Current Date

Search
Close this search box.
Search
Close this search box.

സന്തോഷം പൂക്കുന്ന ദാമ്പത്യം

flower.jpg

സ്‌നേഹവും സഹവര്‍ത്തിത്വവും പരക്ഷേമകാംക്ഷയും വിശുദ്ധമായ ബന്ധവും ശാരീരികമായ കൂടിച്ചേരലുമാണ് വിവാഹം. മനുഷ്യാരംഭം മുതല്‍ക്കേയുള്ള ഒരു സംവിധാനമാണത്. ആദം ഹവ്വ ദമ്പതിമാരില്‍ നിന്നത് തുടങ്ങുന്നു. അവരില്‍ നിന്ന് കുടുംബങ്ങളും ഗോത്രങ്ങളും രൂപപ്പെട്ടു. അവ വളര്‍ന്ന് സമൂഹങ്ങളും രാഷ്ട്രങ്ങളുമായി. അല്ലാഹു പറയുന്നു: ‘ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവന്‍ തന്നെയാകുന്നു; എന്നിട്ട് അവനില്‍ വംശപാരമ്പര്യത്തിന്റെയും വിവാഹത്തിന്റെയും രണ്ട് വ്യത്യസ്ത ബന്ധങ്ങളും ഉണ്ടാക്കി.’ (25:54) മനുഷ്യന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ശക്തമായ കോട്ടയാണത്. അവന്റെ ഗുഹ്യാവയവത്തെയും അഭിമാനത്തെയും സംരക്ഷിക്കുന്ന കോട്ട. തിന്മകളുടെയും മ്ലേഛവൃത്തികളുടെയും പടുകുഴിയില്‍ നിന്ന് അവനെ വേര്‍തിരിക്കുന്ന മതിലായി അത് വര്‍ത്തിക്കുന്നു.

ദമ്പതികളില്‍ ഓരോരുത്തരെയും നിങ്ങള്‍ ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്നും പരസ്പര പൂരകങ്ങളാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പുരുഷനോട് പറയുന്നു, സ്ത്രീ നിന്റെ തന്നെ ഒരു ഭാഗമാണ് അവളെന്ന ശാഖയില്ലാതെ നീയെന്ന അടിസ്ഥാനത്തിന് നിലനില്‍പ്പില്ല. സ്ത്രീയോട് പറയുന്നു, നീ പുരുഷന്റെ ഭാഗമാണ് അവനില്ലാതെ നിനക്കും നിലനില്‍പ്പില്ല. ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: ‘നിങ്ങളെ ഒരൊറ്റ ആത്മാവില്‍നിന്നു സൃഷ്ടിക്കുകയും അതിന്റെ വര്‍ഗത്തില്‍നിന്നുതന്നെ അതിന് ഇണയെ ഉണ്ടാക്കുകയും – നിങ്ങള്‍ അതിങ്കല്‍ ശാന്തിനേടേണ്ടതിന്ന്- ചെയ്തവന്‍ ആ അല്ലാഹു മാത്രമാകുന്നു.’ (7:189)

അതുകൊണ്ട് തന്നെ വംശനിലനിലനില്‍പിനുള്ള ഒരു മാര്‍ഗം മാത്രമല്ല ഇസ്‌ലാമിക വീക്ഷണത്തിലെ വിവാഹം. ദൈവിക കല്‍പന നടപ്പാക്കല്‍ കൂടിയാണത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ വിവാഹം ചെയ്തുകൊള്ളുക.’ (4:3) ലൈംഗികാവയവത്തിനും കണ്ണുകള്‍ക്കും സംരക്ഷണം നല്‍കുന്ന വിവാഹം അല്ലാഹു അനുവദിച്ച രീതിയില്‍ ലൈംഗികമായ ആവശ്യം പൂര്‍ത്തീകരിക്കുന്നു. അതോടൊപ്പം തന്നെ വംശത്തെ നിലനിര്‍ത്തുകയും ധാര്‍മിക രോഗങ്ങളില്‍ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിലെല്ലാം ഉപരിയായി മനസ്സിന് സ്വസ്ഥതയും ശാന്തതയും നല്‍കുന്ന സംവിധാനം കൂടിയാണ് വിവാഹം.

ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ ദമ്പതികള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഒരുമിച്ച് സഹകരിച്ച് ഒത്തൊരുമയോടെയാണ് ജീവിതം നയിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍ മാത്രം ഉപയോഗിച്ചത് വ്യക്തമാക്കുന്നു: ‘അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.’ (2:187) ഈ സൂക്തത്തെ വിശദീകരിച്ച് ഇമാം ഖുര്‍തുബി പറയുന്നത് കാണുക: ‘ദമ്പതികള്‍ ഓരോരുത്തരും ഒരു വസ്ത്രമായി ചേര്‍ന്ന് കിടക്കുന്നു. അത്തരത്തില്‍ കൂടിചേര്‍ന്ന് പറ്റി നില്‍ക്കുന്നത് കൊണ്ടാണ് വസ്ത്രത്തോട് ഉപമിച്ചിട്ടുള്ളത്.’ ഏറ്റവും ശക്തമായ സാമൂഹിക ബന്ധമാണത്. അതിന് കാരണം മനുഷ്യപ്രകൃതിയുടെയും വൈകാരികതയുടെയും ഭാഗമാണെന്നതാണ്. അല്ലാഹു നല്‍കിയിട്ടുള്ള വലിയ അനുഗ്രമാണ് ഈ ബന്ധമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും  അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍  നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.’ (30:21) പുരുഷന്‍ കുടുംബം പുലര്‍ത്തുന്നതിനുള്ള തന്റെ അധ്വാനപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞ് ശാന്തി തേടി തന്റെ ഇണയിലേക്ക് മടങ്ങുകയാണ്. അവന് അവള്‍ അഭയസ്ഥാനമായി വര്‍ത്തിക്കുന്നു. പ്രസന്ന വദനയായി സന്തോഷത്തോടെ അവള്‍ സ്വീകരിക്കുമ്പോള്‍ അവന്റെ മനസ്സും നിറയും.

അബൂ ഉമാമ(റ) പ്രവാചകന്‍(സ)യില്‍ നിന്നും ഉദ്ധരിക്കുന്നു: ‘ദൈവഭക്തിക്ക് ശേഷം, സദ്‌വൃത്തയായ ഇണയേക്കാള്‍ ഉത്തമമായ മറ്റൊന്നും ഒരു വിശ്വാസിയും ഉപയോഗപ്പെടുത്തിയിട്ടില്ല. അവന്‍ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും. അവളിലേക്ക് നോക്കിയാല്‍ അവനത് സന്തോഷം നല്‍കും. സത്യം ചെയ്താല്‍ അവളത് പാലിക്കും. അവന്റെ അഭാവത്തില്‍ തന്റെ ശരീരത്തോടും അദ്ദേഹത്തിന്റെ സമ്പത്തിനോടും ഗുണകാംക്ഷയോടെ വര്‍ത്തിക്കും.’

പുരുഷന് സ്ത്രീയുടെ മേല്‍ ഒരു സ്ഥാനമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ‘സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്.’ എന്നാല്‍ പുരുഷന് കല്‍പിച്ചു നല്‍കിയിട്ടുള്ള ഈ സ്ഥാനം ഒരിക്കലും അവളെ അടിച്ചമര്‍ത്താനുള്ളതല്ല. അവളുടെ അഭിപ്രായങ്ങള്‍ക്ക് പ്രധാന്യം നല്‍കുകയും കുടുംബ ജീവിതത്തില്‍ അവളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ സന്തുഷ്ടമായ ദാമ്പത്യം സാധ്യമാവുകയുള്ളൂ. ‘പുരുഷന്‍മാര്‍ സ്ത്രീകളുടെ നാഥന്‍മാരാകുന്നു’ എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളതും ഈയൊരു അര്‍ത്ഥത്തില്‍ തന്നെയാണ്. ദമ്പതികള്‍ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുകയും വിലക്കെടുക്കുകയും വേണം. അതില്‍ മികച്ച അഭിപ്രായം ഏതാണെന്ന് ബോധ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കാനും ഇരുവരും തയ്യാറാവണം.    

Related Articles