Family

മക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ദാമ്പത്യ സംഘര്‍ഷങ്ങള്‍

ഉമ്മയോടുള്ള ഉപ്പയുടെ പരുക്കന്‍ പെരുമാറ്റത്തിനും മര്‍ദനത്തിനും ശകാരത്തിനുമെല്ലാം കുട്ടിക്കാലത്ത് സാക്ഷിയാവേണ്ടി വന്നതിനെ തുടര്‍ന്ന് വിവാഹത്തിന് വിസമ്മതിക്കുന്ന ഒരു യുവതിയുടെ കേസ് എന്റെ മുമ്പില്‍ വന്നിട്ടുണ്ട്. അപ്രകാരം വിവാഹ ജീവിതത്തെ കുറിച്ച് മനസ്സില്‍ ഇരുണ്ട ചിത്രം കൊണ്ടു നടക്കുന്നതിനാല്‍ വിവാഹത്തിന് സമ്മതിക്കാത്ത നാല്‍പത് വയസ്സുള്ള യുവാവിനെയും എനിക്കറിയാം. കുട്ടിക്കാലത്ത് മാതാപിതാക്കളുടെ ജീവിതത്തില്‍ താന്‍ കണ്ട ദുഷിച്ച തര്‍ക്കങ്ങളായിരുന്നു അതിന്റെയും കാരണം. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ എനിക്കറിയാം. ദമ്പതികള്‍ക്കിടയിലെ വിയോജിപ്പുകളെ തെറ്റായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു അവക്ക് പിന്നിലെ കാരണം.

മക്കളില്‍ വലിയ അളവില്‍ ഭയവും ഉത്കണ്ഠയും അസ്വസ്ഥതയുമുണ്ടാക്കുന്ന സന്ദര്‍ഭമാണ് അവര്‍ക്ക് മുന്നിലെ മാതാപിതാക്കള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍. വിശിഷ്യാ അത്തരം സംഘര്‍ഷങ്ങളില്‍ ശബ്ദം ഉയരുകയും അഭിമാനത്തിനും അന്തസ്സിനും നേര്‍ക്കുള്ള ആരോപണങ്ങളും കടുത്ത പദപ്രയോഗങ്ങളും നടത്തുകയോ ചീത്തവിളിക്കുയോ ചെയ്യുമ്പോള്‍. അല്ലെങ്കില്‍ അടി, മുടിപിടിച്ച് വലിക്കല്‍, തൊഴിക്കല്‍ പോലുള്ള ശാരീരിക മര്‍ദനങ്ങള്‍ ഉണ്ടാകുമ്പോള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മക്കളുടെ മുമ്പില്‍ വെച്ച് പലതവണ ഉണ്ടാകുമ്പോള്‍ സന്താനപരിപാലനത്തിന്റെ വളരെ മോശമായ ഫലമാണത് നല്‍കുക.

Also read: 1857ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭം: ഹിന്ദു-മുസ് ലിം ഐക്യത്തിൻെറ ഉദാത്ത മാതൃക

ദാമ്പത്യത്തിലെ വിയോജിപ്പുകള്‍ സാധാരണമാണ്. അതില്ലാത്ത ഒരു കുടുംബവും ഉണ്ടാവില്ല. എന്നാല്‍ അത്തരം വിയോജിപ്പുകള്‍ സന്താനപരിപാലനത്തെയും മക്കളുടെ മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കാതിരിക്കുന്നതിന് ചില വ്യവസ്ഥകള്‍ നാം നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ കൈവരിക്കാവുന്നതാണത്. മക്കളുടെ മുമ്പില്‍ വെച്ച് തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കല്‍ അതിലൊന്നാണ്. അതുപോലെ മറ്റൊന്നാണ് തര്‍ക്കം എല്ലായ്‌പ്പോഴും ഒരേ വിഷയത്തില്‍ തന്നെയാവാതിരിക്കല്‍. വിയോജിപ്പുകളുണ്ടായാല്‍ മറ്റേയാളുടെ കാഴ്ച്ചപ്പാടുകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം സംവദിക്കേണ്ടത്. സംസാരിക്കുന്നതിന്റെയും കേള്‍വിയുടെയും മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കണം. സംസാരിക്കുന്ന വ്യക്തിക്ക് അതിന് അവസരം നല്‍കാതെയുള്ള ബഹിഷ്‌കരണം, ക്ഷോഭം, മുന്‍വിധി തുടങ്ങിയ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍ അതിന്നുദാഹരണമാണ്. അപ്രകാരം ശകാരവും അടിയും നിന്ദിക്കലും ഉപേക്ഷിക്കേണ്ടവയാണ്. ആരോഗ്യകരമായ വിയോജിപ്പിന്റെ മര്യാദങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടാണ് സംസാരമെങ്കില്‍ അത് മക്കളുടെ മുമ്പില്‍ വെച്ചായിരിക്കണമെന്നാണ് ഞാന്‍ ഉപദേശിക്കുക. കാരണം ഭാവിയില്‍ വിയോജിപ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാന്‍ അവര്‍ക്കത് സഹായകമാകും. മാത്രമല്ല, ദാമ്പത്യ ജീവിതമെന്നത് എല്ലായ്‌പ്പോഴും പാലും പഞ്ചസാരയും പോലെയല്ല. മറിച്ച് ജീവിതം മാറിമറിയുന്നതാണ്.

തര്‍ക്കം രൂക്ഷമാണെങ്കില്‍ മക്കളുടെ സാന്നിദ്ധ്യം അവിടെയുണ്ടാകരുതെന്നാണ് ഞാന്‍ ഉപദേശിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ അവ ചര്‍ച്ച ചെയ്യുന്നതിന് ദമ്പതികള്‍ വീടിന് പുറത്ത് പോകാനോ അല്ലെങ്കില്‍ മക്കള്‍ ഉറങ്ങിയ ശേഷം അതിന് കുറിച്ച് സംസാരിക്കാനോ ധാരണയാവണം. മക്കളുടെ മുമ്പില്‍ വെച്ച് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഒരു കാരണവശാലും വിവാഹമോചനത്തെ കുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും സംസാരത്തില്‍ കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് മക്കള്‍ക്ക് ദാമ്പത്യത്തെ കുറിച്ച് തെറ്റായ ചിത്രം നല്‍കുകയും കുട്ടികളുടെ നിര്‍ഭയത്വവും കുടുംബത്തോടുള്ള അടുപ്പവും നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ഓര്‍ക്കുക.

ദമ്പതികളിലാരെങ്കിലും ഒരാള്‍ ആരോഗ്യകരമായ വിയോജിപ്പിന്റെ അടിസ്ഥാനങ്ങള്‍ പാലിക്കാതിരിക്കുകയോ, അമിതമായി ദേഷ്യപ്പെടുകയോ ആത്മനിയന്ത്രണം പാലിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. അവരെപ്പോഴും സംഘര്‍ഷഭരിതരും ശബ്ദമുയര്‍ത്തി സംസാരിക്കുന്നവരും പ്രശ്‌നങ്ങളുണ്ടാക്കുന്നവരുമാകും. ഈ പ്രശ്‌നത്തിനുള്ള പരിഹാരം അദ്ദേഹത്തെ ശാന്തനാക്കാനും ദേഷ്യത്തിലുള്ള അദ്ദേഹത്തെ ഉള്‍ക്കൊള്ളാനും മറുകക്ഷി പഠിക്കലാണ്. ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുന്ന ഒരാളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നത് നിഷ്ഫലമാണ്. അവിടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ പ്രധാനം അയാളെ ശാന്തനാക്കുന്നതിനാണ്. കാരണം അമിതമായ ദേഷ്യവും കോപവുമാണ് അവിടത്തെ അടിസ്ഥാന പ്രശ്‌നം. അത് പരിഹരിക്കാതെ അതില്‍ നിന്നുടലെടുക്കുന്ന പ്രശ്‌നത്തെ പരിഹരിക്കാനാവില്ല.

Also read: പ്രതീക്ഷയുടെ പ്രകാശഗോപുരമാണ് ഹമാസ്

ദമ്പതികള്‍ക്കിടയിലെ വിയോജിപ്പ് കുട്ടികളെ നിരവധി മൂല്യങ്ങളും സല്‍ഗുണങ്ങളും പഠിപ്പിക്കുന്നുണ്ട്. അതില്‍ പെട്ടതാണ് മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറുകയെന്നത്. അപ്രകാരം സംവാദത്തിന്റെയും കേള്‍വിയുടെയും മര്യാദകള്‍ അവര്‍ പഠിക്കുന്നു. മറ്റുള്ളവരുമായി വിയോജിപ്പുകളുണ്ടാവുമ്പോള്‍ ഇരുപക്ഷത്തിനും തൃപ്തികരമായ രീതിയില്‍ അതെങ്ങിനെ പരിഹരിക്കാമെന്ന് അതിലൂടെയവര്‍ പഠിക്കുന്നു. വിയോജിപ്പുകള്‍ മനുഷ്യര്‍ക്കിടയില്‍ സ്വാഭാവികമാണെന്നും ചിന്തയിലും സംസ്‌കാരത്തിലുമെല്ലാം ആളുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണെന്നും അവര്‍ പഠിക്കുന്നു. വിയോജിപ്പുകളുണ്ടാകുമ്പോഴും മറ്റുള്ളവരെ ആദരിക്കാനും മാനിക്കാനും അവര്‍ പഠിക്കുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിലും ബന്ധം നല്ല നിലയില്‍ നിലനിര്‍ത്താന്‍ അവര്‍ പഠിക്കുന്നു. എല്ലാ വിയോജിപ്പുകളും ചീത്തയല്ല; ക്രിയാത്മകവും നല്ലതുമായ വിയോജിപ്പുകളുമുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള വിയോജിപ്പുകള്‍ക്കിടയില്‍ വീടെന്ന സ്‌കൂളില്‍ നിന്നാണ് കുട്ടികളത് പഠിക്കുന്നത.്

മേല്‍ വിവരിച്ച രീതിയില്‍ ആരോഗ്യകരമായി വിയോജിപ്പുകളെ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ ഏറ്റവും പ്രധാന ഫലം മക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നു എന്നതാണ്. ശാരീരികവും മാനസികവുമായ രോഗങ്ങളില്‍ നിന്നവരെയത് സംരക്ഷിക്കുന്നു. മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനെട്ടുകാരനായ ഒരു ചെറുപ്പക്കാരനെ എനിക്കറിയാം. ആളുകളോടുള്ള ഭയവും കടുത്ത മാനസിക സംഘര്‍ഷവുമായിരുന്നു അയാളുടെ പ്രശ്‌നം. പിന്നീടത് ഭാവിയെയും വിവാഹത്തെയും എല്ലാറ്റിനെയും ഭയക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ് ചെയ്തത്. മാതാപിതാക്കള്‍ക്കിടയിലെ കടുത്ത സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു അതിന്റെ കാരണം.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close