Speeches

നിങ്ങൾക്ക് തെറ്റി; ഈ ഉമ്മത്ത് മരിക്കുകയില്ല

നബി (സ) യും അനുയായികളും മക്കയിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഏകദേശം ഏഴ് വർഷം കഴിഞ്ഞപ്പോൾ ഇസ്ലാമിന്റെ സ്വാധീനം മക്കയിൽ ശക്തമായി എന്നു കണ്ടപ്പോൾ ഖുറൈശികൾ നബി (സ) യെ വധിക്കാൻ തീരുമാനിച്ചു. പക്ഷെ അബൂത്വാലിബിന്റെ സംരക്ഷണത്തിൽ ആയിരുന്ന റസൂൽ (സ) യെ ഉപദ്രവിക്കുവാനോ കൊലപ്പെടുത്തുവാനോ അവർക്ക് സാധിച്ചില്ല.മാത്രമല്ല, അബൂത്വാലിബ് ഖുറൈശികൾക്ക് മുന്നിൽ  പ്രഖ്യാപിച്ചു: നിങ്ങൾ അദ്ദേഹത്തെ കൊല്ലുകയാണെങ്കിൽ നിങ്ങളിൽ ഒരാളെയും ഞാൻ ബാക്കി വെക്കുകയില്ല. നമ്മൾ പരസ്പരം കലഹിച്ചു നശിച്ചുപോകുകയാണ് ഭാവിയിൽ നടക്കുക. അതേ ഖുറൈശികളുടെ മുന്നിൽ വെച്ചു അബൂത്വാലിബ് പ്രഖ്യാപിച്ചു: ഞാൻ മണ്ണിനോട് ചേരുന്നത് വരെ താങ്കളുടെ ദേഹത്തു ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കുകയില്ല. എന്റെ പ്രിയപ്പെട്ട മകനെ , നിനക്കു നിന്റെ പ്രബോധന പ്രവർത്തനങ്ങൾ തുടരാവുന്നതാണ്. അതിന് ആരും തടസ്സം നിൽക്കുകയില്ല. നീ എന്നെ നിന്റെ ദീനിലേക്ക് ക്ഷണിച്ചിരിക്കുന്നു. താങ്കളുടെ ഉപദേശം എന്റെ നല്ലതിന് വേണ്ടിയാണെന്ന് എനിക്കറിയാം. താങ്കളുടെ ആദർശം സത്യം തന്നെയാണ്.മറ്റേതു ദര്ശനത്തേക്കാളും താങ്കൾ കൊണ്ടു വന്ന ദർശനമാണ് മഹത്തായത് എന്നും എനിക്കറിയാം. പക്ഷേ മറ്റുള്ളവർ എന്നെ കുറിച്ചു മോശമായത് പറയും എന്നത് കൊണ്ടാണ് താങ്കളുടെ ദർശനത്തെ ഞാൻ സ്വീകരിക്കാത്തത്. അബൂത്വാലിബ് പരസ്യമായി നബി (സ) ക്ക് പിന്തുണ പ്രഖ്യാപിച്ചു. അത് ഖുറൈശികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവർ തങ്ങളുടെ പാർലിമെന്റ് വിളിച്ചുകൂട്ടി. ദാറു ന്നദ്‌വ ആയിരുന്നു അവരുടെ പാർലിമെന്റ്. നിർണയകമായ തീരുമാനങ്ങൾ എടുക്കുന്നത് ഇവിടെ നിന്ന് കൂടിയാലോചിച്ചതിനു ശേഷമായിരുന്നു. 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പുരുഷന്മാരും ചേർന്നായിരുന്നു തീരുമാനം എടുക്കുന്നത്. അങ്ങനെ അവർ ഒരു ബിൽ പാസാക്കി. ഒരു പൗരത്വ ബിൽ. മുസ്ലിംകളെ സമൂഹത്തിൽ നിന്നു മാറ്റി നിർത്തണം. മാത്രമല്ല അവരെ സഹായിക്കുന്ന, അവരെ സംരക്ഷിക്കുന്ന എല്ലാ വിധ സഹായങ്ങളും നൽകുന്ന ബനൂ ഹാഷിം കുടുംബത്തെയും ഉപരോധിക്കണം. അങ്ങനെ ഖുറൈശികൾ ഒന്നടങ്കം തീരുമാനമെടുത്ത സഹീഫത്തുൽ ഹിസാർ എന്ന ബില്ലുമായി രംഗത്തു വന്നു. ബനൂ ഹാഷിമുമായി സഹകരണം പാടില്ല. അവരുമായി ഇടപാടുകൾ പാടില്ല.അവരുമായി വിവാഹം പാടില്ല. അവർക്ക് ഭക്ഷണം പോലും കൊടുക്കാൻ പാടില്ല. അങ്ങനെ അവരെ ശിഅബ് അബീത്വാലിബിൽ ഉപരോധിച്ചു. മൂന്നു വഴികളാണ് മുസ്ലിംകളുടെയും കൂടെ നിൽക്കുന്ന ബനൂ ഹാഷിമിന്റെയും മുന്നിലുള്ളത്. ഖുറൈശികളുടെ നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് മുഹമ്മദ് നബി(സ) യെ വധിക്കുന്നതിന് ഏൽപ്പിച്ചു കൊടുക്കണം. അല്ലെങ്കിൽ മുഹമ്മദ് നബി(സ) തന്റെ പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണം.ഇതിനു തയ്യാറല്ലെങ്കിൽ മുസ്ലിം ഉമ്മത്ത് ഉപരോധത്തിൽ ഏർപെടണം. ഇതായിരുന്നു ദാറു നദ്‌വയിലെ തീരുമാനം. ഈ തീരുമാനം അബൂത്വാലിബിന്റെ ചെവിയിലെത്തി. അദ്ദേഹം ബനൂ ഹാഷിമിനേയും ബനൂ മുത്വലിബിനെയും വിളിച്ചു വരുത്തിയിട്ട് അവരുടെ മുന്നിൽ ഒരു കവിത ചൊല്ലി.
ولما رأيت القوم لا ود فيهم
وقد قطعوا كل العرى والوسائل
وقد صارحونا بالعداوة والأذى
وقد طاوعوا أمر العدو المزابل
وأحضرت عند البيت رهطي واخوتي
وأمسكت من أثوابه بالوصائل
ونسلمه حتى نصرع دونه
ونذهل عن أبنائنا والحلائل
സ്നേഹമില്ലാത്ത ഒരു ജനതയെ ഞാൻ കാണുന്നു നമ്മോടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്
അവർ ശത്രുതയുമായി പീഡിപ്പിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നു.
ഈ നിർണായകമായ ഘട്ടത്തിൽ ഞാൻ എന്റെ കുടുംബ വുമായി പരിശുദ്ധ കഅബലയത്തിന്റെ ഓരത്തുള്ള എന്റെ താഴ്‌വരയിൽ എത്തിനിൽക്കുകയാണ് .
നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കൂടെ ചേരാം.
ഒരിക്കലും ഞാൻ മുഹമ്മദിനെ ഏൽപ്പിച്ചു കൊടുക്കുകയില്ല. മുഹമ്മദിനെ സംരക്ഷിക്കുന്നതിൽ എന്റെ മരണം വരെ പോരാടുക തന്നെചെയ്യും എന്ന് അബൂത്വാലിബ് ബനൂ ഹാഷിമിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയാണ്.വല്ലാത്ത മാറ്റമാണ് ഏതാനും വരികൾക്ക് ഉണ്ടാക്കാൻ സാധിച്ചത്. ബനൂ ഹാശിം അവരോടൊപ്പം താഴ്‌വരയിലേക്ക് വന്നു. മതപരമായ ബന്ധങ്ങൾക്കപ്പുറം മാനുഷിക പരിഗണന മുന്നിൽ വെച്ചാണ് മുഹമ്മദ് നബി(സ) യോടൊപ്പവും സഹാബക്കളോടൊപ്പവും പട്ടിണി കിടക്കാൻ അവർ വന്നത്. അവരിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും വൃദ്ധ ജനങ്ങളും ഉണ്ടായിരുന്നു. മുസ്ലിം ചരിത്രത്തിലെ ഒന്നാമത്തെ കോണ്സണ്ട്രേഷൻ ക്യാമ്പ് അഥവാ തടങ്കൽ പാളയമാണ് ഖുറൈശികൾ മുസ്ലിംകൾക്ക് വേണ്ടി ഒരുക്കിവെച്ചത്. മുസ്ലിംകൾ യാതൊരു പ്രയാസവും വിഷമവും കൂടാതെ ആ അക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാലങ്ങളിൽ നടന്ന ഒരു ചരിത്ര ശകലമാണ് ഇത്. പിറന്ന നാട്ടിൽ നിന്ന് മുസ്ലിംകളെ ഓടിക്കാൻ വേണ്ടി ബിൽ പാസാക്കുന്ന, അവരെ ഇല്ലായ്മ ചെയ്യാൻ വേണ്ടി കോൺസൺട്രേഷൻ  ക്യാമ്പുകൾ പണികഴിപ്പിക്കുന്ന ഈ സാഹചര്യത്തിൽ പ്രസക്തി ഏറെയുള്ള ഒരു ചരിത്ര ശകലം.

ഖുറൈശികൾ മുസ്ലിംകളെ കുഴിച്ചു മൂടാൻ ആഗ്രഹിച്ചിരുന്നു. ഫാസിസ്റ്റ് ഭരണകൂടം മുസ്ലികളെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന സമീപനങ്ങൾ പോലെ, അവരെ കുഴിച്ചു മൂടാൻ ആഗ്രഹിക്കുന്ന ഖുറൈശികളും അവരുടെ പിന്മുറക്കാരും അറിയേണ്ടത്. ഇത് ഒരിക്കലും മരിച്ചു പോകുന്ന സമൂഹമല്ല എന്നു തിരിച്ചറിയുക. ഈ ഉമ്മത്തിന്ന് രോഗം ബാധിച്ചേക്കാം. പക്ഷെ ഒരിക്കലും മൃതിയടയുകയില്ല. ഈ ഉമ്മത്ത് മരിക്കേണ്ടതായിരുന്നുവെങ്കിൽ ശിഅബ് അബീത്വാലിബിൽ ഖുറൈശികൾ ഒരുക്കിയ തടങ്കൽ പാളയത്തിൽ കിടന്ന് പിടഞ്ഞു മരിക്കേണ്ടതായിരുന്നു. പക്ഷെ ആ ഭയങ്കരമായ ഉപരോധത്തെയും മറികടന്നു കൊണ്ട് മഹത്തായ ചരിത്രം രചിച്ച ഉമ്മത്താണ് ഇത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ ഉപരോധത്തെ എങ്ങനെയാണ് മറികടന്നത് എന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നു. അവിടത്തെ ആളുകൾ മതപരമായ രീതിയിലല്ല മറിച്ചു മാനുഷിക പരിഗണന മുന്നിൽ വെച്ചു കൊണ്ടാണ് ഈ ഉപരോധത്തെ തകർത്തത് എന്നു കാണാൻ കഴിയും.അതു കൊണ്ടാണ് ബനൂ ഹാശിം മൂന്ന് വർഷക്കാലം നബി(സ) യോടൊപ്പം ശിഅബ് അബീത്വാലിബിൽ പട്ടിണി കിടന്നത്. പീഡനങ്ങളുടെയും നിലവിളികളുടെയും പട്ടിണിയുടെയും മൂന്നു വർഷം, ഇസ്ലാമിക ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയുകയില്ല. മരങ്ങളുടെ തോലുകൾ, ഇലകൾ ഭക്ഷിച്ചു കൊണ്ട് അവർ പിടിച്ചു നിന്നു. പട്ടിണി കാരണം പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടുവെന്ന് ചരിത്രം പഠിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.

ഈ കൊടും യാതനയെ കുറിച്ചു ആ ഉപരോധത്തിൽ പങ്കെടുത്ത സഅദ് ബ്നു അബീവഖാസ് (റ) പറയുന്നു: ഞാൻ രാത്രി മൂത്രമൊഴിക്കുവാൻ പുറത്തിറങ്ങി.മൂത്രമൊഴിച്ചു കൊണ്ടിരുന്നപ്പോൾ മൂത്ര തുള്ളികൾ വീഴുന്ന സ്ഥലത്തു നിന്ന് ഒരു ശബ്ദം കേട്ടു. ഞാൻ നോക്കുമ്പോൾ അത് ഒരു ഒട്ടക തൊലിയുടെ ഉണങ്ങിയ കഷ്ണമാണ്.അത് ഞാൻ പെറുക്കിയെടുത്ത് കഴുകി. എന്നിട്ട് അതിനെ വേവിക്കുകയും അതിനെ ഇടിച്ചു നിരത്തുകയും എന്നിട്ട് വെള്ളവും കൂട്ടി മൂന്ന് ദിവസത്തോളം ഞാൻ കഴിച്ചുകൂട്ടി എന്നു സഅദ് ബ്നു അബീവഖാസ് (റ) പറയുന്നു.ഈ ഉപരോധത്തിൽ മുസ്ലികളോടൊപ്പം കൂടെ നിന്നത് മുസ്ലിം അല്ലാത്ത അബു ത്വാലിബിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ അല്ലാത്ത ബനൂ ഹാഷിം ആയിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഇവർ അകത്തു നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒരു വിഭാഗം.
പുറത്തു നിന്ന് ഈ ഉപരോധത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി പണിയെടുത്ത ഒരു വിഭാഗത്തെയും ചരിത്രം രേഖപ്പെടുത്തുന്നു. ഹിഷാം ഇബ്നു അംറ് (റ).( ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു.)അദ്ദേഹം ഖുറൈശി പാർലിമെന്റിലെ പ്രധാന അംഗമായിരുന്നു. മുസ്ലികൾക്കെതിരെയുള്ള പൗരത്വബിൽ ഖുറൈശികൾ പാസാക്കിയത് അദ്ദേഹത്തിന്റെ വിസമ്മതത്തോടെ ആയിരുന്നു. 80 ആളുകൾ അതിൽ ഒപ്പുവെച്ചിട്ടായിരുന്നു കഅബയുടെ ചുവരിൽ അത് തൂക്കിയിട്ടത്.ഹിശാം ഇബ്നു അംറ്, അദ്ദേഹത്തിനിത് സഹിച്ചില്ല. തന്റെ വീക്ഷണം വെച്ചുപുലർത്തുന്ന ആളുകളെ അദ്ദേഹം സംഘടിപ്പിച്ചുകൊണ്ടേയിരുന്നു. സുഹൈർ ഇബ്നു ഉമയ്യത്തുൽ മഖ്സൂമി, മുത്ഇമുബ്നു ആദിയ് ബ്നുൽ ബുഖ്ത്തുരി, ഇങ്ങനെയുള്ള ആളുകളെ ഒരുമിച്ചുകൂട്ടി കഅബാലയത്തിന്റെ അരികിൽ ചെന്നിട്ട് ആളുകളോട് പറഞ്ഞു:
يا أهل مكة إنا نأكل الطعام ونلبس الثياب، وبنو هاشم هلكى لا يبتاعون ولا يبتاع منهم، والله لا أقعد حتى تشق هذه الصحيفة القاطعة الظالمة.
“മക്കാ നിവാസികളെ നമ്മൾ ഭക്ഷണം കഴിക്കുന്നു. നല്ല വസ്ത്രങ്ങൾ ധരിക്കുന്നു. എന്നാൽ ബനൂ ഹാശിം ശിഅബ് അബീത്വാലിബിൽ പട്ടിണി കിടന്നു നശിക്കുന്നു. അല്ലാഹുവാണെ. നാശം പിടിച്ച ഈ ബിൽ നെ വലിച്ചു കീറുന്നത് വരെ ഞാൻ അടങ്ങിയിരിക്കുകയില്ല” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അധികം താമസിയാതെ സമ്മര്ദങ്ങൾക്ക് വഴങ്ങി ആ ബിൽ പിച്ചി ചീന്തി എറിയേണ്ടി വന്നു എന്ന് ചരിത്രം പറയുന്നു. ഇത് ഖുറൈശികൾക്ക് വലിയ അപമാനമായി മാറി. മുഹമ്മദിനെയും അനുയായികളെയും ഭൂലോകത്തു നിന്ന് തുടച്ചു നീക്കാൻ വേണ്ടി അവർ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾ മറ്റുള്ള ഗോത്രങ്ങൾ ഖുറൈശികളെ തള്ളി പറയുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.

ഈ ചരിത്രം അഭിമുഖീകരിക്കുന്നത് രണ്ടു തരം ആളുകളെയാണ്. ഒന്ന്  മുസ്ലിംകൾക്കിടയിലുള്ള, നിരാശയോടെ തലകുനിച്ചു ജീവിക്കുന്ന ആളുകൾ, ഇസ്ലാമിന്റെ കാലം കഴിഞ്ഞു എന്ന് വിചാരിച്ചു ദുഖിച്ചു ജീവിക്കുന്ന ആളുകൾ. രണ്ടാമത്തേത് ഇസ്ലാമിനെ കുഴിച്ചുമൂടാൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്ന ഇസ്ലാമിന്റെ തന്നെ ശത്രുക്കളുമാണ്. നിങ്ങൾ ഇസ്ലാമിക ചരിത്രം പഠിക്കണം.ഇത്ര മഹത്തായ ചരിത്രമുള്ള ഒരു ദർശനത്തെ കാണുവാൻ കഴിയില്ല. ഇതിനു മരണമുണ്ടായിരുന്നെങ്കിൽ അത് ശിഅബ് അബീത്വാലിബിൽ ആകുമായിരുന്നു. എന്നാൽ അതിൽ നിന്ന് പുറത്തു കടന്ന മുസ്ലിം സമുദായം പിന്നീട് തലയുയർത്തി പിടിച്ചുകൊണ്ട് വിജയ ശ്രീലാളിതനായ മുഹമ്മദ് നബി (സ) നേതൃത്വത്തിൽ മക്ക കീഴടക്കിയപ്പോൾ നേരത്തെ ഉപരോധം ഏർപ്പെടുത്തിയ ഖുറൈശികൾ അദ്ദേഹത്തിന് മുന്നിൽ അപമാനിതരായി തലകുനിച്ചു നിന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പരിശുദ്ധ ഖുർആൻ പറയുന്നു:
{إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (1) لِّيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا (2) وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا (3)} [الفتح : 1-3

തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്‌.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും.

കീഴടങ്ങാത്ത ചരിത്രമാണ് ഈ ഉമ്മത്തിനുള്ളത്.  ഇതിനു മരണമുണ്ടായിരുന്നുവെങ്കിൽ ബാഗ്ദാദിന്റെ തെരുവോരങ്ങളിൽ താർത്താരികളുടെ ആക്രമണത്തിൽ മരണം പുൽകുമായിരുന്നു. ചെങ്കിസ്ഖാൻ അയച്ച ഹോളോക്കോയുടെ നേതൃത്വത്തിൽ ഉള്ള താര്ത്താരികളുടെ സൈന്യം 40 ദിവസമാണ് ബാഗ്ദാദിന്റെ തെരുവുകളിൽ കയറിയിറങ്ങിയത്. മുസ്ലിംകളുടെ രക്തം ബാഗ്ദാദിന്റെ തെരുവിലൂടെ 40 ദിവസം ഒഴുകിയതായി ചരിത്രം പറയുന്നു. അബ്ബാസി ഖിലാഫത്തിലെ അവസാന ഖലീഫയായിരുന്ന മുസ്തഅസിം ബില്ലാഹ്. അദ്ദേഹത്തെ ഹോളോക്കോ തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. ഖലീഫയാകട്ടെ തീർത്തും നിരാശനാണ്. എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഹോളോക്കോയുടെ ആവശ്യപ്രകാരം നാട്ടിലെ മതപണ്ഡിതന്മാർ തന്റെ മന്ത്രിമാർ നാട്ടിലെ നേതാക്കന്മാർ തുടങ്ങിയ 700 ആളുകളെയും കൂട്ടി അദ്ദേഹം ഹോളോക്കോയുടെ അടുത്ത് സന്ധ്യക്ക് വേണ്ടി ചെന്നു. ഹോളോക്കോ ഖലീഫയെ ഒഴിച്ചു ബാക്കിയെല്ലാവരെയും ക്രൂരമായി കൊന്നു കളഞ്ഞു. എന്നിട്ട് ഖലീഫയുടെ കയ്യിൽ വിലങ്ങു വെച്ചു തെരുവിൽ സൈനിക അകമ്പടിയോടെ നടത്തി, അബ്ബാസി ഖലീഫമാരുടെ സമ്പാദ്യങ്ങൾ കാണിച്ചു കൊടുക്കുന്നതിന് വേണ്ടി. അക്കാലത്തു ലോകത്തു തന്നെ അറിയപ്പെട്ടിരുന്ന പണ്ഡിതനായ അബുൽ ഫറജിബ്‌നു ജൗസി , അദ്ദേഹത്തെയും ഹോളോക്കോ തലയറുത്തു കൊന്നു കളഞ്ഞു. ബാഗ്ദാദിന്റെ പള്ളികളിൽ പ്രസംഗിച്ചു കൊണ്ടിരുന്ന ഖത്തീബുമാരെയും ഇമാമുമാരെയും ഖലീഫയുടെ മുന്നിൽ വെച്ച് അയാൾ കൊന്നൊടുക്കി . അങ്ങനെ നാൽപത് ദിവസത്തോളം താർത്താരികൾ നരയാട്ടു നടത്തി. ഓടിയൊളിക്കുന്നവരെ പിടിച്ചു കൊണ്ട് വന്നു തല വെട്ടുന്നു. വാതിൽ അടച്ചു രക്ഷപെടാൻ ശ്രമിക്കുന്നവരെ വീടോടെ ചുട്ടു കൊല്ലുന്നു.മുസ്‌ലിംകളായ സ്ത്രീകൾ കുട്ടികൾ എല്ലാവരെയും കൊന്നൊടുക്കി കൊണ്ടിരുന്നു. ഒരു താർത്താരി സൈനികൻ നാൽപത് കുഞ്ഞുങ്ങളെ വഴിയരികിൽ കണ്ടു. ആ കുഞ്ഞുങ്ങളെ കയ്യിലെടുത്തു കൊണ്ട് സൈനികൻ പറഞ്ഞു: നിങ്ങളുടെ മാതാക്കളെ ഞങ്ങൾ കൊന്നു . ആ സ്ഥിതിക്ക് നിങ്ങൾക്ക് ഈ ലോകത്ത് ജീവിക്കാൻ സാധിക്കുകയില്ല. അതു കൊണ്ട് നിങ്ങളെയും ഞാൻ കൊല്ലാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ആ 40 പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞ ചരിത്രം ഇസ്ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം ഹോളോക്കോ ഖലീഫയെ തന്റെ മുന്നിൽ കൊണ്ടു വന്നു. എന്നിട്ട് അദ്ദേഹത്തിന്റെ മുഖം മണ്ണിൽ ചേർത്തു വെച്ച് നിലത്തു കിടത്തി. താർത്താരി സൈന്യത്തിൽ പെട്ട ഓരോ സൈനികനും അദ്ദേഹത്തിന്റെ മുഖത്തു ചവിട്ടി നടന്നു പോയി.അത്തരത്തിൽ സൈനികരുടെ ചവിട്ടേറ്റാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു മുൻപോ ശേഷമോ ഇത്രയും നീചമായി ഒരു ഭരണാധികാരിയും കൊലചെയ്യപ്പെട്ടിട്ടില്ല. അവിടെയും ഇസ്ലാം മരിച്ചു വീണില്ല. 10 ലക്ഷം മുസ്ലികളെയായിരുന്നു ഹോളോക്കോ കൊന്നത്. എന്നാൽ അള്ളാഹു മറ്റൊരു സൈന്യത്തെ,സൈഫുദ്ധീൻ ഖുദ്‌സ് ന്റെ നേതൃത്വത്തിൽ ഹോളോക്കോയുടെ മുന്നിൽ വെച്ചു തന്നെ താര്ത്താരികളെ തോൽപ്പിച്ചു കൊണ്ടു ഇസ്ലാമിക ഖിലാഫത്ത് വീണ്ടെടുത്തു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  കുഴിച്ചു മൂടിയാൽ മുളച്ചു വരുന്ന സമുദായമാണ് മുസ്ലിം ഉമ്മത്ത് എന്നു വിശുദ്ധ ഖുർആൻ അതിന്റെ ചരിത്രം മുന്നിൽ വെച്ചു കൊണ്ട് പഠിപ്പിക്കുന്നു:

كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ
ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു

ഇതിനെ പിഴുതെറിയുവാൻ ഒരിക്കലും സാധിക്കുകയില്ല. അതിന്റെ വേര് ഭൂമിയിൽ ഉറച്ചതാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:
{أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ} [ابراهيم : 24] അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു

ഇസ്ലാം എന്നത് ഒരു വട വൃക്ഷം പോലെ ഉയർന്നു നിൽക്കുന്നതാണ്. അതിന്റെ വേരാകട്ടെ ഭൂമിയിൽ ഉറച്ചതും. ഇതു അല്ലാഹുവിന്റെ ദീൻ ആണ്. മറ്റൊരാൾക്കും ഇതിനെ തകർക്കുവാനോ പിഴിതെറിയുവാനോ സാധിക്കുകയില്ല എന്നു വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. മുസ്ലിം നിരാശപ്പെടേണ്ടവനല്ല.ദുഃഖിക്കേണ്ടവനല്ല. പ്രതീക്ഷയാണവന് വേണ്ടത്. കാരണം ഇസ്ലാം അല്ലാഹുവിന്റെ ദീൻ ആണെന്നും അതിന്റെ സംരക്ഷണംഅല്ലാഹു ഏറ്റെടുത്തിരിക്കുകയാണ് എന്നും വിശുദ്ധ ഖുർആന്റെ പ്രഖ്യാപനം നിലനിൽക്കുന്ന കാലത്തോളം ഇസ്സത്തോടെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Facebook Comments
Related Articles

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Close
Close