Current Date

Search
Close this search box.
Search
Close this search box.

മധുരിക്കും ഓര്‍മകളില്‍ ജീവിക്കാം

memories.jpg

നാം ഓരോരുത്തര്‍ക്കും കുറേ ഓര്‍മകളുണ്ടാവും. ജീവിതത്തിലെ നിമിഷങ്ങള്‍ക്ക് വലിയ മൂല്യമാണുള്ളത്. എന്നാല്‍ അത് ഓര്‍മകളായി മാറുമ്പോള്‍ മാത്രമാണ് അതിന്റെ മൂല്യം നാം തിരിച്ചറിയുന്നത്. സംഭവിക്കുമ്പോള്‍ പലതിനെയും നാം സാധാരണ സംഭവങ്ങളുടെ കൂട്ടത്തിലാണ് കണക്കാക്കാറുള്ളത്. എന്നാല്‍ കുറേ കാലത്തിന് ശേഷം അതോര്‍ക്കുമ്പോള്‍ നമുക്കത് സന്തോഷം പകരുന്നു. ചെറുപ്പകാലത്തെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ അന്ന് നാം അനുഭവിക്കാത്ത ഒരു സന്തോഷം നമുക്കത് നല്‍കാറുണ്ട്. ഏകാന്തനായി സുന്ദരമായ ഓര്‍മകളില്‍ നീന്തിക്കളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം.

ഓര്‍മകള്‍ സന്തോഷത്തിന്റേതാകുമ്പോള്‍ മനുഷ്യന് ആശ്വാസം പകരാനുള്ള മാര്‍ഗമാണ്. ദുഖത്തിന്റേതാകുമ്പോള്‍ നേരെ തിരിച്ചും. ജീവിതത്തിലെ സന്തോഷകരവും ദുഖകരവുമായ ഓര്‍മകളെ ബുദ്ധി സൂക്ഷിച്ചു വെക്കുന്നുണ്ട്. അപരിചിതമോ പുതുമയുള്ളതോ ജീവിത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചതോ ആയിട്ടുള്ള സംഭവങ്ങളെ കുറിച്ച ഓര്‍മകള്‍ ചിലപ്പോള്‍ ബുദ്ധി മടക്കികൊണ്ടു വരാറുണ്ട്. കാഴ്ച്ച, കേള്‍വി, സ്പര്‍ശനം, മണം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ എത്രത്തോളം അതില്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ടോ അതിനനുസരിച്ച് അതിനെ കുറിച്ച ഓര്‍മക്കും ശക്തി വര്‍ധിക്കും. അത്യപൂര്‍വമായ ചില കാര്യങ്ങള്‍ അപൂര്‍വമായിട്ടേ മറക്കാറുളളൂ. പ്രത്യേകമായ സമ്മാനങ്ങള്‍ ലഭിച്ചതും പ്രിയപ്പെട്ടവരുടെ മരണവും ഏറെ വേദനിപ്പിച്ച സംഭവങ്ങളും വിവാഹത്തിന്റെ ആദ്യ ദിനവുമെല്ലാം ഇങ്ങനെ ഓര്‍ക്കപ്പെടുന്നവയാണ്. അവയില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തപ്പെട്ടു എന്നതാണ് കാരണം. വിവാഹം അതിന് ഉദാഹരണമായിട്ടെടുക്കാം. കാഴ്ച്ചയും കേള്‍വിയും സ്പര്‍ശനവുമെല്ലാം സജീവമായി അതില്‍ ഉപയോഗപ്പെടുത്തപ്പെട്ടതിനാല്‍ അത് മറക്കാതെ നിലനില്‍ക്കുന്നു.

വാര്‍ധക്യത്തിലെ ടെന്‍ഷനെയും ഏകാന്തതയെയും ചികിത്സിക്കുന്നതിന് തുര്‍ക്കിയിലെ ഒരു കാരുണ്യ പ്രവര്‍ത്തന സംഘം ഓര്‍മകളെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു. വൃദ്ധന്‍മാര്‍ അനുഭവിക്കുന്ന ഏകാന്തതയെയും ഒറ്റപ്പെടലിനെയും ചികിത്സിക്കുന്നതിന് പുതുമയുള്ളതും വിചിത്രവുമായ മാര്‍ഗമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ജനിച്ചു വളര്‍ന്ന ഗ്രാമത്തെ ഒന്നു കൂടി അനുഭവിച്ചറിയാനുള്ള അവസരമാണ് അവര്‍ ഒരുക്കുന്നത്. അതിനായി സംഘം കുട്ടിയായിരിക്കെ ഒരാള്‍ ജീവിച്ച അതേ ഗ്രാമത്തില്‍ അയാള്‍ക്ക് താമസിക്കാനുള്ള വീട് വാങ്ങുകയാണ് ചെയ്യുന്നത്. ഈ രീതി പലരിലും അവര്‍ പരീക്ഷിക്കുകയും ദുഖത്തില്‍ നിന്നും സന്തോഷകരമായ ജീവിതത്തിലേക്ക് അവരെ മടക്കി കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവരെ സംബന്ധിച്ചടത്തോളം അവര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് പഴയ ഓര്‍മകളെ കുറിച്ച് സംസാരിക്കുന്നതാണെന്നതാണ് കാരണം.

ഞാന്‍ കേട്ട വിചിത്രമായ ഒരു സംഭവം പറയാം. ഒരു സ്ത്രീ എന്നോട് പറഞ്ഞതാണിത്. അവള്‍ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പുരുഷനോടൊപ്പം കുറേ കാലം ജീവിച്ച ശേഷം അവര്‍ പരസ്പരം പിരിഞ്ഞു. വിവാഹിതരായി ഒരുമിച്ചു ജീവിച്ചപ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങളെ കുറിച്ച ഓര്‍മകളാണ് അവള്‍ക്കിപ്പോള്‍ സന്തോഷം നല്‍കുന്നതെന്നാണ് അവള്‍ പറയുന്നത്.

കാലങ്ങള്‍ക്ക് ശേഷം ഓര്‍മകള്‍ നിങ്ങളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും നിങ്ങള്‍ പോലും അറിയാതെ സ്വാധീനിക്കുമെന്നത് അത്ഭുതകരമായ കാര്യമാണ്. കുട്ടിയായിരിക്കെ കച്ചവടക്കാരനായ പിതാവിനൊപ്പം ഇരുന്ന നിമിഷങ്ങളുടെ ഫലമായി വളര്‍ന്ന് വലുതായപ്പോള്‍ കച്ചവടത്തോട് താല്‍പര്യം ഉണ്ടായ എത്രയോ ആളുകളുണ്ട്. പാചകത്തില്‍ അത്ര നൈപുണ്യമൊന്നുമില്ലാതിരുന്നിട്ടും പാചകത്തോട് പ്രിയമുണ്ടായിരുന്ന ഒരു സ്ത്രീയെ എനിക്കറിയാം. ചെറിയ കുട്ടിയായിരിക്കെ അവള്‍ ഉമ്മയെ പാചകത്തില്‍ സഹായിച്ചിരുന്നു എന്നതാണ് കാരണം.

ഓരോരോ സംഭവങ്ങളെയും ചെറുപ്പത്തില്‍ നമ്മുടെ ഓര്‍മ പെറുക്കിയെടുത്ത് സൂക്ഷിച്ചു വെക്കുന്നു. പിന്നീട് നാം വലുതാകുമ്പോള്‍ അതുപയോഗപ്പെടുത്തുകയും ചെയ്യുന്നു. ചെറുപ്പത്തില്‍ മാതാപിതാക്കളുടെ കുട്ടിയോടുള്ള എല്ലാ പെരുമാറ്റങ്ങളും അവന്റെ ഓര്‍മയില്‍ മായാതെ നിലകൊള്ളും. കഴിഞ്ഞ കാലവും അതിലെ ഓര്‍മകളും ചികഞ്ഞെടുത്ത് എത്രയോ കേസുകള്‍ ഞാന്‍ ചികിത്സിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ കടുത്ത ദേഷ്യത്തിനിരയാകുന്ന സ്ത്രീയോട് അദ്ദേഹം വരുമ്പോള്‍ വിവാഹത്തിന് അണിഞ്ഞ വസ്ത്രം ധരിച്ച് അന്നുപയോഗിച്ച സുഗന്ധദ്രവ്യം പൂശി സ്വീകരിക്കാന്‍ ഞാന്‍ ഉപദേശിച്ചു. അതനുസരിച്ച് അവളത് ചെയ്തപ്പോള്‍ അവളെ ആ രൂപത്തില്‍ കണ്ട ഭര്‍ത്താവ് പുഞ്ചിരിച്ചു കൊണ്ടാണ് വീട്ടില്‍ കയറിയത്. അവര്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നം അതിലൂടെ പരിഹരിക്കപ്പെട്ടു. അയാളിലെ സുന്ദരമായ ഓര്‍മയെ ജീവിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

അതുകൊണ്ട് നമ്മുടെ മക്കള്‍ക്ക് സുന്ദരവും സന്തോഷകരവുമായ ഓര്‍മകള്‍ സൃഷ്ടിച്ചു കൊടുക്കാന്‍ നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. കളികളിലൂടെയും മറ്റുള്ളവരുമായുള്ള ഇടപഴകലിന് അവസരം ഒരുക്കിയും യാത്രകള്‍ ചെയ്തും അവരുടെ ഓര്‍മകളെ നാം സമ്പന്നമാക്കണം. ഗ്രാമീണ ജീവിതമാണ് കുട്ടിയുടെ ആരോഗ്യകരമായ ജീവിതത്തിനുത്തമം. കാരണം അവിടെ കുട്ടി വളരുന്നത് തുറന്ന സ്ഥലത്ത് കളിച്ചുല്ലസിച്ചാണ്. എന്നാല്‍ ഇന്ന് നമ്മുടെ മിക്ക കുട്ടികളും മുറിയിലടക്കപ്പെട്ടവരാണ്. അതില്‍ കൂട്ടിനുണ്ടാവുന്ന ഇലക്ട്രോണിക് ഗെയിമുകള്‍ അവരുടെ ഓര്‍മശക്തിയെയും ഓര്‍മകളെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രവാചകന്‍(സ)യുടെ പ്രിയ പത്‌നി ഖദീജ(റ)യുടെ വിയോഗത്തിന് ശേഷം അവരുടെ സഹോദരി ഹാല ബിന്‍ത് ഖുവൈലിദിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം ഉണ്ടാകാറുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഹാലയുടെ ശബ്ദം അദ്ദേഹത്തിന്റെ പ്രിയതമയെ കുറിച്ച ഓര്‍മകള്‍ മടക്കി കൊണ്ടുവന്നിരുന്നു എന്നതാണ് കാരണം. അതുകൊണ്ട് സന്തോഷകരമായ ഓര്‍മകളെ കൊണ്ട് നിങ്ങളുടെ ശേഖരം സമ്പന്നമാക്കുക.

വിവ: നസീഫ്‌

Related Articles