Current Date

Search
Close this search box.
Search
Close this search box.

ഭാര്യമാർക്കിടയിലെ തുല്യനീതി

ഖുർആൻ സൂറത്ത് നിസാഇലൂടെ പഠിപ്പിക്കുന്നു: ‘അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്. (3)’. ‘നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.’ (129).

ഇവിടെ നീതിക്കും സമത്വത്തിനും ഇടയിൽ കാതലായ വ്യത്യാസമുണ്ട്. ഭാര്യമാർക്കിടയിലെ തുല്യനീതി ഉറപ്പാക്കേണ്ടത് പാർപ്പിടത്തിലും മറ്റു ചെലവുകളിലും ആണ്. എന്റെ അനുഭവത്തിൽ നിന്നു തന്നെ ഒരു സംഭവം ഞാൻ പങ്കുവെക്കാം. ഒരു കുടുംബം പരിഹാരം തേടി എന്നെ സമീപിച്ചു. ദാമ്പത്യത്തിന്റെ പത്തു വർഷം പിന്നിട്ട ഒരു ഭാര്യ, അവൾക്ക് അഞ്ച് കുട്ടികളുണ്ട്, ഭർത്താവിന്റെ താൽപര്യപ്രകാരം പത്തു കുട്ടികളെന്ന സ്വപ്നത്തിനും വഴങ്ങി, അവൾ വീടിന്റെ ഉത്തരവാദിത്തം ഏതാണ്ട് സ്വന്തമായി ഏറ്റെടുത്തു, കൂടാതെ ഭർത്താവിനെ ഉന്നതപഠനം പൂർത്തിയാക്കാൻ അയാളെ സ്വതന്ത്രനാക്കി വിട്ടു. ഉത്തരവാദിത്തത്തിന്റെ ധാർമ്മിക ഭാരങ്ങൾ ചുമക്കുന്നതിനും കുട്ടികളെ വളർത്തുന്നതിനും മാത്രമല്ല, സാമ്പത്തിക ഞരുക്കങ്ങൾ കാരണം ആവശ്യങ്ങൾ നിറവേറ്റാൻ, രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ചെറിയ തുകകൊണ്ട് അവൾ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ഞെരിഞ്ഞമർന്ന അവളോട് പിന്നീട് ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. നിങ്ങൾക്കിടയിൽ ഞാൻ തുല്യനീതി പാലിക്കുമെന്നും അയാൾ ന്യായീകരിക്കുന്നു!.

പാർപ്പിടവും രാപ്പാർക്കലും
ആദ്യ ഭാര്യയുടെയും പത്ത് മക്കളുടെയും ഇടയിലും, രണ്ടാമത്തെ ഭാര്യയുടെ ഇടയിലും തുല്യ പരിഗണന നൽകുന്നത് നീതിയാണോ? ആദ്യ ഭാര്യയെ സംബന്ധിച്ച് അവൾ തന്റെ വിധിയിൽ തൃപ്തയാണെങ്കിലും അത്രയും കാലം അവർ തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ അയാൾക്കുവേണ്ടി അവൾ ചെയ്ത ത്യാഗങ്ങളെ മുൻനിർത്തി അത്തരം ഒരു തുല്യഅവകാശം രണ്ട് ഭാര്യമാർക്കും ഇടയിൽ ഉറപ്പാക്കുന്നത് ഒട്ടും ശരിയല്ല.

വൈകാരികമായുള്ള സമീപനങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇണയെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനുമുള്ള ഘടകങ്ങൾ തീർച്ചയായും അതിൽ ഉൾപ്പെടും. രണ്ടുപേരോടും ഒരേ നിലക്ക് വൈകാരികമായ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നു വരാം. എങ്കിലും ഒരാളെ വില കുറച്ചു കാണുകയോ മറ്റൊരാളെ പുകഴ്ത്തി പറയുകയോ ചെയ്യുന്നത് പാടില്ല. രണ്ടുപേരുമായും സ്നേഹസമ്പർക്കത്തിൽ ഏർപ്പെടാൻ ഭർത്താവിന് കടമയുണ്ട്. ക്ഷമയും സഹനവും സദാ കൂടെ വേണം.

അനസ് (റ) പറഞ്ഞു : ‘ ഒരാൾ കന്യകയെ വിവാഹം കഴിച്ചാൽ ഏഴു ദിവസം അവളുടെ കൂടെ താമസിക്കണം, അതുകഴിഞ്ഞ് മറ്റു ഭാര്യമാർക്കും അവൾക്കുമിടയിൽ ഊഴം വെക്കാം. ഒരാൾ കന്യക അല്ലാത്ത സ്ത്രീയെയാണ് വിവാഹം കഴിച്ചതെങ്കിൽ അവളുടെ കൂടെ മൂന്നു ദിവസമാണ് നിൽക്കേണ്ടത്. അതുകഴിഞ്ഞ് മറ്റു ഭാര്യമാരുടെ ഒപ്പം തന്നെ അവൾക്ക് ഊഴം വെക്കാം, ഇതാണ് നബി ചര്യ’. മാനസികമായും ശാരീരികമായും സ്നേഹസമ്പർക്കത്തിന് ഭാര്യ തയ്യാറെടുക്കുന്ന ആദ്യ സമയത്ത് ഭർത്താവ് കൂടെ വേണം എന്ന് ചുരുക്കം.

ചെലവ്
ഭർത്താവിന് അവരുടെ കുടുംബത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ വേണ്ടി ഭൗതിക അവകാശങ്ങൾ ഉപേക്ഷിച്ച ഭാര്യയെ സംബന്ധിച്ച്, പിന്നീടുള്ള ജീവിതം അവളുമായി പങ്കിടേണ്ട ഭർത്താവ് മറ്റൊരാളിലേക്ക് ചായുന്നത് എങ്ങനെയാണ് നീതിയാവുക? മറിച്ച്, ഇത് അനീതിയും വ്യക്തമായ അക്രമവുമാണ്.
അവൾ ചെയ്ത തികച്ചും ഔദാര്യമായ സേവനത്തിന് പകരം നൽകുന്നതിലും അപ്പുറം, അവൾ ചെലവഴിച്ചത് പോലെ തന്നെ ഏറ്റവും ശ്രേഷ്ഠമായത് കൊണ്ട് അവൾ തൃപ്തിപ്പെടുത്തുകയും പ്രതിഫലം നൽകുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ആദ്യ ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന ആ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നതിൽ രണ്ടാമത്തെ ഭാര്യയോട് സമമാക്കേണ്ട യാതൊരു ന്യായവുമില്ല തന്നെ.

സന്താന പരിപാലനം എന്നത് മക്കളുടെ കൂടി അവകാശമാണ്. അതിനാൽ പിതാവ് ചെയ്തു കൊടുക്കേണ്ടതായ പല കാര്യങ്ങളും ആദ്യഘട്ടത്തിൽ മക്കൾക്ക് ലഭിച്ചിട്ടില്ല. ആ മക്കളെ പരിപാലിക്കുന്നതും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും പിതാവ് എന്ന നിലക്ക് അയാളുടെ ബാധ്യതയാണ്. രണ്ടു ഭാര്യക്കും ഇടയിൽ തുല്യ നീതി ഉറപ്പാക്കുന്നതിനു മുൻപ് മക്കളോടുള്ള കടമ പൂർത്തീകരിച്ചു നൽകുന്നതിൽ ഭർത്താവ് ബദ്ധശ്രദ്ധനായിരിക്കണം.

ചുരുക്കത്തിൽ, തുല്യനീതി എന്ന മറപിടിച്ച് അനീതി നടപ്പാക്കാൻ ശ്രമിക്കുന്നത് തികച്ചും അന്യായമാണ്. ഭാര്യമാരിൽ ഒരോരുത്തർക്കും അർഹിക്കുന്ന പരിഗണനയും സംരക്ഷണവും നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്. എല്ലാം അറിയുന്ന നാഥന് മുമ്പിൽ സ്വന്തം കർമ്മങ്ങളെ അടിയറവ് വെക്കേണ്ട ദുർഗതി ആർക്കും വരാതിരിക്കട്ടെ.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles