Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തില്‍ സ്ത്രീ നിരാശയാകുന്നതെപ്പോള്‍?

life-family.jpg

എഴുതാനും കാര്യങ്ങള്‍ അവതരിപ്പിക്കാനുമുള്ള കഴിവുണ്ടായിട്ടും അതിന് ശ്രമിക്കാതെ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു അയാള്‍. പത്രമാസികകളില്‍ എഴുതാനുള്ള ഭാര്യയുടെ നിര്‍ദേശം സ്വീകരിച്ച അദ്ദേഹം എഴുത്തിന്റെ പാതയിലേക്ക് കാലെടുത്തു വെച്ചു. ഓരോ രാത്രിയിലും ഉറക്കമിളച്ച് ലേഖന സംബന്ധമായ ചിന്തകളും എഴുത്തിന്റെ രീതികളും ഭാര്യയോട് പങ്കുവെച്ചു. അങ്ങനെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. അദ്ദേഹം ക്ലാസ്സുകള്‍ എടുക്കാന്‍ തുടങ്ങി. ഈ വിജയത്തിലെല്ലാം എല്ലാവിധ സഹായവും പിന്തുണയും നല്‍കി ഭാര്യ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതിനിടക്ക് ഭാര്യക്ക് സ്തനാര്‍ബുദം ബാധിച്ചു. സ്തനങ്ങളിലൊന്ന് ഓപറേഷന്‍ ചെയ്ത് നീക്കേണ്ടി വന്നു. അവിടം മുതല്‍ അവള്‍ക്ക് ഒരുതരം അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. തന്നെ ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ചിന്ത അവളെ വിടാതെ പിന്തുടരാന്‍ തുടങ്ങി. കാരണം അദ്ദേഹത്തിന്റെ വളര്‍ച്ചക്കും വിജയങ്ങള്‍ക്കും താനൊരു തടസ്സമാകുമെന്ന ചിന്തയായിരുന്നു അവളില്‍. രോഗത്തിലും ഓപറേഷന്‍ സമയത്തും അദ്ദേഹം തന്നോടൊപ്പം നിലകൊണ്ടതിനെ ഭര്‍ത്താവിന്റെ കടമ എന്ന നിലക്കാണ് അവള്‍ കണ്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ എന്തായിരിക്കും അവസ്ഥയെന്നത് അവളെ അസ്വസ്ഥപ്പെടുത്തി.

ദാമ്പത്യത്തില്‍ കടന്നു വരുന്ന വലിയൊരു വീഴ്ച്ചയെ കുറിച്ച് പറയുന്നതിനാണ് ഞാന്‍ ഈ സംഭവ കഥ നിങ്ങളോട് പറഞ്ഞത്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ഒത്തൊരുമയോട ജീവിക്കുന്ന പല ദമ്പതികളും കരുതുന്നത് ജീവിതാവസാനം വരെ അത് അങ്ങനെ തന്നെ തുടരുമെന്നാണ്. ജീവിതത്തിന്റെ ആ ഒഴുക്കിന് മാറ്റം വരുത്തുന്ന ഒരു കാര്യവും അവരുടെ സങ്കല്‍പത്തിലേ വരുന്നില്ല.

ആദ്യ മാറ്റത്തിന് മുന്നില്‍ തന്നെ ദാമ്പത്യ ബന്ധം പരാജയപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. പുതുതായി സംഭവിച്ച കാര്യത്തെ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്തതോ പുതിയ അവസ്ഥയെ എങ്ങനെ നേരിടണമെന്നതില്‍ ഇരുവര്‍ക്കും ധാരണയില്‍ എത്താന്‍ സാധിക്കാത്തതോ ആണ് അതിന്റെ കാരണം. ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കുണ്ടാവുന്ന രോഗമായിരിക്കാം അത്. അല്ലെങ്കില്‍ ജോലിക്കയറ്റം, രാഷ്ട്രീയപരമായ സുപ്രധാന സ്ഥാനം, ചെറിയ വീട്ടില്‍ നിന്നും വിശാലമായ പുതിയ വീട്ടിലേക്കുള്ള മാറ്റം, ജോലിയിലെ സ്ഥലം മാറ്റം, വലിയ അളവില്‍ ലഭിച്ചിട്ടുള്ള അനന്തസ്വത്ത് തുടങ്ങിയവയും അതിനുദാഹരണങ്ങളാണ്.

മേല്‍പറഞ്ഞതും അല്ലാത്തതുമായ മാറ്റങ്ങളെ ദമ്പതികള്‍ ശരിയായി സമീപിക്കേണ്ടത് അനിവാര്യമാണ്. കാരണം ഏത് പുതിയ മാറ്റവും മറുകക്ഷിയില്‍ ഭാവിയെ കുറിച്ച ഉത്കണ്ഠയും അസ്വസ്ഥയും ഉണ്ടാക്കും. ലേഖനത്തിന്റെ തുടക്കത്തില്‍ നാം പറഞ്ഞ കഥയിലെ എഴുത്തുകാരന്‍ ഭാര്യക്ക് രോഗം ബാധിച്ചതിന് ശേഷം ആദ്യമായി ചെയ്തത് അവളുടെ വിശേഷണങ്ങളെയും അവള്‍ തനിക്ക് നല്‍കിയ പിന്തുണയെയും കുറിച്ച് നിരവധി ലേഖനങ്ങളെഴുതുകയാണ്. തനിക്കിന്ന് ലഭിച്ചിരിക്കുന്ന പ്രശസ്തിക്കും വിജയത്തിനും എങ്ങനെ അവള്‍ കാരണക്കാരിയായെന്ന് അദ്ദേഹം എഴുതി. ആ ലേഖനങ്ങള്‍ അയാള്‍ അവളെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. പിന്നെ തന്റെ ജോലിയില്‍ അവള്‍ എങ്ങനെയാണോ സഹായവും പിന്തുണയും നല്‍കിയത് അതുപോലെ അവളുടെ രോഗത്തില്‍ പിന്തുണയും സഹായവും നല്‍കി. അദ്ദേഹം എഴുതിയത് വായിച്ചു കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസവും നിര്‍ഭയത്വവും അനുഭവപ്പെട്ടു. അതിലൂടെ അവര്‍ക്കിടയിലുള്ള സ്‌നേഹം കൂടിക്കൂടി വന്നു.

ഒരു സ്ത്രീയുടെ ഭാര്യയെന്ന നിലക്കുള്ള ബാധ്യതകളെയും അതിന് പുറമെ അവള്‍ തന്റെ ഇഷ്ടപ്രകാരം ഭര്‍ത്താവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കാന്‍ പല പുരുഷന്‍മാര്‍ക്കും സാധിക്കുന്നില്ല. സ്ത്രീ ചെയ്യുന്നതെല്ലാം അവളുടെ ബാധ്യതയായി മനസ്സിലാക്കുന്നവരാണ് പല ഭര്‍ത്താക്കന്‍മാരും. എന്നാല്‍ ഇണയോട് പെരുമാറുന്നതിനെ കുറിച്ച് ബോധമുള്ള പുരുഷന്‍ അവളെ അവഗണിക്കുകയോ നിസ്സാരവല്‍കരിക്കുകയോ ചെയ്യില്ല. മറിച്ച് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമായിട്ടാണവളെ കാണുക. പ്രവാചകന്‍(സ) ഖദീജ(റ)യോട് ആത്മാര്‍ത്ഥത പുലര്‍ത്തിയ പോലെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കും അവര്‍.

സ്‌നേഹബന്ധം ഒരു പൂന്തോട്ടം പോലെയാണ്. എത്രത്തോളം പരിചരണവും ശ്രദ്ധയും അതിനു ലഭിക്കുന്നുവോ അത്രത്തോളം പൂക്കളെ കൊണ്ടത് ശോഭിക്കും. സ്ത്രീകള്‍ക്ക് ഇടക്കിടെ ഉപഹാരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. വീടിനും കുടുംബത്തിനും വേണ്ടി അവള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കപ്പെടുന്നത് അവളിഷ്ടപ്പെടുന്നു. ചെറിയ ഉപഹാരങ്ങള്‍ തന്നെ അവളെ സന്തോഷിപ്പിക്കും. ചുമലില്‍ തട്ടിയുള്ള അഭിനന്ദനം, മുഖത്തു നോക്കിയുള്ള പുഞ്ചിരി, ആത്മാര്‍ത്ഥമായ നന്ദി പ്രകടനവും പ്രശംസയും, വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് ആദരവ് പ്രകടിപ്പിക്കല്‍, അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ പോലുള്ള കാര്യങ്ങള്‍ അവളെ ഏറെ സന്തോഷിപ്പിക്കും.

ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം പുരുഷന്റെ മൗനവും അവളുടെ സംസാരത്തോട് പ്രതികരിക്കാതിരിക്കലും ഏറ്റവും വലിയ പീഢനമാണ്. തന്നെ കുറിച്ച കാര്യങ്ങളോടും തന്റെ സംസാരത്തോടുമുള്ള അവഗണനയും അവളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ ഭര്‍ത്താവില്‍ നിന്നുള്ള അംഗീകാരമോ മധുരമുള്ള വാക്കുകളോ ലഭിക്കാതിരിക്കുമ്പോള്‍ ഭാവിയില്‍ അത് ലഭിക്കുമെന്ന പ്രതീക്ഷയാണ് സഹനമവലംബിക്കാന്‍ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അത് ലഭിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ദാമ്പത്യത്തെ കുറിച്ച നിരാശയിലേക്കാണത് നയിക്കുക.

വിവ: നസീഫ്

Related Articles