Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ ഭാര്യയെ പരിഗണിക്കുന്നയാളാണോ?

Considertn.jpg

ഭര്‍ത്താക്കന്മാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് സ്ത്രീകള്‍ പരാതി പറയുന്നത് എന്തുകൊണ്ടാണ്? യഥാര്‍ത്ഥത്തില്‍ ഭര്‍ത്താക്കന്മാര്‍ അവരുടെ ഭാര്യമാരെ പരിഗണിക്കുന്നില്ലേ? ഇനി ‘പരിഗണന’ എന്നതുകൊണ്ട് പ്രത്യേകമായ വല്ല അര്‍ത്ഥവും സ്ത്രീകള്‍ ഉദ്ദേശിക്കുന്നുണ്ടോ? ഭര്‍ത്താവിന് താന്‍ നല്‍കുന്ന പരിഗണന തനിക്കും അതേ അളവില്‍ ലഭിക്കണമെന്നാണോ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്?

തനിക്ക് ഭര്‍ത്താവില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന തരത്തില്‍ എന്റെ അടുത്തു വന്ന പരാതികളില്‍ നിന്നൊക്കെ ‘പരിഗണന’ എന്നതിന് സ്ത്രീകളുടെ നിഘണ്ടു അനുസരിച്ചുളള സാധ്യമായ എല്ലാ വ്യാഖ്യാനങ്ങളും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി പുരുഷന്‍ തന്നെ പരിഗണിക്കുന്നു എന്നവര്‍ക്ക് തോന്നലുണ്ടാക്കുന്ന സംഗതികള്‍ എന്തൊക്കെയാണെന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഭര്‍ത്താവ് എന്നെ നോക്കുന്നുണ്ടെങ്കില്‍ എന്നെ പരിഗണിക്കുന്നു എന്നാണര്‍ഥം. അതുപോലെ ഞാന്‍ സംസാരിക്കുമ്പോള്‍ മറ്റ് വിഷയങ്ങള്‍ ഇടക്ക് കയറി പറയാതിരിക്കുക, എന്നെ നടക്കാനായി പുറത്തേക്ക് കൊണ്ടുപോവുക, എന്റെ കാര്യങ്ങള്‍ക്കായി സമയം നീക്കിവെക്കുക, ദിവസം ആരംഭിക്കുന്നതും ദിവസം അവസാനിപ്പിക്കുന്നതും എന്റെ കൂടെയാവുക, എന്റെ അടുത്തില്ലാത്ത നേരങ്ങളില്‍ എന്നെ വിളിക്കുകയോ മൊബൈലില്‍ മെസേജുകള്‍ അയക്കുകയോ ചെയ്യുക, എന്റെ വസ്ത്രധാരണത്തെ കുറിച്ചും മുടിയെ കുറിച്ചും അഭിപ്രായങ്ങള്‍ പറയുക, ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ കൈ പിടിക്കുകയോ എന്നെ പുണരുകയോ ചെയ്യുക, മറ്റുള്ളവര്‍ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യുമ്പോള്‍ എന്നെ പ്രതിരോധിക്കുക, ചെറിയ ചെറിയ കാര്യങ്ങളെ കുറിച്ച എന്റെ സംസാരം പോലും ശ്രദ്ധിച്ചു കേള്‍ക്കുക. ഇതൊക്കെയാണ് തന്റെ ഭര്‍ത്താവ് തന്നെ പരിഗണിക്കുന്നു എന്ന് സ്ത്രീകള്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍.

അപ്പോള്‍ മുന്തിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുക, നല്ല വീട് പണിതു നല്‍കുക, നല്ല ഭക്ഷണം തീറ്റിക്കുക എന്നത് മാത്രമല്ല പുരുഷന്മാരില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. വൈകാരികമായി തന്നോട് അടുപ്പമുള്ള ഒരാളെയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ ഓരോ സ്ത്രീയും തേടുന്നത്. എന്നാല്‍ ‘പരിഗണന’ എന്നതിന് സ്ത്രീകള്‍ നല്‍കുന്ന ഈ നിര്‍വചനം പുരുഷന്മാര്‍ മനസ്സിലാക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ജീവിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് മാത്രമാണോ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലിയ പരിഗണന? ഭാര്യമാര്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയിട്ടും അവര്‍ക്ക് തങ്ങളോട് യാതൗരു മതിപ്പുമില്ലെന്ന് പല പുരുഷന്മാരും പരാതി പറയുന്നത് ഇതിനാലാണ്. ഭര്‍ത്താവില്‍ നിന്ന് വൈകാരിക അടുപ്പവും പരിഗണനയും ലഭിക്കാത്ത സ്ത്രീകള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന് അടിമകളായിരിക്കും. പല കാര്യങ്ങളും മനസ്സില്‍ അടക്കിപ്പിടിച്ച് നീറുന്നവരായിരിക്കും അവര്‍. വൈകാരിക പരിഗണനയാണ് ഒരു സ്ത്രീയെ സന്തോഷവതിയും ഉത്സാഹവതിയുമാക്കുന്നത്. അത് മൊത്തം കുടുംബത്തിന്റെ താളത്തെ സ്വാധീനിക്കുകയും ചെയ്യും.

തന്റെ പിതാവിന്റെ വാത്സല്യം അനുഭവിക്കാനായി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ അനുഭവം എന്റെ മുന്നിലുണ്ട്. പരിഗണനയും സ്‌നേഹവുമാണ് സ്ത്രീയുടെ മനസ്സിലേക്കുള്ള താക്കോല്‍. ധനാഢ്യനായ തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ഒരു സ്ത്രീയുടെ കഥ വിചിത്രമാണ്. അവള്‍ക്ക് ചായ്‌വുണ്ടായിരുന്നത് ഭര്‍ത്താവിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു പാവപ്പെട്ട യുവാവിനോടായിരുന്നു. അയാളില്‍ അവള്‍ കണ്ട ഗുണം, തന്നെ അവന്‍ പരിഗണിക്കുകയും തന്റെ വാക്കുകള്‍ക്ക് ചെവി തരുകയും ചെയ്യുന്നു എന്നതാണ്. അതുകൊണ്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്, നിങ്ങള്‍ സ്ത്രീകളോട് മാന്യമായി വര്‍ത്തിക്കുക എന്ന്. കാരണം, അല്ലാഹു സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് വളരെ നൈര്‍മല്യത്തോടെയാണ്. പ്രവാചകന്‍(സ) അവിടുത്തെ ഭാര്യമാരോടും പുത്രിമാരോടും വെച്ചുപുലര്‍ത്തിയ സ്വഭാവഗുണങ്ങള്‍ ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. തന്നെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് തന്റെ സര്‍വസ്വവും നല്‍കാന്‍ ഓരോ സ്ത്രീയും തയ്യാറാകും. ഇല്ലെങ്കില്‍ സ്‌നേഹവും പരിഗണനയും കിട്ടുന്ന മറ്റ് മാര്‍ഗങ്ങള്‍ തേടാനും അവര്‍ നിര്‍ബന്ധിതരാവും.

വിവ: അനസ് പടന്ന

Related Articles