നമ്മുടെ യുവതലമുറക്ക് അവരാഗ്രഹിക്കുന്നതും താൽപര്യപ്പെടുന്നതും എന്തെല്ലാമാണോ അതെല്ലാം ഇന്നവർക്ക് ലഭ്യമാണല്ലോ. തനിക്ക് മുന്നിൽ ലഭ്യമായ സകലമാന വിനോദങ്ങളുടെയും ആധിക്യം കാരണം അവർക്ക് വിവാഹജീവിതത്തോട് തന്നെ മടുപ്പും താൽപര്യക്കുറവും ഉള്ളതായാണ് കാണപ്പെടുന്നത്. വിവിതങ്ങളായ ഗെയിമുകൾ, സിനിമ, പാർടികൾ, നടത്തം, ഷോപ്പിംഗ്, കഫേകളിൾ പോയിരിക്കൽ, സെലിബ്രിറ്റി അക്കൗണ്ടുകൾ പിന്തുടരൽ, സോഷ്യൽ നെറ്റ് വർക്കുകളിലെ ബ്രൗസിംഗ്, വിനോദ യാത്രകൾ, ഇലക്ട്രോണിക് ഗെയിമുകളിൽ മുഴുകുക തുടങ്ങി ഒട്ടേറ സാധ്യതകളാണ് അവർക്ക് മുന്നുലുള്ളത്. ഇതെല്ലാം വഴി യുവതലമുറയിൽ സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും തോത് വളരെ ഉയർന്നതാണെന്നും പല പഠനങ്ങളും പറയുന്നുണ്ട്. പലരും ഉറക്കമില്ലായ്മ വലിയ അളവിൽ അനുഭവിക്കുന്നുവെന്നും, ചെറുപ്പമായിട്ടും അവരനുഭവിക്കുന്ന സമ്മർദ്ദങ്ങളാൽ രാത്രിയിൽ ഒന്നിലധികം തവണ ഉറക്കമുണരുന്നുവെന്നും പഠനങ്ങൾ പറയുന്നു.
ഇങ്ങനെ ദിവസം മുഴുവൻ പലവിധ വിനോദങ്ങളിൽ വ്യാപൃതനായി ഏറെ സമ്മർദത്തിലായ ഒരു യുവാവിനോട്, വിവാഹത്തെ കുറിച്ച് നിങ്ങളൊന്ന് പറഞ്ഞ് നോക്കൂ. താൻ അനുഭവിക്കുന്ന ഉത്കണ്ഠ, ജീവിതത്തിൽ നടക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ, തിരഞ്ഞെടുപ്പുകളിലുള്ള ബാഹുല്യം, പലരും അനുഭവിക്കുന്ന ജോലിയിലെ അസ്ഥിരത, ഇലക്ട്രോണിക് ഗെയിമുകളിലും ഡേറ്റിംഗ് പ്രോഗ്രാമുകളിലുമുള്ള ആസക്തി എന്നീ കാരണങ്ങലാൽ അവരിൽ ഭൂരിഭാഗവും ഒറ്റപ്പെടലുകൾ വലിയതോതിൽ അനുഭവിക്കുന്നതിനാൽ തീർച്ചയായും അവർ വിവാഹത്തിന് മടിക്കുകയാണ് ചെയ്യുക. കഴിഞ്ഞ കാലത്തെയും ഇന്നത്തെയും വിവാഹങ്ങളുടെ തമ്മിലുള്ള അനുപാതം ശ്രദ്ധിച്ചാൽ ഇപ്പറയുന്നതിലുള്ള വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാവുന്നതെയുള്ളൂ.
വാഷിംഗ്ടണിലെ Pew Research Center നടത്തിയ ഒരു പഠനം പറയുന്നത്, 1960 ൽ 18 നും 29 നുമിടയിൽ പ്രായമുള്ള 59% പേരും വിവാഹിതരായിരുന്നുവെന്നും, എന്നാൽ 2011-ൽ ഇതേ പ്രായത്തിലുള്ള 20% മാത്രമേ വിവാഹിതരായിട്ടുള്ളൂ എന്നുമാണ്. അതായത് 50 വർഷത്തിനിടയിൽ ശരാശരി 40% കുറവ് വന്നിരിക്കുന്നുവെന്ന കണക്കാണ് അവർ കണ്ടെത്തുന്നത്. അടുത്തിടെ അൽ ജസീറ തങ്ങളുടെ വെബ്‌സൈറ്റിൽ നടത്തിയ ഒരു ഗ്യാലപ്പ് വോട്ടെടുപ്പ് പ്രകാരം 18നും 29 നുമിടയിൽ പ്രായമുള്ളവരിൽ 64% വും അവിവാഹിതരാണന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 50 വർഷത്തെ വിവാഹത്തിലുണ്ടായ കാര്യമായ വ്യതിയാനമാണിതെല്ലാം കാണിക്കുന്നത്. നമ്മളിൽ ചിലർ ഈ പഠനങ്ങളെ വിദേശ രാജ്യങ്ങളെന്ന് പറഞ്ഞ് തള്ളിയേക്കാം, എന്നാൽ നമ്മുടെ സമൂഹത്തിലും നമ്മുടെ അനുഭവത്തിലും ഈ സംഖ്യകൾ സമാനമായ ഒരു സൂചകം തന്നെയായാണ് നമുക്കും കാണാൻ സാധിക്കുന്നത്. നമുക്ക് മുമ്പിൽ അത്തരത്തിലുള്ള കൃത്യമായ പഠനങ്ങൾ ഇല്ലെങ്കിലും, യുവാക്കളുടെ വിവാഹം കഴിക്കാനുള്ള വിമുഖതയിലും കാലതാമസത്തിലുമുള്ള നിരീക്ഷണം ഏറെ വ്യക്തമാണ്. നമ്മളും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസം ഏതാനും ശതമാനം മാത്രമായിരിക്കാം. വിവാഹ നടപടിക്രമങ്ങൾ, ചെലവുകളുടെയും മറ്റും കാര്യത്തിൽ അനുദിനം ഉണ്ടാവുന്ന ഭാരിച്ച ഉയർച്ചകൾ, എന്നിവയെല്ലാം പല യുവാക്കളെയും താൽക്കാലിക ബന്ധങ്ങൾ അവലംബിക്കുന്നതിലേക്കും ചിലപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതിലേക്കും പ്രേരിപ്പിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്.
ജീവിതത്തിൽ കാണപ്പെടുന്ന വേഗത ആത്മാവിനെയും മനസ്സിനെയും സ്വാധീനിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എത്രത്തോളമെന്നാൽ, ഇത് നമ്മുടെ സാമൂഹിക ബന്ധങ്ങളെപ്പോലും ബാധിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ ആളുകൾ ആഴമേറിയതും ശാശ്വതവുമായ ബന്ധങ്ങളിൽ നിന്ന് മാറി താത്കാലികവും വേഗത്തിലുള്ളതുമായതിലേക്ക് മാറാൻ തുടങ്ങി എന്ന് വേണം കരുതാൻ. വിവാഹം ഒരു ശാശ്വതമായ ബന്ധമാണല്ലോ, താൽക്കാലികമോ ക്ഷണികമോ അല്ല. ഈ സാഹചര്യം വിവാഹത്തിന്റെ തത്വത്തെയും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് നിരവധികളായ ഡേറ്റിംഗ് പ്രോഗ്രാമുകളുടെ വ്യാപനത്തോടെ. മാറ്റത്തിന്റെ വേഗത ജീവിതത്തിൽ എല്ലാത്തിനെയും കീഴ്പ്പെടുത്തിയിരിക്കുന്നു. വീടുകൾ പോലും താമസത്തിനുള്ള സ്ഥലമല്ലാതായിരിക്കുന്നു, മറിച്ച് ഇന്നത് വിനോദത്തിനുള്ള സ്ഥലമായാണ് മാറിയിരിക്കുന്നത്.
യുവാക്കൾ വിവാഹത്തിൽ നിന്ന് ഒളിച്ചോടാതിരിക്കാനും പെൺകുട്ടികൾ വിവാഹ ജീവിതത്തെ ഭയപ്പെടാതിരിക്കാനും നേരത്തെയും നിശ്ചിതസമയത്തുമുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളും ഉണ്ടാവുകതന്നെ വേണം. വിവാഹ ജീവിതത്തിന്റെ വിജയത്തിന് സഹായകമാകുന്ന ബോധവൽക്കരണ പരിപാടികളും, വിവാഹിതരായ ദമ്പതികൾക്ക് സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ സഹായിക്കുന്ന പ്രായോഗിക കാഴ്ചപ്പാടുകളും, കുട്ടികളെ നല്ല പൗരൻമാരായി വളർത്താൻ സഹായിക്കുന്ന പഠനക്ലാസുകളും മാതാപിതാക്കൾക്ക് ലഭ്യമാക്കാനും അതിലൂടെ സന്തുഷ്ടമായ ഒരു കുടുംബം കെട്ടിപടുക്കാനും നമ്മുടെ യുവ തലമുക്ക് സാധിക്കേണ്ടതുണ്ട്.
വിവ- അബൂ ഫിദ
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5