Current Date

Search
Close this search box.
Search
Close this search box.

മാതൃകാദാമ്പത്യം

‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (സൂറത്തുര്‍റൂം: 20)

മാനുഷിക ബന്ധങ്ങളില്‍ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ബന്ധം ദാമ്പത്യ ബന്ധമാണ്. കാരണം മനുഷ്യന്റെ മനസ്സ് അതിയായി ആഗ്രഹിക്കുന്ന മൂന്ന് ഗുണങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. സമാധാനം, സ്‌നേഹം, കാരുണ്യം എന്നിവയാണവ.

നമ്മുടെ മുമ്പിലുള്ള ഒരു പ്രധാനചോദ്യം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശേഷിപ്പിച്ച മൂന്നു ഗുണങ്ങളും സമംചേര്‍ന്ന ഉന്നത ബന്ധമായി നമ്മുടെ ദാമ്പത്യം മാറ്റിയെടുക്കുന്നതെപ്രകാരമാണ് എന്നതാണ്. ഖുര്‍ആന്‍ വിവരിക്കുന്ന പോലെ സമാധാനവും സ്‌നേഹവും കാരുണ്യവും നിറഞ്ഞ ദാമ്പത്യ ബന്ധം സാധ്യമാകണമെങ്കില്‍ നാല് അടിസ്ഥാന ഗുണങ്ങള്‍ ആ ബന്ധത്തില്‍ നിലനില്‍ക്കണം.

1- ബന്ധത്തില്‍ സ്‌നേഹവും നൈര്‍മല്യവും വാത്സല്യവും നിറഞ്ഞു നില്‍കണം

ഇതിന്റെ അര്‍ഥം ഇണയോടുള്ള സ്‌നേഹത്തില്‍ സ്ഥിരതയും മിതത്വവും ഉണ്ടാവുക എന്നാണ്. ഇണയോടുള്ള ബന്ധത്തില്‍ സ്‌നേഹത്തിലും നൈര്‍മല്യത്തിലും അതിരുകടന്ന് പ്രയാസമുണ്ടാക്കുന്നതും നല്ലതല്ല. കാരണം അനവസരത്തിലുള്ള നൈര്‍മല്യം മനുഷ്യരെ വഴിതെറ്റിക്കും. അത് പിന്നീട് ദാമ്പത്യ ബന്ധത്തില്‍ വികാരങ്ങളുടെ ജഡത്വത്തിലേക്ക് വഴിതെളിയിക്കും. അപ്രകാരം ശരിയായാലും തെറ്റായാലും ഇണയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയെന്ന തെറ്റായ പ്രവണതയിലേക്ക് അത് മനുഷ്യനെ തള്ളിവിടും. അങ്ങിനെ ദാമ്പത്യം മടുക്കുന്നതിലേക്ക് അതെത്തിക്കുന്നു.

സ്‌നേഹവും കാരുണ്യവും നൈര്‍മല്ല്യവും തീരെ ഇല്ലാതാകുന്നതും വലിയ ദുരന്തമാണ്. കാരണം ഇത്തരം വികാരങ്ങള്‍ പരസ്പരം പരിഗണിക്കാതിരുന്നാല്‍ ഇണകള്‍ക്കിടയില്‍ നിഷേധ മനോഭാവം അധികരിക്കുന്നു. അത് ദാമ്പത്യ പ്രശ്‌നങ്ങളിലേക്കും വേര്‍പിരിയലിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍ മാനസികമായി തന്റെ ഇണക്ക് സ്‌നേഹവും നൈര്‍മല്യവും ആവശ്യമുള്ള സമയത്ത് അത് നല്‍കാന്‍ കഴിയണം. അവിടെയാണ് ദാമ്പത്യത്തിന്റെ വിജയം. എന്നാല്‍ എല്ലാ സമയത്തും ഇത്തരം വികാരങ്ങളുടെ ഒഴുക്കിന് ദാമ്പത്യത്തില്‍ കാര്യമായ വിലയുണ്ടാവില്ല.

2- ഇണകള്‍ പരസ്പരം ഉള്‍കൊള്ളുകയും സ്വീകരിക്കുകയും ചെയ്യണം

ഇണകള്‍ തന്റെ തുണയുടെ എല്ലാ നല്ലതും ചീത്തതുമായ സ്വഭാവത്തോടെ അവരെ അംഗീകരിക്കാന്‍ സന്നദ്ധനായിരിക്കണം. ഇനി ഒരാള്‍ എത്രത്തന്നെ ഉന്നത സ്വഭാവക്കാരനാണെങ്കിലും അയാള്‍ തന്റെ ഇണയെ അംഗീകരിക്കണം. അങ്ങിനെ പാരസ്പര്യത്തോടു കൂടിയ ജീവിതത്തിലെ മധുരവും കൈപ്പും പങ്കുവെക്കാന്‍ ഇണ-തുണകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇത്തരം ചെറിയ അഭിപ്രായ വ്യത്യസങ്ങളെയും വീക്ഷണ വൈജാത്യങ്ങളെയും ജീവിതത്തിന്റെ വ്യതിരിക്തതയായി കാണാന്‍ സാധിക്കണം. അങ്ങിനെ ഈ പ്രയാസങ്ങളെയെല്ലാം രമ്യമായി പരിഹരിക്കാന്‍ സാധിക്കണം. അത്തരത്തില്‍ പെരുമാറാന്‍ ഇണകള്‍ ശ്രമിക്കുകയാണെങ്കില്‍ അത് ജീവിതത്തെ തന്നെ നന്നാക്കുന്ന അനുഭവമായി മാറും. അതുകൊണ്ടാണ് ‘പ്രശ്‌നങ്ങള്‍ ദാമ്പത്യത്തിന്റെ ഉപ്പാണെന്ന്’ ആളുകള്‍ പറയുന്നത്.

3- തന്റെ ഇണയില്‍ നിന്ന് അനുഭവിക്കുന്ന പ്രയാസങ്ങളുടെ പേരില്‍ നന്നായി ക്ഷമിക്കാന്‍ സാധിക്കണം

മനുഷ്യരിലാരും തെറ്റു പറ്റാത്തവരല്ല. എന്നാല്‍ തെറ്റുചെയ്യുന്നവരില്‍ മാന്യര്‍ പശ്ചാതപിച്ച് മടങ്ങി തെറ്റുകള്‍ തിരുത്തുന്നവനാണ്. പ്രവാചകന്‍ പറഞ്ഞു: ‘എല്ലാ ആദമിന്റെ മക്കളും തെറ്റുകാരാണ്. പശ്ചാതപിച്ചു മടങ്ങുന്നവരാണ് മാന്യര്‍.’ മനുഷ്യന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു അനുഗ്രഹിക്കുന്ന അല്ലാഹു എല്ലാ തെറ്റുകളും പൊറുക്കുന്നവനാണെന്നതിനാല്‍ മനുഷ്യന്‍ എങ്ങനെ തന്റെ സഹജീവിയോട് പൊറുക്കാതിരിക്കും!. അതും തന്റെ ഇണയില്‍ നിന്നാണ് തെറ്റുകള്‍ സംഭവിക്കുന്നതെങ്കില്‍!! ജീവിതം മുഴുവന്‍ പരസ്പരം പങ്ക് വെക്കുന്ന ജീവിത പങ്കാളികളായതുകൊണ്ട് ഇവര്‍ പരസ്പരം ചെറിയ തെറ്റുകളും വീഴ്ചകളും സഹിക്കുകയും പൊറുക്കുകയും ചെയ്യുകയെന്നത് അനിവാര്യമാണ്. പരസ്പരം ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരവും നല്‍കാന്‍ സാധിക്കുന്ന മഹത്തായ സമ്മാനവുമാണത്. അപ്രകാരം തെറ്റുകള്‍ വിട്ടുകൊടുത്ത് ക്രിയാത്മകമായ സമീപനങ്ങളുണ്ടായാലേ തന്റെ ഇണയുടെ ജീവിതത്തില്‍ ആ തെറ്റ് ആവര്‍ത്തിക്കാതെ തടയാന്‍ ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് തിന്മയെ നന്മകൊണ്ട് തടുക്കുകയെന്ന പാഠം ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്.

4- എല്ലാ കാര്യങ്ങളിലും  ഇണയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും,  വികാരങ്ങളും വിചാരങ്ങളും പരിഗണിക്കുന്നതിലും നല്ല ശ്രദ്ധ പുലര്‍ത്തുക

തന്റെ ഇണയുടെ വികാരങ്ങളെ പരിഗണിച്ചാല്‍ മാത്രം പോര, മറിച്ച് അവരുടെ ഭാവനകളെയും ചായ്‌വുകളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണക്കണം. അവയില്‍ പങ്കാളികളാകണം. ഒരു കൂട്ടുകാരന്റെ മനസ്സോടെ ഇണയുടെ ചിന്തകളേ കാണാന്‍ കഴിയണം. പരസ്പരം എന്തും പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തില്‍ ബന്ധം വളര്‍ത്തണം. ഇണയുടെ ഭാവനകളെയും വിചാരങ്ങളെയും വികാരങ്ങളെയും സൂക്ഷമമായി നിരീക്ഷിക്കാനും സാധിക്കേണ്ടതുണ്ട്. അവയില്‍ വല്ല സ്ഖലിതങ്ങളുമുണ്ടെങ്കില്‍ അതിനെ ശുദ്ധീകരിക്കാന്‍ കൂടി തുണക്ക് കഴിയേണ്ടതുണ്ട്. ഇണയെ നേര്‍വഴിയിലെത്തിക്കുന്നത് വികാരങ്ങളെയും വിചാരങ്ങളെയും അടിച്ചൊതുക്കിക്കൊണ്ടാവരുത്. മറിച്ച് അവയെ ഉള്‍കൊണ്ട് സാവധാനം നേര്‍വഴിയിലെത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് പരസ്പര സ്‌നേഹവും ബഹുമാനവും വാനോളം വളരാന്‍ കാരണമാക്കും.

അല്ലാഹു ഈയൊരു ഖുര്‍ആന്‍ വാക്യത്തിലൂടെ ഏറ്റവും നല്ല കുടുംബ ജീവിതം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് തന്റെ അടിമകളെ പഠിപ്പിക്കുകയാണ്. അതിനുള്ള ചില അടിസ്ഥാന ഘടകങ്ങളെയാണ് നമ്മള്‍ ചര്‍ച്ച ചെയ്തത്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒരേ ശരീരത്തിലെ രണ്ട് മനസ്സുകള്‍ പോലെയാണ്. പരസ്പരം മനസ്സുകളെ പരിഗണിച്ചില്ലെങ്കില്‍ ദാമ്പത്യം മുന്നോട്ട് പോവുകയില്ല. ശരീരത്തിന് നിലനില്‍പുണ്ടാവുകയില്ല. തന്റെ ശരീരത്തില്‍ തന്നെ നിലകൊള്ളുന്ന ഒരു ഹൃദയമാണെന്ന നിലയിലാണ് ഇണയെ ഒരാള്‍ പരിഗണിക്കേണ്ടത്. തന്റെ തന്നെ ശരീരത്തില്‍ നിലകൊള്ളുന്ന മനസ്സിനെ നമ്മള്‍കെങ്ങനെ അവഗണിക്കാനാവും!

( കടപ്പാട് )

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles