Jumu'a Khutba

പ്രഭാതം അകലെയല്ല

ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിന്റെ നിരീക്ഷണ വലയത്തിനുള്ളിലാണ് നമ്മുടെ ജീവിതം എന്ന് ചിന്തിക്കുന്നിടത്താണ് തഖ് വയുടെ സംസ്കാരം ഉണ്ടാവുക. ഇമാം അഹ്മദ്ബ്നു ഹമ്പൽ ഒരു അജ്ഞാത ഗായകന്റെ പാട്ട് കേട്ട് ഓടി വരികയും, ശേഷം മുറിയിൽ വാതിലടച്ച് പൊട്ടിക്കരയുകയും ചെയ്ത ഒരു ചരിത്രമുണ്ട്. അദ്ദേഹം കേട്ട ഗാനത്തിന്റെ വരികളിൽ ഒന്നിങ്ങനെയാണ് : നീ ഒരു ദിവസം ഒറ്റക്കായാൽ ! ഒറ്റക്കാണ് എന്ന് നീ ചിന്തിച്ചു പോകരുത്. എന്റെ മേൽ ഒരു നിരീക്ഷകനുണ്ട് എന്ന് നീ പറയണം . നിരീക്ഷകൻ ഉണ്ട് എന്ന ബോധത്തിൽ ജീവിതത്തെ സൂക്ഷ്മതയോടെ നയിക്കലാണ് തഖ് വ .

മനുഷ്യ സമൂഹത്തെ ഒന്നിപ്പിച്ചവരെയും ഭിന്നിപ്പിച്ചവരെയും ചരിത്രം പരിശോധിച്ചാൽ തിരിച്ചറിയുവാൻ സാധിക്കും. ഒന്നിപ്പിച്ചവർ ദൈവദൂതന്മാരായ പ്രവാചകന്മാരും ഭിന്നിപ്പിച്ചവർ താൽപര്യക്കാരായ ആധിപത്യ-അധികാര മോഹികളാണെന്നും കാണുവാൻ സാധിക്കും. ഇതിന്റെ തുടർച്ചകളാണ് ഇന്നും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം.

Also read: ഖുര്‍ആന്‍, ഹദീസ് പഠനത്തിന്‍റെ ശാസ്ത്രീയ രീതികള്‍

ഖുർആൻ പറയുന്നു. وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿٢٠٤﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَۗ وَاللَّهُ لَا يُحِبُّ الْفَسَادَ ﴿٢٠٥﴾ وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِۚ فَحَسْبُهُ جَهَنَّمُۚ وَلَبِئْسَ الْمِهَادُ
(ചില മനുഷ്യര്‍ ഇങ്ങനെയുമുണ്ട്: ഐഹിക ജീവിതത്തില്‍ അവരുടെ വായ്ത്താരി നിനക്ക് വളരെ കൗതുകകരമായിത്തോന്നും. തങ്ങളുടെ ഉദ്ദേശ്യശുദ്ധിക്ക് അവര്‍ ദൈവത്തെ അടിക്കടി സാക്ഷിയാക്കിക്കൊണ്ടിരിക്കും.പക്ഷേ, വാസ്തവത്തില്‍ അവര്‍ സത്യത്തിന്റെ ബദ്ധവൈരികളാകുന്നു. അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയത്‌നമഖിലം, നാശം വിതക്കുന്നതിനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുന്നതിനും മനുഷ്യവംശത്തെ നശീകരിക്കുന്നതിനുമായിരിക്കും. എന്നാല്‍, (അവര്‍ സാക്ഷിയാക്കിക്കൊണ്ടിരിക്കുന്ന) അല്ലാഹുവോ, നശീകരണപ്രവര്‍ത്തനങ്ങളെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ‘അല്ലാഹുവിനെ ഭയപ്പെടുക’ എന്നു പറഞ്ഞാല്‍ ഗര്‍വ് അവനെ പാപത്തില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്തരക്കാര്‍ക്ക് നരകം മതിയാകുന്നുവല്ലോ. അത് അതിദുഷ്ടമായ സങ്കേതംതന്നെ.)

മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഒരു സാമൂഹ്യവ്യവസ്ഥ സ്ഥാപിതമായതിനുശേഷം അവരുടെ ഉള്ളിൽ അവസരവാദികളായി താമസിച്ചിരുന്ന മുനാഫിഖുകളെ കുറിച്ചാണ് ഈ ആയത്തിന്റെ പശ്ചാത്തലം. മുനാഫിഖുകൾ എന്നാൽ അവസരവാദികൾ എന്നാണർത്ഥം.പക്ഷേ, അവരെ സംബന്ധിച്ചാണെങ്കിൽ പോലും ഇതിലെ പരാമർശങ്ങൾ ഏതുകാലത്തും ഈ താൽപര്യക്കാരായ ആധിപത്യ മോഹികളുടെ മുഖ്യമായ മുഖലക്ഷണങ്ങൾ വിശദീകരിക്കുന്നത് കൊണ്ട്, അന്ത്യനാൾ വരേക്കും പ്രസക്തമാണ് എന്നതുകൂടിയാണ് വിശുദ്ധ ഖുർആനിൽ അത് ഉൾപ്പെടുത്തിയതിന്റെ യുക്തി എന്ന് മനസ്സിലാക്കണം.

ഒന്നാമത്തെ മുഖ ലക്ഷണമായി പറയുന്നത്.
1. ആകർഷകമായ വായ്ത്താരി ആണ് എന്നാണ് وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ (ചില മനുഷ്യര്‍ ഇങ്ങനെയുമുണ്ട്: ഐഹിക ജീവിതത്തില്‍ അവരുടെ വായ്ത്താരി നിനക്ക് വളരെ കൗതുകകരമായിത്തോന്നും. തങ്ങളുടെ ഉദ്ദേശ്യശുദ്ധിക്ക് അവര്‍ ദൈവത്തെ അടിക്കടി സാക്ഷിയാക്കിക്കൊണ്ടിരിക്കും.പക്ഷേ, വാസ്തവത്തില്‍ അവര്‍ സത്യത്തിന്റെ ബദ്ധവൈരികളാകുന്നു.) ഈ ഭൗതിക ലോകത്തെ സംബന്ധിച്ചുള്ള അത്യാകർഷകമായ വായ്ത്താരിയുള്ളവരായിരിക്കും അവർ. അത് കേട്ടാൽ ഇതെല്ലാം സംഭവിച്ചു പോകും എന്ന് കരുതും. ‘അച്ഛാദിൻ’ ആണ് വരുന്നതെന്ന് ചിന്തിച്ചു പോകും. ആധിപത്യ ശക്തികൾ എല്ലാകാലത്തും ഉപയോഗിച്ചുകൊണ്ടിരുന്ന മുനാഫിക്കുകളുടേതായി ഖുർആൻ പറഞ്ഞ ഈ ലക്ഷണങ്ങൾ നമ്മൾ പഠിക്കുകയും ചിന്തിക്കുകയും വേണം. അവരെ കണ്ടാൽ അവർ യോഗ്യന്മാരും സംസാരത്തിൽ മികവുള്ളവരുമായിരിക്കും. وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌۖ (കണ്ടാല്‍, അവരുടെ തടികള്‍ ഗംഭീരമെന്ന് നിനക്ക് തോന്നും. സംസാരിച്ചാലോ, ആ വായ്ത്താരി കേട്ടിരുന്നുപോവുകയും ചെയ്യും. വാസ്തവത്തിലോ അവര്‍ മതിലില്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു ) എന്നാൽ അവർ വെറും ചാരിവെച്ച മരത്തടികൾ മാത്രമാണെന്ന് ആ കാപട്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നു.

അധികാരത്തിലെത്തിയാൽ നാശം വിതക്കും എന്നതാണ് രണ്ടാമത്തെ ലക്ഷണം
وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا (അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയത്‌നമഖിലം, നാശം വിതക്കുന്നതാണ്.) മനുഷ്യനെ സൃഷ്ടിക്കുന്ന വേളയിൽ മലക്കുകൾ അല്ലാഹുവിനോട് ചോദിക്കുന്നു أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ (ഭൂമിയില്‍, അതിന്റെ ക്രമം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ?) അധികാരം കിട്ടിയാൽ ആ നാശം അവർ വിതക്കും.

لَا تُفْسِدُوا فِي الْأَرْضِ ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍’ എന്നായിരുന്നു പ്രവാചന്മാരുടെ മുഖ്യമായ സന്ദേശം. അള്ളാഹുവിൻറെ ഈ ഭൂമിയിൽ കുഴപ്പങ്ങളും നാശങ്ങളും ഉണ്ടാകരുത് എന്ന സന്ദേശത്തിന് നേർവിപരീത ദൗത്യമാണ് താൽപര്യക്കാരായ അധികാരത്തിന്റെ ആധിപത്യ ശക്തികൾ എന്നും ഉണ്ടാക്കിയിട്ടുള്ളത്. നേരായ രീതി പറഞ്ഞു കൊടുത്താൽ അവരുടെ മറുപടി : ഞങ്ങൾ ഈ ഭൂമിയ പുനർനിർമിക്കുന്നവരും,ഈ രാജ്യത്തെ നന്നാക്കുന്നവരായിരിക്കും എന്ന് അവസരവാദി കളുടെ അടയാളങ്ങൾ ചിത്രീകരിച്ച് വിശുദ്ധ ഖുർആൻ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ (ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍’ എന്ന് അവരോടു പറയുമ്പോള്‍, ‘ഞങ്ങള്‍ നന്മചെയ്യുന്നവര്‍ തന്നെയാകുന്നു’ എന്നവര്‍ മറുപടി പറയുന്നു )

അവർ അധികാരത്തിൽ എത്തിയാൽ കൃഷിഭൂമി നശിപ്പിക്കും എന്നതാണ് മൂന്നാമത്തെ അടയാളം. ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം ഏത് സാധാരണക്കാരനായ വായനക്കാരോടും സംവദിക്കുന്നു വിശുദ്ധ ഖുർആൻ. വളരെ കൃത്യമായി ഈ അടയാളങ്ങൾ വ്യക്തമാക്കിത്തരുന്നു.

Also read: പ്രസിഡൻഷ്യൽ ലൈബ്രറി ഉദ്ഘാടനം ചെയ്യാൻ അങ്കാറ ഒരുങ്ങുന്നു

وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَۗ وَاللَّهُ لَا يُحِبُّ الْفَسَادَ (അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയത്‌നമഖിലം, നാശം വിതക്കുന്നതിനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുന്നതിനും മനുഷ്യവംശത്തെ നശീകരിക്കുന്നതിനുമായിരിക്കും. എന്നാല്‍, (അവര്‍ സാക്ഷിയാക്കിക്കൊണ്ടിരിക്കുന്ന) അല്ലാഹുവോ, നശീകരണപ്രവര്‍ത്തനങ്ങളെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല) കൃഷിഭൂമി നശിപ്പിക്കും (هلاك )എന്ന് പറയുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഉപജീവനത്തിന്റെ അടിസ്ഥാനമായ കാർഷിക വ്യവസ്ഥയെ തകർത്തു കളയും അവർ. അവർ കോർപ്പറേറ്റുകളുടെ പിന്നാലെ പോകുന്നവർ ആയിരിക്കും. ശേഷം ഇവർ ഒന്നിച്ചു നിന്ന് ഭൂമിയുടെ അതിജീവന വ്യവസ്ഥയെ തകർത്തു കളയുന്ന രീതിയിൽ കൃഷി ഭൂമിയെ നശിപ്പിക്കുന്നവരാണെന്ന് ഖുർആൻ വെളിപ്പെടുത്തുന്നു .

നാലാമത്തെ അടയാളമായി അല്ലാഹു പറയുന്നു, അവർ മനുഷ്യരെ കൊല്ലുമെന്ന്.
വിശുദ്ധ ഖുർആൻالنَّسْلَ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. (وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَۗ ) ഇന്നലെകളുടെ ചരിത്രം കണ്ണും, ഖൽബും തുറന്ന് വായിച്ചാൽ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. ഖുർആൻ തന്നെ ചില സന്ദർഭങ്ങളെ എടുത്തു കാണിച്ചിട്ടുണ്ട്.
ലക്ഷണമൊത്ത ഫാഷിസ്റ്റായി ഫിർഔനെ അവതരിപ്പിക്കുന്നുണ്ട്. ലോകത്ത് അരങ്ങേറിയ ഏറ്റവും വലിയ ഒരു ക്രൂരതയുടെ ചരിത്രത്തെ സൂറത്തുൽ ബുറൂജിലൂടെ അല്ലാഹു നമുക്ക് മുമ്പിൽ നിവർത്തി വെക്കുകയാണ്.

قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾ النَّارِ ذَاتِ الْوَقُودِ ﴿٥﴾ إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ (കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ആ കിടങ്ങ്) തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു. അവര്‍ അതിന്റെ വക്കില്‍ ഇരിക്കുകയും സത്യവിശ്വാസികളോട് ചെയ്യുന്നതൊക്കെ നോക്കിക്കാണുകയും ചെയ്തതോര്‍ക്കുക )

യമൻ ഭരിച്ചിരുന്ന ഒരു ജൂത ചക്രവർത്തി (യൂസുഫ് ദൂനവാസ്).അയാൾ ചെയ്ത പൈശാചിക കൃത്യം: സ്വന്തം പ്രജകളെ കൊന്നു കളഞ്ഞതിന്റെ ചിത്രം വിശുദ്ധ ഖുർആൻ വിശദീകരിക്കുകയാണ്. ഈസ (അ) യിൽ വിശ്വസിച്ച സത്യവിശ്വാസികളായ സമൂഹത്തിന് നേരെ ഭരണകൂടം ചെയ്ത ഒരു ഭീകരമായ കാര്യത്തെ ഓർമ്മപ്പെടുത്തുന്നു ഖുർആൻ.
രാജവീഥിയുടെ ഇരുപുറങ്ങളിലും വലിയ കിടങ്ങുകൾ സ്ഥാപിക്കുകയും, അതിൽ വിറകുകളിട്ട് കത്തിക്കുകയും ചെയ്ത ശേഷം ജ്വലിക്കുന്ന തീച്ചൂള യിലേക്ക് പിഞ്ചു പൈതങ്ങളെ അടക്കം വലിച്ചെറിയുന്നു. മതപരമായ നിർബന്ധ പരിവർത്തനത്തിന് വിധേയമാകാത്തവർ,ഭരണകൂടത്തിന്റെ ഓർഡർ അനുസരിക്കാത്തവർ,ഭരണകൂടത്തിന്റെ ബില്ലിനെ എതിർത്തവർ ( പ്രതിഷേധിച്ചവർ ), നിങ്ങൾ ജൂത മതത്തിലേക്ക് വരണമെന്ന പ്രബോധനം സ്വീകരിക്കാത്തവർ, എന്നിങ്ങനെ തങ്ങളുടെ പ്രവാചകനായ ഈസ (അ) പഠിപ്പിച്ച ദീനിൽ അടിയുറച്ച് വിശ്വസിച്ച ആ കാലഘട്ടത്തിലെ ക്രിസ്ത്യാനികളായ സഹോദരന്മാരെ വലിയ തീ കിടങ്ങിലിട്ട് ചുടുക മാത്രമല്ല അതിന്റെ ചാരുമഞ്ചങ്ങളിൽ ഇരുന്ന് ആസ്വദിക്കുകയും ചെയ്തു അവർ. ലോകം കണ്ട ഏറ്റവും വലിയ പരപീഡനാസക്തിയുടെ ദൃഷ്ടാന്തമായി നമുക്ക് അതിനെ കാണാം. അവർ ( വിശ്വാസികൾ) ചെയ്ത തെറ്റ് ഖുർആൻ ചൂണ്ടികാണിക്കുന്നു. وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
(ആ സത്യവിശ്വാസികളോട് അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം, അവര്‍ അജയ്യനും സ്തുത്യനുമായ, ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു ) എന്നാൽ അള്ളാഹു എല്ലാം കൃത്യമായി കണ്ടുകൊണ്ടിരിക്കുന്ന സാക്ഷിയാണ്. الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
(ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവോ, ഒക്കെയും നോക്കിക്കൊണ്ടിരിക്കുകയാകുന്നു ) അതുകൊണ്ടുതന്നെ ഈ ചെയ്ത അക്രമങ്ങൾക്ക് നാളെ മറുപടി പറയേണ്ടിവരുമെന്ന് അള്ളാഹു വളരെ ഗൗരവത്തിൽ താക്കീത് ചെയ്യുകയാണ്.

അധികാരത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പൈശാചികം എന്ന് പറയേണ്ട രീതിയിൽ എന്തെല്ലാം പീഡനങ്ങളാണ് പൗരൻമാരുടെ മേൽ അധികരിച്ചു കൊണ്ടിരിക്കുന്നത്.
വളരെ പാവപ്പെട്ട ആളുകൾ അഭയം തേടുന്ന ഒരു മദ്രസയിൽ പോലും കേറി അവരെ ക്രൂരമായി ഉപദ്രവിക്കുകയും പെൺകുട്ടികളെ ബലാൽക്കാരം ചെയ്യുകയും ക്രൂരമായി ഈ രാജ്യത്തെ പൗരന്മാരെ കൊന്നൊടുക്കുകയും ചെയ്യുന്ന പുതിയ യൂസഫ് ദൂനവാസു മാരുടെ കാലഘട്ടത്തിലൂടെ നമ്മൾ കടന്നു പോകുമ്പോൾ പരിശുദ്ധ ഖുർആനിൻറെ ഈ വെളിച്ചങ്ങൾ നമുക്ക് അനുഗ്രഹമായിത്തീരേണ്ടതുണ്ട്.

തിരുത്താൻ അവർക്ക് മനസ്സ് ഉണ്ടാവില്ല എന്നതാണ് അഞ്ചാമത്തെ ലക്ഷണം. മനസ്സാക്ഷിയുള്ളവരുടെ മുമ്പിലാണ് സമരങ്ങൾ വിജയിക്കുക. ഒന്ന് രണ്ടു വർഷങ്ങൾക്കു മുമ്പ് ഗംഗ നദിയിൽ മാലിന്യങ്ങൾ കൂടുന്നതിനെ സംബന്ധിച്ച് പരാതിപ്പെടുകയും അതിൻറെ പേരിൽ പ്രതിഷേധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു സ്വാതികനായ സന്യാസി ഉത്തരേന്ത്യയിൽ നിരാഹാര സമരം തുടങ്ങി. കുറച്ചധികം കാലം വെള്ളം മാത്രം കുടിച്ചുകൊണ്ട് നിരാഹാരം തുടർന്നു. അധികാരത്തിന്റെ തലപ്പത്തുള്ളവർ ആ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ല. നിരാഹാരം അനുഷ്ഠിച്ച ആ മനുഷ്യൻ ദയനീയമായി മരിക്കുകയും ചെയ്തു. മനസ്സാക്ഷിയുള്ളവരുടെ മുൻപിൽ ആണ് സമരം വിജയിക്കുക.
ഒരുപക്ഷേ ലോകത്തുള്ള ആധിപത്യ ശക്തികൾ പലപ്പോഴും മനസ്സാക്ഷിയുള്ളവർ ആയിരുന്നില്ല എന്ന് നമ്മൾ തിരിച്ചറിയണം. ഖുർആൻ അവരുടെ സ്വഭാവത്തെ കുറിച്ച് പറയുന്നു: وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِۚ فَحَسْبُهُ جَهَنَّمُۚ وَلَبِئْسَ الْمِهَادُ (അല്ലാഹുവിനെ ഭയപ്പെടുക’ എന്നു പറഞ്ഞാല്‍ ഗര്‍വ് അവനെ പാപത്തില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്തരക്കാര്‍ക്ക് നരകം മതിയാകുന്നുവല്ലോ. അത് അതിദുഷ്ടമായ സങ്കേതംതന്നെ. ) അവരുടെ തീരുമാനത്തിൽ നിന്നും പിന്മാറാതെ പാപത്തിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ അല്ലാഹു മറുപടി നൽകുന്നു :
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( യഥാര്‍ഥത്തില്‍ നിന്റെ നാഥന്റെ പിടിത്തം കൊടൂരംതന്നെയാകുന്നു)
هَلْ أَتَاكَ حَدِيثُ الْجُنُودِ ﴿١٧﴾ فِرْعَوْنَ وَثَمُودَ ﴿١٨﴾ بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ﴿١٩﴾ وَاللَّهُ مِن وَرَائِهِم مُّحِيطٌ
(സൈന്യങ്ങളുടെ കഥ നിനക്ക് ലഭിച്ചിട്ടുണ്ടോ, ഫറവോന്റെയും സമൂദിന്റെയും (സൈന്യങ്ങളുടെ?)പക്ഷേ, അവിശ്വസിച്ചവര്‍ നിഷേധത്തില്‍ത്തന്നെ തുടരുകയാകുന്നു. അല്ലാഹുവോ അവരെ വലയം ചെയ്തിരിക്കുന്നു) നിങ്ങൾക്ക് മുമ്പ് ഒരുപാട് ഫിർഔനുമാർ കടന്നുപോയ ഭൂമിയാണിത് എന്ന് മനസ്സിലാക്കണം.ആ ഫിർഔനുമാരും നംറൂദുമാരും ലോകത്ത് അവശേഷിച്ചില്ല. അല്ലാഹു അവരുടെ ആധിപത്യത്തെ തുടച്ചുനീക്കി.റബ്ബിന്റെ പിടുത്തത്തിൽ നിസ്സഹായരായിത്തീർന്നു. ചെങ്കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പൊങ്ങിയിരിക്കുന്ന സന്ദർഭത്തിൽ മൂസ പറഞ്ഞ ദൈവത്തിൽ വിശ്വസിച്ചു എന്ന് ഫിർഔൻ പറഞ്ഞ് പോവുകയാണ്. മരണത്തിന്റെ അവസാന ഘട്ടത്തിൽ റബ്ബിൽ വിശ്വസിച്ച് തിരുത്താൻ ശ്രമിച്ച ഫിർഔന് അള്ളാഹു മാപ്പ് കൊടുത്തില്ല. وَاللَّهُ مِن وَرَائِهِم مُّحِيطٌ ﴿٢٠﴾ بَلْ هُوَ قُرْآنٌ مَّجِيدٌ ﴿٢١﴾ فِي لَوْحٍ مَّحْفُوظٍ (അല്ലാഹുവോ അവരെ വലയം ചെയ്തിരിക്കുന്നു. എന്നാല്‍ (ഇവര്‍ തള്ളിപ്പറയുന്നതുകൊണ്ട് ഈ ഖുര്‍ആന്ന് ഒരു കുഴപ്പവും വരാന്‍ പോകുന്നില്ല) ഈ ഖുര്‍ആന്‍ ഔന്നത്യമുള്ളതാകുന്നു. സുരക്ഷിതമായ ഫലകത്തില്‍ (രേഖപ്പെട്ടത്) )
ലൗഹുൽ മഹ്ഫൂളിൽ എഴുതപ്പെട്ട കാര്യം സംഭവിക്കാതെ തരമില്ല.
لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِۗ  (പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട് ) ഈ ഗ്രന്ഥം കെട്ടിച്ചമച്ചതല്ല.

Also read: ഇസ്‌ലാമിലെ വസ്വിയ്യത്തും നിയമങ്ങളും

مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
(ഖുര്‍ആനില്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത, അതിനുമുമ്പ് അവതീര്‍ണമായ വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവുംസത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു.) ഇന്നലെകളിൽ അമ്പിയാക്കൻമാരിലൂടെ അവതരിപ്പിച്ച അള്ളാഹുവിൻറെ ഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രവചനങ്ങളുടെ പുലർച്ചയും സാക്ഷാത്കാരവും വിശദീകരണവുമാണ് പരിശുദ്ധ ഖുർആൻ.

ജീവിതവുമായി ബന്ധപ്പെട്ട , പ്രപഞ്ചവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വിശദീകരിക്കുന്നതാണ് ഖുർആൻ എന്ന് പറയുമ്പോൾ അതിൽ ആശങ്ക അനുഭവപ്പെടും.
മഹാനായ ഇമാം അബ്ദുവിനോട് ഒരാൾ ചോദിക്കുകയുണ്ടായി : എല്ലാ വിശദീകരണവും ഖുർആനിൽ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിൽ സഹോദരാ…. ഇന്ന് റൊട്ടി വിൽക്കുന്ന ഒരാൾ എത്ര റൊട്ടി വിറ്റു എന്ന് ഖുർആനിൽ പറയുന്നുണ്ടോ ?. മുഹമ്മദ് അബ്ദു പുഞ്ചിരിയോടെ ചോദിച്ചു: നിങ്ങൾ ഇന്ന് എത്ര റൊട്ടി ചുടും . അദ്ദേഹം എണ്ണം പറഞ്ഞുകൊടുത്തു.
മു.അബ്ദു: കിട്ടിയില്ലെ ഉത്തരം
അദ്ദേഹം: ഖുർആനിൽ അത് പറഞ്ഞിട്ടുണ്ടോ?.
മു. അബ്ദു: അതെ ഖുർആൻ അനുസരിച്ചാണ് ഞാൻ ചെയ്തത്.
فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ (നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോടു ചോദിച്ചുനോക്കുക) ഭൂതത്തിന് സമസ്ത മണ്ഡലങ്ങളിലും അല്ലാഹുവിൻറെ വഴിയിൽ ധാർമികതയോട് കൂടി ജീവിതം ചിട്ടപ്പെടുത്തുന്നതിൽ അടിസ്ഥാന വെളിച്ചം വിശുദ്ധ ഖുർആനിലാണ്. മുമ്പ് സൂചിപ്പിച്ച 5 ലക്ഷണങ്ങൾ ഉള്ള താൽപര്യക്കാരായ അധികാര ശക്തികളെ സംബന്ധിച്ചിടത്തോളം അവരെ ചിത്രീകരിച്ചതിന് ശേഷം ആ ചരിത്ര കഥനം സമാപിപ്പിച്ചു കൊണ്ട്,സത്യ വിശ്വാസികളുടെ ലക്ഷണം പറഞ്ഞുകൊണ്ട് റബ്ബ് പറയുന്നു:
وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِۗ وَاللَّهُ رَءُوفٌ بِالْعِبَادِ (മറുവശത്ത്, മനുഷ്യരില്‍ത്തന്നെ ഇങ്ങനെയുമുണ്ടൊരു കൂട്ടര്‍: അവര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവന്‍പോലും ത്യജിക്കാന്‍ സന്നദ്ധരാകുന്നു. അല്ലാഹു അത്തരം അടിയാറുകളോട് അതീവദയാലുവാകുന്നു)
മറുവശത്ത് സത്യവിശ്വാസികളായ ഒരു കൂട്ടർ ഉണ്ട്.അല്ലാഹുവിൻറെ പൊരുത്തങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതത്തെ വിറ്റവരാണവർ എന്നാണ് ഖുർആൻറെ പ്രയോഗം.
കയ്യിൽ ഒരു കൊടിയും പിടിച്ച് കുറച്ച് അകലം നടന്നാൽ നമ്മുടെ ദൗത്യം കഴിഞ്ഞെന്ന് തെറ്റിദ്ധരിച്ചു പോകരുത്; അല്ലാഹുവിനുവേണ്ടി ആ ജീവിതങ്ങളെ വിൽക്കുവോളം സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആവശ്യമുണ്ട് ഇവിടെ.അല്ലാഹു പറയുകയാണ്.അത്തരം അടിയാറുകളേ സംബന്ധിച്ചിടത്തോളം
وَاللَّهُ رَءُوفٌ بِالْعِبَادِ (അല്ലാഹു അത്തരം അടിയാറുകളോട് അതീവ ദയാലുവാകുന്നു)
ഇരുട്ടിന്റെ കനം കൂടി വരുന്നുണ്ടെങ്കിലും അതിൽ ഒരു പ്രത്യാശയുടെ സന്ദേശം ഉണ്ട്. പ്രഭാതം അകലെയല്ല എന്നത് അതിന്റെ അടയാളമാണ്.

തയ്യാറാക്കിയത് : റിജുവാൻ എൻ.പി

Facebook Comments
Related Articles
Show More

Check Also

Close
Close
Close