Current Date

Search
Close this search box.
Search
Close this search box.

കലക്കുവെള്ളത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവര്‍

കലക്കുവെള്ളത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നവര്‍

രാജ്യമൊട്ടുക്കും പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമരം നടക്കുമ്പോള്‍ അതിനെ തകര്‍ക്കാനും സമരത്തിന് വര്‍ഗ്ഗീയ സ്വഭാവവും മതകീയ സ്വഭാവവും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അത്തരത്തില്‍ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും നാം കണ്ടതും കേട്ടതും. സമാനമായ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിറഞ്ഞു നിന്നത്. അതില്‍ ഒന്ന് പൗരത്വ നിയമത്തെ അനുകൂലിച്ചതിന് സ്ത്രീകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു എന്ന വ്യാജ പ്രചാരണമായിരുന്നു. മലപ്പുറം കുറ്റിപ്പുറത്ത് ഹിന്ദുക്കള്‍ക്ക് മുസ്ലിംകള്‍ കുടിവെള്ളം നിഷേധിച്ചുവെന്നാണ് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയത്.

കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇവിടെ പഞ്ചായത്ത് വക കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ സമീപവാസി അദ്ദേഹത്തിന്റെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കിണറിലെ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഈ സംഭവത്തെയാണ് വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു എന്ന തരത്തില്‍ ബി.ജെ.പി എം.പിയടക്കം വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. തുടര്‍ന്ന് അവര്‍ക്കെതിരെ കുറ്റിപ്പുറം പൊലിസ് മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെ സംഭവം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നതാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധം അറിയിച്ച യുവതിയെ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് അതിക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതിനിടെ ഒരു സ്ത്രീ തന്റെ നെറ്റിയിലെ കുങ്കുമം ചൂണ്ടിയിട്ട് പറഞ്ഞു. ‘ഈ സിന്ദൂരം തൊടുന്നത് എന്തിനാണെന്നറിയാമോ…എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, അവരെ ഒരു കാക്കക്കും വിട്ടു കൊടുക്കാതിരിക്കാനാണ്”. അതായത് മുസ്ലിം സമുദായത്തിലെ പുരുഷന്മാരെയാണ് ഇവിടെ ആ സ്ത്രീ ‘കാക്ക’ എന്നുദ്ദേശിച്ചത്. അത്തരം ആളുകള്‍ ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യം വെക്കുകയും ആക്രമിക്കുകയും ചെയ്യുന്നു എന്ന സന്ദേശമാണ് അവര്‍ പറയാന്‍ ശ്രമിച്ചത്. സംഘ്പരിവാര്‍ നിരന്തരം ഉപയോഗിക്കുന്ന ലൗ ജിഹാദ് ആരോപണങ്ങളുടെയുമെല്ലാം മറ്റൊരു രൂപം. എന്നാല്‍ ഈ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ആ സ്ത്രീക്ക് ആവോളം മറുപടി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.

മൂന്നാമത്തെ സംഭവവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന വ്യാജ പ്രചാരണമായിരുന്നു. പോളിയോ തുള്ളിമരുന്ന് വിതരണം സംബന്ധിച്ച് മലപ്പുറം ജില്ലക്കെതിരെ അഴിച്ചുവിട്ട വ്യാജ പ്രചാരണവും നമ്മള്‍ കണ്ടതാണ്. സംസ്ഥാനത്ത് പോളിയോ വിതരണത്തില്‍ ഏറ്റവും പിന്നിലാണ് ജില്ലയെന്നും ജില്ലയില്‍ 46 ശതമാനം വാക്സിന്‍ മാത്രമാണ് നല്‍കിയതെന്നും ഏറ്റവും കുറവ് മലപ്പുറത്താണെന്നുമായിരുന്ന പ്രചാരണം.

ഒരു വിഭാഗം ഈ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഇത് നിത്യ സംഭവമാണെന്നും പോളിയോ വാക്‌സിന്‍ നല്‍കാന്‍ മുസ്ലിം സമുദായം താല്‍പര്യപ്പെടുന്നില്ലെന്നും വ്യാജ പ്രചാരണം നടത്തുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണണെന്നും മലപ്പുറത്തം 91 ശതമാനം പൂര്‍ത്തിയായതായും ബാക്കി വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതോടെയാണ് ഇതിന്റെ സത്യാവസ്ഥയും വെളിവായത്.

ഇത്തരത്തില്‍ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് നിരന്തരം വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ വിഷം പോലെ വമിപ്പിക്കുകയും ഒരു സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നതും സംഘ്പരിവാര്‍ എല്ലാ കാലവും ചെയ്യുന്ന ഒന്നാണ്. ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയുമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ്. കുറച്ചാളുകളെയെങ്കിലും ഇത്തരം പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ മനസ്സില്‍ വര്‍ഗ്ഗീയതും മത വിദ്വേഷവും കുത്തിവെക്കാനും ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാ കാലവും അവയെല്ലാം തൊണ്ടിസഹിതം പിടിക്കപ്പെടുകയും പ്രചാരണക്കാര്‍ ഇളിഭ്യരായി മടങ്ങുകയുമാണ് ചെയ്യാറുള്ളത്. രാജ്യത്തെ ശക്തമായ മതേതര മനസ്സുകളിലും ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിലും വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ അത്തരക്കാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. അവയെയെല്ലാം ചെറുത്തു തോല്‍പിച്ച പാരമ്പര്യമാണ് കേരളത്തിലടക്കമുള്ളത്. അതിനാല്‍ തന്നെ ഇന്ത്യയിലെ സവിശേഷമായ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇത്തരം ഇസ്‌ലാം ഭീതി പടര്‍ത്താനായി പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളും സംഭവങ്ങളും ഇനിയും നമുക്ക് പ്രതീക്ഷിക്കാം.

Related Articles