Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ തൊഴില്‍മേഖലയിലേക്ക് കടന്നുവരുമ്പോള്‍

മൂന്ന് കാരണങ്ങളാല്‍ സ്ത്രീസമൂഹം ഇപ്പോള്‍ തൊഴില്‍മേഖലയില്‍ കടന്നുവരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 1- ലോകത്ത് മാറികൊണ്ടിരിക്കുന്ന സാമ്പത്തിക പ്രവണതകള്‍. 2- സ്ത്രീകള്‍ വിദ്യാഭ്യാസപരമായി മുന്നേറികൊണ്ടിരിക്കുന്നത് തൊഴില്‍ മേഖലയില്‍ അവരുടെ സാധ്യതകള്‍ വര്‍ധിച്ചു. 3- കുടുംബത്തിന് വരുന്ന അധിക സാമ്പത്തിക സമ്മര്‍ദ്ദം. ഈ പറഞ്ഞതൊ അല്ലാത്തതൊ ആയ കാരണങ്ങളാലാണ് കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇവിടെയാണ് ഇസ്ലാം എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന ചര്‍ച്ച പ്രസക്തമാവുന്നത്.

സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങി കഴിയുന്നതാണ് ഉത്തമമെന്നും അവര്‍ പുറത്തിറങ്ങുന്നത് അഴിഞ്ഞാട്ടത്തിന് കാരണമാകുമെന്നും ഇസ്ലാം അത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ചില പണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍, മറ്റൊരു വിഭാഗം ഉപാധികളോടെ അതിന് അംഗീകാരം നല്‍കുന്നു. ഇസ്ലാമിക വസ്ത്രധാരണ രീതി പൂര്‍ണ്ണമായും പാലിക്കുക; വിവാഹം നിഷിദ്ധമാക്കിയ പുരുഷന്മാരുമായി ഇടകലരാതിരിക്കുക, ബന്ധപ്പെട്ടവരില്‍ നിന്നുള്ള അനുവാദം ഉണ്ടായിരിക്കുക; അന്യ പുരുഷനുമായി ഹസ്തദാനം ചെയ്യാതിരിക്കുക തുടങ്ങിയ ഇസ്ലാമിക ഉപാധികള്‍ പാലിക്കണമെന്ന് ഈ വിഭാഗം പറയുന്നത്. സ്ത്രീ പ്രകൃതിക്കനുയോജ്യമായ അധ്യാപനം, ആതുര സുശ്രൂഷ, കൗണ്‍സിലിംഗ്, രചന, തയ്യല്‍ തുടങ്ങിയ തൊഴിലുകളില്‍ നിന്ന് സ്ത്രീകളെ തടയേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സ്ത്രീ തൊഴില്‍പ്രവേശനം: ചരിത്രത്തില്‍

സ്ത്രീകളുടെ സുരക്ഷിതത്വത്തിന് മുന്തിയ പരിഗണനകൊടുത്ത മതമാണ് ഇസ്ലാം. കുട്ടികളുടെ ശിക്ഷണവും കുടുംബത്തിന്‍റെ ഭദ്രതയും അവരുടെ ചുമതലയാണ്. കഴിഞ്ഞ കാലങ്ങളില്‍, വിരളമായിട്ടായിരുന്നു മുസ്ലിം സ്ത്രീകള്‍ തൊഴില്‍ വിപണിയിലേക്ക് കടന്നുവന്നിരുന്നതെങ്കിലും, പ്രവാചകന്‍റെ കാലത്ത് തന്നെ അവര്‍ക്ക് തൊഴില്‍ മേഖലയില്‍ സാനിധ്യമുണ്ടായിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു.

ജാഹിലിയ്യാ കാലത്ത് അറേബ്യയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള നാഗരിക കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തരവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീകളെ മനുഷ്യരായി ഗണിക്കാത്ത കാലം. ഉപഭോഗവസ്തു എന്നതിനപ്പുറം അവള്‍ക്ക് ഒരു പദവിയും അടുത്ത കാലം വരേയും ലഭിച്ചിരുന്നില്ല. ഇസ്ലാമിന്‍റെ ആഗമനത്തോടെ അവസ്ഥകള്‍ മാറി.

ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലം മുതല്‍ മുസ്ലിം സ്ത്രീകള്‍ പതിയെ കരുത്താര്‍ജ്ജിച്ചു. അവര്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടാന്‍ തുടങ്ങി. മറ്റ് മതങ്ങളിലോ വ്യവസ്ഥകളിലോ നല്‍കപ്പെട്ടിട്ടില്ലാത്ത അവകാശങ്ങള്‍ ഇസ്ലാം അവര്‍ക്ക് നല്‍കി. അനന്തരവകാശത്തിന് അവര്‍ അര്‍ഹരായി. സ്ത്രീ ശാക്തീകരണത്തിന്‍റെ ആദ്യ ചുവടുവെപ്പ്. കോടതിയില്‍ സാക്ഷിയാവാനും വോട്ട് രേഖപ്പെടുത്താനും രാഷ്ട്രീയത്തിലേര്‍പ്പെടാനും കച്ചവടം ചെയ്യാനും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യവും ലഭിച്ചു. വിവിധ മേഖലകളിലെ അവരുടെ സാനിധ്യത്തിന് ചില നേര്‍സാക്ഷ്യങ്ങള്‍ ചുവടെ:

1. സ്ത്രീ വ്യാപാര രംഗത്ത്

സമൂഹത്തിന്‍റെ ഏറ്റവും ശക്തമയ സാമ്പത്തിക സ്രോതസ്സാണല്ലോ കച്ചവടവും വ്യാപാരവും. കച്ചവട രംഗത്തെ ആദ്യത്തെ മുസ്ലിം സാന്നിധ്യം ഒരു സ്ത്രീയുടേതായിരുന്നു. അക്കാലത്ത് മക്കയിലെ കുലീന കുടുംബത്തിലെ അംഗമായിരുന്നു അവള്‍. പ്രവാചകന്‍ തിരുമേനിയുടെ പ്രിയതമയും വര്‍ത്തക പ്രമാണിയുമായ ഖദീജ, കച്ചവട സംഘത്തെ ഉഷ്ണ കാലത്ത് സിറിയയിലേക്കും ശൈത്യകാലത്ത് യമനിലേക്കും അയക്കുമായിരുന്നു.

ഇസ്ലാമിന്‍റെ വളര്‍ച്ചയില്‍ അവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഖദീജയെക്കാള്‍ മഹത്തായ ഒരനുഗ്രഹവും എനിക്ക് ജീവിതത്തില്‍ നല്‍കപ്പെട്ടിട്ടില്ല എന്ന് നബി അഭിപ്രായപ്പെടാന്‍ മാത്രം ഉത്തമയായിരുന്നു അവര്‍. ‘ജനങ്ങള്‍ എന്നെ നിരാകരിച്ചപ്പോള്‍ അവള്‍ എന്നെ സ്വീകരിച്ചു. ജനങ്ങള്‍ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചു. സര്‍വ്വോപരി അവരിലൂടെ അല്ലാഹു എനിക്ക് സന്താന സൗഭാഗ്യം നല്‍കി’. ഖദീജയെ കുറിച്ച പ്രവാചകന്‍റെ ഈ ഓര്‍മ്മകള്‍ക്ക് അവരുടെ കച്ചവട മിടുക്കും കാരണമായിരിക്കാം.

2. ജീവകാരുണ്യ രംഗത്ത്

ദൈവത്തോടുള്ള ബാധ്യതയും മനുഷ്യരോടുള്ള ബാധ്യതയും നിര്‍വ്വഹിക്കണമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിന്‍റെ ആദ്യകാലഘട്ടത്തില്‍ തന്നെ മുസ്ലിം സ്ത്രീകള്‍ ജീവകാരുണ്യ രംഗത്തും നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചിരുന്നു. സൈനബ് ബിന്‍ത് അബീതാലിബ് അക്കാലത്ത് അറിയപ്പെട്ടിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്നു. ഉദാരതയുടെ കാര്യത്തില്‍ വിശ്രുതയായിരുന്ന അവര്‍, ഇറാഖിലും ഈജിപ്തിലും സ്വന്തമായി അനാഥാലയങ്ങള്‍ സ്ഥാപിച്ചു. വിവാഹാനന്തരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്ന് വൈവാഹിക കരാറില്‍ നിബന്ധന വെച്ച മഹതിയാണ് സൈനബ്.

3. അധ്യാപന രംഗത്ത്

ആദ്യകാല മുസ്ലിം സ്ത്രീകള്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു മേഖലയായിരുന്നു അധ്യാപന രംഗം. വിജ്ഞാനമാര്‍ജ്ജിക്കല്‍ എല്ലാ മുസ്ലിം സ്ത്രീ-പുരുഷന്മാരുടേയും ബാധ്യതയാണെണ നബി വചനത്തില്‍ സ്ത്രീകള്‍ പ്രചോദിതരായി. നബിയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ സഹധര്‍മിണിയായിരുന്ന ആയിശ (റ) 2000 ത്തിലധികം പ്രവാചക വചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയം, അധ്യാപനം, നിയമം, യുദ്ധം തുടങ്ങിയ ജീവിതത്തിലെ നിര്‍ണായക മേഖലകളില്‍ അവരുടെ സാന്നിധ്യം അനുകരണീയമായിരുന്നു.

ജാഹിലിയ്യാ കാലത്ത് അക്ഷരാഭ്യാസമുണ്ടായിരുന്ന മറ്റൊരു സ്ത്രീരത്നമായിരുന്നു ശിഫ. ബുദ്ധികൂര്‍മത കൊണ്ടും ഉപകാരപ്രദമായ വിജ്ഞാനം കൊണ്ടും ശ്രദ്ധേയയായിരുന്നു അവര്‍. ആത്മീയചികില്‍സയിലും നല്ല വിദഗ്ധയായിരുന്നു. ഖുര്‍ആനും ആത്മീയ ചികില്‍സകളും മറ്റ് സ്ത്രീകളെ പഠിപ്പിച്ചു.

4. ആതുര സുശ്രൂഷാ രംഗത്ത്

വൈദ്യ കുടുംബത്തില്‍ പിറന്ന റുഫൈദക്ക് ഭിഷ്വഗ്വരനായ അവളുടെ പിതാവ് സഅദില്‍ നിന്ന് ശുശ്രൂഷാ രംഗത്ത് മികച്ച പരിശീലനം ലഭിച്ചു. നഴ്സിംഗ് ജോലിയില്‍ മികവ് തെളിയിച്ചതിനാല്‍ വിദഗ്ധയായ ചികില്‍സകയായി അവര്‍ അറിയപ്പെട്ടിരുന്നു. മദീനയില്‍വെച്ച് ഇസ്ലാമിന്‍റെ ആദ്യകാലത്ത് തന്നെ അവര്‍ ഇസ്ലാം സ്വീകരിച്ചു. ഉന്നത മൂല്യങ്ങളുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. സാമൂഹ്യ രംഗത്തും അവര്‍ കര്‍മനിരതയായി.

5. പ്രബോധന രംഗത്ത്

ഇസ്ലാമിന്‍റെ ആരംഭകാലം മുതല്‍ തന്നെ സ്ത്രീകള്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിച്ചിരുന്നു. അതിനുള്ള നല്ല മാതൃകയാണ് പ്രവാചക പത്നി ആയിശ (റ). സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അവര്‍ ഇസ്ലാമികാധ്യാപനങ്ങള്‍ പഠിപ്പിച്ചു. അബുദര്‍ദാഇൻറെ പത്നിയായ ഉമ്മുദര്‍ദാഅ് ദമസ്കസ്സിലെ ഉമയ്യദ് മസ്ജിദില്‍ പതിവായി ക്ലാസ് എടുക്കുകയും അതില്‍ അബ്ദുല്‍ മലിക് ഇബ്ന് മര്‍വാന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. ഇസ്ലാമിക പ്രബോധന മേഖലയിലെ സ്ത്രീ സാനിധ്യമാണ് ഇത് തെളിയിക്കുന്നത്.

6. യുദ്ധരംഗത്ത്

പ്രവാചകന്‍ നേരിട്ട് നയിച്ച ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്ത വനിതയായിരുന്നു ഉമ്മു അമ്മാറ. വാളും പടയങ്കിയും ധരിച്ച് അവര്‍ ശത്രുക്കളോട് പടപൊരുതി. ശത്രുക്കളില്‍ നിന്നും പ്രവാചകനെ രക്ഷപ്പെടുത്തുവാന്‍ ഉമ്മു അമ്മാറ ഒരു കവചമായി വര്‍ത്തിച്ചു. അതിനാല്‍ അവരുടെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായി. എന്നിട്ടും അവരുടെ ആശങ്ക പ്രവാചകന് വല്ലതും സംഭവിച്ചൊ എന്നായിരുന്നു.

ചുരുക്കത്തില്‍, പ്രവാചകന്‍റെ കാലത്ത് സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ആധുനിക ലിബറല്‍ സമൂഹത്തില്‍ ഇസ്ലാമിക സംസ്കാരം പാലിച്ച് ഏതൊക്കെ തൊഴിലിലേര്‍പ്പെടാമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. കാരണം അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരംപറയേണ്ടിവരിക വ്യക്തികളാണ്. ഇസ്ലാമിക സംസ്കാരത്തില്‍ നിന്നും അന്യം നിന്നുപോവുന്ന പ്രവണതയുണ്ടാവുന്നത് കുടുംബജീവിതത്തിലുള്‍പ്പടെ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിവാഹമോചനം, സിംഗിള്‍ പാരന്‍റെിംഗ്, ലിവിംഗ് ടുഗെതര്‍ തുടങ്ങിയ പല അനഭലഷണീയ പ്രവണതകളും ഇപ്പോള്‍ സമൂഹത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നത് ശുഭലക്ഷണമല്ല.

 

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles