Current Date

Search
Close this search box.
Search
Close this search box.

ക്രിയാത്മക ശിക്ഷണത്തിനായി ഹാറൂന്‍ റഷീദിന്റെ വസിയ്യത്ത്

ഹാറൂന്‍ റഷീദ് രാഷ്ട്രമീമാംസയുടെ അകക്കാമ്പറിഞ്ഞ ഭരണാധിപന്‍ എന്ന നിലക്ക് ചരിത്രത്തില്‍ വേറിട്ട് നില്‍ക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുമാണ് ഇസ്‌ലാമിക നാഗരികതയില്‍ പ്രശോഭിതമായി ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ സഹായിച്ചത്. ഭാവി ഖലീഫയാകേണ്ട തന്റെ മക്കള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ മക്കളുടെ ശിക്ഷണാര്‍ഥം അഹ്മര്‍ അന്നഹവിയുടെ അടുത്തേക്ക് ദൂതനെ അയച്ച സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് നടത്തിയ ഉപദേശങ്ങള്‍  ഇബ്രാഹീം അല്‍ ബൈഹഖി തന്റെ ‘അല്‍ മഹാസിനു വല്‍ മസാവിഅ്’ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.

‘ഹാറൂന്‍ റഷീദ് അഹ്മര്‍ അന്നഹവിയുടെ അടുത്തേക്ക് ദൂതനെ അയച്ചു. അദ്ദേഹത്തെ കണ്ടപ്പോള്‍ ദൂതന്‍ പറഞ്ഞു. അല്ലയോ അഹ്മര്‍, അമീറുല്‍ മുഅ്മിനീന്‍ തന്റെ കരളിന്റെ കഷ്ണങ്ങളെ താങ്കള്‍ക്ക് ഏല്‍പിച്ചു തന്നിരിക്കുകയാണ്. താങ്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുക. താങ്കള്‍ സത്യസന്ധമായി അവനോട് പെരുമാറുക, താങ്കളെ അനുസരിക്കല്‍ അവരുടെ ബാധ്യതയാണ്. അമീറുല്‍ മുഅ്മിനീന്‍ കല്‍പിച്ച പ്രകാരം താങ്കള്‍ അവനുവേണ്ടി നിലകൊള്ളുക! അവരെ ഖുര്‍ആനും പ്രവാചക ചര്യയും പഠിപ്പിക്കുക, കവിതകളാല്‍ അവരുടെ ദാഹമകറ്റുക, ഉത്തമ വചനങ്ങളാല്‍ അവര്‍ക്ക്് ഉള്‍ക്കാഴ്ച നല്‍കുക, സഭയിലിരിക്കേണ്ട മര്യാദകള്‍ അവരെ പരിശീലിപ്പിക്കുക. അവരോടുള്ള സംസാരത്തിലും പരിഗണനയിലും മിതത്വം പാലിക്കുക. അവര്‍ക്ക് പ്രയോജനപ്പെടാതെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്തരുത്, ഉപകാരപ്രദമായതും ഉള്‍ക്കൊള്ളേണ്ടതുമായ സംസാരം സംസാരിക്കുക, അവരുടെ മനസ്സിനെ മടുപ്പിക്കുകയും ബുദ്ധിയെ മരവിപ്പിക്കുകയും ചെയ്യുന്ന സംസാരത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുക. ഖലീഫയുടെ മക്കളെന്ന് കരുതി സഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കരുത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന പക്ഷം അതവര്‍ പതിവാക്കും. നൈര്‍മല്യത്തോടെ പെരുമാറിയിട്ടും അടുപ്പം പാലിച്ചും അവരെ നേരെയാക്കാന്‍ ശ്രമിക്കുക. ഇതിനൊന്നും വഴങ്ങുന്നില്ലെങ്കില്‍ അവരെ ശിക്ഷിക്കുക..’

ഹാറൂന്‍ റഷീദ് തന്റെ മക്കളുടെ ഗുരുവിന് നല്‍കിയ ശിക്ഷണം വളരെ ശ്രദ്ദേയമാണ്. തന്റെ മക്കളെ സാമൂഹ്യ-രാഷ്ട്രീയ ബോധമുള്ളവരായി വളര്‍ത്തിയെടുക്കേണ്ട സന്ദര്‍ഭമായിരുന്നു അത്. മതപരമായ വിഷയങ്ങളില്‍ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഉപദേശം ആരംഭിക്കുന്നത്. കിരീടാവകാശിയായ തന്റെ മകന് ഭാവിയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമായി നാഗരികതകള്‍ കെട്ടിപ്പെടുക്കാന്‍ കഴിയേണ്ടതുണ്ട്. മതപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാലിക വിഷയങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയേണ്ടതുണ്ട് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മാനവിക വിജ്ഞാനങ്ങളും പ്രായോഗിക വിജ്ഞാനീയങ്ങളും സാഹിത്യ മേഖലയും ചരിത്രവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാനാണ് ഹാറൂന്‍ റഷീദ് നിര്‍ദ്ദേശിച്ചത്. ചരിത്രത്തിലെ സംഭവവികാസങ്ങളെകുറിച്ച് കിരീടാവകാശിക്ക് ബോധ്യമുണ്ടാകുന്നത് പൂര്‍വീകര്‍ക്ക് പറ്റിയ നിരവധി അബദ്ധങ്ങള്‍ തിരുത്തുവാന്‍ സഹായിക്കും. വിജയകരമായി ഭരണം നിര്‍വഹിച്ചവരുടെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്താനും അത് വഴിയൊരുക്കും. അന്ന് ഭരണാധികാരിക്ക് സാഹിത്യ മേഖല ഒഴിച്ചുകൂടാന്‍ പറ്റാത്ത മേഖലയായിരുന്നു.

മാനവിക വിജ്ഞാനീയങ്ങളിലെ പരിജ്ഞാനത്തിനായിരുന്നു പിന്നെ അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. മാനവിക വിഷയങ്ങള്‍ക്കെന്തിനാണ് ഇത്ര പ്രാമുഖ്യം നല്‍കുന്നത്, പ്രായോഗികമായി കൂടുതല്‍ ഫലം ചെയ്യുന്ന എഞ്ചിനീയറിംഗ്, മെഡിസിന്‍ പോലുള്ള മേഖലയില്‍ ശ്രദ്ധചെലുത്തിയാല്‍ പോരേ എന്നുള്ള അഭിപ്രായം പലരും ഉന്നയിക്കുന്നതായി കാണാം. എന്നാല്‍ തൊണ്ണൂറുകളില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ഈജിപ്തില്‍ പിടികൂടിയ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ള പ്രൊഫഷനല്‍ വിദ്യാഭ്യാസം നേടിയവരാണ്. മാനവിക വിഷയങ്ങളില്‍ പഠനമനനം നടത്തിയ വിദ്യാര്‍ഥികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ടത് വളരെ കുറവ് ആണ്. അവരില്‍ ഉള്‍ച്ചേര്‍ന്ന മാനവിക ബോധമാണ് അതിന് കാരണം. ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകള്‍ അതിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നിടത്ത് മാനവിക-പ്രായോഗിക വിഷയങ്ങളില്‍ സന്തുലിതത്വം പാലിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധം പുലര്‍ത്തുന്നത് ഇക്കാരണത്താലാണ്.

ഹാറൂന്‍ റഷീദിന്റെ ഉപദേശങ്ങളില്‍ ആദരണീയതയുടെ തത്വശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നതായി കാണാം. കുടുംബ ബന്ധത്തിന് നല്‍കേണ്ട പരിഗണനയാണ് ഇതില്‍ പ്രധാനം. സൈന്യത്തിലെ ഉന്നത സ്ഥാനീയങ്ങള്‍ വഹിക്കുന്നവരോടും രാഷ്ട്രത്തിലെ ഉന്നത വ്യക്തിത്വങ്ങളോടും ആദരവ് പുലര്‍ത്താന്‍ മകന്‍ പരിശീലിക്കേണ്ടതുണ്ട്. സമയത്തിന്റെ വിലയെകുറിച്ച ബോധ്യമാണ് ഇതില്‍ പ്രധാനമാണ്. സമയം ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് ഹാറൂന്‍ റഷീദ് വസിയ്യത്ത് ചെയ്തത്. ബുദ്ധിയെ മരവിപ്പിക്കരുത് എന്ന പദവിന്യാസം ശ്രദ്ദേയമാണ്. വളരുന്ന സന്ദര്‍ഭത്തില്‍ അറിവിലൂടെയും അനുഭവ പരിചയത്തിലൂടെയും നേടിയെടുത്ത വിജ്ഞാനീയങ്ങളാണ് ജീവിതകാലത്തുടനീളം പ്രയോജനപ്പെടുക എന്ന ബോധ്യം അനിവാര്യമാണ്.

ബോധന തത്വശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള പ്രോല്‍സാഹനത്തിന്റെയും ശിക്ഷണ രീതിയുടെയും പ്രാധാന്യമാണ് തന്റെ ഉപദേശത്തില്‍ അവസാനമായി ഖലീഫ ഉള്‍ക്കൊള്ളിച്ചത്. ശിക്ഷ നിഷേധാത്മകമായ പ്രതിഫലനമാണ് ഉളവാക്കുക. പക്ഷെ, ഖലീഫയുടെ മകനായത് കൊണ്ടാണ് ശിക്ഷക്ക് ഇളവ് ലഭിച്ചത് എന്ന തെറ്റായ വായനക്ക് പിന്നീട് ഇടവരരുത് എന്നത് കൊണ്ടാണ് വഴങ്ങുന്നില്ലെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ ഖലീഫ ആഹ്വാനം ചെയ്തത്. സ്‌നേഹ വാല്‍സല്യത്തോടു കൂടി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും നന്മകളെ പ്രോല്‍സാഹിപ്പിക്കാനുമാണ് ഖലീഫയുടെ പ്രധാന നിര്‍ദ്ദേശം. ഖലീഫ മഅ്മൂന്‍ ഹാറൂന്‍ റഷീദിന്റെ മാതൃകയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ചരിത്രം സാക്ഷിയാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles