Jumu'a Khutba

വ്യാജ വാർത്തകൾ കരുതിയിരിക്കുക

ദീനുൽ ഇസ്ലാമിന്റെ അടിസ്ഥാനപരമായ ലക്ഷ്യം സംസ്കരണമാണ്. കാലഘട്ടങ്ങളിൽ പ്രവാചകന്മാരുടെ നിയോഗവും ആകാശ ഗ്രന്ഥങ്ങളുടെ അവതരണവും, വിവിധ കാലഘട്ടങ്ങളിൽ അനുയോജ്യമായ ശരീഅത്തിന്റെ സമർപ്പണവുമെല്ലാം സംസ്കരണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഉണ്ടായിട്ടുള്ളത്. അല്ലാഹു പറയുന്നു: قَدْ أَفْلَحَ مَن زَكَّاهَا. وَقَدْ خَابَ مَن دَسَّاهَ (നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു ) പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യം പരിചയപ്പെടുത്തുന്നിടത്ത് നമുക്ക് ഇങ്ങനെ വായിക്കുവാൻ സാധിക്കും. മൂസാ നബിയെ ഫിർഔന്റെ അടുത്തേക്ക് അയച്ച സന്ദർഭത്തിൽ اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿١٧﴾ فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ (ഫറവോന്റെ അടുക്കലേക്ക് പോവുക; അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് പറയുക: ‘സംസ്‌കാരം കൈക്കൊള്ളാന്‍ നീ സന്നദ്ധനാണോ, )

Also read: NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

പ്രവാചകൻ മുഹമ്മദിന്റെ നിയോഗവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾക്കപ്പുറം ഇബ്റാഹീമി(അ)ന്റെ പ്രാർത്ഥന സംഭവിച്ചതായി ഖുർആൻ രേഖപ്പെടുത്തുന്നു: رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍നിന്നുതന്നെ, നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കയും ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ! സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ! ) എന്റെ പിൻഗാമികളായ സന്തതി പരമ്പരകളിൽ നിന്ന് ഒരു ദൈവദൂതനെ നിയോഗിക്കണമെന്നും, അദ്ദേഹം ആ സമൂഹത്തിന് തസ്കിയത്ത് (സംസ്കരണം ) നടത്തണമെന്നും കാലങ്ങൾക്കപ്പുറം ഇബ്റാഹീം (അ) പ്രാർത്ഥിക്കുകയാണ്. ഇതിനുത്തരമായിട്ടാണ് പ്രവാചകന്റെ നിയോഗം. أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا تَعْلَمُونَ (നിങ്ങള്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിത്തരുകയും നിങ്ങളെ സംസ്‌കരിക്കുകയും വേദജ്ഞാനവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും നിങ്ങള്‍ക്കറിയാത്ത പലകാര്യങ്ങളും അറിയിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ നിങ്ങളില്‍നിന്നുതന്നെ നാം നിയോഗിച്ചു. ) പ്രവാചകന്മാരുടെ നിയോഗവും ആകാശ ഗ്രന്ഥങ്ങളുടെ അവതരണവും ,വിവിധ കാലഘട്ടങ്ങളിൽ അനുയോജ്യമായ ശരീഅത്തിനെ സമ്മാനിക്കൽ; ഇതെല്ലാം ലോകത്ത് നടന്നതിന് പിന്നിലുള്ള ലക്ഷ്യം മൗലികമായി മനുഷ്യരെ സംസ്കരിക്കലാണ് എന്ന് മനസ്സിലാക്കാം. ഈ സംസ്കരണത്തിന് സന്നദ്ധമാവുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. അല്ലാഹു പ്രകൃതിയിൽ സംസ്കരണത്തിന്റെ ഇത്തരം ഒരുപാട് സംവിധാനങ്ങൾ ഒരുക്കി നൽകുമ്പോൾ, ആ സംസ്കരണത്തിന് വേണ്ടി ഹൃദയത്തിന്റെ വാതിലുകൾ തുറന്ന് കൊടുക്കുക എന്നതാണ് വിശ്വാസികളായ ഓരോരുത്തർക്കും ചെയ്യാനുള്ള ചുമതല.

മനുഷ്യന്റെ വ്യക്തി, കുടുംബ, സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ നിലപാടുകളിലും, അവന്റെ സാമ്പത്തിക ക്രമങ്ങളിലും എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഈ സംസ്കരണം എത്തി നിൽക്കേണ്ടതുണ്ട്. ഈയർത്ഥത്തിൽ ലോകത്തിൽ ഏറ്റവും മര്യാദയുള്ള സമൂഹമായി മാറണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നു. അത്തരത്തിൽ സാമൂഹ്യ സംസ്കരണത്തിന് വേണ്ടിയുള്ള ഒരു സംരക്ഷണമാണ് വ്യാജവാർത്തകളെക്കുറിച്ചുള്ള തിരിച്ചറിവ്.

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ (അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ ) ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കേണ്ട ഈ സമുദായത്തിന്റെ ഇടപെടലുകളിൽ വന്നു ഭവിക്കാൻ പാടില്ലാത്ത ഒരു സംഗതിയെക്കുറിച്ചാണ് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്. ഈ ആയത്തുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർ പല തരത്തിലുള്ള അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്നു.

Also read: കലക്കുവെള്ളത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവര്‍

1. സച്ചരിതരല്ലാത്ത റിപ്പോർട്ടർമാരുടെ റിപ്പോർട്ട് സ്വീകരിച്ചുകൊണ്ട് ഒരുനിലക്കും ഇസ്ലാമിക നേതൃത്വം നടപടി എടുക്കാൻ പാടുള്ളതല്ല.
2. ഹദീസ് വിജ്ഞാനീയ രംഗത്ത് വളരെ സൂക്ഷ്മത പുലർത്താൻ ഈ ആയത്ത് പ്രേരിപ്പിച്ചിട്ടുണ്ട്.
ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ ഹദീസിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ പ്രവാചകനിലേക്ക് എത്തുന്ന ഓരോ സനദിന്റെയും,മത് നിന്റെയും പരിശോധന ആവശ്യമാണ്. അങ്ങനെ അതിനു വേണ്ട പരിശോധനകൾ നിർവഹിച്ചു കൊണ്ട് വളരെ സൂക്ഷ്മമായി, കഠിനാധ്വാനം ചെയ്ത മഹാനായ പൂർവ്വികരായ മുഹദ്ദിസുകളുടെ സേവനം കൊണ്ടാണ് നമുക്കിന്ന് ഹദീസ് ലഭ്യമായിട്ടുള്ളത്. ഇമാം ബുഖാരിയെപ്പോലുള്ള പണ്ഡിതന്മാർ അതിനുവേണ്ടി സഹിച്ച ത്യാഗങ്ങളുടെ ചരിത്രം ഓർക്കുമ്പോൾ കൗതുകം തോന്നും. കിലോമീറ്ററുകൾ അപ്പുറത്ത് ജീവിക്കുന്ന ഒരു മനുഷ്യന്റെ കയ്യിൽ അല്ലാഹുവിന്റെ റസൂലുമായി ബന്ധപ്പെട്ട ഒരു ഹദീസ് ഉണ്ടെന്ന് അറിയുമ്പോൾ ആ ദേശത്തേക്ക് യാത്ര തിരിക്കുകയും ആ ഹദീസ് പിഠിച്ചെടുക്കുകയുമാണ്. അതിന്റെ പരമ്പരകൾ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു. കൗമാരകാലത്ത് പോലും എഴുപതിനായിരം ഹദീസുകൾ സനദോട് കൂടി മന:പാഠമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇങ്ങനെ ഹദീസുകൾ സൂക്ഷ്മമായി ക്രോഡീകരിച്ചു കൊണ്ട് ഇസ്ലാമിക ലോകത്തിന് സംഭാവന ചെയ്ത ഒരുപാട് മഹാനായ പണ്ഡിതന്മാർ. അവരുടെ നിവേദനത്തെ സംബന്ധിച്ചുള്ള സൂക്ഷ്മമായ പരിശോധനക്ക് ഉദാഹരണമാണ്. ഒരു മഹാനായ മനുഷ്യന്റെ അടുക്കൽ ഒരു ഹദീസ് ഉണ്ടെന്ന് കേൾക്കുകയും അത് കരസ്ഥമാക്കുവാൻ മുഹദ്ദിസ് യാത്ര തിരിക്കുകയും ചെയ്തു. വളരെ പ്രയാസപ്പെട്ട് അവിടെയെത്തി ആ മനുഷ്യനിൽ നിന്ന് ഹദീസ് സ്വീകരിക്കുവാൻ ഒരുങ്ങുമ്പോൾ ചെറിയ തരത്തിലുള്ള ഒരു പിഴവ് ശ്രദ്ധയിൽപ്പെടുക യാണ്. ആ മനുഷ്യൻ ഒട്ടകത്തിന് ഭക്ഷണം കൊടുക്കുന്ന വേളയിൽ അതിനെ പറ്റിക്കുന്നത് കാണുകയാണ്. ഒരു നാൽക്കാലിയെ പോലും കബളിപ്പിക്കുന്ന സ്വഭാവം ഇദ്ദേഹത്തിനുണ്ടെങ്കിൽ എങ്ങനെയാണ് ആ മനുഷ്യനിൽ നിന്ന് ഹദീസ് സ്വീകരിക്കുക എന്ന് കരുതിക്കൊണ്ട് തിരിച്ചു പോരുന്ന മുഹദ്ദിസുകളുടെ കഥകൾ നമുക്ക് വായിക്കുവാൻ സാധിക്കും. അത്രയേറെ സൂക്ഷ്മത ജീവിതത്തിൽ അവർ പുലർത്തിയിരുന്നു. കുട്ടികളോട് പോലും നമ്മൾ നടത്തുന്ന ഓരോ വാഗ്ദാനവും സൂക്ഷ്മമായി ചിന്തിക്കേണ്ടതുണ്ട്.

3.ശറഈ ആയ ഒരു വിധി നടപ്പിലാക്കാനോ, ഒരു വ്യക്തിയുടെ മേൽ ബാധ്യത ചുമത്താനൊ, സത്യസന്ധരല്ലാത്ത ആളുകൾ നൽകുന്ന റിപ്പോർട്ടുകൾ അവലംബമാക്കാൻ പാടില്ല. ഇന്നത്തെ കാലഘട്ടത്തിൽ നമ്മെ തേടിയെത്തുന്ന ഓരോ വാർത്തകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ മീഡിയ രംഗത്തും ഇത് ബാധകമാണ്. പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വലിയ വാർത്തകൾ മീഡിയ രംഗത്ത് നിന്ന് സ്വീകരിക്കുമ്പോൾ ആ മീഡിയയെ സ്കാൻ ചെയ്യണ്ടത് ഈ കാലഘട്ടത്തിന്റെ ദീനീ ബാധ്യതയാണ്. കാരണം അത്രയേറെ ഫേക് ന്യൂസുകൾ പ്രചരിച്ചികൊണ്ടിരിക്കുന്നു. വലിയ വാർത്താ ചാനലുകളും, പത്രങ്ങളും സത്യവുമായി പുലബന്ധമില്ലാത്ത പച്ച നുണകൾ അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ഫാഷിസത്തിന്റെ ശൈലിയാണ്. ഹിറ്റ്ലറിന്റെ ഏറ്റവും വലിയ അഭിമാനമായിരുന്ന മന്ത്രി ഗീബൽസ് നുണകളെ കുറിച്ച് വലിയ തിയറി വരെ നിർമ്മിച്ചു. ഒരുപാട് നുണകൾ പറഞ്ഞാൽ അത് സത്യമാകും എന്ന് അദ്ദേഹം വെളിപ്പെടുത്തി. പത്രങ്ങളുടെ പേജുകൾക്ക് മാത്രമല്ല കളർ കൊടുക്കുന്നത്. വാർത്തകൾക്കും കളർ കൊടുക്കുന്നു.വലിയ അപകടങ്ങൾ ഇല്ലാതാരിക്കാൻ വേണ്ടിയാണ് വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാൻ അല്ലാഹു പറയുന്നത്.

Also read: മുഹമ്മദ് അൽ ഫാത്തിഹ്: കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവ്

1. നിങ്ങൾ അറിയാതെ ഏതെങ്കിലും ജനതയെ, വ്യക്തിയെ, സമുദായത്തെ അതിക്രമിക്കാൻ ഇടയാകും. പ്രവാചകന്റെ കാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടാണ് ഈ ആയത് ഇറങ്ങിയതെന്ന് തഫ്സീർ ഗ്രന്ഥങ്ങളിൽ വായിക്കാം. മുസ്ത്വലിഖ് ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവരില്‍നിന്ന് സകാത്ത് ശേഖരിക്കാനായി നബി(സ) വലീദുബ്‌നു ഉഖ്ബയെ നിയോഗിച്ചു. അവരുടെ ഗോത്രത്തിനടുത്തെത്തിയപ്പോൾ ഇദ്ദേഹത്തിന് അകാരണമായി ഭയം പിടികൂടുകയും തദ്ദേശീയരുമായി ബന്ധപ്പെടാതെ മദീനയിലേക്ക് തിരിച്ചുപോരുകയും ചെയ്തു. തിരിച്ചെത്തിയ വലീദുബ്‌നു ഉഖ്ബ മുസ്ത്വലിഖ് ഗോത്രം സകാത്ത് നൽകാൻ സന്നദ്ധമാവുന്നില്ല എന്നും; തന്നെ വധിക്കാന്‍ ഒരുമ്പെട്ടുവെന്നും നബി(സ)യോട് പരാതിപ്പെട്ടു. ഇതുകേട്ട നബി(സ)ക്ക് വളരെ കോപമുണ്ടായി. തിരുമേനി അവരെ കീഴടക്കാന്‍ ഒരു സൈന്യത്തെ അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. (സൈന്യത്തെ അയച്ചുവെന്നും അയക്കാനൊരുങ്ങിയിരിക്കുകയായിരുന്നു എന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണുള്ളത്) ഈ സന്ദർഭത്തിലാണ് അല്ലാഹുവിന്റെ വിധി നിശ്ചയമായി മുസ്ത്വലിഖ് ഗോത്രത്തലവനായ ഹാരിസുബ്‌നുദിറാര്‍ ഒരു പ്രതിനിധിസംഘവുമായി നബി(സ)യുടെ സന്നിദ്ധിയിലെത്തുന്നത്. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവാണ! ഞങ്ങള്‍ വലീദിനെ കാണുകപോലും ചെയ്തിട്ടില്ല. സകാത്ത് ചോദിച്ചിട്ടില്ല. ഞങ്ങള്‍ വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്നവരാകുന്നു. സകാത്ത് നല്‍കാന്‍ ഞങ്ങളൊരിക്കലും വിസമ്മതിക്കുകയില്ല. ഈ സന്ദർഭത്തിലാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിക്കുന്നത്.

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ. ഇതിന് തുടർച്ചയായി അല്ലാഹു പറയുന്നു. وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ وَلَٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَۚ أُولَٰئِكَ هُمُ الرَّاشِدُنَ (നന്നായറിഞ്ഞിരിക്കുവിന്‍, നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ ദൂതനുണ്ട്. പല സംഗതികളിലും അദ്ദേഹം നിങ്ങളുടെ വാക്ക് സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് കഷ്ടത്തിലാവുക.പക്ഷേ, അല്ലാഹു നിങ്ങള്‍ക്ക്  സത്യവിശ്വാസത്തോടിണക്കമരുളി. അതു നിങ്ങളുടെ മനസ്സുകള്‍ക്കലങ്കാരമാക്കിത്തന്നു. സത്യനിഷേധത്തോടും പാപകൃത്യങ്ങളോടും ധിക്കാരത്തോടും നിങ്ങള്‍ക്കു വെറുപ്പുളവാക്കി. ഇങ്ങനെയുള്ള ജനമാകുന്നു, അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും സന്മാര്‍ഗം പ്രാപിച്ചവര്‍). ഈമാനിന്റെയും അനുസരണയുടെയും പാതയിൽ വന്നിട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ജാഹിലിയ്യത്തിന്റെയും കുഫിറിന്റെയും, ശിർക്കിന്റെയും ഏതെങ്കിലും പാതാളക്കുഴിയിൽ വീണു പോകുമായിരുന്നു എന്ന് അല്ലാഹു ഓർമിപ്പിക്കുന്നു. يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ (നിങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കുകവഴി അല്ലാഹു നിങ്ങളോട് ഔദാര്യം ചെയ്യുകയാണുണ്ടായത് )

തയ്യാറാക്കിയത് : റിജുവാൻ എൻ. പി

Facebook Comments
Related Articles
Show More
Close
Close