Current Date

Search
Close this search box.
Search
Close this search box.

പുകവലി ഹറാമല്ലെന്ന് പറയാന്‍ ന്യായമെന്ത്?

smoking.jpg

ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ കണ്ടത്തിയ പുകയിലയുടെ ഉപയോഗം ജനങ്ങളില്‍ ജനങ്ങളില്‍ പ്രചുരപ്രചാരം സിദ്ധിച്ച ഘട്ടത്തില്‍ അതിന്റെ ഇസ്‌ലാമിക വിധി എന്തെന്ന്  അന്നത്തെ പണ്ഡിതന്‍മാര്‍ക്ക് കൃത്യമായ  ധാരണയില്ലായിരുന്നു.  ഇവ്വിഷയകമായി കൃത്യമായ ദൈവിക വിധിയോ കര്‍മ്മശാസ്ത്ര പരിഹാരമോ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍, പുകവലി നഷിദ്ധ(ഹറാം)മെന്ന് പറഞ്ഞവരും, അനുവദനീയ(ഹലാല്‍)മെന്ന് വാദിച്ചവരും, അനഭിലഷണീയ(കറാഹത്ത്)മാണെന്നു പറഞ്ഞവരും, ഈ വിഷയത്തില്‍ മൗനം പാലിച്ചവരുമായ പണ്ഡിതന്‍മാരുണ്ടായിരുന്നു. പ്രസിദ്ധരായ നാല് മദ്ഹബിന്റെ ഇമാമുമാരിലും ഈ രൂപത്തിലുള്ള പല അഭിപ്രായങ്ങളുണ്ടായിരുന്നതിനാല്‍ പുകവലിയുടെ കൃത്യമായ വിധി പ്രസ്താവിക്കല്‍ ഒരല്‍പം പ്രയാസമാണ്.

പുകവലി ശരീരത്തെ എവ്വിധം ബാധിക്കുമെന്നതിനെക്കുറിച്ച് പറയാന്‍ പണ്ഡിതന്‍മാരെക്കാള്‍ യോഗ്യത ഡോക്ടര്‍മാര്‍ക്കാണ്. അവര്‍ക്കാണതിന്റെ ദോഷവശങ്ങളെക്കുറിച്ച് നന്നായറിയുക. പുകവലി, ശരീരത്തെ മൊത്തത്തിലും ശ്വാസകോശങ്ങളെ പ്രത്യേകിച്ചും ബാധിക്കുമെന്നും, ശ്വാസകോശ അര്‍ബുദത്തിന് കാരണമാവുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്.  പുകവലിക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ലോകജനത മുഴുക്കെ മുറവിളി കൂട്ടുന്നതും ഈയൊരു സാഹചര്യത്തിലാണ്.

പുകവലി മനുഷ്യ ശരീരത്തിന് ഹാനികരമാണെന്ന് ഭിഷ്വഗ്വരന്മാര്‍ വിധിയെഴുതിയ സാഹചര്യത്തില്‍, പണ്ഡിതന്‍മാര്‍ ഏകോപിച്ചൊരു വിധി ഈ വിഷയത്തില്‍ പ്രഖ്യാപിക്കണം. പുകവലിയെ ഹറാമിന്റെ ഇനത്തില്‍ പെടുത്താന്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ തയാറാവണം. മനുഷ്യശരീരത്തിന് ഹാനികരമായ എല്ലാം നിഷിദ്ധമാക്കപ്പെടണം.  സാധാരണ ഗതിയില്‍ പുകവലിയുടെ ദോഷവശങ്ങള്‍ മനസിലാക്കാന്‍ ഒരു ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യമൊന്നുമില്ല. ഏതു സാധാരണക്കാരനും മനസിലാക്കാവുന്ന രീതിയില്‍ വ്യക്തമാണവ.

എന്തു കൊണ്ട് പുകവലി ഹറാമാകണം?
ചിലയാളുകളുടെ ചോദ്യമാണ്, ഖണ്ഡിതമായ തെളിവില്ലാതെ എങ്ങിനെ പുകവലി ഹറാമാകുമെന്ന്. ഓരോ ഹറാമിനും കൃത്യമായ തെളിവുകള്‍ ദൈവം അറയിച്ചിട്ടില്ല. മറിച്ച് ചില അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതിനു കീഴില്‍ വരുന്നവയായിരിക്കും ചില നിഷിദ്ധങ്ങള്‍.  ഉദാഹരണത്തിന്, മ്ലേഛമായവയും ഉപദ്രവകരമായതും ദൈവം നിഷിദ്ധമാക്കി എന്ന ഖണ്ഡിതമായ തെളിവ്, ആ ഇനത്തില്‍ വരുന്നവയെല്ലാം നിഷിദ്ധമാകാന്‍ മതിയാകുന്നതാണ്. അതുകൊണ്ടാണ് ഖണ്ഡിതമായ തെളിവില്ലാത്ത കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിഷിദ്ധമാണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചത്.

ബാഹ്യവും പ്രകടവുമായ തെളിവുകള്‍ മാത്രം മാനദണ്ഡമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഇബ്‌നു ഹസ്മിനെപ്പോലുള്ള പണ്ഡിതന്‍മാര്‍ പോലും, ഉപദ്രവമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ നിഷിദ്ധമായി കണക്കാക്കുന്നു. ‘എല്ലാ കാര്യത്തിലും നന്‍മയുണ്ടാവണമെന്ന് ദൈവം വിധിയെഴുതിയിരിക്കുന്നു’ എന്ന നബി വചനത്തിന്റെ വെളിച്ചത്തില്‍, ഉപദ്രവകരമായതൊന്നും നന്‍മയുടെ ഗണത്തില്‍ പെടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ‘സ്വന്തത്തിനും മറ്റുളളവര്‍കും ഉപദ്രവമുണ്ടാക്കരുത’് എന്ന നബി വചനവും ‘നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലരുത് ‘(നിസാഅ് : 29) എന്ന ഖുര്‍ആന്‍ വചനവും ഇതിനു തെളിവായെടുക്കാം.

സാമ്പത്തിക നഷ്ടം
തനിക്ക് ഉപകാരമില്ലാത്ത കാര്യങ്ങളില്‍ ധനം ചെലവഴിക്കല്‍ അഭിലഷണീയമല്ല. ആരോഗ്യവും സമ്പത്തും അമാനത്താകുന്നു. ആരോഗ്യം നശിപ്പിക്കുന്നതും ധനം അനാവശ്യമായി ചെലവഴിക്കുന്നതും അനുവദനീയമല്ല. ധനം അന്യായമായി ചെലവഴിക്കുന്നത് നബി (സ) നിരോധിച്ചതും അതുകൊണ്ടാണ്. ധനമുപയോഗിച്ച് നാശം വാങ്ങുകയാണ് പുകവലിക്കാരന്‍ ചെയ്യുന്നത്. ‘നിങ്ങള്‍ ധനം ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’ (അന്‍ആം:141) എന്ന ഖുര്‍ആനിക വാക്യം ശ്രദ്ധേയം. പുകവലിക്കായി ധനം ചെലവഴിക്കുന്നത് ധനം നഷ്ടപ്പെടുത്തുന്നതിന് തുല്യം തന്നെ.

ഊരിപ്പോരാന്‍ സാധിക്കാത്ത വിധം  തെറ്റുകള്‍ക്ക് അടിമപ്പെട്ടു പോകും എന്നതും പുകവലിയുടെ മറ്റൊരു ദോഷവശമാണ്. ഇത്തരം അടിമപ്പെടലിന്റെ ഫലമെന്നോണം ചില പുകവലിക്കാര്‍ സ്വന്തം കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലേക്ക് തരംതാണു പോകുന്നു. ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല ഈ ദുശ്ശീലം. അഥവാ നിര്‍ത്തിയാല്‍ തന്നെ ശക്തി ശയിക്കുകയും ചിന്താ വ്യതിയാനമുണ്ടാവുകയും മാത്രമല്ല, പലപ്പോഴും മാനസിക വിഭ്രാന്തി വരെ സംഭവിച്ചേക്കാം. ചുരുക്കത്തില്‍ പുകവലിക്കടിപ്പെട്ടാല്‍ തിരിച്ചുവരാന്‍ പ്രയാസമെന്ന് ചുരുക്കം.

എന്റെ അഭിപ്രായത്തില്‍ പുകവലി ഹറാമിന്റെ പരിധിയില്‍ വരുമെന്നാണ്. കാരണം സാമ്പത്തികവും ശാരീരികവും മാനസികവുമായ നഷ്ടങ്ങള്‍ വരുത്തി വെക്കുന്നു എന്നതു തന്നെ. മനുഷ്യാരോഗ്യത്തെ ഹനിക്കുന്നതെല്ലാം അടിസ്ഥാനപരമായി ഹറാം തന്നെയാണ്. സ്വന്തത്തെ നശിപ്പിക്കരുതെന്നും ധൂര്‍ത്തന്‍മാരാകരുതെന്നും ഖുര്‍ആന്‍ നിരന്തരം ഉല്‍ബോധിപ്പിക്കുന്നത് കാണാം. (ബഖറ : 195, നിസാഅ് : 29, അന്‍ആം : 141, ഇസ്‌റാഅ് : 26-27) എന്നീ സൂക്തങ്ങള്‍ കാണുക.

വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പൗരുഷത്തിന്റെ അടയാളമാണ് പുകവലി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന യുവാക്കളോട് ഈ ദുരന്തത്തില്‍ വീണുപോകരുതെന്നേ എനിക്ക് പറാനുള്ളൂ. ആത്മീയമായോ ഭൗതികമായോ യാതൊരു നേട്ടവും നല്‍കാത്ത, എന്നാല്‍ കോട്ടം മാത്രം നല്‍കുന്ന ഈ വിപത്ത് നമുക്ക് വേണ്ട. പതിയെ പതിയെ അര്‍ബുദമെന്ന മഹാമാരിയിലേക്കും പ്രയാസപൂര്‍ണ്ണമായ നരകയാതനയിലേക്കും മാത്രമേ പുകവലി നമ്മെ നയികുകയുള്ളൂ.

വിവ: ഇസ്മാഈല്‍ അഫാഫ്

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles