Current Date

Search
Close this search box.
Search
Close this search box.

ശരിയും തെറ്റും തീരുമാനിക്കേണ്ടത്

yes.jpg

നിങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്ന എല്ലാ അഭിപ്രായങ്ങളും പരിഗണിക്കരുത്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോള്‍ എന്നോടൊപ്പം സ്‌കൂളിലും കോളേജിലും പഠിച്ചിരുന്ന കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ എന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ചിന്തകളില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും വിദൂരമായതിലേക്കാണ് പലപ്പോഴും അവയെന്നെ നയിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവ വിഢിത്തമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവരില്‍ ഭൂരിഭാഗം പേരും എന്റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തവരായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. അവരുടെ വാക്കുകള്‍ കേവലം അഭിപ്രായത്തിന് വേണ്ടിയുള്ള അഭിപ്രായങ്ങളായിരുന്നു. നിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ തള്ളിക്കയണം എന്നല്ല പറയുന്നത്. അതിലേറെ പ്രധാനമായിട്ടുള്ളത് നിന്നെ കുറിച്ച് നിനക്ക് തന്നെയുള്ള ബോധവും വിചാരവുമാണ്.

1) ജീവിതത്തില്‍ മറ്റുള്ളവര്‍ സ്വീകരിക്കുന്ന രീതി സവിശേഷമായ നിന്റെ ശൈലിയെ സ്വാധീനിക്കേണ്ടതില്ല. നിന്റേതല്ലാത്ത ഒരു വസ്ത്രമണിഞ്ഞ് നീ ജീവിക്കുന്നത് നിനക്ക് യോജിച്ച കാര്യമല്ല. നീ ജീവിക്കേണ്ടത് നിന്റെ തന്നെ മാര്‍ഗത്തിലാണ്. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അതിനെകുറിച്ച് നന്നായി അറിയുന്നത് നീ തന്നെയാണ്. നിനക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിലാണ് നീ വസ്ത്രം ധരിക്കേണ്ടതും മുടി ചീകേണ്ടതും. ജീവിതത്തില്‍ നിനക്ക് നിന്റേതായ രീതിയുണ്ടായിരിക്കണം.

2) മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് നീ. മറ്റൊരാളായി മാറാനുള്ള നിന്റെ ശ്രമം നിന്റെ സവിശേഷമായ സൗന്ദര്യത്തെ നശിപ്പിക്കലാണ്. നിന്നെ മറ്റൊരാളുടെ പകര്‍പ്പാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഭ്രാന്തമായ ലോകത്തെ പ്രതിരോധിക്കാന്‍ നിനക്ക് സാധിക്കണം. നിന്റെ സവിശേഷതയെ കാത്തുസൂക്ഷിക്കാന്‍ ധൈര്യമുണ്ടായിരിക്കുകയെന്നത് വളരെ അനിവാര്യമാണ്.

3) നീ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാകുന്നത് ദുഖകരമായ കാര്യമാണ്. നിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സദ്‌വൃത്തരും വിജയികളുമായ ആളുകളുടെ പാത പിന്തുടരുകയെന്നതാണ് നിനക്ക്് ചെയ്യാന്‍ സാധിക്കുന്നത്. അപ്പോള്‍ നിന്നെ വിമര്‍ശിച്ചിരുന്നവര്‍ പോലും നിന്നെ അനുസരിക്കുന്നവരായി മാറും. തെറ്റായ ചിന്തകളായിരുന്നു അവര്‍ നിന്നോട് പങ്ക് വെച്ചിരുന്നത്. കാരണം നിന്റെ വലിയ സ്വപ്‌നങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. നിന്റെ ലക്ഷ്യങ്ങളും ചിന്തകളും അവര്‍ മനസിലാക്കുന്നുമില്ല. പരാജയത്തില്‍ നിന്ന് നിന്നെ രക്ഷിക്കാനുള്ള അവരുടെ അഭിപ്രായങ്ങള്‍ യഥാര്‍ഥത്തില്‍ ഉദ്ദേശ്യപൂര്‍വമല്ലാതെ നിന്റെ ലക്ഷ്യത്തില്‍ നിന്ന് തടഞ്ഞ് വെക്കലായിരിക്കും.

4) മറ്റുള്ളവര്‍ നിനക്ക് വെക്കുന്ന പരിധികളെ നീ പരിഗണിക്കേണ്ടതില്ല. നാം കൂടുതല്‍ പുരോഗതിയിലേക്ക് നോക്കുമ്പോള്‍ പല ആളുകളും അതിനെ അസംഭവ്യവും അസാധ്യവുമായ കാര്യമായി കരുതും. നിന്റെ അത്തരം സ്വപ്്‌നങ്ങളെ അവര്‍ പരിഹസിച്ചു കൊണ്ടേയിരിക്കും. അവര്‍ക്ക് ആരെയും സ്വാധീനിക്കാന്‍ കഴിയില്ല. അവരോട് തര്‍ക്കിക്കാന്‍ ശ്രമിക്കരുത്, അത് നിന്റെ സമയം നഷ്ടമാക്കുകയല്ലാതെ മറ്റൊരു നേട്ടവും ഉണ്ടാക്കില്ല. നിന്റെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താതെ അവരെ അവഗണിക്കുകയാണ് നല്ലത്. നിന്റെ താല്‍പര്യമനുസരിച്ച് നീ പ്രവര്‍ത്തിക്കുക, നിന്നോട് തന്നെ ചോദിച്ച് എവിടെയാണോ ലക്ഷ്യമാക്കുന്നത് അതിനായി പ്രവര്‍ത്തിക്കുക. മറ്റുള്ളവര്‍ക്ക് കൂട്ടിലടക്കാന്‍ നിന്നെ വിട്ടുകൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ ഉന്നയിക്കുന്ന കാര്യങ്ങളനുസരിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് ഒന്നും ചെയ്യാനാവില്ല.

5) കൂട്ടുകാര്‍, അയല്‍ക്കാര്‍, മറ്റു വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുമായി നിന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കുക. നിന്റെ കഴിവുകളും ശക്തിയും കൊണ്ട് നീ വ്യത്യസ്തനാണെന്ന് തിരിച്ചറിയണം. നിനക്ക് വരദാനമായി ലഭിച്ചിട്ടുള്ള കഴിവുകളെകുറിച്ച് ചിന്തിക്കണം. നിന്റെ ജീവിതത്തിലെ പുതുതായി വരുന്ന കാര്യങ്ങളില്‍ നന്ദിയുള്ളവനായിരിക്കണം. നമ്മിലധികം ആളുകളും ഒരു നിശ്ചിത ലക്ഷ്യത്തിലെത്തിയാല്‍ സന്തുഷ്ടരാകും എന്ന് വിശ്വസിക്കുന്നവരാണ്. ജോലിസ്ഥലത്ത് മാനേജര്‍ സ്ഥാനമോ, അല്ലെങ്കില്‍ കൂട്ടുകാരനുള്ളത് പോലെ നദിക്കരയില്‍ ഒരു കൊട്ടാരമോ അതുപോലുള്ള മറ്റെന്തെങ്കിലും നേടുകയായിരിക്കും സന്തുഷ്ടിയുടെ മാനദണ്ഡം. അതിന് സമയമെടുക്കും, എന്നാല്‍ അത് നേടികഴിയുമ്പോള്‍ പുതിയ ലക്ഷ്യമോ വീക്ഷണമോ ഉണ്ടാവുകയില്ല. അതിന് പകരം നീ എവിടെയാണുള്ളതെന്നും നിന്റെ കൈവശമെന്തുണ്ടെന്നും നിനക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും വിലയിരുത്തുക. ജീവിതത്തില്‍ വളരെയധികം പ്രയാസപ്പെടുന്ന മറ്റുള്ളവരുമായി നമ്മെ ഒരിക്കലും താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്.

6) പരിപൂര്‍ണ്ണതയെകുറിച്ചോര്‍ത്ത് അസ്വസ്ഥനാകരുത്. നമ്മിലധികം പേരും പൂര്‍ണ്ണതയെ ഇഷ്ടപ്പെടുന്നവരാണ്. നാം വലിയ ലക്ഷ്യങ്ങള്‍ കാണുകയും അതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നു. ഉന്നതമായ ആ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കൂടുതല്‍ സമയവും പരിശ്രമവും ആവശ്യമായിരിക്കും. പൂര്‍ണ്ണതയില്‍ എത്താനുള്ള ശ്രമം ഫലം സാക്ഷാത്കരിക്കുന്നതില്‍ അവ സഹായകമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ പൂര്‍ണ്ണതയില്‍ എത്താനുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക? നമ്മെയത് പരാജിതരും നിരാശരുമാക്കി തീര്‍ക്കും. വെല്ലുവിളികള്‍ നേരിടുന്നതില്‍ നിന്ന് നമ്മെയത് പിന്നോട്ടടിപ്പിക്കും. പലപ്പോഴും നാം തുടങ്ങിവെച്ചകാര്യങ്ങള്‍ പോലും അവസാനിപ്പിക്കുന്നതിലേക്കത് എത്തിക്കും. പരിപൂര്‍ണ്ണത എല്ലാത്തിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ഒരു കാര്യം തുടങ്ങാന്‍ പ്രയാസകരമായിരിക്കും, തുടങ്ങിയാല്‍ അതവസാനിപ്പിക്കുന്നത് അതിലേറെ പ്രയാസകരമായിരിക്കും.

7) ശരി തന്റേത് മാത്രമാണെന്ന് ചിന്ത ഉപേക്ഷിക്കണം. ഈ ലോകത്ത് നിരുപാധികം അവകാശങ്ങളെന്നും തെറ്റുകളെന്നും പറയാവുന്ന കാര്യങ്ങള്‍ വളരെ കുറവാണ്. നിങ്ങളെ സംബന്ധിച്ച് ശരിയായ ഒരു കാര്യം എന്നെ സംബന്ധിച്ചെടത്തോളം തെറ്റായിരിക്കാം, നേരെ തിരിച്ചും ആവാം. തങ്ങള്‍ ശരിയെന്ന് മനസിലാക്കുന്ന രീതിയില്‍ ജീവിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. അവരുടെ അഭിപ്രായമനുസരിച്ചുള്ള നിലപാടാണത്. അവനോട് ഒരിക്കലും തര്‍ക്കിക്കുകയോ സമരം ചെയ്യുകയോ വേണ്ടതില്ല. അതിന്റെ പേരില്‍ ഭാര്യയോടോ കുടുംബാംഗങ്ങളോടോ അയല്‍ക്കാരോടോ തര്‍ക്കിക്കേണ്ടതില്ല. ശക്തമായ ദേഷ്യവും മോശപ്പെട്ട പ്രയോഗങ്ങള്‍ ഉപയോഗിക്കാനുള്ള താല്‍പര്യവും വരുമ്പോള്‍ നാവിന്റെ തുമ്പിലേക്ക് നോക്കുക. വായ് അടച്ച് വെച്ച് മനസിനെ ശാന്തമാകാന്‍ അനുവദിക്കുക. എല്ലാഴ്‌പ്പോഴും നീ തന്നെയായിരിക്കണം വിജയിക്കുന്നവനെന്നും നിന്റേത് മാത്രമാണ് സത്യവും തെളിവുമെന്നും കരുതരുത്. അതിന് പകരം പുതിയ ചിന്തകള്‍ക്കായി നിന്റെ മനസിനെയും ചിന്തയെയും തുറക്കുക. മറ്റുള്ളവര്‍ ചെയ്യുന്നതില്‍ മാത്രം നീ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം അവര്‍ ചെയ്യുന്നത് എന്തുകൊണ്ട് ചെയ്യുന്നു എന്ന്് കണ്ടെത്താന്‍ സമയം ചെലവഴിക്കുക.

8) ശരിയാവില്ലെന്നുള്ള ഭയം ഒഴിവാക്കുക. ഒരു കാര്യം ചെയ്യുമ്പോള്‍ തെറ്റുപറ്റും എന്നു കരുതി അതുപേക്ഷിക്കുന്നത് വളരെ അപകടകരമാണ്. നിനക്കത് സാധിക്കുമെന്ന കാര്യത്തില്‍ സംശയിക്കാതിരിക്കുക. ജീവിതത്തില്‍ അവസരങ്ങള്‍ കൂടുതലായി ലഭിക്കില്ല. അവ സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് നഷ്ടപ്പെടും. വിജയിക്കുമെന്ന് നിനക്ക് നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒരു കാര്യവും ചെയ്യാതെ വെറുതെ ഇരുന്നാല്‍ വിജയിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പായ കാര്യമാണെന്ന് നീ മനസിലാക്കുക.

9) നിനക്ക് സാധ്യമാകാത്ത കാര്യങ്ങള്‍ നേടാന്‍ ശ്രമിച്ച് സമയം കളയാതിരിക്കുക. ചില കാര്യങ്ങള്‍ നമ്മുടെ കഴിനും അപ്പുറത്തായിരിക്കും. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളെ പോലെ ഒരു യാഥാര്‍ത്ഥ്യമായി നാം അതിനെയും അംഗീകരിക്കണം. പ്രയോജനം നല്‍കാത്ത കാര്യങ്ങളുടെ പിറകെ പോയി സമയം കളയരുത്. കാര്യങ്ങളെ ക്രിയാത്മകമായ സമീപിക്കുകയും തനിക്കതില്‍ എന്താണ് ചെയ്യാനുള്ളതെന്ന് നിജപ്പെടുത്തുകയും ചെയ്യുക. ഒരിക്കല്‍ മരിയ റോബിന്‍സണ്‍ പറഞ്ഞു: ‘പുറകിലേക്ക് മടങ്ങി ഒരു തുടക്കം കുറിക്കാന്‍ ആര്‍ക്കും സാധ്യമല്ല, പുതിയ ഒരു അവസാനത്തിനായി ഇന്ന് തുടങ്ങാന്‍ ഏതൊരാള്‍ക്കും സാധ്യമാണ്.’ സംഭവിച്ച് കഴിഞ്ഞ കാര്യത്തില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍ ക്രിയാത്മകമായ മാര്‍ഗ്ഗം സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓരോ ദിവസവും പുലരുമ്പോള്‍ സുന്ദരമായ ഒരു കാര്യം സംഭവിക്കുമെന്ന് ചിന്തിക്കുക.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles