Current Date

Search
Close this search box.
Search
Close this search box.

കുടുംബ ജീവിതത്തിൽ പുരുഷനുള്ള ചുമതലകൾ

കെട്ടുറപ്പുളള ചരടാണ് വിവാഹബന്ധമെന്നത്. പരസ്പരം കടമകളും ബാധ്യതകളുമായി സ്രഷ്ടാവ് അതിനെ സപഷ്ടമായി സംവിധാനിച്ചിരിക്കുന്നു. പിശാചിന്റെ ദുർബോധനങ്ങളിൽ നിന്ന് മുസ്ലിമിന് രക്ഷാകേന്ദ്രമാണ് വിവാഹം എന്നത്. കുടുംബകാര്യങ്ങളിൽ നിയന്ത്രണാധികാരം(ഖിവാമ) പുരുഷനാണ് മതം വകവെച്ചു നൽകിയത്. അല്ലാഹു പറയുന്നു: ” പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാവകാശം ഉള്ളവരാണ്. അല്ലാഹു ശ്രേഷ്ഠരാക്കിയത് കൊണ്ടും ആണുങ്ങൾ സമ്പത്ത് ചെലവഴിക്കുന്നതിനാലും ആണത് “.

പുരുഷന് നൽകപ്പെട്ട നിയന്ത്രണാധികാരം ചുമതലയാണ്. അഥവാ, തന്റെ ഇണയുടെ വസ്ത്രം, പാർപിടം, സംരക്ഷണം എന്നിങ്ങനെ തുടങ്ങി അവളുമായി ബന്ധപ്പെട്ട സകല കാര്യങ്ങളിലും ബാധ്യതകളുള്ളത് പുരുഷനായിരിക്കും. മാനസികമായും സാമ്പത്തികമായുമെല്ലാം ഭാര്യയോടുള്ള കടമകൾ നിർവ്വഹിക്കാൻ ഭർത്താവിനോട് ഇസ്ലാമിന്റെ കൽപനയുണ്ട്.

ശാരീരികമായും മാനസികമായും തന്റെ ഭർത്താവിൽ നിന്നും ഭാര്യക്കുള്ള അവകാശങ്ങളെ തടഞ്ഞു വെക്കുന്നത് ഇസ്ലാം ഗൌരവമായി വിലക്കുന്നുമുണ്ട്. അവളുടെ സ്വാഭാവികമായ ലജ്ജയെ മാനിച്ച് അവൾ ആവശ്യപ്പെട്ടില്ലെങ്കിലും കടമകളോരോന്നും നിറവേറ്റാൻ ഭർത്താവിന് ബാധ്യതയുണ്ട്.

ഈ നിയന്ത്രണാധികാരത്തെ വെറും അധികാരപ്രയോഗത്തിനുള്ള ആയുധമായി കൊണ്ടുനടക്കുന്ന വിവരദോഷികളുണ്ട്. ഖിവാമ എന്ന സങ്കൽപത്തെ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണവർ. യഥാർത്ഥത്തിൽ ഖിവാമ കുടുംബജീവിതത്തിന്റെ ഘടനയും ചിട്ടയും രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ഭാര്യയുടെ മൂല്യങ്ങളെ ചുരുട്ടികെട്ടാനുള്ള ഉപകരണമല്ല. അല്ലാഹു പറയുന്നു : ” പുരുഷനോ സ്ത്രീയോ ആകട്ടെ, സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായ ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും (നഹ്ൽ: 97)”

ഖിവാമയുടെ തലങ്ങൾ
കാലങ്ങളായി സ്ത്രീവർഗത്തോടുള്ള ഇസ്ലാമിന്റെ സമീപനം എന്നും ചൂടുള്ള ചർച്ചയാണ്. എന്നിരിക്കെ ഖിവാമ എന്ന ഇസ്ലാമികസങ്കൽപത്തെ അടിച്ചമർത്തലിന്റെ മറ്റൊരു മുഖമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ എമ്പാടും ഉണ്ടായിട്ടുണ്ട്. തെറ്റിധാരണകൾക്ക് മുകളിൽ നിന്നുകൊണ്ട് ഖിവാമയുടെ വിവിധ തലങ്ങളെ വിശദമാക്കുകയാണിവിടെ:

അപര്യാപ്തമായ വ്യാഖ്യാനങ്ങൾ
ഖുർആനിക സൂക്തങ്ങൾ പരിശോധിച്ചാൽ അടിസ്ഥാനപരമായി സ്ത്രീയുടെയും പുരുഷന്റെയും സ്ഥാനം സമമാണ് എന്ന് കാണാം . പുരുഷന്റെ ഉടപ്പിറപ്പാണ് സ്ത്രീയെന്നാണ് പ്രവാചകാധ്യാപനം. സ്വർഗത്തിൽ വെച്ച് ആദം നബിയോടും ഹവ്വാ ബീവിയോടും ഒരു മരത്തിന്റെ കായ്കനിയെ ഭക്ഷിക്കരുതെന്ന് അല്ലാഹു വിലക്കി. നാഥന്റെ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു. “തൽസമയം നാം അരുളി: ആദമേ നിശ്ചയം ഇവൻ നിങ്ങളുടെയും ഭാര്യയുടെയും ശത്രുവാണ്. അതിനാൽ സ്വർഗ്ഗത്തിൽ നിന്ന് നിങ്ങളെ ഇരുവരെയും അവൻ ബഹിഷ്കരിക്കാതിരിക്കട്ടെ. അതുണ്ടായാൽ നിങ്ങൾ നിർഭാഗ്യനാകും”(ത്വാഹാ: 117)

ഇവിടെ നിർഭാഗ്യവാൻ ആകും എന്ന് ഖുർആൻ സൂചിപ്പിച്ചത് ആദം നബിയെ അഭിസംബോധന ചെയ്തു കൊണ്ടാണ്. അഥവാ നിയന്ത്രണാധികാരമുള്ള ഭർത്താവ് എന്ന നിലക്ക് ഉത്തരവാദിത്വമുള്ളത് ആദം നബിക്കാണ്. അപ്രകാരം നിയന്ത്രിക്കുമ്പോൾ അനുസരിക്കാൻ ഭാര്യക്ക് ബാധ്യതയുമുണ്ട്.

പ്രവാചകപാതയിൽ നിന്നുള്ള വ്യതിചലനം
പ്രവാചക ജീവിതത്തിൽ മുസ്ലിമിന് ഉത്തമമായ മാതൃകയുണ്ട്. തന്റെ ഭാര്യമാരോട് അതിരറ്റ സഹനവും കരുണയും ഉള്ളവരായിരുന്നു റസൂൽ. തന്റെ അതിഥികൾക്കു മുന്നിൽ വെച്ച് ഭാര്യ സ്വഫിയ്യ ബീവി കൊടുത്തയച്ച തളിക എറിഞ്ഞു പൊട്ടിച്ച ആഇഷ ബീവിയോട് കാണിച്ച ക്ഷമ ചരിത്രത്തിൽ കാണാം. നിലത്തുവീണ ഭക്ഷണം സ്വയം പൊറുക്കിയെടുത്ത് നിങ്ങളുടെ ഉമ്മ ദേഷ്യത്തിലാണ് എന്നു മാത്രം പറഞ്ഞുകൊണ്ട് പ്രവാചകൻ ക്ഷമിച്ചു. ഭാര്യമാർക്കിടയിൽ ഉണ്ടാകുന്ന ഭിന്നിപ്പുകളിലും തർക്കങ്ങളിലും നബി (സ) കാണിച്ച സഹനശീലം നമുക്ക് ഉദാത്തമായ മാതൃകയാണ്.

ഖിവാമയുടെ ധർമം
പരസ്പര പരിഗണനയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമായ കാതൽ. വെറും കൽപ്പനയും അനുസരണയും മാത്രമായി ഒതുങ്ങുന്നതിൽ നിന്നും മാറി പരസ്പരം അറിഞ്ഞും തുറന്നു സംസാരിച്ചും മുന്നോട്ടുപോകുകയാണ് ഉത്തമം. നിയന്ത്രണാവകാശത്തിന്റെ പേര് പറഞ്ഞ് വെറും അധികാര പ്രയോഗം നടത്തുന്നത് ശരിയല്ല തന്നെ .

മതപരമായ ചിട്ടയും ബോധവും അവളിൽ സൃഷ്ടിക്കുക എന്നതാണ് പുരുഷന് നൽകപ്പെട്ടിട്ടുള്ള നിയന്ത്രണാവകാശത്തിന്റെ സുപ്രധാന ധർമ്മം. വീട് ഭക്ഷണം എന്നിങ്ങനെയുള്ള ഭൗതികമായ കാര്യങ്ങളിൽ ഭർത്താവിന്റെ നിയന്ത്രണവകാശത്തിന് രണ്ടാം സ്ഥാനമാണുള്ളത്. ഭാര്യക്ക് നൽകേണ്ട ചെലവുകൾ, അവകാശങ്ങൾ ഒന്നും വകവെച്ചു നൽകാത്ത ഭർത്താവിന് നിയന്ത്രണ അവകാശമില്ലെന്ന് ഫത് വ നൽകിയ പണ്ഡിതന്മാരുണ്ട്.
സാമ്പത്തികമായി മാത്രമല്ല, ധാർമികമായും സന്തുഷ്ടമായ ജീവിതം അവൾക്ക് ഒരുക്കിക്കൊടുക്കാൻ ഭർത്താവിന് സാധിക്കണം.

നിയന്ത്രണ അവകാശത്തെ ഇങ്ങനെ ക്രമീകരിക്കാം:
റബ്ബിന്റെ സാമീപ്യമുള്ള ജീവിതം
ദമ്പതികൾ പരസ്പരം ദീനിന്റെ വഴിയിൽ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുണ്ട്.
നബി (സ) പറയുന്നു: നിങ്ങൾ ഓരോരുത്തരും യജമാനന്മാരാണ്. തങ്ങളുടെ പ്രജകളെ പറ്റി അവർ ചോദിക്കപ്പെടും. നേതാവ് തന്റെ ജനങ്ങളുടെ യജമാനനാണ്. തന്റെ കുടുംബത്തിന്റെ യജമാനനാണ് പുരുഷൻ, തീർച്ചയായും അവന് ഉത്തരവാദിത്തങ്ങളുണ്ട്.
മറ്റൊരു അവസരത്തിൽ പ്രവാചകൻ പഠിപ്പിച്ചു: നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവനുമാണ്.

സുരക്ഷിതബോധം
വൈവാഹിക ജീവിതത്തിൽ ഭാര്യക്ക് ഭർത്താവിന്റെ ഭാഗത്തുനിന്നും ലഭിക്കേണ്ട പ്രധാനപ്പെട്ട ഘടകമാണിത്. വീടകങ്ങളിൽ ഉണ്ടാകുന്ന കോലാഹലങ്ങളും മറ്റും ജീവിതത്തിന്റെ സ്വൈര്യം കെടുത്തും. അതിനാൽ പരസ്പരം വിട്ടുവീഴ്ച ചെയ്തും ക്ഷമിച്ചും തിരുത്തിയും മുന്നോട്ട് പോവണം. സംയമനത്തിന്റെ ചരട് പൊട്ടാതെ ശാന്തമായ ജീവിതത്തെ കെട്ടിപ്പടുക്കുക.

വൈകാരിക-ശാരീരിക ബന്ധം
വിവാഹത്തിന്റെ തന്നെ സുപ്രധാന ലക്ഷ്യമാണിത്. ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുകയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്ന് സംസാരിക്കുകയും ചെയ്യുക. തുറന്ന സംസാരങ്ങളാണ് പക്വമായ ബന്ധങ്ങളിലേക്കുള്ള ഏക മാർഗം.

സംരക്ഷണം
പുറമേനിന്നുള്ള പ്രശ്നങ്ങൾക്കും ദമ്പതികൾ പരസ്പരം ആശ്വാസമാവണം. ഇരു കുടുംബങ്ങൾക്ക് അകത്തും സംരക്ഷണ കവചമായി നിലനിൽക്കാനാവണം. നബി തങ്ങൾ പറയുന്നു: നിന്റെ സഹോദരൻ അക്രമിയായാലും ആക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക. അപ്പോൾ ഒരാൾ ചോദിച്ചു: ആക്രമിക്കപ്പെട്ടവനെ സഹായിക്കാം, പക്ഷേ അക്രമിയെ എങ്ങനെയാണ് സഹായിക്കുക? അന്നേരം പ്രവാചകൻ മറുപടി നൽകി : അക്രമത്തിൽ നിന്ന് അവനെ തടയലാണ് നീ ചെയ്യേണ്ടുന്ന സഹായം. അഥവാ കാര്യങ്ങളെ രമ്യമായി പരിഹരിക്കാനും ബന്ധങ്ങളിൽ ബഹുമാനം നിലനിർത്താനും എപ്പോഴും ശ്രദ്ധയുണ്ടാവണം. വീട്ടിൽ കുടുംബ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ സ്വന്തമായി ജീവിതോപാധി കണ്ടെത്താനും മറ്റും അവളെ സഹായിക്കുക, സ്വയം ശക്തിയാവാനുള്ള ധൈര്യവും പിന്തുണയും നൽകുക. ഭർത്താവിന് നൽകാനാവുന്ന ഏറ്റവും ഉദാത്തമായ സംരക്ഷണമാണത്.

പങ്ക് വെക്കൽ
തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകുമ്പോഴും അത് ഉൾക്കൊണ്ട് ജീവിതം പങ്കിടുമ്പോഴാണ് കുടുംബം സന്തുഷ്ടമാകുന്നത്. കൂടെയുണ്ടാവുക എന്നതാണ് പ്രധാനം, പരസ്പരം അവരുടേതായ ഇടങ്ങൾ വകവെച്ചു നൽകുക. തമ്മിൽ കേൾക്കാനും കാണാനും സമയം കണ്ടെത്തുക, ജീവിതം എന്നും സന്തോഷമുള്ളതായിരിക്കും.

ഏറ്റവും അവസാനമായി ഭാര്യയോട് സൂചിപ്പിക്കാനുള്ളത് മറ്റൊരു പ്രവാചകാധ്യാപനമാണ്; “നബി (സ) പറഞ്ഞു : ഒരു പെണ്ണ് അഞ്ചു നേരം നിസ്കരിക്കുകയും നോമ്പ് എടുക്കുകയും തന്റെ സ്വകാര്യതയെ സംരക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ നാളെ സ്വർഗ്ഗലോകത്തേക്ക് ഇഷ്ടമുള്ള വാതിലിലൂടെ പ്രവേശിക്കാൻ അവളോട് കൽപ്പിക്കപ്പെടും “. അതിനാൽ, ബാധ്യതകളിൽ ഭാരമാവാതെ, സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകാൻ അവൾ ശ്രദ്ധാലുവായിരിക്കണം.

വിവ. ഫഹ്‌മിദ സഹ്റാവിയ്യ

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles