Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ വിശ്വാസം എങ്ങനെ വീണ്ടെടുക്കാം?

TRUST.jpg

പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങി പോയി. മറ്റൊരു പട്ടണത്തില്‍ താമസിക്കുന്ന സഹോദരന്റെ കൂടെ താമസിക്കാനാണ് ഭര്‍ത്താവിന്റെ ഉദ്ദേശമെന്ന് തോന്നുന്നു. അവിടെയെത്താനുള്ള ഒരു വഴി അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഒരുമിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചെല്ലണമെന്നാണ് പറയുന്നത്. അദ്ദേഹം വീട് വിട്ടിറങ്ങിയ ദിവസം ഞങ്ങള്‍ തമ്മില്‍ വലിയൊരു വാഗ്വാദം നടന്നിരുന്നു. ഞാന്‍ അന്ന് വളരെയധികം ദേഷ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ മേലും, അദ്ദേഹത്തിന്റെ സഹോദരന്റെയും, സഹോദരപത്‌നിയുടെ മേലും ശാപവാക്കുകള്‍ ചൊരിയുന്നത് വരെ കാര്യങ്ങള്‍ എത്തി. കരുതി കൂട്ടിയായിരുന്നില്ല അത്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും നിരന്തരമായി മോശം പെരുമാറ്റം അനുഭവിക്കേണ്ടി വന്നപ്പോള്‍ പ്രതികരിച്ചു പോവുകയായിരുന്നു. പക്ഷെ, ഞാനന്ന് പറഞ്ഞ ശാപവാക്കുകള്‍ എന്റെ ഭര്‍ത്താവിന് (അദ്ദേഹം ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നു) ഇപ്പോള്‍ മറക്കാന്‍ കഴിയുന്നില്ല. അന്ന് മുതല്‍ ഞാന്‍ എല്ലാ ദിവസവും അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നുണ്ട്. എന്റെ ഭര്‍ത്താവിനോടും, അദ്ദേഹത്തിന്റെ സഹോദരനോടും, ഭാര്യയോടും വരെ ഞാന്‍ മാപ്പ് പറഞ്ഞു. ഭര്‍ത്താവിന്റെ ഉമ്മയോടും ഉപ്പയോടും അവരുടെ മകനോട് ദേഷ്യപ്പെട്ടതിന്റെ പേരില്‍ ഞാന്‍ മാപ്പിരക്കുകയും, അന്ന് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. അവരെന്റെ മാപ്പപേക്ഷ സ്വീകരിച്ചു. പക്ഷെ മക്കള്‍ അതിന് തയ്യാറല്ലായിരുന്നു. ഭര്‍ത്താവിന് ഞാന്‍ കൂടെയുണ്ടാവണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അദ്ദേഹം എനിക്ക് പൊറുത്ത് തരുമോ? കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ആക്കാന്‍ ഒരു അവസരം കൂടി എനിക്ക് നല്‍കപ്പെടുമോ? എന്റെ രണ്ട് ആണ്‍മക്കളുടെ കൂടെ സ്വന്തം നിലക്ക് ജീവിക്കാന്‍ വളരെയധികം പ്രയാസപ്പെട്ട് കൊണ്ടിരിക്കുകയാണ് ഞാന്‍. നമസ്‌കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങള്‍ പഠിച്ചും മറ്റും എങ്ങനെ സഹനശീലം കൈവരിക്കാമെന്ന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ഇക്കാലയളവിനിടെ ഞാന്‍ പഠിച്ചു. അവരെന്തൊക്കെ നുണകള്‍ പറഞ്ഞാലും, എങ്ങനെയൊക്കെ എനിക്കെതിരെ പ്രവര്‍ത്തിച്ചാലും ഭര്‍ത്താവിനെയും, സഹോദരങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ അനിവാര്യത ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. എന്റെ മാപ്പപേക്ഷ സ്വീകരിച്ച് എന്റെ അടുത്തേക്ക് തന്നെ ഭര്‍ത്താവ് തിരിച്ച് വരാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

മറുപടി: തീര്‍ച്ചയായും നിങ്ങള്‍ എന്തൊക്കെയാണോ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് അതെല്ലാം നിങ്ങള്‍ ചെയ്തിരിക്കുന്നു. നിങ്ങള്‍ ആത്മപരിശോധന നടത്തി, സല്‍സ്വഭാവം ആര്‍ജ്ജിക്കാന്‍ പരിശ്രമിച്ചു, സ്വന്തം ആത്മീയനില ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ എത്രത്തോളം ഭര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടെന്നും, ഭര്‍ത്താവുമായുള്ള ബന്ധത്തെ നിങ്ങള്‍ എത്രത്തോളം വിലമതിക്കുന്നുണ്ടെന്നും, പരലോക വിജയത്തിനാണ് നിങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു.

ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാം, പക്ഷെ ആദ്യമായി, എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടിലേക്ക് ഭര്‍ത്താവുമായി മാറി താമസിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലാത്തത് എന്നറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട്. ഭര്‍തൃസഹോദരന്റെയും, ഭാര്യയുടെയും കൂടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നത് കൊണ്ടാണോ? എന്താണ് നിങ്ങളെ ‘ഭരിച്ചു കൊണ്ടിരിക്കുന്നത്’ എന്ന് കണ്ടെത്തണം. നിങ്ങളുടെ വികാരങ്ങളെയും, ചിന്തകളെയും, പിന്നീട് സ്വഭാവത്തെയും നിയന്ത്രിക്കാനുള്ള നിങ്ങളുടെ കഴിവിനെ അതെങ്ങനെ സ്വാധീനിക്കുന്നുവെന്ന് നന്നായി മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നാമതായി ഉദ്ദേശങ്ങളുമായും, രണ്ടാമതായി സ്വഭാവവുമായും ബന്ധപ്പെട്ട് കിടക്കുന്നത്. ഉദ്ദേശങ്ങള്‍ വിവാഹവുമായും, വൈവാഹികബന്ധവുമായും ബന്ധപ്പെട്ടതാകുമ്പോള്‍, ഇണയുടെ താല്‍പര്യത്തിനാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് എന്ന ബോധ്യം ദമ്പതികള്‍ അവരവരുടെ ഹൃദയാന്തരങ്ങളില്‍ ആദ്യമായി ആഴത്തില്‍ ഉറപ്പിക്കുക. ഇതിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഗുരുതര പ്രശ്‌നങ്ങളായി മാറാതെ സൂക്ഷിക്കാന്‍ സാധിക്കും. തങ്ങള്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂവെന്ന് ഇതിലൂടെ ദമ്പതികള്‍ തിരിച്ചറിയുകയും ചെയ്യും.

ഇതാണ് ഏറ്റവും അടിസ്ഥാനപരമായ പരസ്പര വിശ്വാസം. പരസ്പരമുള്ള ആശയവിനിമയത്തിലൂടെയും, തുറന്ന് സംസാരങ്ങളിലൂടെയും പരസ്പരം വിശ്വാസം ഊട്ടിയുറപ്പിക്കാനും, ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ളൊരു ശക്തമായ സ്‌നേഹ ബന്ധം ഉണ്ടാക്കിയെടുക്കാനും ദമ്പതികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് വൈവാഹിക ജീവിതത്തിലെ അനിവാര്യതകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

ശക്തമായ ഒരു വൈവാഹിക ഐക്യം ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ നിങ്ങള്‍ക്ക് കുടുംബത്തിലെ മറ്റംഗങ്ങളുമായി ഒരു സംഘമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ കഴിയും. ഇത്തരമൊരു തലത്തിലേക്ക് നിങ്ങളുടെ ബന്ധം എത്തിയിട്ടില്ലെങ്കില്‍, നിങ്ങളിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് അര്‍ത്ഥം.

‘അഹന്ത’ മനസ്സിനെ അടക്കി ഭരിക്കുന്നിടത്തോളം, പരസ്പരം വെച്ച് പുലര്‍ത്തുന്ന ‘ഈഗോ’ മാറ്റാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ വ്യക്തികള്‍ക്ക് വളരെ പ്രയാസമാണ്. അതേസമയം യഥാര്‍ത്ഥ മനുഷ്യന്‍ പ്രശ്‌നത്തെ മറ്റൊരു വീക്ഷണകോണില്‍ നിന്നാണ് നോക്കികാണുക.

എല്ലാവര്‍ക്കും രോഗശമനം പ്രദാനം ചെയ്യുന്ന നിങ്ങളറിയാത്ത ഒന്ന് അല്ലാഹുവിന്റെ പക്കല്‍ ഉണ്ടോ? നിങ്ങള്‍ക്ക് മാത്രമായിട്ടാണോ എല്ലായ്‌പ്പോഴും വാതിലുകള്‍ തുറക്കപ്പെടുന്നത്? ‘എനിക്ക്’ മാത്രമാണോ? അതോ, ‘നാം’ എന്ന വലിയൊരു കൂട്ടത്തെ സംബന്ധിച്ചാണോ ഇത്? ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

‘ഞാന്‍’ എന്ന അഹന്തയെ പുകച്ച് പുറത്ത് ചാടിച്ച്, ‘നാം’ എന്ന അതിനേക്കാള്‍ വലിയ ഒന്നിനാവശ്യമായ മുറി മനസ്സിലൊരുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഇത് നടപ്പില്‍ വരുത്താന്‍ വേണ്ടി സ്വയം വിശ്വാസമര്‍പ്പിക്കുകയാണ് വൈവാഹിക ജീവിതത്തില്‍ പരസ്പരം വിശ്വാസം കെട്ടിപടുക്കാന്‍ ചെയ്യേണ്ട പ്രഥമ കര്‍മം.

അടുത്തതായി സ്വഭാവവുമായി ബന്ധപ്പെട്ട തലമാണ്. വികാരങ്ങളുടെയും, അനുഭവങ്ങളുടെയും, ചിന്തകളുടെയും, വിശ്വാസങ്ങളുടെയും പ്രായോഗിക ഫലമാണ് സ്വഭാവം എന്ന് പറയുന്നത്. മനസ്സിനെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിലും, എല്ലാം നല്ലതിനാണെന്ന ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്നതിലും നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ പിന്നെ അഹന്തക്ക് നിങ്ങളുടെ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ഒരിക്കലും സാധിക്കില്ല. ഇതിന് നിങ്ങള്‍ക്ക് സാധിച്ചാല്‍, അല്ലാഹുവിന്റെ സഹായത്തോടെ എല്ലാ കാര്യങ്ങളും തിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുക തന്നെ ചെയ്യും.

മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ചില പ്രത്യേക സാഹചര്യങ്ങളെ മനസ്സില്‍ കണ്ട് അതിനോടെല്ലാം പ്രതികരിക്കേണ്ടത് എങ്ങനെയാണെന്നും, ഏത് സ്വഭാവത്തിലാണ് അതിനെയെല്ലാം നേരിടേണ്ടതെന്നും നിങ്ങള്‍ക്ക് റിഹേഴ്‌സല്‍ നടത്താന്‍ കഴിയും. ഹൃദയം ശരിയായ പാതയില്‍ എത്തിക്കഴിഞ്ഞാല്‍, മനസ്സും പിന്നാലെ വരും. ഏത് സാഹചര്യത്തില്‍ എത്തിപ്പെട്ടാലും ആദ്യമായി സ്വന്തത്തില്‍ വിശ്വാസമര്‍പ്പിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കൂടി വിശ്വാസമാര്‍ജ്ജിക്കാന്‍ സാധിക്കും.

ഭര്‍ത്താവ് ഒരവസരം കൂടി നിങ്ങള്‍ക്ക് തരുമോ എന്ന ചോദ്യത്തിന്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിങ്ങളോട് പൊറുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍, അല്ലാഹുവിനോട് പൊറുക്കലിന് തേടുക എന്നാണ് ഞാന്‍ ആദ്യം പറയുക. അല്ലാഹുവുമായുള്ള നിങ്ങളുടെ വ്യക്തിബന്ധം നന്നാക്കുകയും, നിങ്ങളുടെ തന്നെ ഉദ്ദേശങ്ങളിലും, സ്വഭാവത്തിലും, പ്രചോദനങ്ങളിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ പിന്നെ, ആ മാറ്റം മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്. അവര്‍ക്കതിന് സാധിച്ചില്ലെങ്കില്‍, ചുരുങ്ങിയത് നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ പൊറുക്കാന്‍ കഴിയും.

ഒന്നുകില്‍ അവര്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും പൊറുത്ത് നല്‍കും, അല്ലെങ്കില്‍ നിങ്ങളുമായുള്ള പ്രശ്‌നം അവരുടെ ഹൃദയത്തില്‍ നിന്നും തന്നത്താന്‍ മാഞ്ഞുപോകും (പൊറുത്ത് തരലിന്റെ മറ്റൊരു രൂപമാണിത്). കാലവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഈ പ്രക്രിയ കുറേ കാലത്തോളം നീണ്ടുപോകും.

എല്ലാത്തിന്റെയും വിധികര്‍ത്താവ് അല്ലാഹുവാണെന്ന് ഓര്‍ക്കുക. സ്‌നേഹത്തിന്റെ ഉറവ അവനില്‍ നിന്നാണ് പുറപ്പെടുന്നത്. അവന്റടുക്കല്‍ എല്ലാം പൊറുക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ആത്മപരിശോധന നടത്തുകയും, മനസ്സിനെയും, ഹൃദയത്തെയും, സ്വഭാവത്തെയും ആത്മീയോന്നതിക്ക് വേണ്ടി പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നതാണ് അതിന് കാരണം.

ഈ മറുപടി താങ്കളുടെ മനസ്സിന് സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

കടപ്പാട്: aboutislam

Related Articles