Current Date

Search
Close this search box.
Search
Close this search box.

Civilization

മുഹമ്മദ് അൽ ഫാത്തിഹ്: കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവ്

എട്ട് നൂറ്റാണ്ടുകളായി കോൺസ്റ്റാന്റിനോപ്പിൾ (ഇപ്പോൾ തുർക്കിയിലെ ഇസ്താംബുൾ) പിടിച്ചടക്കുക എന്നത് മുസ്‌ലിം കമാൻഡർമാരുടെ സ്വപ്നമായിരുന്നു. മുഅവിയ ഇബ്നു അബു സുഫ്യാന്റെ കാലം മുതൽക്കെ കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഒന്നും വിജയം കണ്ടില്ല. മുഹമ്മദ്‌ നബി (സ) പറഞ്ഞു :”നിങ്ങൾ കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കും.  അതിന്റെ സൈന്യാധിപൻ ഉൽകൃഷ്ടനും അതിനെ കീഴടക്കുന്ന സൈന്യം ഏറ്റവും മികച്ചതുമാണ്.(അൽ-ബുഖാരി)”.  പ്രസ്തുത നബിവചനത്തിൽ  നബി(സ ) പ്രശംസിച്ച ജേതാവാകാൻ ഓരോ മുസ്‌ലിം സേനാധിപധിയും ആഗ്രഹിക്കുകയുണ്ടായി.അപ്പോൾ  നബി(സ ) സന്തോഷവാർത്ത അറിയിച്ച ആ വ്യക്തി ആരാണ്? അത് ഓട്ടോമൻ സുൽത്താൻ മുറാദ് രണ്ടാമന്റെ മകൻ മുഹമ്മദ് അൽ ഫാത്തിഹായിരുന്നു.

മുഹമ്മദ് അൽ-ഫാത്തിഹിന്റെ കുട്ടിക്കാലവും അദ്ദേഹത്തിന്റെ മികച്ച തയ്യാറെടുപ്പും

മുഹമ്മദ് അൽ-ഫാത്തിഹ് 835 AH റജബ് 27,1432 മാർച്ച് 30 ന് ജനിച്ചു. ഏഴാമത്തെ ഓട്ടോമൻ സുൽത്താനായ പിതാവ് സുൽത്താൻ മുറാദ് രണ്ടാമന്റെ മേൽനോട്ടത്തിലാണ് അദ്ദേഹം വളർന്നത്.  ഒരു സുൽത്താന്റെ  ഉത്തരവാദിത്വങ്ങൾ വഹിക്കാൻ പിതാവ് അദ്ദേഹത്തെ പരിശീലിപ്പിച്ചു. അദ്ദേഹം ഖുർആൻ ഹൃദ്യസ്സ്ഥമാക്കുകയും പ്രവചക വചനങ്ങൾ , ഇസ്ലാമിക കർമ്മശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, യുദ്ധ വൈദഗ്ദ്യം എന്നിവയും  അഭ്യസിച്ചു.കൂടാതെ അറബി, പേർഷ്യൻ, ലാറ്റിൻ, ഗ്രീക്ക് ഭാഷകളും പഠിച്ചു.  യുദ്ധങ്ങളിലും വിജയങ്ങളിലും അദ്ദേഹം പിതാവിനോടൊപ്പം ചേർന്നു.

Also read: രണ്ട് മാഗസിനുകൾ പറയുന്നത് ?

അക്കാലത്തെ ചില ഉന്നത പണ്ഡിതന്മാരുടെ മേൽനോട്ടത്തിൽ ഭരണകൂടകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനം നേടുന്നതിനായി പിതാവ് അദ്ദേഹത്തെ  ചെറിയ എമിറേറ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. ഇത് യുവ രാജകുമാരന്റെ സ്വഭാവത്തെ സ്വാധീനിക്കാനും  ഇസ്ലാമിക ധാർമ്മികതയും പെരുമാറ്റവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ നിഴലിക്കാനും  വഴിയൊരുക്കി.

മുഹമ്മദ് അൽ-ഫാത്തിഹിന്റെ ശിക്ഷണത്തിനും  വിദ്യാഭ്യാസത്തിനും മേൽനോട്ടം വഹിച്ച പണ്ഡിതന്മാരിലൊരാളായ ഷെയ്ഖ്  ഷംസുദ്ദീന്, ജിഹാദിന്റെ ചൈതന്യവും ഉയർന്ന അഭിലാഷമുള്ള വ്യക്തിയാകാനുള്ള ആഗ്രഹവും അദ്ദേഹത്തിന്റെ ഹൃദയത്തിൽ പകർത്താൻ കഴിഞ്ഞു.മുകളിൽ സൂചിപ്പിച്ച പ്രവാചക വചനത്തിൽ  പരാമർശിച്ചിട്ടുള്ള ആളായിരിക്കാം താങ്കളെന്നും  ഷെയ്ഖ്  മുഹമ്മദ് അൽ-ഫാത്തിഹിനോട് പറഞ്ഞു.  ഇതെല്ലാം മുഹമ്മദ് അൽ ഫാത്തിഹിന്റെ സ്വഭാവത്തെ കരുപ്പിടിപ്പിച്ചു. അദ്ദേഹം ജിഹാദിനോട് അർപ്പണബോധമുള്ളവനും അഭിലഷണീയനും സംസ്കാരമുള്ളവനും യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും കഴിവുകളെക്കുറിച്ച് ആഴത്തിൽ  അറിവുഉള്ള ആളുമായിരുന്നു.

അധികാരം ഏറ്റെടുക്കലും സന്തോഷവാർത്ത കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും 

AC 1451 ഫെബ്രുവരി 7 ന് പിതാവ് സുൽത്താൻ മുറാദ് രണ്ടാമന്റെ മരണശേഷം  മുഹമ്മദ് അൽ-ഫാത്തിഹ് അധികാരമേറ്റ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുൽത്താനായി. ഇരുപത് വയസ്സ് മാത്രം പ്രായമുള്ള വളരെ ഉത്സാഹം നിറഞ്ഞ ഉൽകർഷേച്ഛയുള്ള  ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

കോൺസ്റ്റാൻറിനോപ്പിളിനെ കീഴടക്കുക എന്നതല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാത്ത അവസ്ഥയിലേക്ക് ആ സ്വപ്നം അദ്ദേഹത്തെ കീഴടക്കി. തന്നോടൊപ്പം സംസാരിക്കാൻ ഇരിക്കുന്ന ആരെയും ഈ വിഷയം കൂടാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാൻ അദ്ദേഹം അനുവദിച്ചില്ല.യൂറോപ്പിൽ നിന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്ക് വരാനിടയുള്ള പിന്തുണയോ വിതരണമോ തടയാനായി ബോസ്പോറസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടി എന്നദ്ദേഹം മനസ്സിലാക്കി. അങ്ങനെ അദ്ദേഹം ബോസ്പോറസ് കടലിടുക്കിന്റെ യൂറോപ്യൻ കടൽത്തീരത്ത് ഒരു വലിയ കോട്ട പണിതു.

ഉന്നത മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹവും വ്യക്തിപരമായി കോട്ടയുടെ നിർമാണത്തിൽ പങ്കെടുത്തു.  റോമൻ കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണിയാൻ മൂന്ന് മാസത്തോളമെടുത്തു.  ബോസ്പോറസ് കടലിടുക്കിന്റെ മറ്റൊരു കരയിൽ അനറ്റോലിയ കോട്ട ഉണ്ടായിരുന്നു.ഓട്ടോമൻ സേനയിൽ നിന്ന് അനുമതി ലഭിച്ചിട്ടല്ലാതെ ഒരു കപ്പലിനും അതുവഴി കടക്കാൻ കഴിയാതെ ആയി.

Also read: നീ തന്നെയാണ് നിന്റെ ഏറ്റവും വലിയ ശത്രു!

അക്കാലത്ത്, കഴിവുള്ള ഒരു എഞ്ചിനീയർ സുൽത്താൻ മുഹമ്മദ് അൽ-ഫാത്തിഹിനായി നിരവധി പീരങ്കികൾ നിർമ്മിക്കുകയുണ്ടായി.പീരങ്കി എന്നത് പരിചിതമല്ലാത്ത കാലത്ത് ഈ പീരങ്കികളിൽ ഒന്ന്, 700 ടൺ ഉം അതിന്റെ പ്രൊജക്റ്റൈൽ 1,500 കിലോഗ്രാം ഭാരമുള്ളതുമായിരുന്നു.വളരെ ദൂരെ നിന്ന് പോലും അതിന്റെ ഷെല്ലിന്റെ ശബ്ദം കേൾക്കാൻ സാധിച്ചു.അത് വലിക്കാൻ നൂറ് കാളകൾ വേണ്ടി വന്നു.ഈ ഭീമൻ പീരങ്കിയെ സുൽത്താനിക് പീരങ്കി എന്നാണ് വിളിച്ചിരുന്നത്.

കോൺസ്റ്റാന്റിനോപ്പിളിന്റെ കീഴടക്കലും സന്തോഷവാർത്തയുടെ സാക്ഷാത്കാരവും 

തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം തന്റെ ഇരുനൂറ്റി അറുപത്തയ്യായിരം സൈനികരുമായി സുൽത്താൻ മുഹമ്മദ് അൽ-ഫാത്തിഹ് കോൺസ്റ്റാന്റിനോപ്പിളിൽ  ആക്രമണം നടത്തി.കാലാൾപ്പടയും കുതിരപ്പടയാളികളും വലിയ പീരങ്കികളും ഉൾപെടുന്നതായിരുന്നു സൈന്യം. അവർ കോൺസ്റ്റാന്റിനോപ്പിളിനെ വളയുകയും നഗരത്തിന്റെ ഉറപ്പുള്ള മതിലുകളിൽ രാവും പകലും ഓട്ടോമൻ പീരങ്കികൾ    പ്രയോഗിക്കുവാനും തുടങ്ങി. നഗരത്തിലെ പ്രതിരോധക്കാർക്ക് നിയന്ത്രണം നഷ്ടപ്പെട്ട്,  സൈന്യത്തെ  ഉപേക്ഷിക്കുന്നത് വരെ  സുൽത്താൻ തന്റെ പുതിയ യുദ്ധപദ്ധതിയിലൂടെ ശത്രുവിനെ അത്ഭുതപ്പെടുത്തി.

827 AH ജുമാദുൽ അവ്വൽ 20 ,1453 AC മെയ് 29 ചൊവ്വാഴ്ച പുലർച്ചെ കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾ തകർക്കാനും എതിരാളികളെ തുരത്തി ഓടിക്കാനും ഒട്ടോമൻ സേനക്ക് കഴിഞ്ഞു.ഓട്ടോമൻ പതാകകൾ ചുമരുകളിൽ ആടിയുലയുന്നതും പട്ടാളക്കാർ നഗരത്തിലേക്ക് ഒഴുകുന്നതും കണ്ട് കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങൾ അത്ഭുതപ്പെട്ടു.

ഓട്ടോമൻ സൈന്യം നഗരം കീഴടക്കിയതിനുശേഷം, സുൽത്താൻ മുഹമ്മദ് തന്റെ മന്ത്രിമാരും സൈനിക മേധാവികളും ഉൾപ്പെടുന്ന വലിയ ഘോഷയാത്രയോടെ കുതിരപ്പുറത്ത് വന്നു ചേർന്നു. അക്കാലം മുതൽ സുൽത്താൻ മുഹമ്മദ് അൽ-ഫാത്തിഹ് (ജേതാവ്) എന്നറിയപ്പെട്ടു.പട്ടാളക്കാർ അലറിക്കൊണ്ടിരുന്നു:

“മാഷാ-അല്ലാഹു!  മാഷാ-അല്ലാഹു!  ഞങ്ങളുടെ സുൽത്താന്  ദീർഘായുസ്സ്!  ഞങ്ങളുടെ സുൽത്താന്  ദീർഘായുസ്സ്!”

നഗരത്തിലെ ആളുകൾ ഒത്തുകൂടിയ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളിയിൽ എത്തുന്നതുവരെ സുൽത്താന്റെ ഘോഷയാത്ര നീണ്ടു.തങ്ങളുടെ വിധി എന്താണെന്നറിയാത്തതിനാൽ സുൽത്താൻ എത്തിയെന്നറിഞ്ഞപ്പോൾ അവർ നമസ്‌കരിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും  കരയുകയും  ചെയ്‌തു.

Also read: പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ

സുൽത്താൻ  തന്റെ കുതിരപ്പുറത്ത് നിന്ന് ഇറങ്ങുകയും ഈ വിജയത്തിലൂടെ തന്നെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി രേഖപ്പെടുത്തികൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു.  നഗരത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു:”എഴുന്നേൽക്കുക!  ഞാൻ സുൽത്താൻ മുഹമ്മദ് ആണ്.നിങ്ങളുടെയും നിങ്ങളുടെ സഹോദരന്മാരുടേയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടിരിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു “.

ഈ ക്രിസ്ത്യൻ പള്ളി ഒരു മുസ്ലീം പള്ളിയാക്കി മാറ്റണമെന്ന് സുൽത്താൻ ഉത്തരവിട്ടു. അങ്ങനെ ആദ്യമായി അവിടെ നിന്ന് ബാങ്ക് വിളി ഉയർന്നു. ഇപ്പോഴും ആ പള്ളി ഹാഗിയ സോഫിയയുടെ പള്ളി എന്നറിയപ്പെടുന്നു.  കോൺസ്റ്റാന്റിനോപ്പിളിനെ തന്റെ രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റാനും അദ്ദേഹം തീരുമാനിച്ചു.  അത് ഇസ്ലാമിന്റെ ഭവനം എന്നർത്തമാക്കുന്ന ഇസ്‌ലാംബുൾ എന്നറിയപ്പെട്ടു.  പിന്നീട് ഈ വാക്ക് ഇസ്താംബൂളായി മാറി.

സുൽത്താൻ നഗരവാസികളോട് വളരെ സഹിഷ്ണുതയും കരുണയും കാണിക്കുകയും ഇസ്‌ലാമികോപദേശങ്ങൾക്ക് അനുസൃതമായി വർത്തിക്കുകയും ചെയ്തു.  യുദ്ധത്തടവുകാരോട് നല്ല രീതിയിൽ പെരുമാറാൻ അദ്ദേഹം തന്റെ സൈനികരോട് ആവശ്യപ്പെട്ടു.  ധാരാളം യുദ്ധത്തടവുകാർക്ക് സ്വന്തം ധനത്തിൽ നിന്ന് മോചനദ്രവ്യം നൽകി.ഉപരോധത്തിലിരുന്നപ്പോൾ നഗരം വിട്ടുപോയവർക്ക്  നാട്ടിലേക്ക് മടങ്ങാനും അനുവാദം നൽകി.

കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിന്റെ അനന്തരഫലങ്ങൾ

ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോഴാണ്  മുഹമ്മദ് അൽ-ഫാത്തിഹിന്  ഈ വിജയം കൈവരിച്ചത്.  ഇത് അദ്ദേഹത്തിന്റെ സൈനികപാടവത്തെ  സൂചിപ്പിക്കുന്നു.  ഒരു നല്ല വ്യക്തി ആ നഗരം കീഴടക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞ മുഹമ്മദ് നബി(സ)യുടെ സന്തോഷവാർത്തയും അദ്ദേഹം അർഹിക്കുന്നു.പിന്നീട്, അദ്ദേഹം ബാൽക്കണിലെ വിജയങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകി.  സെർബിയ, ഗ്രീസ്, റൊമാനിയ, അൽബേനിയ, ബോസ്നിയ ഹെർസഗോവിന എന്നിവ കീഴടക്കാൻ അദ്ദേഹത്തിനു സാധിച്ചു.  കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിനു പുറമേ റോമിനെ കീഴടക്കുക വഴി മറ്റൊരു അഭിമാന സ്രോതസ്സുണ്ടാക്കാനും അദ്ദേഹം ആഗ്രഹിച്ചു.

ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യം ഇറ്റലിയെ കീഴടക്കേണ്ടതുണ്ടായിരുന്നു.  ഈ ദൗത്യത്തിനായി അദ്ദേഹം ബൃഹത്തായ ഒരു കപ്പൽപട തന്നെ തയ്യാറാക്കി.  ഇറ്റാലിയൻ നഗരമായ ഒട്രാന്റോയ്ക്ക് സമീപം തന്റെ സൈന്യത്തെയും ധാരാളം പീരങ്കികളെയും ഇറക്കാൻ അദ്ദേഹത്തിന് സാധിച്ചു.  തന്മൂലം 1480 ജൂലൈയിൽ അദ്ദേഹം കോട്ട പിടിച്ചെടുത്തു.

റോമിലെത്തുന്നതുവരെ ഒട്രാന്റോയെ തന്റെ വടക്കൻ സൈനിക നടപടികളുടെ താവളമാക്കാൻ അദ്ദേഹം തീരുമാനിച്ചു.  ഇത് മൂലം യൂറോപ്യൻ ലോകം പരിഭ്രാന്തരായി. ചരിത്ര നഗരമായ റോം മുഹമ്മദ് അൽ-ഫാത്തിഹിന്റെ കൈകളിലേക്ക് വീഴുമെന്ന് അവർ പ്രതീക്ഷിച്ചു.എന്നാൽ, ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ തയ്യാറെടുപ്പുകൾക്കിടെ അദ്ദേഹം മരണപ്പെട്ടു (A C 1481 മെയ് 3).  അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ യൂറോപ്പ് മുഴുവൻ സന്തോഷിച്ചു.  മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പള്ളികളിൽ പ്രാർത്ഥന നടത്താൻ റോം മാർപ്പാപ്പ ഉത്തരവിട്ടു.

രാജതന്ത്രജ്ഞനായും നാഗരികതയുടെ തലതൊട്ടപ്പനായും മുഹമ്മദ് അൽ-ഫാത്തിഹ് 

മുഹമ്മദ് അൽ-ഫാത്തിഹിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ  നേതൃപാടവം കൊണ്ടും ആസൂത്രിതമായ നയവും കൊണ്ട് ഓട്ടോമൻ സ്റ്റേറ്റ് മുമ്പൊരിക്കലും എത്തിയിട്ടില്ലാത്ത അതിരുകളിൽ എത്തി.ഈ വിജയങ്ങൾ    മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ നേട്ടം.തന്റെ വിശ്വസ്തരായ ചിലരുടെ സഹായത്താൽ, ദൈവികഗ്രന്ഥത്തിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഒരു ഭരണഘടന തന്നെ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓട്ടോമൻ ഭരണകൂടം ഈ ഭരണഘടന നാല് നൂറ്റാണ്ടുകളോളം  പാലിച്ചു.

തിരക്കിലായിരുന്നുവെങ്കിലും മുന്നൂറിലധികം പള്ളികൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അതിൽ 192 എണ്ണം ഇസ്താംബൂളിൽ മാത്രമായി ഉണ്ടായിരുന്നു.  57 സ്കൂളുകളും അദ്ദേഹം നിർമ്മിച്ചു.  അദ്ദേഹത്തിന്റെ പ്രശസ്തമായ വാസ്തുവിദ്യാ സ്മാരകങ്ങളിൽ സുൽത്താൻ മുഹമ്മദിന്റെ പള്ളി, അബു അയ്യൂബ് അൽ അൻസാരിയുടെ പള്ളി, സരായ് ടബ്-ഖാബു പാലസ് എന്നിവ ഉൾപ്പെടുന്നു.

Also read: ഒരു നാട് റിപ്പബ്ലിക്ക് ആവുകയെന്നാൽ

സാഹിത്യത്തോട് വളരെയധികം തൽപരനായിരുന്ന അദ്ദേഹം നല്ല കവിയും പതിവ് വായനക്കാരനുമായിരുന്നു.  അദ്ദേഹം പണ്ഡിതരുടെയും കവികളുടെയും കൂട്ടുകെട്ട് ഇഷ്ടപ്പെടുകയും അവരിൽ ചിലരെ മന്ത്രിമാരാക്കുകയും ചെയ്തു. ഏതൊരു മേഖലയിലെയും ഒരു മഹാനായ പണ്ഡിതനെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം, അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും തന്റെ അറിവിന്റെ പ്രയോജനത്തിനായി ഇസ്താംബൂളിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യും.

മുഹമ്മദ് അൽ-ഫാത്തിഹിന്റെ സ്വഭാവം 

ഇസ്‌ലാമിക കർമ്മശാസ്ത്രത്തിന്റെ വിധിവിലക്കുകൾ അനുസരിക്കുന്ന  പ്രതിജ്ഞാബദ്ധനായ മുസ്‌ലിമായിരുന്നു മുഹമ്മദ് അൽ ഫാത്തിഹ്. നല്ല ഭക്തനായിരുന്ന അദ്ദേഹത്തിന്റെ സൈനിക നടത്തിപ്പ് വളരെ പരിഷ്കൃതവും മധ്യകാലഘട്ടത്തിൽ യൂറോപ്പിന് അപരിചിതവുമായിരുന്നു.

Also read: അമിതവ്യയം: ഇസ്‌ലാമിന്റെ ധാര്‍മ്മിക കാഴ്ചപ്പാടുകള്‍

കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവാകാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച അധ്യാപകർ വളർത്തിയെടുത്ത ആ അഭിലാഷം കാരണം, ഈ നഗരം കീഴടക്കിയതിലൂടെ തന്റെ നേട്ടങ്ങളിൽ ഏറ്റവും മികച്ചത് നേടാൻ അദ്ദേഹത്തിന് സാധിച്ചു.കഠിനവും നിരന്തരവുമായ പ്രവർത്തനത്തിലൂടെയും കൃത്യമായ  ആസൂത്രണത്തിലൂടെയും അദ്ദേഹത്തിന് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു.  ഉദാഹരണത്തിന്, കോൺസ്റ്റാന്റിനോപ്പിളിനെ ഉപരോധിക്കുന്നതിന് മുമ്പ്, പീരങ്കികൾ നിർമ്മിച്ചും, തന്റെ കപ്പൽസേനയെ സജ്ജമാക്കിയും, വിജയിക്കാൻ സാധ്യതയുള്ള എല്ലാ ഘടകങ്ങളും ഉപയോഗിച്ച് അദ്ദേഹം യുദ്ധത്തിന് തയ്യാറായി. ഉയർന്ന അഭിലാഷം, ദൃഢനിശ്ചയം, ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കഠിന ശ്രമം എന്നിവയിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനും അത് വഴി മികച്ച മുസ്ലീം വീരന്മാരിലും ജേതാക്കളിലും ഒരാളായി മാറാനും അദ്ദേഹത്തിന് സാധിച്ചു.

 

വിവ- മിസ്‌ന അബൂബക്കർ

Related Articles