Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം യുവാക്കള്‍ക്ക് നല്‍കിയ പരിഗണന-2

youth.jpg

യുവത്വം എന്നത് വികാരങ്ങളിലേക്ക് ആകര്‍ശിക്കപ്പെടുന്ന, ധീരത പ്രകടിപ്പിക്കുന്ന, അനുസരണക്ക് വിമുഖത കാണിക്കുന്ന കാലഘട്ടമാണ്. അതിനാലാണ് അല്ലാഹു അന്ത്യദിനത്തില്‍ തന്റെ സിംഹാസനത്തിന്റെ തണല്‍ നല്‍കുന്ന വിഭാഗങ്ങളിലൊന്നായി അല്ലാഹുവിന്റെ കീഴ്‌പെട്ട് ജീവിച്ച യുവാവിനെ എണ്ണിയത്. മറ്റൊരു ഹദീസില്‍ ‘കുട്ടിത്തമില്ലാത്ത യുവാവിന്റെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടുന്നുവെന്നാണ്’ നബി തിരുമേനി അരുളിയത്. അഹ്മദ് 

കാരണം വികാരങ്ങളിലേക്ക് ക്ഷണിക്കുന്ന അതിന് മുന്‍ഗണന നല്‍കുന്ന പ്രകൃതമാണ് യുവത്വത്തിലുണ്ടാവുക. പിശാച് അവന് തിന്മയെ അലങ്കരിച്ച് കാണിക്കും. ഇവയെ പ്രതിരോധിച്ച് ജീവിക്കുകയെന്നത് വിഷമകരമായ കാര്യമായത് കൊണ്ടാണ് അല്ലാഹു അവര്‍ക്ക് പ്രത്യേകപരിഗണന നല്‍കിയത്.

യുവാക്കളെ തന്നോട് അടുപ്പിക്കുന്നതിലും അവരോട് സംവദിക്കുന്നതിലും നബി തിരുമേനിക്ക് വ്യതിരിക്തമായ പാടവം തന്നെയുണ്ടായിരുന്നു. അവരുടെ വികാരങ്ങളെ കടഞ്ഞെടുത്ത് അവരുടെ കഴിവുകളെ ഇഹത്തിലും പരത്തിലും പ്രയോജനപ്രദമായതിലേക്ക് തിരിച്ച് വിടുന്നതില്‍ തിരുമേനി അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. നിശിദ്ധ കാര്യങ്ങളില്‍ നിന്നും അകറ്റി അവരെ അനുസരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തത് മുഖേനയായിരുന്നു ഇത്. അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കിടിയിലെ സവിശേഷതകള്‍ ഉള്‍കൊണ്ടുമായിരുന്നു അത്.
യുവാക്കളുടെ ഹൃദയത്തില്‍ ഈമാന്‍ നട്ടുവളര്‍ത്തുകയായിരുന്നു നബി തിരുമേനി. വിജ്ഞാനത്തോടൊപ്പം പ്രവര്‍ത്തനങ്ങളും അദ്ദേഹമവരെ ശീലിപ്പിച്ചു. പ്രായപൂര്‍ത്തിയുടെ ഘട്ടങ്ങളില്‍ അവരെ നിരന്തരമായി ഉപദേശിക്കുകയും ചെയ്തു. എല്ലാ യുവാക്കളോടും ഇപ്രകാരം തന്നെയായിരുന്നു പ്രാവാചകന്‍ അനുവര്‍ത്തിച്ചത്. ജുന്‍ദുബ് ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു. ഞങ്ങള്‍ കുറച്ച് ശക്തരായ യുവാക്കള്‍ പ്രവാചകന്‍ തിരുമേനി(സ)യുടെ കൂടെ ആയിരുന്നു. ഖുര്‍ആന്‍ പഠിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഈമാനാണ് പഠിച്ചത്. പിന്നീടാണ് ഞങ്ങള്‍ ഖുര്‍ആന്‍ പഠിച്ചത്. അപ്പോള്‍ ഞങ്ങളുടെ ഈമാന്‍ വര്‍ദ്ധിച്ചു’. ഇബ്‌നു മാജഃ
പരലോകത്തേക്ക് ആവേശത്തോടെ എത്തിനോക്കുന്ന ഒരു പറ്റം യുവാക്കളെ ഈ തര്‍ബിയ്യത്ത് മുഖേന പ്രവാചകന്‍ വാര്‍ത്തെടുത്തു. സ്വന്തത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന, കുടുംബത്തോടുള്ള ബാധ്യത നിറവേറ്റുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംഘമായി അവര്‍ മാറി. അനസ്(റ) പറയുന്നു. ‘അന്‍സ്വാരികള്‍ പെട്ട എഴുപത് യുവാക്കളുണ്ടായിരുന്നു. അവരെ ഖുര്‍റാഅ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ പള്ളിയിലാണ് ഉണ്ടാവുക. വൈകുന്നേരം മദീനയുടെ ഏതെങ്കിലും ഓരത്ത് ചെന്ന് അവര്‍ ഖുര്‍ആന്‍ പഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യും. അവരുടെ വീട്ടുകാര്‍ അവര്‍ പള്ളിയിലാണെന്ന് വിചാരിക്കും. പള്ളിയിലുള്ളവര്‍ അവര്‍ വീട്ടിലാണെന്നും. നേരം വെളുത്താല്‍ വെള്ളം കുടിച്ച് വിറകുമായി അവര്‍ വരും. അവ പ്രവാചകന്‍ തിരുമേനി(സ)യുടെ മുറിക്കടുത്ത് വെക്കും. ശേഷം അവരെ പ്രവാചകന്‍ ഓരോ ഉത്തരവാദിത്തവുമായി(ഖുര്‍ആന്‍ പഠിപ്പിക്കാന്‍) അയക്കും. ബിഅ്ര്‍ മഊന എന്നിടത്ത് വെച്ച് അവര്‍ ആപത്തില്‍ അകപ്പെട്ടു. അവരെ വധിച്ചവര്‍ക്കെതിരെ നബി തിരുമേനി പതിനഞ്ച് ദിവസത്തോളം നമസ്‌കാരത്തില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി’.
ഏതെങ്കിലും സല്‍ക്കര്‍മിയായ യുവാവ് അഭികാമ്യമായ ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പ്രവാചകന്‍ അയാളുടെ നന്മയുടെ പേരില്‍ അദ്ദേഹത്തെ പുകഴ്ത്തും. കാരണം പ്രോല്‍സാഹനം ഹൃദയത്തില്‍ സ്വാധീനം ചെലുത്തുകയും പ്രസ്തുത കര്‍മ്മം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹത്തിന്റെ ന്യൂനത സൂചിപ്പിച്ച് അവ ശരിയാക്കുകയും ചെയ്യും. ഇബ്‌നു ഉമര്‍(റ)ന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്. അദ്ദേഹം നല്ല ഒരു യുവാവായിരുന്നു. ‘ഏതെങ്കിലും ഒരാള്‍ ഒരു സ്വപ്‌നം കണ്ടാല്‍ അത് പ്രവാചകന് വിശദീകരിച്ച് കൊടുക്കല്‍ പതിവായിരുന്നു. ഞാനും ഒരു സ്വപ്‌നം കാണാനും പ്രവാചകന് അത് വിവരിച്ച് കൊടുക്കാനും ആഗ്രഹിച്ചു. ഞാന്‍ അവിവാഹിതനായ യുവാവായിരുന്നു. ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. രണ്ട് മലക്കുകള്‍ എന്നെ എടുത്ത് നരകത്തിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. അവിടെ കിണറിനെ പോലെ ഒരു കുഴി കണ്ടു. അതിനാവട്ടെ കിണറിനുള്ളത് പോലെ രണ്ട് കൊമ്പുകളും കണ്ടു. അതില്‍ എനിക്ക് പരിചയമുള്ളവരാണുള്ളത്. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ നരകത്തെ തൊട്ട് അല്ലാഹുവിനോട് ശരണം തേടുന്നു. അപ്പോള്‍ മറ്റൊരു മലക് വന്നു എന്നോട് പറഞ്ഞു ‘ഭയപ്പെടേണ്ടതില്ല’. ഞാന്‍ ഇക്കഥ ഹഫ്‌സക്ക് വിവരിച്ച് കൊടുത്തു. അവര്‍ പ്രവാചകനോടും വിവരിച്ചു. നബി തിരുമേനി ഇപ്രകാരം പറഞ്ഞു ‘അബ്ദുല്ലാഹ് എത്ര നല്ലവനാണ്. അദ്ദേഹം രാത്രില്‍ നമസ്‌കരിക്കുക കൂടി ചെയ്തിരുന്നെങ്കില്‍’. സാലിം(റ) പറയുന്നു. ‘അതിന് ശേഷം അബ്ദുല്ലാഹ് ബിന്‍ ഉമര്‍ രാത്രിയില്‍ കുറച്ച് മാത്രമെ ഉറങ്ങാറുണ്ടായിരുന്നുള്ളൂ’.
അദ്ദേഹത്തിന്റെ നന്മയെ പ്രവാചകന്‍ പ്രശംസിക്കുന്നു. പിന്നീട് അദ്ദേഹം ഉപേക്ഷിച്ച രാത്രി നമസ്‌കാരത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. പ്രശംസക്ക് ശേഷം നല്‍കിയ ഈ നിര്‍ദ്ദേശം ഇബ്‌നു ഉമര്‍ യാതൊരു വൈമനസ്യവുമില്ലാതെ അംഗീകരിക്കുകയും ചെയ്തു.
ചിലപ്പോള്‍ ഏതെങ്കിലും സ്വഹാബി ആരാധനകളില്‍ വീഴ്ച വരുത്തുകയോ, അബദ്ധത്തില്‍പെടുകയോ ചെയ്യുന്നത് പ്രവാചകന്‍ കാണും. അപ്പോള്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാരണം നിര്‍ബന്ധ കാര്യങ്ങള്‍ ചെയ്യലും നിശിദ്ധങ്ങളില്‍ നിന്നും മാറിനില്‍ക്കലുമാണല്ലോ വളരെ പ്രധാനമായി പരിഗണനയര്‍ഹിക്കുന്നവ. സമുറഃ ബിന്‍ ഫാതിഖ്(റ) പറയുന്നു. നബി തിരുമേനി(സ) പറഞ്ഞു ‘സമുറഃ എത്ര നല്ല യുവാവാണ്. അദ്ദേഹം തന്റെ ജഢപിടിച്ച മുടി നന്നാക്കുകയും മുണ്ട് മുറുക്കിയുടുക്കുകുയും ചെയ്തിരുന്നെങ്കില്‍.’ ഇത് കേട്ട സമുറഃ അതനുസരിക്കുകയും ചെയ്തു. ഈ യുവാവിനെ പ്രവാചകന്‍ എങ്ങനെയാണ് സംസ്‌കരിച്ചതെന്ന് നോക്കൂ.
മറ്റ് ചിലപ്പോള്‍ ബുദ്ധിപരമായ സംവാദത്തിലൂടെയായിരുന്നു പ്രവാചകന്‍ അനുയായികളെ സംസ്‌കരിച്ചിരുന്നത്. തെറ്റുകള്‍ ശീലമാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനസ്സിനോട് വളരെ നൈര്‍മല്യത്തോടെയും കരുണയോടെയുമായിരുന്നു അദ്ദേഹം വര്‍ത്തിച്ചിരുന്നത്. കാരണം കല്‍പനകള്‍ മുഖേന ഉപദേശിക്കുന്നത് എല്ലാ യുവാക്കളും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അബൂ ഉമാമ(റ) പറയുന്നു. ഒരു യുവാവ് പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. ‘അല്ലയോ പ്രവാചകരെ, എനിക്ക് വ്യഭിചാരത്തിന് അനുമതി തന്നാലും. ഇത് കേട്ട എല്ലാവരും അദ്ദേഹത്തെ ആട്ടിയകറ്റാന്‍ തുടങ്ങി. മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പ്രവാചകന്‍ പറഞ്ഞു. അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ട് വരൂ. കൂടെ ഇരുത്തി പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘താങ്കളുടെ ഉമ്മയാണ് വ്യഭിചരിക്കുന്നതെങ്കിലോ?’ അയാള്‍ പറഞ്ഞു. ‘അല്ലാഹുവാണ, ഞാനത് ഇഷ്ടപ്പെടുകയില്ല’ ജനങ്ങളും അവരുടെ ഉമ്മമാര്‍ക്ക് അത് ആഗ്രഹിക്കുകയുമില്ല.’ തിരുമേനി വീണ്ടും ചോദിച്ചു. ‘താങ്കളുടെ മകള്‍ക്ക് അത് സംഭവിക്കുന്നത് താങ്കള്‍ ആഗ്രഹിക്കുമോ?’. അദ്ദേഹം പറഞ്ഞു ‘ഇല്ല പ്രവാചകരെ’ ജനങ്ങള്‍ അവരുടെ പെണ്‍മക്കള്‍ക്കും അത് ഇഷ്ടപ്പെടുകയില്ല. തിരുമേനി വീണ്ടും ചോദിച്ചു ‘താങ്കളുടെ സഹോദരിക്ക് ആഗ്രഹിക്കുമോ?’ ‘ഒരിക്കലുമില്ല’. ‘അതെ, ജനങ്ങളും അവരുടെ സഹോദരിമാര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ല’. ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് മേല്‍ കൈ വെച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുക്കുകയും ഹൃദയം ശുദ്ധീകരിക്കുകയും, ഗുഹ്യാവയവം സംരക്ഷിക്കുകയും ചെയ്യേണമേ’. ആ യുവാവ് അതിന് ശേഷം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നില്ല. അഹ്മദ്
തന്റെ ആവശ്യം നേരിട്ട് ചോദിക്കാനുള്ള ഈ യുവാവിന്റെ ധൈര്യത്തെ പ്രവാചകന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കൂ. എത്ര കാരുണ്യത്തോടെയാണ് പ്രവാചകന്‍ അദ്ദേഹത്തോട് വര്‍ത്തിച്ചത്. കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രവാചകന് സാധിച്ചു. ഒടുവില്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇവിടെ പിതാക്കന്‍മാര്‍ക്കും, പരിഷ്‌കര്‍ത്താക്കള്‍ക്കും യുവാക്കളെ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ പോവുന്നത് മേല്‍പറഞ്ഞ ശീലങ്ങള്‍ അവര്‍ക്ക് അപരിചിതമായത് കൊണ്ടാണ്. യുവാക്കളോട് കാണിക്കുന്ന സൗമ്യത നന്മയല്ലാതെ മറ്റൊന്നും കൊണ്ട് വരികയില്ല.
സംശയത്തിന് വകനല്‍കാതിരിക്കാനും, കുഴപ്പങ്ങള്‍ അകപ്പെടാതിരിക്കാനും പ്രവാചകന്‍ യുവാക്കള്‍ക്ക് പ്രത്യേകമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. നബി തിരുമേനിയുടെ അടുത്ത് ഖസ്അം ഗോത്രത്തിലെ ഒരു യുവതി ഫത്‌വ ചോദിക്കാന്‍ വന്നു. നബിയുടെ വാഹനപ്പുറത്ത് പിന്നിലായി യുവാവായ ഫള്‌ലു ബ്‌നു അബ്ബാസ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവളെ നോക്കാനും അവള്‍ അദ്ദേഹത്തെ നോക്കാനും തുടങ്ങി. പ്രവാചകന്‍ അദ്ദേഹത്തിന്റെ മുഖം തിരിച്ചു. അപ്പോള്‍ അബ്ബാസ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, താങ്കളെന്തിനാണ് അദ്ദേഹത്തിന്റെ മുഖം തിരിച്ചത്? പ്രവാചകന്‍ പറഞ്ഞു. ‘ഞാന്‍ യുവതിയെയും യുവാവിനെയും ഒന്നിച്ച് കണ്ടു. അവര്‍ക്കിടയില്‍ പിശാച് കടന്ന് കൂടുമെന്ന് ഞാന്‍ ഭയപ്പെട്ടു.’ തിര്‍മിദി
സകലവികാരങ്ങളുടെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന നമ്മുടെ സമീപനവും പ്രവാചകന്റെ മഹത്തായ നയവും തമ്മില്‍ എന്തന്തരമാണ്!

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles