Current Date

Search
Close this search box.
Search
Close this search box.

വാക്കുകള്‍ മധുരിക്കട്ടെ

life-family.jpg

‘നിങ്ങളവരോട് നന്മയില്‍ സഹവര്‍ത്തിക്കുക’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇണകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നിര്‍ദേശിക്കുന്നത്. ഏറ്റവും മഹത്തരമായ നന്മയില്‍ പെട്ടതാണ് സ്ത്രീ മനസ്സിന്റെ ദാഹം ശമിപ്പിക്കുന്ന മധുവൂറും വാക്കുകള്‍. എന്നാല്‍ നമുക്കിടയിലെ വൈകാരിക വരള്‍ച്ച ബാധിച്ചവരില്‍ അന്യമായിരിക്കുന്നതും അതാണ്. നല്ല വാക്കുകളോ ആത്മാര്‍ഥമായ പുഞ്ചിരിയോ അവിടെയുണ്ടാവുന്നില്ല.

നിങ്ങളൊരു നല്ല വാക്ക് ഉച്ചരിക്കുമ്പോള്‍ അതിലൂടെ അമൂല്യമായ ഒരു നിധിയുടെ താക്കോലാണ് ഉടമപ്പെടുത്തുന്നത്. മറ്റുള്ളവരെ അത് സന്തോഷിപ്പിക്കുന്നതിനൊപ്പം ലോകരക്ഷിതാവിന്റെ തൃപ്തിക്ക് നിങ്ങളെ അര്‍ഹനാക്കുകയും ചെയ്യുന്നു. നിങ്ങളുടെ സംസാരത്തിലുടനീളം അതിനായി ശ്രമിക്കുക. അതിന്റെ ഫലം ഒന്നാമതായി ലഭിക്കുക നിങ്ങള്‍ക്ക് തന്നെയായിരിക്കും. അല്ലാഹു പറയുന്നു: ”അല്ലാഹു നല്ല വചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണ്ടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു.” (ഇബ്‌റാഹീം: 24-25)

ആഇശ ബീവിയെ സന്തോഷിപ്പിക്കുന്നതിനായി പ്രവാചകന്‍(സ) നൈര്‍മല്യത്തോടെ ‘യാ ആഇശ്’ എന്നോ ‘യാ ഉമ്മി അബ്ദുല്ല’ എന്നോ ആയിരുന്നു വിളിച്ചിരുന്നത്. ഇത്തരം കാര്യങ്ങള്‍ വലിയ പ്രയാസമുള്ള ഒന്നല്ല. മനസ്സുകളില്‍ സ്‌നേഹം ഉണ്ടാക്കുന്ന നിസ്സാരമായ കാര്യങ്ങളാണത്.

വിവാഹത്തിന്റെ ഒന്നാം നാള്‍ മുതല്‍ ഇണയോട് നല്ല വാക്കുകള്‍ പറയുന്നത് ശീലമാക്കുക. ദാമ്പത്യ ജീവിതത്തിനത് പോഷണം നല്‍കും. ‘നല്ല വാക്കുകള്‍ പറയല്‍ പുണ്യമാണ്.’ പ്രസന്നവദനനായി ഇണയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതും പുണ്യമാണ്.

നബി(സ) പറയുന്നു: ”നീ നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പുണ്യമാണ്.”
മറ്റൊരിക്കല്‍ പറഞ്ഞു: ”ഒരു നന്മയും നീ നിസ്സാരമായി കാണരുത്, പ്രസന്നവദനനായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും.”
പ്രവാചകന്‍ പഠിപ്പിച്ച നന്മകളില്‍ പെട്ടതാണ് സലാം ചൊല്ലല്‍. നബി(സ) പറയുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക, ആളുകള്‍ക്ക് ആഹാരം നല്‍കുക, രാത്രിയില്‍ ജനങ്ങള്‍ ഉറക്കത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ നമസ്‌കരിക്കുക, സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.” അപ്രകാരം നാം വളര്‍ത്തിയെടുക്കേണ്ട മറ്റൊരു ശീലമാണ് ഹസ്തദാനം. ഒരു മുസ്‌ലിം തന്റെ സഹോദരന് ഹസ്തദാനം ചെയ്യുമ്പോള്‍ മരത്തില്‍ നിന്ന് ഇലകള്‍ കൊഴിയുന്ന പോലെ അവരുടെ പാപങ്ങള്‍ അടര്‍ന്നു വീഴുമെന്നാണ്.

കണ്ണുകളുടെ ഭാഷയും സ്വരവൈവിധ്യങ്ങളുടെയും മുഖഭാവങ്ങളുടെയും കല ദമ്പതിമാര്‍ പഠിക്കുന്നുണ്ടോ? മനസ്സില്‍ അതുണ്ടാക്കുന്ന അത്ഭുതങ്ങള്‍ ഏത്ര വലുതാണ്!

ഒരാള്‍ ഭാര്യയുമായി ശണ്ഠകൂടി. അതില്‍ ദേഷ്യപ്പെട്ട് എല്ലാം ഉള്ളിലൊക്കി ഭാര്യ തന്റെ വീട്ടിലേക്ക് പോകാനുറച്ച് വസ്ത്രങ്ങളെല്ലാം ബാഗില്‍ നിറക്കുകയാണ്. അതു കണ്ട ഭര്‍ത്താവിന് കാര്യം മനസ്സിലായി. പുഞ്ചിരിക്കുന്ന മുഖവുമായി അയാള്‍ നല്ല വാക്കുകളുമായി അവളെ സമീപിക്കുന്നു. എന്നിട്ട് ചോദിക്കുന്നു: നീ എന്താണ് ചെയ്യുന്നത്?
അവള്‍ പറയുന്നു: വേനല്‍ക്കാല വസ്ത്രങ്ങളെല്ലാം എടുത്ത് വെച്ച് തണുപ്പ് കാലത്തിനിണങ്ങിയ വസ്ത്രങ്ങള്‍ പുറത്തെടുത്തു വെക്കുകയാണ് ഞാന്‍.
എത്ര മനോഹരമാണിത്! ഒരു വാക്കുകൊണ്ട് അവളെ തൃപ്തിപ്പെടുത്താന്‍ സാധിച്ചു… ഒരു പുഞ്ചിരി മതി എല്ലാം മാറാന്‍.

വിവ: നസീഫ്‌

Related Articles