Your Voice

1857ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭം: ഹിന്ദു-മുസ് ലിം ഐക്യത്തിൻെറ ഉദാത്ത മാതൃക

ചരിത്രത്തിൽ നിരവധി പോരാട്ടങ്ങൾക്ക് നേർസാക്ഷിയായ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഡൽഹി. വൈദേശിക ശക്തികൾ എന്നും തങ്ങളുടെ ഭരണ കേന്ദ്രമാക്കാൻ മത്സരിച്ച പ്രദേശം.  1857ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ഹിന്ദുക്കളും മുസ്ലിംങ്ങളും തോളോട് തോള് ചേർന്ന് ബ്രിട്ടീഷ് പട്ടാളത്തെ എതിർത്ത് നിന്ന ഡൽഹി നഗരം. കലാപം ബ്രിട്ടിഷ്കാർ അടിച്ചമർത്തിയെങ്കിലും കറകളഞ്ഞ, ഊഷ്മള ഐക്യത്തിന്റെ വലിയ പാഠങ്ങൾങ്ങൾക്ക്  തലസ്ഥാനം സാക്ഷിയായി.

ഭിന്നിപ്പിച്ച് ഭരിക്കുക (divide and rule) എന്ന തന്ത്രത്തിലൂടെ പ്രക്ഷോഭകാരികളെ ബ്രിട്ടീഷ് പട്ടാളത്തിന് അടിച്ചൊതുക്കാൻ സാധിച്ചുവെന്നത് വസ്തുതയാണ്. അതിനായി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ഗോവധത്തെ ഉയർത്തി കാട്ടി കലാപം സൃഷ്ടിക്കാൻ ബ്രിട്ടീഷ്കാർ ശ്രമം നടത്തി അതിലവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കലാപം അടിച്ചമർത്തപ്പെട്ടുവെങ്കിലും ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാൻ ആവശ്യപ്പെട്ട് അവസാന മുഗൾ സുൽത്താൻ ബഹദൂർ ഷാ സഫർ രണ്ടാമൻ പലപ്പോഴായി ജനങ്ങളിലേക്കിറങ്ങി. നിങ്ങൾ പരസ്പരമല്ല കലഹിക്കേണ്ടതെന്നും നിങ്ങളുടെ പൊതു ശത്രു ബ്രിട്ടീഷ്കാരാണെന്നും അടിക്കടി അദ്ദേഹം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ബ്രിട്ടിഷ് പട്ടാളത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ ആവരുതെന്ന് ഹിന്ദുക്കളിലെ നേതാക്കളായ പണ്ഡിറ്റുക്കളോടും മുസ്ലിം സമദായത്തിലെ ഉലമാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പരം പ്രകോപനങ്ങളുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽ പോലും ഇരു വിഭാഗങ്ങളെയും അദ്ദേഹം വിലക്കി.
‘ഐക്യത്തിന്റെ മുഖ മുദ്ര’യെന്ന് ചരിത്രം ബഹദൂർ ഷാ സഫർ രണ്ടാമനെ വിശേഷിപ്പിച്ചതും അതുകൊണ്ട് തന്നെയാണ്.

1857ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് നിന്ന് പോരാടി. എന്നാൽ പിന്നീടുള്ള ചരിത്ര രേഖകളിൽ നിന്ന് മുസ്ലിംകളുടെ സംഭാവനകൾ ചരിത്രം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു. എന്നാൽ വസ്തുതകളെ മറച്ചുവെക്കാൻ ചരിത്രത്തിന് കഴിയില്ലല്ലോ. അന്ന് ഡൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് മുസ്ലിംകളായിരുന്നു. അന്നത്തെ ഉറുദു പത്രങ്ങളിലും ‘രിസാലെ ഫതഹെ ഇസ്ലാം’ പോലുള്ള ലഘുലേഖകളിലും ബ്രിട്ടീഷ് പട്ടാളത്തെ ഇന്ത്യാ രാജ്യത്ത് നിന്ന് കെട്ടുകെട്ടിക്കാനുള്ള ആഹ്വാനവുമായി ദിനേനെ പുറത്തിറങ്ങാൻ തുടങ്ങി. തങ്ങൾക്കെതിരെ എല്ലാ അർത്ഥത്തിലും പോരാടാൻ ഇറങ്ങിയ മുസ്‌ലിം സമുദായത്തെ അത് കൊണ്ടാണ് കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് പട്ടാളം അന്ന് ഡൽഹിയിലുണ്ടായിരുന്ന മുഴുവൻ മുസ്ലിംകളെയും ഡൽഹിയിൽ നിന്ന് പുറത്താക്കിയത്. (Birds and Animals can enter to Delhi but not Muslims) ‘പക്ഷികൾക്കും മ്രഗങ്ങൾക്കും വരെ ഡൽഹിയിൽ പ്രവേശിക്കാം എന്നാൽ മുസ്ലിംകൾക്ക് കഴിയില്ല’ എന്ന ചരിത്ര വാചകം മാത്രം മതിയാവും 1857ലെ ഡൽഹിയിലെ ഒന്നാം സ്വാതന്ത്ര പ്രക്ഷോഭത്തിൽ ബ്രിട്ടീഷ്കാർക്കെതിരെ മുസ്ലിംകളുടെ ചരിത്രപരമായ പങ്ക് മനസ്സിലാക്കാൻ. പ്രക്ഷോപത്തിന് ശേഷം ഡൽഹിയിലെ മുസ്ലിംകളെ തിരഞ്ഞ് പിടിച്ച് തൂക്കിക്കൊന്നു, അവരുടെ സ്വത്ത് പിടിച്ചെടുത്തു, അവരുടെ പാർപ്പിട കേന്ദ്രങ്ങൾ പിടിച്ചെടുത്ത് ഹിന്ദുക്കൾക്ക് നൽകി, മുസ്ലിംകൾക്ക് മുമ്പിൽ സർക്കാറുദ്യോഗങ്ങളുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടു. ബഹദൂർ ഷാ സഫറിനെയും പ്രക്ഷോപം നയിച്ച അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും ബന്ധികളാക്കി. ആൺമക്കളെ കൊന്ന് കളഞ്ഞ ബ്രിട്ടീഷ് പട്ടാളം ബഹദൂർ ഷായെ റംഗൂണിലേക്ക് നാടു കടത്തി. അതോടെ ബ്രിട്ടീഷ്കാരുടെ പൂർണ്ണ നിയന്ത്രണത്തിന് കീഴിലായി ഡൽഹി.

Also read: ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കലാപം മൂന്ന് ദിവസം നീണ്ടുനില്‍ക്കില്ല

ഇന്ന് ഡൽഹിയിൽ സംഘ പരിവാർ ശക്തികൾ നടത്തി കൊണ്ടിരിക്കുന്നതും ബ്രിട്ടീഷ് പട്ടാളം അന്ന് മുസ്ലിംകളോട് ചെയ്തതും ഒരു സമുദായത്തിന്റെ ഉന്മൂലനം ലക്ഷ്യം വെച്ച പ്രവർത്തനങ്ങൾ തന്നെയാണ്. ഇവിടെ ഒരു രാജ്യത്തിനകത്ത് തന്നെ നിരവധിയായ പാലായനങ്ങൾ, പള്ളികൾ കത്തിക്കുന്നു, മീഡിയകളിലൂടെ വർഗീയത പടർത്തുന്ന ബി.ജ.പി നേതാക്കൾ ഒരു ഭാഗത്ത് കലാപത്തിന് ഇന്ധനമാകുന്ന വാർത്തകൾ പടച്ചു വിടുന്നു. ഇത്രയും സംഭവിച്ചിട്ട് പോലും ഈ രാജ്യത്ത് ഒരു അമ്പലവും തകർക്കപ്പെട്ടില്ല, ഒരു ഹിന്ദു സഹോദരനും മുസ്ലിംകളാൽ കൊല്ലപ്പെട്ടില്ല.

യഥാർത്ഥത്തിൽ ഡൽഹി ഒരു പ്രതീകമാണ് ഒപ്പം പ്രതീക്ഷയും. അസഹിഷ്ണതക്ക് മേൽ സഹിഷ്ണത വിജയം വരിച്ച ചരിത്രങ്ങൾ ലോകത്തിന് തുറന്ന് കാട്ടിയ നഗരമാണ് ഡൽഹി. പ്രകോപനങ്ങളെ പൂച്ചെണ്ട് കൊണ്ട് ഈ രാജ്യം നേരിടും അതിന് കരുത്ത് പകരാൻ ശഹീൻ ബാഗുകളും ആസാദി സ്ക്വയറുകളും ഇനിയും ഈ രാജ്യത്ത് ഉയരും.

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker