Current Date

Search
Close this search box.
Search
Close this search box.

Columns

NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും സ്വാതന്ത്ര്യവും തകർത്ത് നാശത്തിലേക്കു നയിക്കുന്ന മാരകമായ NRC, CAA ബില്ലിനെതിരിൽ യുഡിഎഫ് നടത്തുന്ന എല്ലാ സമരങ്ങൾക്കും ജമാഅത്തെ ഇസ് ലാമിയുടെ എല്ലാവിധ പിന്തുണകളും ഉണ്ടായിരിക്കും.

NRC, CAA ബില്ലിനെതിരിൽ നടത്തുന്ന സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്. അത് രാജ്യത്തിന്റെ വൈവിധ്യങ്ങൾ ചേർത്തുവെക്കുന്നതാണ്. സർക്കാർ ബില്ലുമായി മുന്നോട്ട് പോകാനാണ് തീരുമാന്നമെങ്കിൽ സമരങ്ങളുടെ വസന്തമാണ് വരാൻ പോകുന്നത്. രാജ്യത്ത് ഉടനീളം ഇത്തരം സമരം ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ ജാതി മതവിഭാഗങ്ങളിലും പെട്ടവർ ഒരുമിച്ചു ചേർന്നിരിക്കുകയാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമൊക്കെ അവർക്കിടയിൽ ഉണ്ടെങ്കിലും രാജ്യം നിലനിന്നിട്ടല്ലേ ആ വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടായിത്തീരുന്നത്. ബഹുമാന്യനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഒരു ഫലിതം ഓർത്തു പോവുകയാണ് “നിങ്ങൾക്ക് തമ്മിൽ തർക്കിക്കാം, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, തല മറക്കണമോ വേണ്ടയോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, പക്ഷേ  ഉടലിനോടൊപ്പം തല ഉണ്ടാകണമോ എന്ന കാര്യത്തിൽ നിങ്ങൾ അഭിപ്രായ ഐക്യത്തിൽ ആവണം” ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ അതിലേക്കാണ് സൂചന നൽകിക്കൊണ്ടിരിക്കുന്നത്.

ഇന്ന് രാജ്യത്തെ 12 സംസ്ഥാനങ്ങൾ ഈ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് . അവർ CAA നടപ്പിലാക്കുകയില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രഗൽഭരായ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട്  NRC,CAA എന്നിവ പൗരത്വ നിഷേധത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന NPRനെതിരിൽ ഒന്നിച്ച് പോരാടാനുള്ള ആഹ്വാനം.

Also read: രണ്ട് മാഗസിനുകൾ പറയുന്നത് ?

സംഘപരിവാർ ഫാസിസ്റ്റു ഭരണകൂടം പ്രതീക്ഷിച്ചതല്ല ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  അവരുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നുണകളുടെ പരമ്പര പടച്ചുവിടുന്നത് എല്ലാകാലഘട്ടത്തിലും ഫാസിസത്തിന്റെ സ്വഭാവമാണ്. ഈ ബില്ലിനെ പിന്തുണച്ച് ബിഹാറിൽ നിതീഷ് കുമാർ പ്രഖ്യാപിക്കുന്നത് ഇവിടെ CAA നടപ്പിലാക്കുകയില്ല NRC കൊണ്ടു വരികയില്ല എന്നാണ്.

സംഘ്പരിവാർ ഭരണകൂടത്തിന് ധൈര്യമുണ്ടോ ഒരിക്കൽക്കൂടി രാജ്യസഭയിൽ ഈ ബിൽ അവതരിപ്പിക്കാൻ. ഈ രാജ്യം ഉണർന്നു കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിച്ച് വർഗീയത കളിച്ചുകൊണ്ട് രാജ്യ നിവാസികൾക്കിടയിൽ പരസ്പരം പോരടിച്ച് അധികാരം നിലനിർത്തുക എന്ന തന്ത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യം പണ്ട് നടപ്പിലാക്കിയിരുന്നതെങ്കിൽ അതേ തന്ത്രമാണ് ഇന്ന് സംഘപരിവാർ ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവരോട് നമ്മുക്ക് പറയാനുള്ളത് ബ്രിട്ടീഷ് ഭരണകൂടത്തെ ഈ രാജ്യത്തിൽ നിന്ന് കെട്ടുകെട്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും സംഘപരിവാർ ഭരണകൂടത്തെ അവരുടെ അധികാര സോപാനങ്ങളിൽ നിന്ന് ഇറക്കിവിടാനും കഴിയുമെന്നാണ്. അതിനുവേണ്ടിയാണ് ഇത്തരം സമരങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും. നമ്മുടെ സമൂഹത്തിലെ ന്യൂജെൻ ക്യാമ്പസുകൾ ആവേശഭരിതമാണ്. അവർ സമരരംഗത്ത് ഒരുമിച്ചാണ്. ജാമിഅ മില്ലിഅയിൽ നിന്ന് ആരംഭിച്ച ആ സമരത്തെ വർഗീയ വൽക്കരിക്കാൻ പ്രധാനമന്ത്രി പറഞ്ഞു അവരുടെ വസ്ത്രം കണ്ടാൽ മതിയെന്ന്. അവിടെയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾ ഇറങ്ങിവരുന്നത് അവരോട് അമിത്ഷാ പറഞ്ഞത് കുട്ടികളെ നിങ്ങൾക്ക് അറിവും വിവരവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതന്ന്. നിങ്ങൾ ചിന്തിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും ഇത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലയെന്ന്. യഥാർത്ഥത്തിൽ ആ വിദ്യാർത്ഥികൾ പ്രബുദ്ധമായിട്ടുള്ള നമ്മുടെ ക്യാമ്പസുകളിൽ നിന്ന് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടാണ് പ്രവർത്തിക്കുന്നത്. അവരിൽ അധികപേരും പി എച്ച് ഡിക്ക് പഠിച്ച് കൊണ്ടിരിക്കുന്നവരാണ്  ഡോക്ടറേറ്റുകൾ നേടിയവരാണ്. അവർചോദിച്ചു ഞങ്ങൾക്ക് ആഭ്യന്തരമന്ത്രിയുടെ സർട്ടിഫിക്കറ്റുകൾ കാണണം. അവർ ഉറക്കെ പറഞ്ഞു ഞങ്ങളുടെ നാടിനെ വർഗീയ വൽക്കരിക്കാൻ സമ്മതിക്കുകയില്ല.

നമുക്ക് പറയാനുള്ളത് അതുതന്നെയാണ് ഞങ്ങളുടെ നാടിനെ നിങ്ങൾ നശിപ്പിക്കരുത്,അതിന് ഞങ്ങൾ സമ്മതിക്കുകയില്ല. രാജ്യത്തെ വർഗീയ വൽക്കരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭീകരമായ വിഘടനവാദം മുഴകിക്കൊണ്ടിരിക്കുന്നത് സംഘപരിവാർ ഭരണകൂടമാണ്. കാശ്മീരിൽ 370 വകുപ്പ് എടുത്തുകളഞ്ഞു. അതിലൂടെ എന്താണ് സംഭവിക്കുന്നത് ? എന്താണ് നേടാൻ കഴിഞ്ഞത് ? ഈ 370 വകുപ്പ് എന്ന് പറയുന്നത് കാശ്മീർ ജനതയെ ഇന്ത്യയോടൊപ്പം ചേർത്തുനിർത്താൻ നമ്മുടെ പ്രഗത്ഭരായ മുൻഗാമികൾ ചേർന്നുകൊണ്ട് രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി എടുത്ത നിലപാടായിരുന്നു, ഇന്ത്യയോടൊപ്പം കാശ്മീരിനെ ചേർത്തുപിടിക്കുകയെന്നത്. പക്ഷെ അവിടെയാണ് ഇവർ തുരങ്കം വെച്ചത്. അതു മുഖേന ഇപ്പോൾ അവിടെയുണ്ടായിരുന്ന മിതവാദികൾ പോലും തീവ്രവാദ ലൈനിൽ ചിന്തിക്കുന്നവർക്ക് വളം വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. രാജ്യത്തോടൊപ്പം നിന്നവർ രാജ്യത്തിനെതിരായ സംസാരിക്കേണ്ടവരായി മാറിക്കൊണ്ടിരിക്കുകയാണ്. ആരാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ഈ രാജ്യത്തെ മനസ്സിലാക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ല.

Also read: ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആര്‍.എസ്.എസ്

ഇന്ത്യയെ മനസ്സിലാക്കുമ്പോൾ അതിൻറെ വൈവിധ്യങ്ങളെ അവർ തിരിച്ചറിയേണ്ടതായിട്ടുണ്ടായിരുന്നു.  ആ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് നമ്മുടെ രാഷ്ട്രം മുന്നോട്ടു പോയിക്കൊണ്ടിരിരുന്നത്. ഭരണഘടനാ ശിൽപികൾ ഭരണഘടനയെ നിർമ്മിച്ചിട്ടുള്ളതും. രാജ്യത്ത് ഇന്നോളം അതാണ് നടപ്പിലായിക്കൊണ്ടിരുന്നിട്ടുള്ളതും. ആ വൈവിധ്യങ്ങളെ തച്ചുടച്ചു കൊണ്ട് ഏക സംസ്കാരമാക്കാൻ ഒരേയൊരു രാജ്യം ഒരേയൊരു സംസ്കാരം  ഒരേയൊരു ഒരു പാർട്ടി,  ഒരേയൊരു ഒരു ഭാഷ എന്ന ശൈലിയിലാണ് അധികാരത്തിന്റെ ഹുങ്കുകൊണ്ട് ഭരണകൂടം സംസാരിക്കുന്നത്. അതാണ് ഒരു ഭാഗത്തുനിന്ന് നാം കേൾക്കാൻ നിർബന്ധിതരാകുന്നത്. ജയ് ഹിന്ദി എന്നതിനു പകരം ജയ് ബംഗ്ലാ എന്നും ജയ് മാറാട്ട എന്നൊക്കെ കേൾക്കാൻ തുടങ്ങിയതിന് കാരണം അവരാണ്. രാജ്യത്തെ സാമ്പത്തികമായി തകർത്തുകഴിഞ്ഞു;  രാജ്യം ദിനംപ്രതി പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളായ രാജ്യങ്ങളൊക്കെ ചുറ്റിക്കറങ്ങിക്കൊണ്ട് നമ്മുടെ പ്രധാനമന്ത്രി വലിയ വ്യവസായികളെയും മുതലാളിമാരെയും ഇന്ത്യയിലേക്ക് ആകർഷിക്കും എന്നാണ് പറഞ്ഞിരുന്നത്. ആരാണ് ഇത്ര കലാപകലുഷിതമായ ഒരു രാജ്യത്തേക്ക് കടന്നുവരാൻ തയ്യാറാവുക എന്ന് നാം ആലോചിക്കേണ്ടതാണ്. അമിത് ഷാ ഗതികെട്ടപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ ഭയപ്പെടേണ്ടതില്ല, നിങ്ങൾ പേടിക്കേണ്ടതില്ല. ആരു പേടിക്കേണ്ടതില്ല!! അപ്പോഴും ഇന്ത്യൻ പൗരന്മാർക്കിടയിൽ അയാൾ പലതും ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. അവരുടെ ഭാഷയിൽ ഇന്ത്യൻ പൗരന്മാരല്ലാത്തവർ ഉണ്ട് ഇവിടെ. അവർ ആരാണെന്നാണ് അവർ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. നേരത്തെ അത് പറഞ്ഞിട്ടുള്ളതാണ്.

ഇവിടെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ജൈനനും ഭീഷണിയില്ല എന്ന് പറയുന്നതിലൂടെ ഒരു സമുദായത്തെ മാത്രം ബാക്കിയാക്കി വെക്കുകയായിരുന്നു അവർ ചെയ്തത്. അദ്ദേഹത്തോടാണ് നമ്മൾ പറഞ്ഞതും കബിൽ സിബൽ പ്രഖ്യാപിച്ചതും. ഇല്ല, ഞങ്ങൾ അങ്ങയെ ഭയപ്പെടുന്നില്ല ഇപ്പോൾ ആർക്കാണ് ഭയം ?എന്തിനാണ് ഇൻറർനെറ്റ് സ്വിച്ച് ഓഫ് ചെയ്തത്?. രാജ്യത്തെ സോഷ്യൽ മീഡിയ രംഗത്തെ ഏറ്റവും പ്രഗല്ഭരായ എന്ന് അവകാശപ്പെടുന്നവർ ഇൻറർനെറ്റ് ഓഫ് ചെയ്യുന്നതിലൂടെ ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യത്തെ വഷളാക്കുകയല്ലേ ചെയ്തത്. ഇതിനർത്ഥം അവർ നമ്മളെ ഭയപ്പെടുന്നുവെന്നുമല്ലേ. ജനങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറാൻ പാടില്ല, അവർ അന്യോന്യം ആശയസംവാദം നടത്താൻ പാടില്ല. ഇപ്പോൾ ഭയം ഞങ്ങൾക്കല്ല നിങ്ങൾക്കാണ് എന്ന് വ്യക്തമായിരിക്കുന്നു. നിങ്ങൾ ഉണ്ടാക്കി വെക്കുന്ന ജയിലുകളുണ്ടല്ലോ ആ ജയിലുകൾ കാണിച്ചു ഞങ്ങളെ പേടിപ്പിക്കേണ്ടതില്ല. കാരണം രാജ്യത്തിൻറെ മഹത്തായ ധീരന്മാരായ ഗാന്ധിജിയും,ജവഹർലാൽനെഹ്റുവും, മൗലാനാ അബ്ദുൽ കലാം ആസാദു മൊക്കെ കടന്നിട്ടുള്ള ജയിലാണത്. ആ ജയിലിലേക്ക് കടന്നുവരാൻ ഞങ്ങൾക്ക് ഒട്ടും മടിയില്ല എന്ന് രാജ്യത്തിൻറെ മുന്നിൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ താങ്കൾ അറിയണം താങ്കൾ ഒരുപാട് ആളുകളെ പീഡിപ്പിച്ചിട്ടുണ്ടല്ലോ..Enforcement ഒക്കെ കാണിച്ചു വിരട്ടിയിട്ടുണ്ടല്ലോ.. അതിനാൽ താങ്കളുടെ ജയിലിലേക്കുള്ള ദൂരം അല്പം മാത്രമാണ് എന്ന് അറിയണം. ഇന്നല്ലെങ്കിൽ നാളെ താങ്കൾക്കുള്ളതാണ് ആ തടവറ. പ്രബുദ്ധമായ ഈ രാജ്യം ഇതിനെ തള്ളിക്കളയുക തന്നെ ചെയ്യും. ഈ നാട് ബില്ലിനെ അംഗീകരിക്കാൻ പോകുന്നില്ല.

Also read: മുഹമ്മദ് അൽ ഫാത്തിഹ്: കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവ്

രാഷ്ട്രീയം ഉണ്ടാകണമെങ്കിൽ തന്നെ ആദ്യം നാട് വേണ്ടേ? ഭരണഘടന വേണ്ടേ? അവയൊക്കെ നശിപ്പിക്കാനാണ് ഒരുകൂട്ടർ തുനിയുന്നതെങ്കിൽ രാജ്യസ്നേഹികൾ ഒന്നടങ്കം ഒരുമിച്ച് നിന്നുകൊണ്ട് ഈ പോരാട്ടത്തിൽ അണിചേരും. അതിന്റെ ഭാഗമാണ് ഇവിടെ ഐക്യ ജനാധിപത്യ മുന്നണി നടത്തിക്കൊണ്ടിരിക്കുന്ന തീവ്രമായ സമരം.അതുപോലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കും കൂട്ടായും നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ സമര പ്രധിഷേധ ശ്രമങ്ങൾക്കും ഞങ്ങളുടെ എല്ലാ പിന്തുണയും.ആ സമരങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകും എന്ന് അറിയിച്ചു കൊള്ളുന്നു.

( ‘ഇന്ത്യയെ കാക്കാൻ ഭരണഘടനയെ സംരക്ഷിക്കാൻ’ എന്ന തലക്കെട്ടിൽ യുഡിഎഫ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച (19.1.2020)  മഹാസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ് നടത്തിയ പ്രഭാഷണം)

Related Articles