എന്തും മാർക്കറ്റിങ് ചെയ്യാൻ കഴിയുന്ന ഒരു ലോകത്താണ് നാമുള്ളത്. ഉപഭോക്താക്കളുടെ മനസ്സും ബുദ്ധിയും വിവേകവും പക്വതയും അവയുടെ കുറവും അപര്യാപ്തതയും ആയിരിക്കും പല ബ്രാന്റിങ് തന്ത്രങ്ങളുടെയും അടിസ്ഥാനം . പ്രണയവും സൗഹൃദവും വിവാഹവുമെല്ലാം ഏറ്റവും കൂടുതൽ മാർക്കറ്റ് റേറ്റിങുള്ള വൈകാരിക അവസ്ഥാന്തരങ്ങളാണിന്ന്. മനുഷ്യന്റെ മനശാസ്ത്ര – ജീവശാസ്ത്രപരമായ ചോദനകളാണെന്ന് ബോധ്യമുള്ള അത്തരം വിഷയങ്ങൾ അതുകൊണ്ട് തന്നെ മാർക്കറ്റിങ് സാധ്യത വളരെ കൂടുതലാണ്. പ്രണയത്തിന് ഫൈൻഡ് ലവർ ആപ്പും വിവാഹത്തിന് മുമ്പുള്ള ഡേറ്റിംഗ് എന്ന ഒലിപ്പീരുകൾക്കു പോലും ആപ്പുകൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ടിണ്ടർ , ബംബ്ൾ എന്നു തുടങ്ങി 10 + ആപ്പുകൾ ഡേറ്റിംഗിന് മാത്രം ഇന്ത്യയിൽ ലഭ്യമാണത്രെ.വിറ്റ്‌നി വുൾഫ് ഹെര്‍ഡ് എന്ന യുവ സംരഭകയാണ് ലിബറലുകളുടെ ബംബിളിന് തുടക്കമിട്ടത്. ഇന്ന് 250 കോടി ഡോളറിന്റെ വിപണി മൂല്യവുമായി ഡേറ്റിങ് ആപ്പുകളില്‍ മുന്‍പന്തിയിലാണ് ബംബിളിന്റെ സ്ഥാനം.
വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാർ പരസ്പരം നന്നായി അറിയുക എന്ന ഉദ്ദേശത്തോടെ രണ്ടുപേർ ഒരുമിച്ച് സമയം ചെലവഴിക്കുന്ന ഒരു പാശ്ചാത്യൻ രീതിയാണ് ഡേറ്റിംഗ്. ഇത് പലപ്പോഴും പ്രണയ ബന്ധത്തിന്റെ മുന്നോടിയായാണ് സായിപ്പന്മാർ ചെയ്യുന്നത്. കാഷ്വൽ, സോഷ്യൽ ഔട്ടിംഗുകൾ മുതൽ കൂടുതൽ ഔപചാരികവും ഘടനാപരമായ പ്രവർത്തനങ്ങൾ വരെ പല രൂപങ്ങൾ സ്വീകരിച്ച് അവരുടെ വ്യക്തിപരമായ ‘പലതും ‘ അറിയലും അറിയിക്കലുമാണ് പടിഞ്ഞാറിന് ഡേറ്റിംഗ് എന്നാൽ.
ഓൺലൈൻ ഡേറ്റിംഗ് സേവനങ്ങൾ ലോകമെമ്പാടും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഉപയോക്താവിനെ അവന്റെ / അവളുടെ പ്രൊഫൈൽ പോസ്റ്റുചെയ്യാൻ ഒരു നിശ്ചിത ഫീസ് ഈടാക്കുന്നു. വീഡിയോ അല്ലെങ്കിൽ നിശ്ചല ഫോട്ടോകളും മെറ്റാഡാറ്റയും പ്രായപരിധി, ഹോബികൾ പോലുള്ള വ്യക്തിഗത ഡേറ്റിംഗ് മുൻഗണനകളും ഡേറ്റിംഗിൽ കൈമാറാൻ അനുവദിക്കുന്നു. ഓൺലൈൻ ഡേറ്റിംഗ് മാർക്കറ്റ് പ്രതിവർഷം 2 ബില്യൺ ഡോളറിലെത്തുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. ഓരോ വർഷവും 5% വാർഷിക വളർച്ചാ നിരക്കുമുണ്ട്. പ്രതിശ്രുത വധു / വരൻ (would be) യുയുമായി ഊഷ്മള ബന്ധം സ്ഥാപിക്കുക, അവരുടെ താൽപ്പര്യങ്ങളെയും മൂല്യങ്ങളെയും കുറിച്ച് പഠിക്കുക, നാണമില്ലാതാക്കുക, അകലം കുറക്കുക,പ്രണയബന്ധം പൊരുത്തമാണോ എന്ന് നിർണ്ണയിക്കുക എന്നിവയാണ് പാശ്ചാത്യൻ നാടുകളിൽ പൊതുവേ ഡേറ്റിംഗിന്റെ ലക്ഷ്യം. ഡേറ്റിംഗിൽ അത്താഴത്തിന് ( dining out) പോകുക, സിനിമ കാണുക, ഒരുമിച്ച് നടക്കുക, അല്ലെങ്കിൽ രണ്ട് വ്യക്തികൾക്ക് പരസ്പരം നന്നായി ഇടപഴകാനും പരസ്പരം നന്നായി അറിയാനും അനുവദിക്കുന്ന മറ്റേതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുക ഇവയൊക്കെയാണ് പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും ഇന്ത്യക്കാരൻ കടമെടുത്ത ഡേറ്റിംഗ്. അഥവാ വിവാഹത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന രണ്ടു പേര്‍ ഒരുമിച്ചു സമയം ചെലവഴിക്കുന്നതിനെയും പരസ്പരം അടുത്തറിയുന്നതിനെയുമാണ് ഡേറ്റിംഗ് എന്ന് പൊതുവേ പൗരസ്ത്യ നാടുകളിൽ അറിയപ്പെടുന്നത്.
എന്നാല്‍ ഇപ്പറഞ്ഞ രീതിയിലുള്ള ഡേറ്റിംഗ് ഇസ്ലാമില്‍ അനുവദനീയമല്ല. വിവാഹത്തിനു മുന്‍പുള്ള ഒരു തരത്തിലുമുള്ള പരിധിവിട്ട അടുപ്പങ്ങളും ഒറ്റക്കാവലുകളും ( خلوة ) ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം നല്കുന്ന അനുവദനീയത വിവാഹം ആലോചിക്കുന്ന സമയത്ത് പരസ്പരം കാണാനുള്ള അവസരമാണ്. നബി തങ്ങൾ പറഞ്ഞു:
إذا خطب أحدكم المرأة فإن استطاع أن ينظر منها ما يدعوه إلى نكاحها فليفعل (നിങ്ങളിലൊരാൾ വിവാഹാലോചന നടത്തുകയാണെങ്കിൽ, വിവാഹം കഴിക്കാനാഗ്രഹിക്കുന്നയാളെ കാണാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യട്ടെ )
അങ്ങനെ ഒരു പെൺകുട്ടിയുടെ കുടുംബത്തോട് വിവാഹാലോചന നടത്തിയെന്നും, അവരെ ഒളിച്ചിരിന്നു കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു എന്നും ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ജാബിർ (റ) തന്നെ പറയുന്നത് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.
താന്‍ വിവാഹം കഴിക്കേണ്ട ആളെ തിരഞ്ഞെടുക്കാനുള്ള അവകാശം തീര്‍ച്ചയായും ഓരോ വ്യക്തിക്കും ആണിനും പെണ്ണിനുമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലോന്നാണ് അത്. അതിനെ ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയില്ല. ആത്മാര്‍ഥമായ പ്രാര്‍ത്ഥനയോടെയും, ശരിയായ (proper channel) അന്വേഷണത്തിലൂടെയും കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു വേണം ഇണയെ കണ്ടെത്താന്‍ .
വിവാഹബന്ധം നിഷിദ്ധമായ ബന്ധുവിന്റെ സാമീപ്യത്തില്‍ മാത്രം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കാണുകയും സംസാരിക്കുകയും ചെയ്യാവുന്നതാണ്. പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്, ഒരു പെണ്‍കുട്ടി അവളുടെ ബന്ധുവിനോടൊപ്പം ഉള്ളപ്പോഴല്ലാതെ ആരും അവളെ കാണരുത് എന്നാണ്. ഒരു അന്യ പുരുഷനും സ്ത്രീയും ഒറ്റക്കാകുമ്പോള്‍ അവിടെ മൂന്നാമനായി പിശാചു ഉണ്ടാകുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അഥവാ കല്യാണാലോചനയാണെങ്കിൽ പോലും ഓൺലൈനിലോ ഓഫ്ലൈനിലോ ഉള്ള ‘ലൈൻ ‘ ഇസ്ലാമികമല്ലെന്നർഥം.
വിവാഹത്തിനു തയ്യാറെടുക്കുമ്പോള്‍ , ഒരു നല്ല ഇണയെ ലഭിക്കുവാനായ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ആത്മാർഥമായ പ്രാര്‍ഥനയാണ്.ശരിയായ ഇണയെ കണ്ടെത്തി നല്കുവാനായ് എല്ലായ്പ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക . മാതാപിതാക്കളോടും മറ്റു വളരെ വേണ്ടപ്പെട്ട കുടുംബാംഗങ്ങളോടും ഈ വിഷയം A to Z കൂടിയാലോചിക്കുക. പരസ്പരം അറിയുന്നതിന്‍റെ ഭാഗമായിട്ടാവാം യുവതീ യുവാക്കള്‍ ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന രീതി ചില മുസ്ലിം വീടകങ്ങളിൽ പോലും കാണപ്പെടാറുണ്ട്. എന്നാല്‍ ഇങ്ങനെ ഒറ്റക്കാവുന്നത് ( ഖൽവത്)തെറ്റിലേക്ക് നയിക്കാന്‍ കാരണമാകുന്നു.നമ്മളൊക്കെയും മനുഷ്യരാണ് ; പച്ച മനുഷ്യർ. : كل ما أدى إلى الحرام فهو حرام അഥവാ നിഷിദ്ധമായതിലേക്ക് വഴി കാണിക്കുന്നതും നിഷിദ്ധം തന്നെ എന്ന നിദാനശാസ്ത്ര തത്വം അനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ സൂക്ഷ്മത പാലിക്കുകയും സ്ത്രീ – പുരുഷ സങ്കലനങ്ങൾക്കുള്ള സാഹചര്യങ്ങൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യണം. മനുഷ്യന് അവന്റെതായ ചില ദൗര്‍ബല്യങ്ങളുണ്ട്. അത്തരം ദൗര്‍ബല്യങ്ങള്‍ ഒറ്റക്കാകുമ്പോള്‍ കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇസ്ലാം ഇത്ര കര്‍ശനമായ നിയമങ്ങള്‍ അനുശാസിക്കുന്നതും സ്ത്രീ – പുരുഷ സങ്കലനങ്ങളെ ക്ലിപ്തപ്പെടുത്തുന്നതും
വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ആളെപ്പറ്റി നന്നായി അന്വേഷിക്കുന്നതോ അതിനു വേണ്ടി സുഹൃത്തുക്കളോടും സഹ പ്രവൃത്തകരോടും നേതാക്കളോടും സംസാരിക്കുന്നതും അഭിലഷണീയമാണ്. അന്തിമ തീരുമാനത്തിലെത്തും മുമ്പ് വിഷയത്തെ, വരാൻ പോകുന്ന ബന്ധത്തെ ആഴത്തില്‍ പഠിക്കുവാന്‍ അത് വഴി കഴിയും.
തീരുമാനം എടുക്കുന്നതില്‍ അല്ലാഹുവിന്റെ സഹായം ഉണ്ടാകുന്നതിനായി ഇസ്തിഖാറ: നമസ്കരിക്കുക. അല്ലാഹുവാണ് ഏറ്റവും കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന സത്യം ഓര്‍ക്കുക.
പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ്ണമായ അവകാശം ആണിനും പെണ്ണിനും ഇസ്ലാം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമില്ലാത്തൊരു വിവാഹത്തിന്റെ ഭാഗമാകാന്‍ ഒരു യുവാവും യുവതിയും നിര്‍ബന്ധിക്കപ്പെടാന്‍ പാടില്ല. വികാരങ്ങളെക്കാള്‍ വിവേകത്തിനാണ് വിവാഹക്കാര്യത്തില്‍ മുൻഗണന കൊടുക്കേണ്ടത്. അത് കൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ വിശിഷ്യാ മാതാപിതാക്കളുടെ അഭിപ്രായത്തിന് ശരിയായ പരിഗണന കൊടുക്കേണ്ടതുണ്ട് . അവര്‍ക്കാണ് കൂടുതല്‍ വിവേകവും ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകുക. ഇതാണ് ഇസ്ലാം ഈ വിഷയത്തിൽ വരച്ചിരിക്കുന്ന ഫ്രെയിം . ഈ വൃത്തത്തിന് പുറത്ത് ചാടുന്നത് റബ്ബിനെ പേടിക്കുന്ന യുവതീ- യുവാക്കൾക്ക് സംഗതമല്ല.
ഈയിടെ ചില ഓൺ ലൈൻ പത്രങ്ങളിലും ചാനലുകളിലും വന്ന ഒരു വാർത്ത വല്ലാതെ വേദനിപ്പിച്ചു. മതാഭിമുഖ്യത്തിൽ പൊതുവെ മുന്നിലാണെന്ന് നമ്മിൽ പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഇറാന്‍ ‘ഇസ്ലാമിക്’ ഡേറ്റിങ് ആപ്പുമായി വന്ന ആ വാർത്ത ആരൊക്കെ വായിച്ചു എന്നറിയില്ല !? ‘നിലനില്‍ക്കുന്ന’ വിവാഹ ബന്ധങ്ങള്‍ കണ്ടെത്തല്‍ ‘ഇസ്ലാമിക്’ ഡേറ്റിങ് ആപ്പുകൾക്കാവുമെന്ന് ഇറാൻ ഭരണ കൂടം രാജ്യാന്തര തലത്തിൽ പ്രചരിപ്പിച്ചു.
‘ഹംദം’ – പേര്‍ഷ്യനില്‍ പങ്കാളി എന്നര്‍ത്ഥം – എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ വഴി ഇറാനികള്‍ക്ക് യോജിച്ച ജീവിത പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുമെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഹംദം ആപ്പ് ഇറാന്‍ അംഗീകരിച്ച ഇത്തരത്തിലുള്ള ഏക ഒഫീഷ്യൽ ആപ്പാണെന്ന് സൈബര്‍ സ്‌പെയ്‌സ് പോലീസ് തലവനായ കേണല്‍ അലി മുഹമ്മദ് റജബി പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള മറ്റു ജനപ്രിയ ഡെയ്റ്റിംഗ് ആപ്പുകളെല്ലാം അനധികൃതമാണെന്നും റജബിയെ ഉദ്ധരിച്ച് അല്‍ജസീറ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനിലെ ഇസ്ലാമിക സംഘടനയായ തിബ്യാന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഹംദം ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്ഥിരമായ / സ്ഥായിയായ വിവാഹാലോചനകള്‍ തേടുന്ന വ്യക്തികളെ കണ്ടെത്താന്‍ ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യം ഉപയോഗിക്കുന്നുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ‘പുറത്തുനിന്നുള്ള ശക്തികള്‍’ കുടുംബ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തിബ്യാന്‍ തലവനായ കുമൈല്‍ ഖോജസ്‌തേ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഔദ്യോഗിക ആപ്പ് ഉദ്ഘാടന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ പിശാച് ശ്രമിക്കുമെന്നും ആരോഗ്യകരമായ കുടുബങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഹംദം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹംദം വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന്റെ മുമ്പേ തന്നെ തങ്ങളുടെ വ്യക്തിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു ‘മനഃശാസ്ത്ര പരിശോധന’ക്ക് വിധേയമാവേണ്ടതുണ്ട്. ബന്ധങ്ങള്‍ ഉറപ്പിച്ചതിന് ശേഷം നാല് വര്‍ഷം വരെ ദമ്പതികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഫോളോ അപ്പ് ലഭിക്കാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ആപ്പിന്റെ രെജിസ്‌ട്രേഷനും മറ്റും സൗകര്യങ്ങളുമെല്ലാം സൗജന്യമായി നല്‍കുമെന്നും ഇറാന്‍ അറിയിക്കുന്നു.
ഇറാനിലെ പരമോന്നത നേതാവായ ആയതുല്ലാഹ് ഖാംനഇ ഇള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യത്തെ വിവാഹ പ്രായം കൂടി വരുന്നതിനെ പറ്റിയും, ജനന നിരക്ക് കുറയുന്നതിനെ കുറിച്ചും പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഒരുപാട് വിശദാംശങ്ങളുള്ള പുതിയ ബില്‍ ഇറാനിലെ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പുതിയ നിയമം ഇസ്ലാമിക നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുത്തലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വം. ഇറാൻ ജനതയ്ക്ക് അനുമതി ലഭിച്ചാലുമില്ലെങ്കിലും ഇസ്ലാമിക വിധിപ്രകാരം വിവാഹത്തിന് മുമ്പുള്ള
മരംചുറ്റി പ്രേമവും ഡേറ്റിംഗുമെല്ലാം നിഷിദ്ധം തന്നെ. അവയെ ഹലാൽ ലൗവ്വും ഇസ്ലാമിക് ഡേറ്റിംഗും എന്നൊക്കെ പേരിട്ട് വിളിച്ചാലും ശരി. അധിക വായനയ്ക്ക് ഈയുള്ളവന്റെ “പ്രേമവും സ്നേഹവും “ എന്ന ശീർഷകത്തിൽ ഇസ്ലാം ഓൺലൈവിൽ വന്ന കുറിപ്പ് വായിക്കുന്നത് നന്നായിരിക്കും.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW