Current Date

Search
Close this search box.
Search
Close this search box.

ഹദീസിലെ ജീവിത ദര്‍ശനം

മുഹമ്മദ് നബി(സ)യുടെ സ്വഭാവമെന്തെന്ന് പ്രിയപത്‌നി ആഇശയോട് ചോദിച്ചപ്പോള്‍ ‘അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണെന്ന്’ മറുപടി നല്‍കുകയുണ്ടായി. ഖുര്‍ആന്റെ ജീവിത കാഴ്ചപ്പാട് നബിയുടെ ജീവിതത്തിലൂടെ പ്രതിഫലിക്കുകയാണ് ചെയ്തിട്ടുള്ളത്. നബിയുടെ വാക്കും പ്രവൃത്തിയുമാണ് ഹദീസ്. ഹദീസിന്റെ ജീവിതദര്‍ശനം ഖുര്‍ആന്റെ ജീവിതദര്‍ശനം തന്നെയാണ്. നബിയിലൂടെ, നബിയുടെ വാക്കിലൂടെ, പ്രവൃത്തിയിലൂടെ ഖുര്‍ആന്‍ പ്രകാശിതമായി എന്ന് ചുരുക്കം.

നിങ്ങള്‍ ദൈവത്തെപ്പറ്റി പറയുന്നതിനു പകരം മനുഷ്യരെ കുറിച്ച് പറയൂവെന്ന് ചിലര്‍ പുരോഗമനം ചമഞ്ഞ് ഉപദേശിക്കാറുണ്ട് നമ്മെ. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് അവര്‍. ദൈവികദര്‍ശനത്തിന്റെ ജനകീയതയാണ്ഹദീസിലൂടെ ഇതള്‍വിരിയുന്നത്.

ഹിറാഗുഹയില്‍നിന്ന് ദിവ്യസന്ദേശം സ്വീകരിച്ച് ഖദീജയുടെ സന്നിധിയില്‍ എത്തിയ പ്രവാചകനോട് അവര്‍ ഇങ്ങനെ പറഞ്ഞു: ‘താങ്കളെ ജനം തള്ളിക്കളയുകയില്ല. താങ്കള്‍ ഭാരം വഹിക്കുന്നവരുടെ ഭാരം പേറുകയും ആവശ്യക്കാരെ സഹായിക്കുകയും ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യുന്ന ആളാകുന്നു.’ നബിയുടെ ആദ്യനാളുകളിലെ ജീവിതത്തില്‍ പ്രാധാന്യം നേടിയ ജനകീയതയെയാണ് ഈ സാക്ഷ്യപത്രം അടയാളപ്പെടുത്തുന്നത്.

നബിയുടെ ജീവിതസന്ദേശത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ‘ഹല്‍ഫുല്‍ ഫുദൂല്‍.’ വിശിഷ്ട സഖ്യം എന്നാണ് ആ വാക്കിന്റെ അര്‍ഥം. നബിയുടെ ജനകീയ വ്യക്തിത്വമാണ് ആ സഖ്യത്തിലുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കുന്നത്. മക്കയില്‍ വ്യാപാരാവശ്യാര്‍ഥം വരുന്നവര്‍ വഞ്ചിക്കപ്പെടരുത്. ചൂഷണം ചെയ്യപ്പെടുന്നവര്‍ ആരായാലും സഖ്യാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണം, ആരുടെയും അവകാശം ഒറ്റക്കെട്ടായി നിന്ന് വാങ്ങിച്ചുകൊടുക്കണം എന്നിവയൊക്കെയായിരുന്നു സഖ്യത്തിലെ ഉപാധികള്‍. പില്‍ക്കാലത്ത് അത്തരം സഖ്യങ്ങളുടെ മഹത്വം അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.
ദൈവത്തെപ്പറ്റി പറയുന്നത് ഏതൊരു ദൈവവിശ്വാസിയെയും മനുഷ്യരുമായി ഏറെ അടുപ്പിക്കും. മനുഷ്യരില്‍ പ്രയാസപ്പെടുന്നവരുടെ പക്ഷംചേരല്‍ ദൈവപക്ഷം തന്നെയാണ്. ഈ യാഥാര്‍ഥ്യം ഗ്രഹിക്കുന്നതില്‍ ഭൗതിക ചിന്തമാത്രമല്ല, പരമ്പരാഗത മത ചിന്തയും തോറ്റു പോകുന്നുണ്ട്.
ഒരു ഭീകരയുദ്ധം സൃഷ്ടിക്കാന്‍ കരുത്തുണ്ടായിരുന്ന മത-ഗോത്ര-വൈകാരിക പ്രശ്‌നത്തെ മുഹമ്മദ് നബി(സ) ഏറെ സന്തുലിതമായി പരിഹരിക്കുകയുണ്ടായി. മതകീയവും വംശീയവുമായ വൈകാരിക ആഢ്യത്വത്തെ അങ്ങേയറ്റം നിസ്സാരവത്കരിച്ച ആ നബി(സ)യുടെ മാധ്യസ്ഥ്യം ചരിത്രത്തിലെ ചേതോഹരമായ അധ്യായമാണ്.
വിഷയം കഅ്ബയിലെ കറുത്തശിലയുമായി ബന്ധപ്പെട്ടതാണ്. കഅ്ബാ പുനര്‍നിര്‍മാണത്തെ തുടര്‍ന്ന് കല്ലിന്റെ പുനഃസ്ഥാപനത്തെക്കുറിച്ച് തര്‍ക്കം ഉടലെടുത്തു. പുനഃസ്ഥാപനാവകാശം ഉയര്‍ത്തി രൂപപ്പെട്ട ഗോത്രമാത്സര്യം യുദ്ധത്തിന്റെ വക്കോളമെത്തി. അതിനിടെ ഒരു നല്ല മനുഷ്യന്‍ ഇടപെട്ടു: ‘ഇന്ന് നമുക്ക് പിരിഞ്ഞ് പോവാം. നാളെ കഅ്ബയില്‍ ആദ്യമെത്തുന്ന ആള്‍ ആരാണോ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നമുക്ക് പ്രശ്‌നം തീര്‍ക്കാം.” ഇത് എല്ലാവര്‍ക്കും സ്വീകാര്യമായി. ‘ആദ്യം എത്തുന്ന ആള്‍’ എന്ന മൂല്യവത്തായ ഉപാധി വംശീയ മേധാവിത്വത്തിന് ശമനൗഷധമായി. ആ തീരുമാനത്തിന് മുമ്പില്‍ എല്ലാ ആഢ്യന്മാരും വഴങ്ങി.
പിറ്റേന്ന് ആദ്യം കഅ്ബയില്‍ എത്തിയത് എന്തുകൊണ്ടും യോഗ്യനായ ഒരു വലിയ മനുഷ്യനായിരുന്നു. പ്രായത്തിലും ആകാരത്തിലും പാരമ്പര്യത്തിലും ഏറെ ചെറുതായ ഒരു വലിയ മനുഷ്യന്‍. വന്നയാള്‍ മുഹമ്മദ് തന്നെ. ഗോത്ര-വംശീയ വൈകാരികതകളെ തീര്‍ത്തും അസ്ഥാനത്താക്കി അദ്ദേഹം പ്രശ്‌നം പരിഹരിച്ചു. ഒരു വലിയ വിരിപ്പ് കൊണ്ടുവരികയും ഹജറുല്‍ അസ്‌വദ് സ്വന്തംകൈകൊണ്ട് എടുത്ത് ആ വിരിപ്പിന്റെ മധ്യത്തില്‍ വെക്കുകയും ഓരോ ഗോത്രത്തിലെയും ഒരാള്‍വീതം വിരിപ്പിന്റെ തുഞ്ചത്ത് പിടിച്ചുകൊള്ളട്ടെയെന്ന് ഉത്തരവിടുകയും ചെയ്തു. കല്ല് വെക്കേണ്ട സ്ഥാനത്തെത്തിയപ്പോള്‍ എല്ലാവരോടും പിടിവിടാന്‍ പറഞ്ഞു. മുഹമ്മദ്(സ) ആ കല്ലെടുത്ത് യഥാസ്ഥാനത്ത് വെച്ചു. ദുശ്ശാഠ്യങ്ങളെ വകഞ്ഞുമാറ്റി മനുഷ്യഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കാനുള്ള വല്ലാത്തൊരു സര്‍ഗാത്മകതയാണ് അദ്ദേഹം ഇവിടെ പ്രകാശിപ്പിച്ചത്.
പാതിരാവുകളില്‍ അല്ലാഹുവുമായി പ്രാര്‍ഥനാനിരതമായ ആത്മീയബന്ധത്തിലായിരുന്നെങ്കില്‍, പകലില്‍ ജനങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ‘ഇതെന്ത് റസൂലാണ്? ഭക്ഷണവും കഴിച്ച് അങ്ങാടിയില്‍ കറങ്ങിനടക്കുന്ന ഒരാള്‍ ദൈവദൂതനോ?’ എന്നൊക്കെ ജനം ചോദിക്കാന്‍ തുടങ്ങി. നബിയുടെ നിലപാട് ദൃഢമായി. ജനങ്ങളുമായി കലരുകയും ജനമൊരുക്കുന്ന പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്ന വിശ്വാസി ജനങ്ങളുമായി ഇടപഴകാതെ ജനമൊരുക്കുന്ന പ്രയാസം അനുഭവിക്കാതെ ഒതുങ്ങിക്കഴിയുന്ന ഭക്തവിശ്വാസിയേക്കാള്‍ ഉത്തമന്‍ തന്നെയാണ്. ഈ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരം തന്നെയായിരുന്നു നബിയുടെ ജീവിതം. ഒരുനാള്‍ നബി അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. ഭാരം വഹിക്കുന്ന ഒരു വൃദ്ധയെ കാണാനിടയായി. ഭാരം നബി ഏറ്റുവാങ്ങുകയും വീട്ടില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. കൂലികൊടുത്തെങ്കിലും നബിയത് സ്വീകരിച്ചില്ല. ഒരുപദേശം സ്വീകരിക്കുമോ എന്നായി വൃദ്ധയുടെ അന്വേഷണം. ഉപദേശിച്ചുകൊള്ളൂ എന്ന് നബിയുടെ പ്രതികരണം. വൃദ്ധ ഉപദേശം ആരംഭിച്ചു: ‘ഇവിടെ മുഹമ്മദ് എന്ന മനുഷ്യനുണ്ട്. അയാള്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ആ മനുഷ്യന്റെ വലയില്‍പ്പെടാതെ സൂക്ഷിക്കണം.’ അതുകേട്ട നബിപറഞ്ഞു: ‘ആ മനുഷ്യന്‍ ഞാന്‍ തന്നെ.’ ഉടന്‍ വൃദ്ധ ഇസ്‌ലാം സ്വീകരിച്ചു. മനുഷ്യര്‍ക്കിടയില്‍ മനുഷ്യനായി ജീവിച്ച് മനുഷ്യഹൃദയങ്ങളെ കീഴടക്കാനുള്ള അപാരശേഷിയാണ് മുഹമ്മദിന്റെ വാക്കിലും പ്രവൃത്തിയിലും തെളിയുന്നത്.
ജൂതന്മാര്‍ നബിയുടെ എക്കാലത്തെയും ശത്രുക്കളായിരുന്നു. ഇസ്‌ലാമിനോടുള്ള ജൂതന്മാരുടെ കുടിപ്പക സര്‍വാംഗീകൃതമായിരുന്നു. പക്ഷേ, കടുത്ത ജൂതഹൃദയങ്ങളെപ്പോലും കീഴടക്കാന്‍ നബിയുടെ വാക്കിനും പ്രവൃത്തിക്കും സാധിച്ചിട്ടുണ്ട്. നബി മദീനയില്‍ വസിക്കുന്ന കാലം. ഒരു ജൂതപെണ്‍കുട്ടി നബിയെ സ്ഥിരമായി ശല്യപ്പെടുത്തികൊണ്ടിരുന്നു. വഴിയില്‍ മുള്ളുവിതറുക, നബിയുടെ ദേഹത്തേക്ക് നീട്ടിത്തുപ്പുക, കല്ലെറിയുക ഇതൊക്കെയായിരുന്നു അവളുടെ വിനോദങ്ങള്‍. പതിവായി കാണുന്ന ആ പെണ്‍കുട്ടിയെ ഒരുനാള്‍ കാണാതായപ്പോള്‍ ‘നമ്മുടെ ആ സഹോദരിക്കെന്ത്പറ്റി’ എന്ന് നബി അന്വേഷിച്ചു. രോഗിയാണെന്നായിരുന്നു മറുപടി. ഉടനെ നബി അവളുടെ വീട് അന്വേഷിച്ച് ചെല്ലുകയും രോഗശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിയും തദവസരം ഇസ്‌ലാം സ്വീകരിച്ചു. ശത്രുഹൃദയങ്ങളെപ്പോലും കീഴടക്കുന്ന ആ മനോഹൃദയം എന്തുമാത്രം മനോജ്ഞമല്ല!
ജീവിതത്തിലും മരണത്തിലും മനുഷ്യനെ ആദരിക്കാന്‍ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ആദരവ് ഉയര്‍ത്തിപ്പിടിച്ച ഖുര്‍ആനിക വാക്യങ്ങളെ സൗന്ദര്യതികവോടെ ആവിഷ്‌കരിക്കുകയായിരുന്നു പ്രവാചകന്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും.
തുറന്നസ്ഥലത്തിരിക്കുക, സഖാക്കളോടൊത്ത് സംസാരിച്ചിരിക്കുക, നിലവാരമുള്ള വിനോദ പരിപാടികള്‍ കണ്ടിരിക്കുക തുടങ്ങിയവ നബിയുടെ ജനകീയ വ്യായാമ മുറകളില്‍ പെട്ടതായിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ മൃതശരീരവും വഹിച്ചുകൊണ്ടൊരുസംഘം നബിയുടെയും അനുചരന്മാരുടെയും അടുത്തുകൂടെ കടന്നുപോയി. നബി എഴുന്നേറ്റുനിന്നു. കൂടെ അനുചരന്മാരും. മൃതദേഹം കടന്നുപോയപ്പോള്‍ ആരോ ചോദിച്ചു: ‘അത് ജൂതന്റെ മൃതശരീരമല്ലേ?’ നബിയുടെ മറുപടി: ‘അത് മനുഷ്യന്റെ മൃതശരീരമാണ്’. മൃതശരീരം കൊണ്ട് മത-ജാതി വിലപേശല്‍ നടത്തുന്ന ഈ കരാളയുഗത്തില്‍, പ്രസ്തുത നബിവാക്യം മാനവികതയില്‍ ഊന്നുന്ന ജീവിതദര്‍ശനത്തിനാണ് അടിവരയിടുന്നത്.
മനുഷ്യബന്ധങ്ങള്‍ പരിപാലിക്കുന്നതിലൂടെ അല്ലാഹുവുമായി അടുത്തിടപഴകാനാണ് നബി പഠിപ്പിച്ചത്. പരലോക വിചാരണയുടെ ഒരു സന്ദര്‍ഭം നബി ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്: ”ഒടുവുനാളില്‍ അല്ലാഹു പറയും; ‘മനുഷ്യാ ഞാന്‍ രോഗിയായി. നീ എന്നെ സന്ദര്‍ശിച്ചില്ലല്ലോ?’ അപ്പോള്‍ മനുഷ്യന്‍ ചോദിക്കുകയായി: ‘അല്ലാഹുവേ! നീ ലോകനാഥനല്ലോ? ഞാനെങ്ങനെ നിന്നെ സന്ദര്‍ശിക്കും?’ അപ്പോള്‍ അല്ലാഹു ചോദിക്കും: ‘എന്റെ അടിമ രോഗിയായത് നീ അറിഞ്ഞിരുന്നില്ലേ? നീ അവനെ സന്ദര്‍ശിച്ചില്ല. നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ എന്നെ കാണാമെന്ന് നിനക്കറിയാമായിരുന്നില്ലേ?’ ‘മനുഷ്യാ ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു. നീ തന്നില്ല? മനുഷ്യന്‍: ‘നാഥാ നീ ലോകനാഥനല്ലോ! ഞാനെങ്ങനെ നിനക്ക് ഭക്ഷണം നല്‍കും? അല്ലാഹു: ‘എന്റെ അടിമ നിന്നോട് ഭക്ഷണം ചോദിച്ചത് നീ അറിഞ്ഞിരുന്നില്ലേ? നീ അവന് ഭക്ഷണം നല്‍കിയില്ല. അവന് ഭക്ഷണം നല്‍കിയിരുന്നുവെങ്കില്‍ നിനക്കത് എന്റെ അടുത്തു കിട്ടുമെന്ന് നിനക്കറിയാമായിരുന്നില്ലേ?’ ‘മനുഷ്യാ! ഞാന്‍ നിന്നോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. നീ തന്നില്ല.’ മനുഷ്യന്‍: ‘നാഥാ, നീ ലോകനാഥനല്ലോ. ഞാന്‍ നിനക്കെങ്ങനെ വെള്ളം തരും?’ അല്ലാഹു: ‘എന്റെ അടിമ നിന്നോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. നീ കൊടുത്തില്ല. അവന് വെള്ളം നല്‍കിയിരുന്നുവെങ്കില്‍ നിനക്കതു എന്റെയടുത്ത് കിട്ടുമെന്ന് നിനക്ക് അറിയാമായിരുന്നില്ലേ?’ (മുസ്‌ലിം). മറ്റൊരവസരത്തില്‍ നബി ഇപ്രകാരം പ്രഖ്യാപനം ചെയ്തു: ‘മനുഷ്യന്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും’ (മുസ്‌ലിം)
ആത്മീയതയെ കുറിക്കുന്ന പരമ്പരാഗത ധാരണകള്‍ ഈ നബിവചനങ്ങളില്‍ തട്ടിത്തകരുന്നതായാണ് നാം കാണുന്നത്. അപരന്റെ മൗലികാവകാശങ്ങളുടെ പൂര്‍ത്തീകരണത്തില്‍ തന്റെ ആത്മീയ ഔന്നത്യം ദര്‍ശിക്കാനാണ് നബി ഇവിടെ പഠിപ്പിക്കുന്നത്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യനുമായുള്ള ഹൃദയ ഐക്യം അല്ലാഹുവുമായുള്ള ആത്മീയ ഐക്യമായി വളരുന്നതായി ഹദീസ് വെളിപ്പെടുത്തുന്നു. അല്ലാഹുവിനെ പ്രീതിപ്പെടുത്തലും മനുഷ്യനെ സേവിക്കലും ഒരേ നാണയത്തിന്റെ ഇരുപുറമായി വികസിക്കുന്ന മനോഹരമായ ജീവിതാവിഷ്‌കാരമാണ് പരാമൃഷ്ട ഹദീസുകളില്‍ ഉള്ളത്.
സത്യവിശ്വാസത്തെയും സല്‍ക്കര്‍മങ്ങളെയും തഖ്‌വയെയും കേവലാനുഷ്ഠാനങ്ങളില്‍ മുഹമ്മദ് നബി പരിമിതപ്പെടുത്തിയില്ല. സത്യവിശ്വാസത്തിന്റെ എഴുപതില്‍പരം ശാഖകളിലേക്ക് മുഹമ്മദ് നബി വിരല്‍ചൂണ്ടിയപ്പോള്‍ വഴിയിലെ മാലിന്യങ്ങള്‍ നീക്കല്‍ അതിലൊന്നായി പഠിപ്പിച്ചിരിക്കുന്നു. ഉപേക്ഷിക്കപ്പെടേണ്ട ദുഷ്‌കര്‍മങ്ങളില്‍ വഴിയിലും പുഴയിലും പുഴയോരങ്ങളിലും കെട്ടിനില്‍ക്കുന്ന ജലാശയങ്ങളിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും മലമൂത്രവിസര്‍ജനം നടത്തലും മറ്റുരീതിയില്‍ മലിനപ്പെടുത്തലും ഉള്‍പ്പെടുത്തിയിരിക്കുന്നു. മാലിന്യം ഏറ്റവും വലിയ നാഗരിക പ്രശ്‌നമായിമാറിയിരിക്കുന്ന വ്യവസായിക യുഗത്തില്‍ ഏറെ പരിഗണിക്കപ്പെടേണ്ടവയാണ് പ്രസ്തുത പ്രവാചക പാഠങ്ങള്‍. ജല മലിനീകരണത്തിനും പരിസര മലിനീകരണത്തിനുമെതിരായ സമരത്തില്‍ മതത്തിനെന്ത് പങ്ക് എന്ന സംശയം മതക്കാര്‍ക്കിടയില്‍പോലും ഇന്നുണ്ട്. ജലത്തില്‍ മൂത്രമൊഴിക്കല്‍ നിഷിദ്ധമാക്കിയ നബി വിഷം കലര്‍ത്തുന്നത് ഹലാലാക്കുമെന്നാണോ ഈ സംശയാലുക്കള്‍ വിചാരിക്കുന്നതെന്നറിയാന്‍ തീര്‍ച്ചയായും ഒരു ഹദീസ്‌വിദ്യാര്‍ഥിക്ക് താല്‍പര്യമുണ്ട്.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിശുദ്ധി ഉയര്‍ത്തിപ്പിടിച്ച റസൂല്‍ ജലത്തിന്റെ മിതവിനിയോഗം ഊന്നി പ്പറയുകയുണ്ടായി. നബിയുടെ അടുത്ത സഖാക്കളില്‍ ഒരാള്‍ അംഗശുദ്ധിവരുത്തുമ്പോള്‍ വെള്ളം അമിതമായി ഉപയോഗിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. അപ്പോള്‍ അനുചരന്റെ മറുചോദ്യം: ‘ജലവിനിയോഗത്തിലും അമിതത്വമോ?’ എന്നായിരുന്നു. പ്രവാചകന്റെ മറുപടി: ‘കൂലം കുത്തിയൊഴുകുന്ന പുഴക്കരയിലാണെങ്കിലും അമിതത്വം അരുത്’ എന്നായിരുന്നു. ജലവിനിയോഗത്തിലും പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിലും ധൂര്‍ത്ത് അലങ്കാരമാക്കിയ നാഗരികതയോട് കലഹിക്കുവാന്‍ ഒരു വിശ്വാസിക്ക് ഈ ഹദീസ് പ്രേരണയായേ തീരൂ! അല്‍പം വെള്ളമെടുത്ത് വുളൂഅ് ചെയ്യുകയും ജലധൂര്‍ത്തിന്റെ ഭീകരകേന്ദ്രങ്ങളായ വാട്ടര്‍ തീം പാര്‍ക്കുകളിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്യുന്നവര്‍ ഹദീസിന്റെ ആത്മാവറിയാത്ത അനുഷ്ഠാന മതക്കാരാണെന്ന് പറയാതെ നിര്‍വാഹമില്ല.
നെല്‍പാടങ്ങളും ഗോതമ്പുവയലുകളും പച്ചപിടിച്ച ഭൂപ്രദേശങ്ങളും ചുട്ടെരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന യുദ്ധ ഭീകരതയുടെ ഈ കാലഘട്ടത്തില്‍, പ്രവാചകന്റെ യുദ്ധപാഠങ്ങളില്‍ പോലും പരിസ്ഥിതിസ്‌നേഹം ഇടം കണ്ടെത്തിയത് നമ്മെ ആലോചിപ്പിക്കേണ്ടതാണ്. ‘മരം മുറിക്കരുത്’ എന്ന് പ്രവാചകന്റെ യുദ്ധനിര്‍ദേശങ്ങളില്‍ കാണാം. ലോകാവസാനത്തില്‍, അന്തിമകാഹളം ഊതുന്ന ശബ്ദം കേട്ടുകഴിഞ്ഞാലും കൈയിലുള്ള തൈച്ചെടി വലിച്ചെറിയുകയല്ല നട്ടു പിടിപ്പിക്കുകയാണ് വേണ്ടതെന്ന നബിയുടെ നിര്‍ദേശം ഏറെ ശ്രദ്ധേയമാണ്. ‘മരം നടീലില്‍ തൗഹീദുണ്ടോ?’ എന്ന് ചോദിച്ച് കലമ്പാന്‍ വരുന്നവര്‍ ഹദീസിന്റെ അക്ഷരങ്ങള്‍ അറിയുകയും ആത്മാവ് അറിയാതിരിക്കുകയും ചെയ്യുന്ന സാധുക്കളാണ്.
ഭൗതികാസക്തിയാണ് ഇന്ന് മനുഷ്യസമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും താളം തെറ്റിച്ചിരിക്കുന്നത്. ആസക്തികള്‍ക്കെതിരായ ഉജ്ജ്വല പാഠങ്ങള്‍ ഹദീസുകളില്‍ ധാരാളം ഉണ്ട്. നബി ഒരിക്കല്‍ പറഞ്ഞു: ‘ഭൗതികാസക്തി കൈവെടിയുക നിന്നെ ദൈവം സ്‌നേഹിക്കും. ജനങ്ങളുടെ കൈയിലുള്ളത് കൊതിക്കാതിരിക്കുക. ജനം നിന്നെ സ്‌നേഹിക്കും’ (ഇബ്‌നുമാജ). പ്രപഞ്ചത്തിലുള്ളതും മറ്റുള്ളവരുടെ കൈയിലുള്ളതും കൊതിക്കുന്ന പ്രവണത കലഹമായും കൈയേറ്റമായും യുദ്ധമായും മാറുന്ന നാഗരികതയെ ഈ ആത്മീയ ദര്‍ശനത്തിലൂടെ മാത്രമേ നമുക്ക് തിരുത്താന്‍ കഴിയൂ. ഐശ്വര്യത്തെക്കുറിച്ച പ്രവാചകപാഠം ആയിരം നാക്കുകള്‍ കൊണ്ട് വ്യാഖ്യാനിച്ചാലും പന്തീരായിരം പേജുകള്‍ നിറച്ചെഴുതിയാലും അധികമാവാത്തത്ര ഉജ്ജ്വലമാണ്. സമ്പദ് കൂമ്പാരങ്ങള്‍ക്ക് കാവലിരിക്കുന്നവര്‍പോലും ഐശ്വര്യവും സമാധാനവും അനുഭവിക്കാതെ മാര്‍ബിള്‍ കൊട്ടാരങ്ങളില്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഭൗതിക നാഗരികതയുടെ ഈ ഭീകരാവസ്ഥയില്‍ പ്രവാചക പാഠങ്ങള്‍ സാന്ത്വന ഗീതമായി ആലപിക്കപ്പെടേണ്ടവയാണ്. റസൂലിന്റെ ആ ലഘുവചനം ഇങ്ങനെ മൊഴിമാറ്റം ചെയ്യാം: ‘ഐശ്വര്യം വിഭവങ്ങളുടെ ആധിക്യമല്ല, ആത്മാവിന്റെ സംതൃപ്തിയാണ്.’ (ബുഖാരി, മുസ്‌ലിം)
പട്ടിണിയും പരാധീനതകളുമുണ്ടെങ്കിലും ചിരിച്ചും കളിച്ചും ദാനം ചെയ്തും സാമൂഹിക പ്രയത്‌നങ്ങളില്‍ ഇടപഴകിയും ആരാധിച്ചും പ്രാര്‍ഥിച്ചും സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കുന്ന മനഃസംതൃപ്തര്‍ ഏറെയുണ്ട് നമുക്കിടയില്‍. എന്നാല്‍ സമ്പത്ത് ധാരാളമുണ്ടായിട്ടും വിശ്രമമില്ലാതെ ടെന്‍ഷനടിച്ച് ജീവിതം തള്ളിനീക്കുന്ന മറ്റൊരു പറ്റവുമുണ്ട്. അവര്‍ ഇഹലോകത്തെ പൂജിക്കുന്നവരാണ്. നബി അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരാളുടെ മുഖ്യലക്ഷ്യം ഭൗതികതയായി മാറിയാല്‍ അല്ലാഹുവില്‍നിന്ന് അവനൊന്നും ലഭ്യമാവുകയില്ല. അല്ലാഹു അവന്റെ ഹൃദയത്തില്‍ നാലുകാര്യങ്ങള്‍ നിറക്കും. അനന്തമായ ആധി-വേവലാതികള്‍, ഒരിക്കലും തീരാത്ത ജോലിത്തിരക്കുകള്‍, ഒരുനാളും പൂര്‍ത്തീകരിക്കപ്പെടാത്ത സാമ്പത്തിക പരാധീനതകള്‍, അറ്റമില്ലാത്ത ആഗ്രഹങ്ങള്‍.’
നബിയുടെ പ്രബോധനത്തില്‍ സര്‍വപ്രധാനമായി കാണുന്ന സന്ദേശം മനുഷ്യ സമൂഹത്തിന്റെ ഐക്യമാണ്. നബിയുടെ അറഫാപ്രഭാഷണമാണ് മാനവിക ഐക്യത്തെക്കുറിക്കുന്ന സമഗ്രമായ പ്രതിപാദനം. ഏറ്റവും പുതിയ ലോകഘടന പോലും വെളുത്തവന്റെ വര്‍ണ മേധാവിത്വത്തിന് വഴങ്ങിക്കഴിഞ്ഞിരിക്കെ, ‘കറുത്തവനും വെളുത്തവനുമിടയില്‍ വിവേചനം പാടില്ലെന്ന’ പ്രവാചക പ്രഖ്യാപനം പുതിയൊരു രാഷ്ട്രീയ ക്രമത്തിന് പ്രേരണയായി വളര്‍ത്തിക്കേണ്ടതാണ്. ഇംഗ്ലീഷ് ഭാഷക്ക് മനംമടുപ്പിക്കുന്ന അപ്രമാദിത്വം കല്‍പിക്കപ്പെട്ടിരിക്കുന്ന ഏക ഭാഷാധിപത്യ ലോകത്ത്, അറബികളുടെ മുഖത്ത് നോക്കി ഭാഷാ മേധാവിത്വത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനം നടത്തിയ അറഫാ പ്രഭാഷണം പുതിയ പ്രചോദനങ്ങള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അധികാരത്തെ വെളുപ്പിന്റെയും ബ്രാഹ്മണ്യത്തിന്റെയും കുത്തകയായി കരുതുന്ന കപട ജനാധിപത്യയുഗത്തില്‍, ഉണങ്ങിയ കറുത്ത മുന്തിരിപോലെ തൊലി ചുരുണ്ടുപോയ അബ്‌സീനിയന്‍ അടിമ നിങ്ങളുടെ അധികാരിയായി വന്നാലും അനുസരിക്കണമെന്ന പ്രവാചക പ്രഖ്യാപനം, മാനവിക മഹത്വത്തിന്റെ ആയിരം പൂക്കള്‍ വിടര്‍ത്താന്‍ പര്യാപ്തമാണ്. സ്ത്രീ കേവലം ഭോഗവസ്തുവും പരസ്യമോഡലുമായി മാത്രം പരിഗണിക്കപ്പെടുന്ന ഭ്രാന്തമായ ആനന്ദത്തിന്റെ ഭൗതിക ലോകത്ത്, സ്വര്‍ഗം മാതാക്കളുടെ കാലടിപ്പാടുകള്‍ക്കടിയിലാണെന്ന പ്രവാചകസൂക്തം പെണ്ണിനെ മണ്ണില്‍നിന്ന് വിണ്ണിലേക്കുയര്‍ത്താന്‍ പര്യാപ്തമാണ്. പെണ്‍കുട്ടികളെ പോറ്റിവളര്‍ത്തുന്നവര്‍ക്ക് പ്രവാചകന്‍ വാഗ്ദാനം ചെയ്ത മഹത്തായ പദവികള്‍, വയറ്റിലുള്ളത് പെണ്ണാണെന്നറിഞ്ഞാല്‍ കൊന്നുകളയുന്ന ഭ്രൂണഹത്യാ ക്രൂരതയില്‍നിന്ന് ഹൃദയമുള്ളവരെ തടയാന്‍ പര്യാപ്തമാണ്.
ഹൃദയശൂന്യമായ ആധുനിക ലോകത്തിന്റെ ഹൃദയതാളമാണ് പ്രവാചകവചനങ്ങള്‍. ഊഷരമായ ആധുനികതയുടെ മരുപ്പറമ്പിലെ നീരുറവകളാണ് പ്രവാചകവചനങ്ങള്‍. സ്‌നേഹവും കാരുണ്യവും തേടി ഈ മരുപ്പറമ്പിലൂടെ വരണ്ട തൊണ്ടയുമായി അലയുന്ന മനുഷ്യമക്കള്‍ക്ക് സംസം തീര്‍ഥമാണ് പ്രവാചകവചനങ്ങള്‍.

Related Articles