിൽ പോലും, എങ്ങനെ സംവദിക്കണമെന്ന് ആ മക്കൾക്കറിയാം. മരണത്തെ അവർ പുതിയ ജീവിതപടിയായി മനസ്സിലാക്കുന്നു. വിവിധ സ്ക്രീനുകളിലൂടെ ഫലസ്തീനിലെ മക്കളുടെ നിലപാടുകളും പ്രവർത്തികളും ലോകം മുഴുവൻ വീക്ഷിക്കുന്നു. എന്നാൽ, അവരിലെ അചഞ്ചലമായ ധൈര്യത്തിന്റെയും നിർഭയത്വത്തിന്റെയും രഹസ്യം ഈ ലോകർക്ക് ഗ്രഹിക്കാൻ സാധിക്കുന്നില്ല. അവരുടെ ഈ വളർച്ചക്ക് നിദാനം വീടിന് നേതൃത്വം കൊടുക്കുന്ന അവരുടെ ഉമ്മയും കർമ രംഗത്ത് നിരതരാവുന്ന ഉപ്പയുമാണ്. അവർ അല്ലാഹുവിനോടുള്ള വിശ്വാസത്തിന്റെയും അനാശ്രയത്വത്തിന്റെയും ധീരതയുടെയും സ്ഥൈര്യത്തിന്റെയും അടിയുറച്ച ഈമാനിന്റെയും പാഠങ്ങൾ ലോകത്തിന് പകർന്നു നൽകുന്നു.

കുട്ടികളെ സംസ്കരിച്ചെടുക്കുന്ന ഫലസ്തീനിലെ ഉമ്മയും മറ്റിടങ്ങളിലെ ഉമ്മമാരും തമ്മിലുള്ള താരതമ്യത്തിന് ഇവിടെ സാംഗത്യമുണ്ട്. അവർ മക്കളെ ഭൃത്യയോടൊപ്പം നിർത്തി സുഹൃത്തുക്കളുമൊത്ത് കോഫീ ഷോപ്പുകളിലും പരിപാടികളിലുമായി സമയം ചെലവഴിക്കുന്നു. അത് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാൽ കുട്ടികളെ ഇലക്ട്രോണിക് ഗെയിമുകളിൽ വ്യാപൃതരാക്കുന്നു. അത് നിരന്തരം തുടർന്ന് കുട്ടികൾ അതിൽ നിമഗ്നരാവുന്നു. അങ്ങനെ ആ മക്കൾ ഒറ്റപ്പെടുകയും അധികം സംസാരിച്ച് ഇടപഴകാൻ സാധിക്കാതിരിക്കുകയും അവരുടെ ഉള്ളിൽ എല്ലാത്തിനോടും ഒരു ശത്രുതാ മനോഭാവം രൂപപ്പെടുകയും ചെയ്യുന്നു. തദ്വാരാ, താൻ കാരണം വന്നുഭവിച്ച കുട്ടികളുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ അവർ തന്നെ മറ്റുള്ളവരെ സമീപിക്കുന്നു. എന്നാൽ, ഫലസ്തീനിലെ മക്കളിലും സംസാരിക്കാനുള്ള ശേഷിക്കുറവ് ദൃശ്യമാവുന്നുണ്ടെങ്കിലും, അതിന് കാരണം രാപ്പകലുകൾ നീണ്ടു നിൽക്കുന്ന യുദ്ധങ്ങളും അവരിലേക്ക് ചെന്ന് പതിക്കുന്ന മിസൈലുകളുമാണ്.

അവിടത്തെ ഉമ്മമാർക്ക് വളരെ അധികം ഉത്തരവാദിത്വങ്ങളുണ്ടെങ്കിലും തങ്ങളുടെ മക്കളെ സംസ്കരിക്കുന്നതിൽ പരമാവധി ശ്രദ്ധ കൊടുക്കുന്നു. ഉപ്പമാർ സാധ്യമാവും വിധം അവരെ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവർ ഖുദ്സിനും ഫലസ്തീനും വേണ്ടി സകല പ്രയാസങ്ങളും നെഞ്ചേറ്റുന്നു. അല്ലാഹുവിന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വത്തിന്റെ അർത്ഥം നുകർന്നു നൽകി മക്കളെ സംസ്കരിക്കാൻ അവർക്കറിയാം. ഒരേസമയം, അല്ലാഹുവിന്റെ മാർഗത്തിലെ രക്തസാക്ഷിത്വത്തിന്റെ സർട്ടിഫിക്കറ്റ് നേടാനും വൈജ്ഞാനിക മേഖലയിലെ ഉന്നത സർട്ടിഫിക്കറ്റ് കൈവരിക്കാനും തങ്ങളുടെ മക്കളെ അവർ സജ്ജരാക്കുന്നു. ഫലസ്തീനിലെ ഉമ്മമാർ മക്കളെ പരിപാലിക്കുന്നത് തദടിസ്ഥാനത്തിലാണ്. അതാണ്; ആ മക്കളെ സവിശേഷമാക്കുന്ന രഹസ്യവും.

 

വിവ: അഫ്‍ലഹുസ്സമാൻ

Related Articles