Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ വിജയത്തിലേക്ക് നയിക്കുന്ന ചിന്തകള്‍

എല്ലാ കുട്ടികളും കളിയിലായാലും പഠനത്തിലായാലും പരാജയം നേരിടുന്നതായിരിക്കും. എന്നാല്‍, ചില കുട്ടികള്‍ പരാജയപ്പെടുമ്പോഴേക്ക് പഠനവും വിനോദവും അവസാനിപ്പിച്ച് അതില്‍നിന്നെല്ലാം മാറിനില്‍ക്കുകയും, വീണ്ടും പരിശ്രമിച്ച് വിജയത്തിലെത്താന്‍ തയാറാവാതിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം അത്യാവശ്യമാണ്. അത് അവര്‍ക്ക് പഠനത്തിലും ജീവതത്തിലും വിജയം കൈവരിക്കാന്‍ സഹായകവുമായിരിക്കും. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളില്‍നിന്നും അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ ചിലകാര്യങ്ങള്‍ നാം അവരുമായി പങ്കുവെക്കേണ്ടതുണ്ട്. അത് അവരെ വീണ്ടും വിജയത്തിലേക്ക് കുതിക്കാന്‍ പ്രോത്സാപ്പിക്കുന്നതാണ്.

ഒന്ന്: ആദ്യ ശ്രമം കൊണ്ട് ലഭിക്കുന്ന ഒന്നല്ല വിജയമെന്ന് നമ്മുടെ മക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജീവിതത്തിലായാലും വിനോദത്തിലായാലും നാം നിരന്തരം പരിശീലക്കപ്പെടുകയാണ്. അത്തരം പരിശീലനങ്ങള്‍ പ്രത്യേക കഴിവുകള്‍ നേടിതരുകയാണ്. നമ്മുടെ കുട്ടികള്‍ പരാജയം നേരിടുന്നതിന് മുമ്പ് അറിഞ്ഞിരക്കേണ്ടതും നാം പറഞ്ഞുകൊടുക്കേണ്ടതുമാണിത്.

ഉദാഹരണമായി പറയുകയാണെങ്കില്‍, നിങ്ങള്‍ക്ക് ബാസ്‌കറ്റ് കളിയിലോ മറ്റു വിനോദങ്ങളിലോ നന്നായി മികവ് പുലര്‍ത്താന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ കുട്ടികളെയും കൂടെ കൂട്ടി കളിക്കുകയും, ആ സമയം അവരോട് പറയുകയും ചെയ്യുക; ‘ഞാന്‍ ഇപ്പോള്‍ കളിയില്‍ വിജയിക്കുന്നത് കണ്ടോ! കാരണം, ഈ കളിയില്‍ എനിക്ക് നന്നായി തിളങ്ങാന്‍ കഴിയുന്നത് എന്റെ പരിശീലനം കൊണ്ടും ആ കളിയുടെ നിയമങ്ങള്‍ മനസ്സിലാക്കിയുതുകൊണ്ടുമാണ്’. ആ കളിയുമായി സ്വന്തം ജീവതത്തെ -കളിയില്‍ പരാജയം നേരിട്ടതുപോലെ നിരീക്ഷിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളോട് ആവശ്യപ്പെടേണ്ടതുണ്ട്. പിന്നീട്, ഓരോ കളി കഴിയുമ്പോഴും എങ്ങനെ അിതില്‍ തിളങ്ങാന്‍ കഴിയുമെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഇത്തരമൊരു പ്രായോഗിക പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുകയാണെങ്കില്‍, പരാജയവും തോല്‍വിയും ജീവിതത്തില്‍ സാധാരണ നടക്കുന്ന പ്രതിഭാസമാണെന്നും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ട് വിജയത്തിലേക്ക് കുതിക്കുകയാണ് വേണ്ടതെന്ന ബോധം അവരിലുണ്ടാകുന്നു.

രണ്ട്: ഈ ലോകമെന്നത് നമുക്ക് അനുകൂലവും പ്രതികൂലവുമായിരിക്കുമെന്നും ബോധം അവരില്‍ വളര്‍ത്തേണ്ടതുണ്ട്. അഥവാ വിജയം എപ്പോഴും സുനിശ്ചിതമായിരിക്കുകയില്ല. പ്രത്യേകമായ കളിയില്‍ മികവ് കാണിക്കുകയും പഠനത്തില്‍ ഉയര്‍ന്നു നില്‍ക്കകുയും ചെയ്യുന്ന ആള്‍ ഒരു ദിവസത്തില്‍ പരാജയം അഭിമുഖീകരിക്കുമെന്നത് തീര്‍ച്ചയാണ്. കാരണം ജീവിതം എല്ലായിപ്പോഴും ഒരേ തലത്തില്‍ സഞ്ചരിക്കുകയില്ല, അത് മാറിമറിയുന്നതായിരിക്കും. എന്നാല്‍, പരാജയം നേരിടുമ്പോല്‍ അതിന്റെ കാരണമെന്തെന്ന് മനസ്സിലാക്കുകയും, അതിന് പരിഹാരം കാണുകയും ചെയ്ത് മുന്നോട്ട് കുതിക്കുകയാണ് വേണ്ടത്.

മൂന്ന്: നിരന്തര പരിശീലനമെന്നത് അടിസ്ഥാനനിയമമായി രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുളള പരിശീലനം നേടിയെടുക്കുന്നതുവരെ അതില്‍ മുന്നോട്ടുപോകല്‍ അനിവാര്യമാണ്. തോല്‍ക്കുന്നവര്‍ അറിയേണ്ടത് പരാജയം വീണ്ടും ആലോചിക്കുവാനും, തിരുത്തുവാനുമുളള അവസരമാണെന്നാണ്. അഥവാ തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ ഒന്നോ, രണ്ടോ, മൂന്നോ പ്രാവിശ്യത്തില്‍ പരിശീലനം അവസാനിപ്പിക്കാതെ, കഴിവ് തളിയിക്കുന്നതുവരെ ആ മാര്‍ഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. കാരണം, പരിശീലനം ആവശ്യപ്പെടുന്നതു തന്നെ ആവര്‍ത്തനവും തുടര്‍ച്ചയുമാണ്. ഇക്കാര്യം അധിക കുട്ടികളും മനസ്സിലാക്കുന്നില്ല. എന്നിട്ട്, അവര്‍ ഒന്നോ, രണ്ടോ, മൂന്നോ പ്രാവശ്യം ശ്രമിച്ചതിന് ശേഷം പറയും; ഈ കളിയെനിക്ക് ശരിയാവില്ല, ഈ പഠനം എനിക്ക് ശരിയാവില്ല എന്ന്.

നാല്: നിങ്ങളുടെ കുട്ടിക്കാലത്ത്, കളിയിലോ പഠനത്തിലോ മറ്റോ തോറ്റുപോയ സാഹചര്യങ്ങള്‍ കുഞ്ഞുങ്ങളോട് സംസാരിക്കുക. തുടര്‍ന്ന്, എങ്ങനെ നിങ്ങള്‍ക്ക് അതില്‍നിന്ന് അതിജീവനം സാധ്യമായ എന്നതും വശദീകരിച്ചുകൊടുക്കുക. ആ വിജയത്തിന് സഹായകരമായതെന്തെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക.

അഞ്ച്: പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് വിജയങ്ങള്‍ കീഴടക്കിയവരുടെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ എങ്ങനെ വളര്‍ന്ന് വിജയങ്ങളിലെത്തുന്നുവെന്നു നോക്കികാണുക. ഒരു കുട്ടിയുടെ പിതാവ് എന്റെ അടുക്കല്‍ വന്ന് ചെറുമകന് ബാധിച്ച ഡയബറ്റിസ് രോഗത്തെ കുറിച്ച് പറയുകയും, അവനിപ്പോള്‍ നിരാശയിലാണെന്നും അറിയിച്ചു. അവന്‍ ഫുട്‌ബോള്‍ കളിക്കാരെ നന്നായി ഇഷ്ടപ്പെടുന്നു. പിതാവ് പ്രസിദ്ധ ഫുടബോള്‍ താരങ്ങളില്‍ ഡയബറ്റിസ് അസുഖം ബാധിച്ച താരത്തെ അന്വേഷിച്ചു കണ്ടെത്തി തന്റെ ചെറുമകനോട് അതിനെ കുറിച്ച് സംസാരിച്ചു.

അങ്ങനെ അവന്റെ നിരാശമാറുകയും കൂടുതല്‍ ഉന്മേഷവാനാവുകയും ചെയ്തു. കളിയോടുളള സ്‌നേഹവും കളിക്കാരനോടുളള ആദരവു കാരണം ഡയബറ്റിസ് രോഗം അവനെ നിരാശനാക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്തില്ല. മറ്റൊരിക്കല്‍, കുഞ്ഞുമകള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നില്ലെന്ന പരാതിയുമായി ഒരു ഉമ്മ എന്റെ അടുക്കല്‍ വന്നു. ഞാന്‍ അവര്‍ക്ക് ലോകത്ത് വിജയം വരിച്ചവരുടെ ചരിത്ര കഥകള്‍ പറഞ്ഞുകൊടുത്തു. അവരാരും സ്‌കൂളുകളില്‍ വിജയം വരിച്ചവരായിരുന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളെ മറികടക്കുകയും ജീവതത്തില്‍ വിജയത്തിലെത്തുകയും ചെയ്തവരാണ്. കുട്ടികളുടെ നിരാശയകറ്റാന്‍ ഇത്തരത്തിലുളള കഥകള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്.

ആറ്: കുറച്ചുസമയം സ്വസ്ഥമായി ഇരിക്കുക; വിശ്രമിക്കുക. ചിലപ്പോള്‍ കുട്ടികള്‍ സ്വയംതന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഉദാഹരണമായി, കായിക താരങ്ങള്‍ കായിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും, വീണ്ടും ശ്രമിക്കുകയും തുടര്‍ന്ന് നിരാശ അവരെ പിടികൂടുകയുമാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍, കുറച്ചുസമയം സ്വസ്ഥമായി ഇരിക്കുകയും ഇഷ്ടമുളള കളികളില്‍ ഏര്‍പ്പെടുകയും ചെയ്തതിനു ശേഷം, വീണ്ടും പ്രശനം പരിഹാരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കുറച്ച് വിശ്രമച്ചതിന് ശേഷം, പരിഹാരങ്ങള്‍ കണ്ടെത്താനുളള ശ്രമം, പ്രശ്‌നങ്ങള്‍ പരിഹിരിച്ച് നിരാശ അകറ്റുന്നതാണ്.

ഏഴ്: നിരാശ അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിനോട് സഹായം ചോദിക്കുവാന്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അല്ലാഹുവാണ് എല്ലാ പ്രയാസങ്ങളും അകറ്റി ശാന്തത സമ്മാനിക്കുന്നത്.

എട്ട്: കൂടുതലായി അനുഭവവും ജീവിതപാഠങ്ങളുമുളള ആളുകളുമായി സംസാരിക്കുകയും, പ്രശ്‌നങ്ങള്‍ പരിഹാരക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്യുക. അവരുടെ അനുഭവങ്ങളില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹൃതമാകുന്നതിനുളള പ്രേരകങ്ങള്‍ ലഭ്യമാകുന്നതാണ്. ഈ എട്ട് കാര്യങ്ങള്‍ നമ്മുടെ കുട്ടികളില്‍ പരിശീലിക്കുകയാണെങ്കില്‍ അത് നമ്മുടെ കുഞ്ഞുങ്ങളുടെ പഠനത്തിലും ജീവതത്തിലുമുളള നിരാശയും പ്രയാസവും അകറ്റുന്നതായിരിക്കും.

വിവ: അര്‍ശദ് കാരക്കാട്‌

Related Articles