സ്ത്രീകള്‍ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ഉത്തരവാദിത്വത്തെ കുറിച്ച ധാരാളം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവള്‍ക്ക് ലഭിക്കുന്ന ശമ്പളം ദാനം ചെയ്യുന്നതിനെയും കുടുംബത്തിന്റെ ചെലവ് നടത്തുന്നതിനെയും സംബന്ധിച്ചാണ് അവയിലേറെയും. ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പണ്ഡിത വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിഷയത്തെ കൈകാര്യം ചെയ്യാനാണിവിടെ ഉദ്ദേശിക്കുന്നത്. സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്യുന്നതിന്റെ വിധി എന്താണ്? ഇതിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം അവള്‍ സമൂഹത്തിന്റെ പാതിയാണെന്നും അതുകൊണ്ടുതന്നെ സാമ്പത്തിക വളര്‍ച്ചയിലും അവര്‍ പങ്കാളിയാവാണമെന്നുമാണ്. എന്നാല്‍ യാതൊരുവിധ ഇസ്‌ലാമിക നിയമങ്ങളും പാലിക്കാതെ സ്ത്രീ ജോലി ചെയ്യുന്നിടത്ത് സമൂഹത്തിന്റെ സമഗ്രപുരോഗതി യാഥാര്‍ഥ്യമാവുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. പ്രസ്തുത ചോദ്യമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പഠനത്തിന് പ്രേരകമാവുന്നത്.
ഒരു ഇസ്‌ലാമിക സാമ്പത്തിക വിദഗ്ദന്‍ അതിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വന്‍ തോതിലുള്ള ഉല്‍പാദനത്തെയും സേവനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നിലവിലുള്ള വ്യവസ്ഥയില്‍ വളര്‍ച്ച കണക്കാക്കുന്നത്. മാനുഷികവും സദാചാരപരവും ആത്മീയവുമായ മൂല്യങ്ങള്‍ക്കതില്‍ ഒരു പ്രസക്തിയും കല്‍പിക്കുന്നില്ല. അതു കൊണ്ടു തന്നെ സമഗ്രമായ ഒരു വളര്‍ച്ചയായിട്ടതിനെ കാണാനാവില്ല. തികച്ചും ഭൗതികമായ വീക്ഷണമാണത്. കുടുബ നിര്‍മാണത്തിന്റെയും കുടുംബബന്ധങ്ങളുടെ പരിപാലനത്തിലെയും ദൗത്യം സ്ത്രീക്ക് നഷ്ടപ്പെടുകയാണെങ്കില്‍ അത് ലാഭകരമല്ല. അതിന്റെ ഫലമാണ് സന്താനങ്ങള്‍ വഴിപിഴക്കുന്നതും വിവാഹ മോചനങ്ങളുടെ തോത് ഉയരുന്നതും. യുവത വഴിതെറ്റി മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിപ്പെടുന്നതും മ്ലേഛവൃത്തികളിലേര്‍പ്പെടുന്നതുമെല്ലാം അതിന്റെ ഫലം തന്നെയാണ്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന അവര്‍ മാതാപിതാക്കളെ പോലും മാനിക്കാത്തവരുമാണ്. യാതൊരു നിബന്ധനയും പാലിക്കാതെ സ്ത്രീ പുറത്തുപോയി ജോലിക്കു പോകുന്നതിന്റെ സാമൂഹ്യവിപത്തുകള്‍ പരിഹരിക്കാനായി കോടിക്കണക്കിന് ഡോളറുകളാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ലൈംഗിക കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ന്നതും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണി കൊഴുത്തതും. തത്ഫലമായി സാമൂഹികവും സാമ്പത്തികവുമായ നഷ്ടമാണ് സംഭവിക്കുന്നത്. സ്ത്രീകള്‍ പുറത്തുപോയി സമ്പാദിക്കുന്നതിനേക്കാള്‍ വലിയ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്.
സ്ത്രീ ജോലിക്കുപോകുന്നതിനെ ഇസ്‌ലാം വിലക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ചില നിബന്ധനകള്‍ പാലിക്കണമെന്നാവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. അവ ചുവടെ ചേര്‍ക്കുന്നു.
1. അവള്‍ ജോലിചെയ്യേണ്ടത് സമൂഹത്തിന്റെയും അവളുടെയും ആവശ്യമാവുക.
2. ഭര്‍ത്താവിന്റെ അനുവാദത്തോടെ സ്ത്രീക്ക് അനുയോജ്യമായ ഇടങ്ങളിലായിരിക്കണം ജോലി.
3. തൊഴില്‍പരവും ഗാര്‍ഹികവുമായ ആവശ്യങ്ങള്‍ക്കിടയില്‍ സന്തുലനം സാധ്യമാവുക.
4. അന്യപുരുഷന്‍മാരോടൊത്ത് തനിച്ചാവുന്ന അവസ്ഥ ഇല്ലാതാക്കുക.
5. സ്ത്രീകളുടെ ശാരീരിക പ്രകൃതിക്കിണങ്ങാത്ത ഭാരിച്ച ജോലികള്‍ ഒഴിവാക്കുക.
ഭൗതികമായ ആവശ്യപൂര്‍ത്തീകരണത്തിനു പകരം മനുഷ്യവിഭവത്തിന്റെയും ഭൗതിക വിഭവങ്ങളുടെയും മാതൃകാപരമായ ഉപയോഗപ്പെടുത്തലാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചകൊണ്ടര്‍ഥമാക്കുന്നത്. അത്തരം വ്യവസ്ഥയില്‍ സ്ത്രീക്ക് അവളുടെ പങ്കാളിത്തം താഴെ പറയും വിധം നിര്‍വഹിക്കാവുന്നതാണ്.
1. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം വീട്ടിലിരുന്നു തന്നെ ദേശീയ വരുമാനത്തന്റെ വര്‍ധനവില്‍ പങ്കുവഹിക്കാന്‍ സഹായകമായ നിര്‍മ്മാണാത്മകമായ ജോലികളില്‍ ഏര്‍പ്പെടുക.
2. സ്ത്രീ മക്കളുടെ ധാര്‍മികവും ആത്മീയവുമായ ശിക്ഷണവും ഭര്‍ത്താവിന് വേണ്ട ശ്രദ്ധയും നല്‍കണം. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം കുടുംബത്തിന്റെ നിര്‍മ്മാണവും പരിരക്ഷയുമാണ്. നിര്‍ഭയമായ വീടുകളാണ് സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാനം.
3. തലമുറയെ സാമൂഹ്യ ദൂഷ്യങ്ങളില്‍ നിന്നും തല്‍ഫലമായി നാടിനും കുടുംബത്തിനുമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്നും സംരക്ഷിക്കുക. ഒരു സ്ത്രീ തന്റെ വീടുമായി ബന്ധപ്പെട്ട ഉത്തരാവാദിത്തം നിര്‍വഹിക്കുന്നതിലൂടെയത് സാധ്യമാകും.
4. പുരുഷന്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മേഖലകളില്‍ ഇസ്‌ലാമിക നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് ജോലി ചെയ്യാവുന്നതാണ്. സ്തീകള്‍ക്കുള്ള നേഴ്‌സ്, സംഘാടക, അധ്യാപിക, ഡോക്ടര്‍ എന്നിവ അതിനുദാഹരണങ്ങളാണ്.
അമേരിക്കക്കും യൂറോപ്പിനും കൈവരിക്കാനാവാത്ത സാമൂഹ്യ പുരോഗതി ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ കൈവരിച്ചിരിന്നു. സകാത്ത് വാങ്ങാന്‍ ഒരു ദരിദ്രന്‍ പോലും അവശേഷിക്കാത്ത വിധം പുരോഗതിയിലെത്തിയിരുന്നു. ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രയോഗവല്‍ക്കരിച്ച കാലത്തായിരുന്നു ഇതെല്ലാം എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ യുവാക്കളുടെ ശിക്ഷണം ഏറ്റെടുത്തപ്പോള്‍ ആ യുവതയിലൂടെ നാടുകള്‍ കീഴടക്കാനും മുസ്‌ലിംകളുടെ പ്രതാപം ഉയര്‍ത്താനും സാധിക്കുകയുണ്ടായി.
ഇസ്‌ലാമിക കര്‍മ്മശാസ്ത്രപ്രകാരം കുടുംബത്തിന്റെ സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടത് പുരുഷനാണ്. അവന്റെ കഴിവനുസരിച്ച് കുടുംബത്തിന്റെ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ ചെലവുകളും വഹിക്കണം. ഖുര്‍ആനത് വ്യക്തമാക്കുന്നു: ‘പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്.’ (അന്നിസാഅ്: 34)
പുരുഷന് തന്റെ ഇണയുടെ സാമ്പത്തിക സഹായം ആവശ്യമായി വരുന്ന പ്രയാസ ഘട്ടങ്ങളുണ്ടാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ സന്‍മനസോടെ ഭാര്യക്ക് ഭര്‍ത്താവിനെ സഹായിക്കാവുന്നതാണ്. ദാമ്പത്യബന്ധം ദൃഢപ്പെടുത്തുന്നതിനും പരസ്പരം സ്‌നേഹവും കാരുണ്യവും വളര്‍ത്തുന്നതിന്റെ ഭാഗമായതിനാല്‍ ഇണക്ക് കഴിവുണ്ടെങ്കില്‍ സഹായിക്കല്‍ നിര്‍ബന്ധവുമാണ്. അല്ലാഹു പറയുന്നു: ‘രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ കടപ്പെട്ടവരാണ്'(അല്‍ അന്‍ഫാല്‍:75)
ഭാര്യയും സന്താനങ്ങളുമാണ് ഏറ്റവും അടുത്ത ബന്ധുക്കളെന്നതില്‍ ആര്‍ക്കും സംശയമില്ല. ഭര്‍ത്താവ് പ്രയാസപ്പെടുമ്പോള്‍ അതുമനസിലാക്കി കഴിവുള്ള ഭാര്യമാര്‍ ഉദാരത കാണിക്കല്‍ നിര്‍ബന്ധമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പലപ്പോഴും ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ സമ്പത്തില്‍ നിന്നും അവരുടെ അനുവാദമില്ലാതെ ദാനദര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. പണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുള്ള വിഷയമാണിത്. അനുവാദമില്ലാതെ തന്നെ ഭര്‍ത്താവിന്റെ ധനത്തില്‍ നിന്നും ദാനം ചെയ്യാമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അദ്ദേഹത്തിന്റെ സാമ്പത്തിക നിലയില്‍ മാറ്റം വരുത്താത്ത തരത്തിലുളള ചെറിയ സംഖ്യയായിരിക്കണമെന്ന നിബന്ധനയോടു കൂടിയാണത്. എന്നാല്‍ വന്‍ തോതിലുള്ള അളവിലായിരിക്കുമ്പോള്‍ അനുവാദം വാങ്ങല്‍ നിര്‍ബന്ധമാണ്. സംഖ്യ ചെറുതാണെങ്കിലും വലുതാണെങ്കിലും അനുവാദം വേണമെന്നതാണ് ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം.
നബി(സ) ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്ത്രീകളോട് പ്രത്യേകമായി തന്നെ പറയുന്നുണ്ട്. മുസ്‌ലിം ഉദ്ദരിച്ച ഒരു ഹദീസില്‍ പറയുന്നു:’സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും ദാനം ചെയ്യുക’. അവര്‍ ആഭരണങ്ങള്‍ ദാനം ചെയ്തിരുന്നു എന്നു പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ സ്ത്രീക്ക് അവളുടെ ധനം ദാനം ചെയ്യുന്നതിന് ഭര്‍ത്താവിന്റെ അനുവാദം വേണോ എന്ന വിഷയത്തിലും വ്യത്യസ്തമായ അഭിപ്രായമുണ്ട്. സ്ത്രീക്ക് അവളുടെ ധനം വ്യയം ചെയ്യാന്‍ ഭര്‍ത്താവിന്റെ അനുവാദം ആവശ്യമില്ല എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ പൊതുവെ ദാനധര്‍മ്മത്തിന് പാലിക്കേണ്ട മിതത്വം പാലിച്ചുകൊണ്ടായിരിക്കണമത് എന്ന നിര്‍ദേശം ഇതിനും ബാധകമാണ്.
അപരിഷ്‌കൃത കാലത്ത് ഭൂമിയും കാലികളും പോലെ അനന്തരമായെടുത്തിരുന്ന ഒരു വസ്തുവായിരുന്നു സ്ത്രീ. വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു വില്‍പ്പനച്ചരക്കായിരുന്നു അവള്‍. മഹര്‍ പോലും സ്ത്രീക്ക് സ്വന്തമായിരുന്നില്ല അക്കാലത്ത് അവളുടെ പിതാവിന്റെയോ സഹോദരന്റെയോ അവകാശമായിരുന്നു അത്. അവള്‍ക്ക് സാമ്പത്തികമായ ഒരു അവകാശവും വകവെച്ചു നല്‍കാത്ത വ്യവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഉമര്‍(റ) അതിനെ കുറിച്ച് പറയുന്നു: ജാഹിലിയ്യ കാലത്ത് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. പിന്നീട് ഭാര്യമാരുടെയും പെണ്‍മക്കളുടെയും മാതാക്കളുടെയും സഹോദരിമാരുടെയും കാര്യത്തില്‍ അല്ലാഹു അവതരിപ്പിച്ചപ്പോഴാണ് ഞങ്ങളത് വകവെച്ചു നല്‍കാന്‍ തുടങ്ങിയത്. ഇസ്‌ലാം സ്ത്രീക്ക് അനന്തരാവകാശവും അവള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ സാധുതയും അംഗീകരിച്ചു. കരാര്‍, സാക്ഷ്യം, പാട്ടം, വസിയത്ത്, ദാനം തുടങ്ങിയ എല്ലാതരം ഇടപാടുകളും പുരുഷനെന്നപോലെ സ്ത്രീക്കും അനുവദനീയമാക്കി.
സ്ത്രീകളുടെ അനന്തരാവകാശം ഉറപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.’ (അന്നിസാഅ്: 7) സഅദ് ബിന്‍ റബീഇന്റെ ഭാര്യ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന് പരാതിപ്പെട്ടു: ‘അല്ലാഹുവിന്റെ ദൂതരെ, സഅദ് ബിന്‍ റബീഇന്റെ രണ്ടു പെണ്‍മക്കളാണിവര്‍. അവരുടെ ഉപ്പ അങ്ങയോടൊപ്പം ഉഹ്ദില്‍ പങ്കെടുത്ത് രക്തസാക്ഷിയായിരിക്കുന്നു. അവര്‍ക്കായി ഒന്നും ശേഷിപ്പിക്കാതെ അവരുടെ പിതൃവ്യന്‍ അദ്ദേഹത്തന്റെ സ്വത്തെല്ലാം ഉടമപ്പെടുത്തിയിരിക്കുകയാണ്. സമ്പത്തൊന്നുമില്ലാതെ ഇവര്‍ വിവാഹം ചെയ്യപ്പെടുകയില്ലല്ലോ’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘അല്ലാഹു അതില്‍ തീരുമാനം കല്‍പ്പിക്കും’ തുടര്‍ന്ന് അനന്തരാവകാശത്തിന്റെ ആയത്ത് അവതരിച്ചു :’നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്’ (അന്നിസാഅ്: 11) ശേഷം സഅദിന്റെ രണ്ടു പെണ്‍മക്കള്‍ക്കും സ്വത്തിന്റെ മൂന്നില്‍ രണ്ടും, അവരുടെ മാതാവിന്(സഅദ്(റ)ന്റെ ഭാര്യ) എട്ടില്‍ ഒന്നും, ശേഷിക്കുന്നത് പിതൃവ്യനുമായി ഓഹരിവെക്കാനും നബി(സ) കല്‍പ്പിച്ചു. ഇസ്‌ലാമിലെ ഒന്നാമത്തെ അനന്തരമെടുക്കലായിരുന്നു ഇത്. പുരുഷന് എന്തുകൊണ്ട് സ്ത്രീയുടെ ഇരട്ടി നിശ്ചയിച്ചു എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തികമായ എല്ലാ ഉത്തരവാദിത്തവും പുരുഷനാണ് എന്ന് ഖുര്‍ആന്‍ വ്യക്തമായി വിവരിക്കുന്നു: ‘പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്.’ (അന്നിസാഅ്: 34)
കച്ചവടം, ദാനം ,സകാത്ത് പോലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അവകാശം സ്ത്രീക്കും ഇസ്‌ലാം നല്‍കുകയുണ്ടായി. ഇസ്‌ലാമിക ശരീഅത്തിലെ വിധികള്‍ പാലിച്ചു കൊണ്ടായിരിക്കണം അതെല്ലാം നിര്‍വഹിക്കേണ്ടത്. അത്തരം ഇടപാടുകള്‍ക്കായി അവള്‍ പുറത്തുപോവുന്നത് ഭര്‍ത്താവിന്റെ സമ്മതത്തോടെയായിരിക്കുകയും വേണം. സ്ത്രീക്ക് അവളുടെ സമ്പത്തില്‍ സ്വതന്ത്രാവകാശം ഉള്ളതായി ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: ‘പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്.’ (അന്നിസാഅ്: 32) അവള്‍ തന്റേടത്തോടെ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് സമ്പത്ത് കൈകാര്യം ചെയ്യുന്ന കാലത്തോളം അതില്‍ ഭര്‍ത്താവിനോ പിതാവിനോ സഹോദരനോ ഇടപെടാന്‍ അവകാശവുമില്ല. അല്ലാഹു സ്ത്രീയുടെ പദവി ഉയര്‍ത്തിയിരിക്കുകയാണിതിലൂടെ. ഇസ്‌ലാമേതരമായ മറ്റൊരു സമൂഹമോ പ്രത്യയശാസ്ത്രമോ സ്ത്രീക്ക് ഈ പരിഗണന നല്‍കിയിട്ടില്ല ഇനി നല്‍കുമെന്ന് പ്രതീക്ഷിക്കാവതുമല്ല. സാംസ്‌കാരികവും നാഗരികവുമായി വളരെ മുന്നില്‍ നില്‍ക്കുന്നവരെന്ന് പറയുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സ്ത്രീക്ക് വളരെയധികം മാന്യതയും പദവിയും വിദ്യാഭ്യാസവും നല്‍കുന്നു. എന്നാല്‍ ഇസ്‌ലാം നല്‍കുന്ന പരിഗണന നല്‍കാന്‍ അവര്‍ക്കായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റു പ്രത്യയശാസ്ത്രങ്ങളിലൊന്നുമില്ലാത്ത ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ് മഹര്‍. വിവാഹസമയത്ത് പുരുഷന്റെ മേല്‍ നിര്‍ബന്ധമായ സ്ത്രീയുടെ അവകാശമാണത്. ‘സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക.’ എന്നാണ് ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നത്. അതില്‍ വല്ല വിട്ടുവീഴ്ച്ചയും ചെയ്യുവാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണുള്ളത്. അതില്‍ ഇളവ് ചെയ്യാന്‍ അവളെ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ല.
ഇസ്‌ലാം സ്ത്രീകള്‍ക്കും ചില സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിര്‍ബന്ധമാക്കുന്നുണ്ട്. നബി(സ) പറയുന്നു: ‘സ്ത്രീ തന്റെ വീടിന്റെ ഉത്തരവാദിയാണ്. അവളുടെ കീഴിലുള്ളവരുടെ കാര്യത്തില്‍ ചോദ്യംചെയ്യപ്പെടുന്നവളുമാണ്’ (മുസ്‌ലിം) അത്തരം ഉത്തരവാദിത്തങ്ങള്‍ ചുവടെ വിവരിക്കുന്നു.
1. വീട്ടുകാര്യങ്ങളുടെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്. ഭക്ഷണം വസ്ത്രം അതുപോലുള്ള വീട്ടിലെ മറ്റു അനിവാര്യ ചിലവുകളും വ്യവസ്ഥപ്പെടുത്തേണ്ടത് അവളാണ്. അത്തരത്തില്‍ ഗൃഹ ചിലവകള്‍ നടത്തുന്ന സ്ത്രീക്ക് പ്രതിഫലം ഉണ്ടെന്ന് നബി(സ) സൂചിപ്പിച്ചിട്ടുണ്ട്.
2. ഗൃഹ വരുമാനം അനുവദനീയവും ഉത്തമവുമായിരിക്കാന്‍ സ്ത്രീ ജാഗ്രത കാണിക്കണം. തന്റെ ഭര്‍ത്താവിന് അതിന് സഹായിക്കേണ്ടത് ഭാര്യയുടെ കടമയാണ്.
3. എല്ലാകാര്യത്തിലും മിതത്വമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസന്‍മാരുടെ സവിശേഷതയായിട്ടാണതിനെ ഖുര്‍ആന്‍ കാണുന്നത്. ധൂര്‍ത്തോ ലുബ്‌ദോ കാണിക്കാതെ മധ്യമമായ രീതിയില്‍ ചെലവഴിക്കാനാണ് കുടുംബനായികയെന്ന നിലയില്‍ സ്ത്രീ ശ്രമിക്കേണ്ടത്.
4. പ്രയോജനകരമല്ലാത്ത എല്ലാ ചെലവുകളും അവള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അനുവദനീയമല്ലാത്ത വിനോദങ്ങള്‍ക്കും, വ്യക്തിക്കും സമൂഹത്തിനും ദോഷകരമായ ഭക്ഷണപാനീയങ്ങളും അതില്‍പെടുന്നവയാണ്. ഓരോ കാര്യത്തിനും ചെലവഴിക്കുമ്പോള്‍ വളരെ സൂക്ഷ്മമായി ഈ കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്.
5. ഇസ്‌ലാമിന്റെ മുന്‍ഗണനാക്രമം പാലിക്കല്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, നിര്‍ഭയത്വം, അറിവ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് അവയില്‍ പ്രഥമമായി പരിഗണിക്കേണ്ടത്. അതിനുശേഷം പരിഗണിക്കപ്പെടേണ്ടതാണ് ജീവിതം ആയാസകരമാക്കുന്നതിനുള്ള ആവശ്യങ്ങള്‍. ശേഷം പരിഗണിക്കപ്പെടേണ്ടവയാണ് ജീവിതനിലവാരം ഉയര്‍ത്തുന്നതിനായുളള അലങ്കാരങ്ങള്‍. ചെലവഴിക്കുമ്പോള്‍ ഈ മുന്‍ഗണനാക്രമം പാലിക്കേണ്ടത് സ്ത്രീകളാണ്. തന്റെ ഭര്‍ത്താവിന് സാധ്യമല്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ സാമ്പത്തിക ബജറ്റ് നടപ്പാക്കുന്നതില്‍ സ്ത്രീക്ക് ശ്രദ്ധേയമായ പങ്കുണ്ടെന്ന് ഇതില്‍ നിന്ന് വളരെ വ്യക്തമാണ്.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW