Current Date

Search
Close this search box.
Search
Close this search box.

ഇരുകുടുംബങ്ങളും പ്രധാനമാണ്

ദമ്പതികളെ സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം പ്രധാനമാണ്. പലപ്പോഴും ഇത്തരം ബന്ധങ്ങൾ പോറലേൽക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാതെ വരുന്ന കുടുംബങ്ങൾ ഏറെയുണ്ട്. ഭാര്യയും ഭർത്താവിന്റെ കുടുംബവും തമ്മിലായാലും, ഭർത്താവും ഭാര്യയുടെ കുടുംബവും തമ്മിലായാലും ഊഷ്മളമായ ബന്ധം കാത്ത്സൂക്ഷിക്കേണ്ടതുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന പലവിധേനയുള്ള മിഥ്യാധാരണകളും വിവാഹബന്ധങ്ങൾക്ക് വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

ഭർതൃഗൃഹത്തിലെ ഭാര്യയുടെ സ്ഥാനമാണ് ഇവ്വിഷയത്തിൽ കാര്യമായ ചർച്ചയർഹിക്കുന്നത്. സമൂഹത്തിന്റെ തെറ്റായ സങ്കൽപങ്ങളിൽ നിന്ന് തുടങ്ങി ചെയ്യേണ്ടതായ കാര്യങ്ങളെ കുറിച്ച ഒരു ലഘു വിവരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഭർത്താവിന്റെ ഉമ്മയെ സേവിക്കൽ
ഇവ്വിഷയകമായ ചർച്ചകളിൽ ഉയർന്നു കേട്ട മുഖ്യ വാദമാണിത്. തീർത്തും തെറ്റായ സങ്കൽപങ്ങളാണ് ഇതിന് പിന്നിൽ. ഉമ്മയെ പരിചരിക്കാനായി വിവാഹം കഴിച്ച ഒരാൾക്ക് ഒടുവിൽ ഭാര്യയെ നഷ്ടമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭർത്താവിന്റെ മറ്റു കൂടപ്പിറപ്പുകൾ ഉണ്ടായിട്ടും സകലഭാരവും ഒരാളിലേക്ക് വെച്ച് കെട്ടുമ്പോൾ അനുഭവിക്കുന്ന മടുപ്പ് ഒരു പരിധിവരെ ഇത്തരം വിവാഹമോചനങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പറയാം.

അല്ലാഹു പറയുന്നു: “ നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ”എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.” (ഇസ്റാഅ്-23,24). വൃദ്ധമാതാപിതാക്കളെ പരിചരിക്കാത്ത മക്കൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് പ്രവാചകാധ്യപനമുണ്ട്. ഇവിടെ സൂചിപ്പിച്ച സൂക്തവും പ്രവാചകമൊഴിയും പരിചരണവും പരിപാലനവും മക്കളുടെ കടമയാണ് അല്ലാതെ ഭാര്യമാരുടേതല്ലെന്ന് അടിവരയിടുകയാണ്.

സ്വസ്ഥമായ ജീവിതവും പാർപിടവുമെല്ലാം ഭാര്യയുടെ അവകാശമാണെന്നിരിക്കെ അതേ വീട്ടിൽ പ്രായമായോ രോഗം കൊണ്ടോ തളർന്നിരിക്കുന്ന ഭർത്താവിന്റെ മാതാപിതാക്കൾക്ക് അവൾ സാമൂഹികപരിഗണന നൽകേണ്ടതുണ്ട്. ഉപജീവനമാർഗം തേടേണ്ടുന്ന ഭർത്താവിനെ സംബന്ധിച്ച് പരിചരണം പ്രയാസാമാകുമെങ്കിൽ ഭാര്യയുടെ പൂർണ്ണസമ്മതത്തോടെ ആ കടമ ഭംഗിയായി അവൾക്ക് നിർവഹിക്കാം. അപ്പോഴും അത് അവളുടെ ബാധ്യതയാകുന്നില്ല, മറിച്ച് കേവലം ഔദാര്യം മാത്രമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഭാര്യയെ പരിഗണിക്കാനും ചേർത്ത്നിർത്താനും സാഹചര്യങ്ങളെ ഉൾകൊള്ളാനും അവളെ സഹായിക്കേണ്ടത് ഭർത്താവാണ്. സാമ്പത്തികമായും മാനസികമായും അവളെ ശക്തിപ്പെടുത്താനും സാധ്യമാകും വിധം ജോലികളിൽ സഹായിക്കാനും അവർക്ക് ബാധ്യതയുണ്ട്.

ഭാര്യയുടെ കുടുംബത്തേക്കാൾ ഭർതൃകുടുംബത്തിന് പരിഗണന വേണമെന്നത് മറ്റൊരു മിഥ്യധാരണയാണിത്. ദമ്പതികൾ ഇരുവരും കുടുംബങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും ഇത് വലിയൊരളവിൽ ഹേതുവായിട്ടുണ്ട്. സ്വയം വലിയവരാണെന്നും തന്റെ ആളുകളെ ബഹുമാനിക്കണമെന്നും ശാഠ്യംപിടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരേ സമയം തന്റെ പങ്കാളിയുടെ കുടുംബത്തെ പരിഗണിക്കാനും ബന്ധംപുലർത്താനും ഇരുവരും ശ്രദ്ധപുലർത്തണം. പങ്കാളിയുടെ കുടുബ മഹിമയോ തൊഴിലോ സമ്പത്തോ അതിന് മാനദണ്ഡമാകരുത്.

സമത്വമാണ് ഇസ്ലാമിന്റെ അടിത്തറ. നബി(സ) പറയുന്നു: “അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ സ്ഥാനമില്ല. സൂക്ഷമതയാണ് അടിസ്ഥാനം. എല്ലാ മനുഷ്യരും ആദംസന്തതികളാണ്, ആദം മണ്ണിൽ നിന്നുമാണ്”. അപ്പോൾ ഭാര്യയെ പരിഗണിക്കാതെ തന്റെ കുടുംബത്തെ പരിഗണിച്ചത് കൊണ്ട് യാതൊരു ഫലവുമില്ല, തിരിച്ചും അങ്ങനെ തന്നെ. പരസ്പരം ഇരുകുടുംബങ്ങളോടും സ്നേഹത്തോടെ വർത്തിക്കണം. ചെറിയവരെ സ്നേഹിക്കുകയും വലിയവരെ ബഹിമാനിക്കുകയും ചെയ്യാത്തവർ നമ്മിൽ പെട്ടവനല്ലെന്നാണ് പ്രവാചകവചനം. അഥവാ, ദമ്പതികൾ ഇരുകുടുംബങ്ങളിലെയും രോഗികളും അവശരുമായ ബന്ധുക്കളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും വേണം.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles