Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ഈജിപ്തില്‍ സിസിയെ ഇളക്കാന്‍ മാത്രം ശക്തമാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നാരും കരുതുന്നില്ല. ഈജിപ്തില്‍ ഇപ്പോള്‍ മുഹമ്മദലിയാണു താരം എന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. അദ്ദേഹം ഒരു കെട്ടിട നിര്‍മാണ കരാരുകാരനായിരുന്നു. ഈജിപ്തില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ താമസം സ്‌പെയിനിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെയിരുന്ന് സിസിയുടെ അഴിമതികളെ കുറിച്ചാണ് അദ്ദേഹം വീഡിയോ വഴി ഈജിപ്തുകാരുമായി സംവദിച്ചത്. ഈജിപ്തില്‍ മൂന്നില്‍ ഒരാള്‍ ദാരിദ്ര്യ രേഖയുടെ താഴെയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. സീസി അധികാരം ഏറ്റെടുക്കുമ്പോള്‍ ദേശീയ ദാരിദ്ര്യ ശതമാനം 28 ആയിരുന്നത് ഇപ്പോള്‍ 33 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ആ സമയത്താണ് സീസിയും കൂട്ടരും ആഡംബര ജീവിതം നയിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സീസി രാജിവെക്കണം എന്ന ആവശ്യത്തില്‍ പ്രകടനം നടന്നിരുന്നു.

സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷയില്ലെങ്കിലും പ്രകടനത്തിലും പ്രതിഷേധത്തിലും പങ്കെടുത്തവര്‍ അധികവും ഇരുപതു വയസ്സുള്ളവരാന് എന്നാണു മാധ്യമങ്ങള്‍ പറയുന്നത്. സീസി അധികാരത്തില്‍ വരുമ്പോള്‍ ഇവരൊക്കെ ടീനേജ് പ്രായത്തിലുള്ളവരായിരുന്നു. ഒരു അപ്രസക്തനായ വ്യക്തി കാണാമാറയിത്തിരുന്നു ആഹ്വാനം നടത്തിയാല്‍ റോഡിലിറങ്ങാന്‍ ഈജിപ്ഷ്യന്‍ ജനത സന്നദ്ധമാണ് എന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പരമാവധി അടിച്ചമര്‍ത്തുക എന്നതാണ് സീസി നിലപാട്. രാജ്യത്തെ തന്നെ വലിയ പ്രതിപക്ഷത്തെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് സീസി അടക്കി നിര്‍ത്തിയിരിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നതും. ഭരണകൂടത്തിനെതിരെ ശക്തമായ ജനരോഷം നിലനില്‍ക്കുന്നു എന്നത് ശരിയാണ്. സീസിയെ രക്ഷകന്‍ എന്ന നിലയിലാണു രാജ്യത്തെ മാധ്യമങ്ങളും അറബ് മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. അതിനെയാണ് യുവ തലമുറ ചോദ്യം ചെയ്തിരിക്കുന്നതും.

രാജ്യത്തെ തിരഞ്ഞെടുത്ത പ്രസിഡണ്ടിനെ പട്ടാളത്തെ ഉപയോഗിച്ച് പുറത്താക്കിയാണ് സീസി അധികാരം നേടിയത്. അതിനു മുമ്പ് രാജ്യത്തെ ചൂഴ്ന്നു നിന്നിരുന്ന ഏകാധിപത്യ പ്രവണതയെ തൂത്തെറിഞ്ഞു കൊണ്ടാണ് ജനാധിപത്യ രീതി കടന്നു വന്നത്. ഇഖ്‌വാനുല്‍ മുസ്ലിം പിന്തുണയുള്ള പ്രസിഡണ്ടിനെ പുറത്താക്കാന്‍ അന്ന് അറബ് ലോകവും ഒപ്പം ചേര്‍ന്നിരുന്നു എന്നതും സത്യമാണ്. ഒരു ജനാധിപത്യ ക്രമം തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യും എന്ന ധാരണയില്‍ മുര്‍സിയെ ഇല്ലാതാക്കാന്‍ അവരെല്ലാം ഒന്നായിരുന്നു എന്നതാണ് കൂടുതല്‍ വലിയ സത്യം.

മറ്റുള്ള അറബ് രാജ്യങ്ങളില്‍ നിന്നും ഭിന്നമായി സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമാണ് ഈജിപ്തിന്റെ പ്രത്യേകത. സൈന്യം രാജ്യത്തെ കാക്കുന്നവര്‍ എന്നതില്‍ നിന്നും ഭിന്നമായി രാജ്യത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍ എന്ന് കൂടി പറയേണ്ടി വരും. സൈന്യത്തിന്റെ ഇടപെടല്‍ കുറക്കാന്‍ കഴിയാതെ പോയി എന്നതാണ് മുര്‍സിയുടെ പതനത്തിനു കാരണം. അതെ സമയം സൈന്യത്തെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഉര്‍ദുഗാന്റെ വിജയവും. അതെ സമയം സീസിക്കെതിരെ പുറപ്പെട്ട സമരക്കാരുടെ പിറകില്‍ ആരെന്ന ചര്‍ച്ചയും സജീവമാണ്. കുറെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതു സമയത്തിന്റെ മാത്രം വിഷയമാണ് എന്നാണ് പൊതു വിലയിരുത്തല്‍. ഒരിക്കല്‍ ഇഖ്‌വാനെതിരെ സീസി ഉപയോഗിച്ച ഇരുമ്പു മുറകള്‍ ലോകത്തിനു മറക്കാനായിട്ടില്ല. ഈജിപ്ത്യന്‍ തെരുവുകളില്‍ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കാണാതിരിക്കാന്‍ കഴിയില്ല. ജനത്തിന്റെ കഷ്ടപ്പാടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. മുര്‍സിയെ താഴെ ഇറക്കിയ സമയത്ത് മറ്റു അറബു നാടുകളില്‍ നിന്നും കാര്യമായ സഹായം ഈജിപ്തിന് ലഭിച്ചിരുന്നു. ജനസംഖ്യയില്‍ മൂന്നിലൊന്നു ദാരിദ്ര്യ രേഖയുടെ താഴെയാണു എന്ന് പറഞ്ഞാല്‍ അത് നിസാര കാര്യമായി കാണാന്‍ കഴിയില്ല. ദരിദ്രരായ ജനതയും പണക്കാരായ ഭരണകൂടവും എന്നത് പൊതുവേ അറബ് സമൂഹത്തിന്റെ നേര്‍ചിത്രമാണ്.

അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോകില്ലെങ്കിലും അതൊരു പ്രതീക്ഷയാണ്. അതും പുതിയ തലമുറ രംഗത്ത് വരുന്നു എന്നതു തന്നെയാണു പ്രതീക്ഷ. ജനാധ്യപത്യ ലോകത്തേക്ക് അറബ് രാജ്യങ്ങളുടെ കടന്നു വരവ് കൊണ്ട് മാത്രമേ ഒരു സ്വതന്ത്രരായ ജനതയെ ലഭിക്കൂ. ഏതു യാത്രയും ആദ്യത്തെ ഒരു ചുവടു കൊണ്ടേ സാധ്യമാകൂ എന്നതാണു നിയമം.

Related Articles