Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ വസ്വിയ്യത്തും നിയമങ്ങളും

എന്താണ് വസ്വിയ്യത്ത്?
ഭാഷാപരമായി ഒരു വസ്തു മറ്റൊരു വസ്തുവുമായി ചേരുന്നത് എന്നാണ് വിസ്വിയ്യത്തിന്റെ അര്‍ഥം. തന്റെ മരണശേഷം ഉമടസ്ഥാവകാശം ലഭിക്കുമെന്ന മാനദണ്ഡപ്രകാരം ഒരാള്‍ മറ്റൊരാള്‍ക്ക് വസ്തുവായോ കടമായോ ഉപകരാമായോ വല്ലതും ദാനം ചെയ്യുക എന്നതാണ് ശറഇയ്യായ അര്‍ഥം.

വിസ്വിയ്യത്തിന്റെ വിധി
വിശുദ്ധ ഖുര്‍ആനിലെ വസ്വിയ്യത്തിന്റെ തെളിവുകള്‍ കാണാം. അല്ലാഹു പറയുന്നു: നിങ്ങളില്‍ വല്ലവര്‍ക്കും മരണാസന്നമായാല്‍ അവന്‍ ചെയ്യുന്ന വസ്വിയ്യത്തിനുള്ള സാക്ഷികള്‍ നീതിമാന്മാരായ രണ്ടുപേരാണ്(അന്നിസാഅ്: 11). അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നു; വസ്വിയ്യത്തിന് ശേഷം അതു നടപ്പിലാവാന്‍ രണ്ടുദിവസം ആവശ്യമാണെങ്കില്‍ നിര്‍ബന്ധമായും അവന്‍ അത് എഴുതിവെക്കണം(ബുഖാരി: 2738, മുസ്‌ലിം : 1627). വസ്വിയ്യത്ത് മതപരമായി അനുവദനീയമാണെന്ന വിഷയത്തില്‍ എല്ലാ കാലത്തെയും പണ്ഡിതന്മാരും ഏകാഭിപ്രായം പറഞ്ഞിട്ടുണ്ട്.
സ്വന്തമായി കടബാധ്യതയോ സൂക്ഷിപ്പു സ്വത്തോ മറ്റു നിര്‍ബന്ധ ബാധ്യതകളോ ഉള്ളവരുടെ വസ്വിയ്യത്ത് മാത്രമേ അനന്തരവന്മാര്‍ക്ക് വീട്ടല്‍ നിര്‍ബന്ധമായി വരൂ. കാരണം അല്ലാഹു തആലാ വിശ്വസിച്ചേല്‍പിച്ച മുതലുകള്‍ തിരിച്ചുവീട്ടല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് സാധ്യമാവുക വസ്വിയ്യത്തിലൂടെ മാത്രമാണ്. അതേസമയം തന്റെ സമ്പത്തില്‍ നിന്ന് ഒരു വിഹിതം ദാനം ചെയ്യാന്‍ ഒരാള്‍ വസ്വിയ്യത്ത് ചെയ്താല്‍ അത് നിര്‍ബന്ധമായിത്തീരുകയില്ല എന്നാണ് പണ്ഡിതപക്ഷം(അല്‍ മുഗ്‌നി, ഇബ്‌നു ഖുദാമ, വാ.8, പേ 389/391).

വസ്വിയ്യത്തില്‍ നിര്‍ബന്ധമായ കാര്യങ്ങള്‍
നാലു കാര്യങ്ങളാണ് വസ്വിയ്യത്തില്‍ നിര്‍ബന്ധമാവുക. ഒന്നാമതായി വസ്വിയ്യത്തിന്റെ മേല്‍ അറിയിക്കുന്ന വാചകം. വസ്വിയ്യത്ത് ചെയ്യുന്നതും സ്വീകരിക്കുന്നതുമായ രണ്ടു വാചകങ്ങളും ഉണ്ടാവണം. മരണശേഷം ഉടമാവകാശം അറിയിക്കുന്ന വചനങ്ങളായ ‘നിനക്ക് ഞാന്‍ ഇന്നാലിന്ന കാര്യം വസ്വിയ്യത്ത് ചെയ്തു’, ‘ഇന്നാലിന്ന മനുഷ്യന് ഞാന്‍ ഈ വസ്തു വസ്വിയ്യത്ത് ചെയ്തു’, ‘എന്റെ മരണശേഷം അവന്ന് നിങ്ങള്‍ ഇത്ര വിഹിതം നല്‍കുക’, ‘എന്റെ മരണശേഷം സമ്പത്തിന്റെ ഇത്രവിഹിതം അവന്ന് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു’ എന്നിങ്ങനെയുള്ള വചനങ്ങള്‍ ഉപയോഗിക്കാം. വാചകം പോലെതന്നെ എഴുത്തിലൂടെയും ഊമയുടെ വസ്വിയ്യത്ത് വ്യക്തമായ ആംഗ്യത്തിലൂടെയും സാധുവാകുമെന്നാണ് പണ്ഡിതപക്ഷം. അപ്രകാരം വസ്വിയ്യത്ത് സ്വീകരിക്കലും വ്യക്തമായ വാചകങ്ങളോ അല്ലെങ്കില്‍ വസ്വിയ്യത്ത് ചെയ്തയാള്‍ക്ക് തൃപ്തികരമായ രീതിയിലുള്ള ക്രയവിക്രയങ്ങളോ ഉപയോഗിച്ചാവണം.

Also read: നെല്ലി കൂട്ടക്കൊല ; പൗരത്വത്തിന്റെ പേരില്‍ നടന്ന മുസ്‌ലിം വംശഹത്യ

രണ്ടാമതായി വസ്വിയ്യത്ത് ചെയ്യുന്ന വ്യക്തി. പ്രായപൂര്‍ത്തിയും ബുദ്ധിയും സാമ്പത്തികക്രമങ്ങളില്‍ മാന്യതയുമുള്ള ദാനം ചെയ്യാന്‍ മതപരമായി അര്‍ഹതയുള്ള ആളുമാവുക, സ്വതന്ത്രനാവുക(അടിമയുടെ വസ്വിയ്യത്ത് സ്വീകാര്യമല്ല, കാരണം വസ്വിയ്യത്ത് എന്നാല്‍ ദാനമാണ്, അടിമ അതിന്റെ അര്‍ഹനുമല്ല), വസ്വിയ്യത്ത് ചെയ്യുന്നയാള്‍ ചെയ്യുന്ന വിഷയത്തില്‍ സംതൃപ്തനാവുക എന്നിവയാണ് വസ്വിയ്യത്ത് ചെയ്യുന്നയാളുടെ നിബന്ധനകള്‍. വസ്വിയ്യത്ത് ചെയ്യുന്നയാള്‍ മുസ്‌ലിമാവണമെന്നില്ല എന്നതാണ് പണ്ഡിതന്മാരുടെ ഏകാഭിപ്രായം. അപ്പോള്‍ ഒരു അവിശ്വാസിക്ക് മുസ്‌ലിമിന് വേണ്ടി വസ്വിയ്യത്ത് ചെയ്യാം.

മൂന്നാമത്തെ ഘടകം വസ്വിയ്യത്ത് ചെയ്യപ്പെടുന്നയാളാണ്. അയാള്‍ക്കും ചില നിബന്ധനകളുണ്ട്. വസ്വിയ്യത്ത് ചെയ്യുന്ന സമയത്ത് ഉള്ളയാളാവുക(അപ്പോള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലുള്ള ഗര്‍ഭസ്ഥശിശുവിന് വസ്വിയ്യത്ത് ചെയ്യാം), സമ്പത്ത് അധികാരപ്പെടുത്താന്‍ അര്‍ഹതയുള്ളയാളാവുക, അറിയപ്പെട്ടയാളാവുക, വസ്വിയ്യത്ത് ചെയ്തയാളുടെ ഘാതകന്‍ ആവാതിരിക്കുക, വസ്വിയ്യത്ത് ചെയ്തയാളുടെ മരണസമയത്ത് അനന്തരാവകാശം കിട്ടുന്ന ആളാവാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. അബൂ ഇമാമ ബാഹിലി നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: ‘അല്ലാഹു എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടത് നല്‍കാന്‍ വിധിച്ചു. അക്കൂട്ടത്തില്‍ പെട്ടതാണ് അനന്തരാവാശിക്ക് വസ്വിയ്യത്ത് സ്വീകരിക്കാന്‍ അര്‍ഹതയില്ല എന്നത്'(സ്വഹീഹു തുര്‍മുദി, അല്‍ബാനി, 1721). ഈ നിയമം നിലവില്‍ വന്നത് അനന്തരവന്മാര്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും രൂപപ്പെട്ട് കലഹിക്കുന്നതും കുടുംബബന്ധം വിച്ഛേദിക്കുന്നതും അസൂയ രൂപപ്പെടുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

നാലാമത്തെ ഘടകം വസ്വിയ്യത്ത് ചെയ്യപ്പെടുന്ന വസ്തുവാണ്. അത് സമ്പത്തോ വല്ല ഉപകാരങ്ങളോ ആവാം. അതിനും ചില നിബന്ധനകളുണ്ട്. ആ വസ്തു സമ്പത്താവുക(കാരണം വസ്വിയ്യത്ത് എന്നാല്‍ ഉടമസ്ഥാവകാശം നല്‍കലാണ്, സമ്പത്തല്ലാതെ അങ്ങനെ നല്‍കാന്‍ സാധ്യമല്ല, ഈ സമ്പത്ത് സാധാരണ നാണയങ്ങളോ മറ്റൊരാളുടെ കൈവശമുള്ള കടമോ ഉപകാരങ്ങളായ വീട്ടില്‍ താമസിക്കുക, ഭൂമി കൃഷി ചെയ്യുക, ഭാവിയില്‍ തോട്ടത്തിലെ ഫലങ്ങള്‍ എന്നിവയോ ആവാം), ശറഇന്റെ ഭാഷയില്‍ വിലയുള്ള വസ്തുവാവുക(അപ്പോള്‍ ശറഇല്‍ വിലയില്ലാത്ത കള്ള്, പന്നി, നായ, വേട്ടക്ക് പറ്റാത്ത വന്യമൃഗങ്ങള്‍ എന്നിവ മുസ്‌ലിമില്‍ നിന്നോ അമുസ്‌ലിമില്‍ നിന്നോ വസ്വിയ്യത്ത് ചെയ്താല്‍ ശരിയാവില്ല), ഉടമപ്പെടുത്തി കൊടുക്കാന്‍ പറ്റുന്ന വസ്തുക്കളാവുക(തോട്ടത്തിലെ പഴങ്ങളോ ആടിന്റെ വയറ്റിലുള്ള കുട്ടിയെയോ പോലെ), വസ്വിയ്യത്ത് ചെയ്യുന്ന സമയത്ത് ആ വസ്തു ചെയ്യുന്നയാളുടെ ഉമസ്ഥതയിലാവുക, തെറ്റായ കാര്യമോ മതപരമായി നിഷിദ്ധമായ വിഷയങ്ങളോ ആവാതിരിക്കുക എന്നിവയാണ് ആ നിബന്ധനകള്‍.

Also read: ഖുത്വുബ നിര്‍വഹിക്കുന്നതിന് വേതനം കൈപറ്റാമോ?

വസ്വിയ്യത്ത് സ്ഥിരപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍
രണ്ട് നീതിമാന്മാരായ സാക്ഷികളുടെ സാക്ഷ്യം, വസ്വിയ്യത്ത് ചെയ്തയാളുടെ സാക്ഷ്യപത്രം എന്നീ ശറഇയ്യായ രീതികളിലൂടെ വസ്വിയ്യത്ത് സ്ഥിരപ്പെടും. വസ്വിയ്യത്ത് ചെയ്യപ്പെടുന്ന വസ്തു അനന്തരസ്വത്തിന്റെ മൂന്നിലൊന്നില്‍ കുറയലും അതില്‍ കൂടാതിരിക്കലും പ്രത്യേകം സുന്നത്താണ്. സഅദ്(റ) പറയുന്നു: ഞാന്‍ മരണതുല്യമായ വേദന അനുഭവിക്കുന്ന രോഗസന്ദര്‍ഭത്തില്‍ നബി(സ) എന്നെ സന്ദര്‍ശിച്ചു. ഞാന്‍ ചോദിച്ചു: നബിയെ, രോഗം കാരണം എന്റെ അവസ്ഥ ഇതാണ്, എനിക്കാണെങ്കില്‍ ഒരുപാട് സമ്പത്തുമുണ്ട്. അനന്തരാവകാശിയായി ആകെ മകളുമാണുള്ളത്. ഞാന്‍ എന്റെ മൂന്നില്‍ രണ്ടു ഭാഗം സ്വദഖ ചെയ്യട്ടെയോ? നബി(സ) പറഞ്ഞു; വേണ്ട. ഞാന്‍ ചോദിച്ചു: സമ്പത്തിന്റെ പകുതി സ്വദഖ ചെയ്യട്ടെയോ? നബി(സ) പറഞ്ഞു: വേണ്ട, വെറും മൂന്നിലൊന്ന് സ്വദഖ ചെയ്താല്‍ മതി, അതും ധാരാളമാണ്. നിന്റെ മക്കളെ ജനങ്ങള്‍ക്കിടയില്‍ യാചിക്കുന്ന അവസ്ഥയില്‍ വിട്ടുപോവുന്നതിലേറെ നല്ലത് അവരെ സമ്പന്നരാക്കി വിട്ടുപോവുന്നതാണ്. (ബുഖാരി: 2742, മുസ്‌ലിം : 1628).

വസ്വിയ്യത്ത് ചെയ്തയാളുടെ മരണശേഷം അയാളുടെ കടങ്ങള്‍ പൂര്‍ണമായി വീട്ടിയശേഷം മാത്രമേ വസ്വിയ്യത്ത് ചെയ്യപ്പെട്ട വസ്തു ഉടമപ്പെടുകയുള്ളൂ. കാരണം, കടമെന്നാല്‍ നിര്‍ബന്ധവും വസ്വിയ്യത്ത് സുന്നത്തുമാണ്. നിര്‍ബന്ധം എപ്പോഴും സുന്നിത്തിനെക്കാള്‍ മുന്തിക്കപ്പെടേണ്ടതുമാണ്. അലി(റ) നിവേദനം ചെയ്യുന്നു; നബി തങ്ങള്‍ വസ്വിയ്യത്തിനെക്കാള്‍ മുമ്പ് കടങ്ങള്‍ വീട്ടാന്‍ വിധി പുറപ്പെടുവിച്ചു. സൂറത്തുന്നിസാഇലെ 11ാമത് വചനം അതാണ് അര്‍ഥമാക്കുന്നത്(ഇബ്‌നു മാജ, അല്‍ബാനി, 2195).

വസ്വിയ്യത്ത് എഴുതലും സാക്ഷിപറയലും
വസ്വിയ്യത്ത് എഴുതിവെക്കലും അതിന്റെ മേല്‍ സാക്ഷികളെ നിര്‍ത്തലും മുസ്‌ലിമിന് സുന്നത്താണ്. അതിന്റെ സംരക്ഷണത്തിനും അത് നിഷേധിക്കുന്നത് തടയാനും ഇത് സഹായിക്കും. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നു;വസ്വിയ്യത്തിന് ശേഷം അതു നടപ്പിലാവാന്‍ രണ്ടുദിവസം ആവശ്യമാണെങ്കില്‍ നിര്‍ബന്ധമായും അവന്‍ അത് എഴുതിവെക്കണം(ബുഖാരി: 2738, മുസ്‌ലിം : 1627).
അനസ്ബ്‌നു മാലിക്(റ) പറയുന്നു; വസ്വിയ്യത്തിന്റെ ആദ്യത്തില്‍ എഴുതുമ്പോള്‍ ഇങ്ങനെ എഴുതുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു. ‘ഇത് ഇന്നാലിന്ന വ്യക്തിയുടെ വസ്വിയ്യത്താണ്. അല്ലാഹുവല്ലാതെ മറ്റൊരിലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും നിസ്സംശയം ലോകാവസാനം സംഭവിക്കുമെന്നും അല്ലാഹു ഖബ്‌റാളികളെ പുനര്‍ജീവിപ്പിക്കുമെന്നും അവന്‍ വസ്വിയ്യത്ത് ചെയ്യുന്നു. തന്റെ ബന്ധുജനങ്ങളോട് അല്ലാഹുവിനെ സൂക്ഷിക്കാനും പരസ്പരം സാഹോദര്യം നിലനിര്‍ത്താനും അല്ലാഹുവിനെയും റസൂലിനെയും സദാ വഴിപ്പെടാനും വസ്വിയ്യത്ത് ചെയ്യുന്നു. ഇബ്‌റാഹിം നബി മകന്‍ യഅ്ഖൂബ് നബിയോട് ചെയ്തപ്രകാരം നിങ്ങള്‍ മുസ്‌ലിമായിട്ടല്ലാതെ മരണപ്പെടരുത് എന്നും വസ്വിയ്യത്ത് ചെയ്യുന്നു'(ഇര്‍വാഉല്‍ ഗലീല്‍, അല്‍ബാനി, 1647).

Also read: എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

വസ്വിയ്യത്ത് ബാത്വിലാവുന്ന കാര്യങ്ങള്‍
വസ്വിയ്യത്തിന്റെ നിര്‍ബന്ധഘടകങ്ങളില്‍ വല്ലതും അപൂര്‍ണമായാല്‍ വസ്വിയ്യത്ത് ബാത്വിലാവുന്നതാണ്. അതിനുപുറമെ ആറു കാര്യങ്ങള്‍ കൂടി പണ്ഡിതന്മാര്‍ പരിചയപ്പെടുത്തുന്നു. ഒന്നാമതായി, വസ്വിയ്യത്ത് ചെയ്യപ്പെട്ടയാള്‍ മരണപ്പെടുക. കാരണം, അയാള്‍ക്ക് വസ്വിയ്യത്ത് അര്‍ഹമാവുക വസ്വിയ്യത്ത് ചെയ്തയാളുടെ മരണശേഷം മാത്രമാണ്. അയാള്‍ നേരത്തെ മരണപ്പെട്ടാല്‍ ആ വിധി ഇല്ലാതാവുകയും ചെയ്യും. രണ്ടാമതായി വസ്വിയ്യത്ത് ചെയ്യപ്പെട്ടയാള്‍ ചെയ്തയാളെ വധിക്കുക. ഇങ്ങനെ വധിക്കുന്നതിലൂടെ വസ്വിയ്യത്ത് ബാത്വിലാവില്ല എന്നുവന്നാല്‍ സമ്പത്ത് കിട്ടാന്‍ വേണ്ടി വസ്വിയ്യത്ത് ചെയ്തയാളെ വധിക്കുന്ന പ്രവണത വ്യാപകമാവുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മൂന്നാമതായി, വസ്വിയ്യത്ത് ചെയ്യപ്പെട്ട വസ്തു നശിച്ചുപോവുക. നാലാമതായി, വസ്വിയ്യത്ത് ചെയ്തയാള്‍ക്ക് ഭ്രാന്താവുകയും അത് വര്‍ധിച്ച് മരണത്തോളം എത്തുകയും ചെയ്യുക. ചിലര്‍ ഒരു മാസമെന്നും ചിലര്‍ ഒരു വര്‍ഷമെന്നും ഈ ഭ്രാന്തിന് കാലയളവ് പറഞ്ഞിട്ടുണ്ട്. അഞ്ചാമതായി, വസ്വിയ്യത്ത് ചെയ്തയാള്‍ വസ്വിയ്യത്തിനെ നിഷേധിക്കുക. ആറാമതായി, വസ്വിയ്യത്ത് ചെയ്തയാളോ ചെയ്യപ്പെട്ടയാളോ മതഭ്രഷ്ടനാവുക.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles