Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാര്‍

ഇസ്‌ലാം ഇന്ത്യയിലേക്കു വന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. കരമാര്‍ഗവും കടല്‍വഴിയും. ഇന്ത്യയിലേക്കു മുഗളന്മാര്‍, പത്താന്‍കാര്‍, തുര്‍ക്കികള്‍ എന്നിവര്‍ കടന്നുവന്ന ഖൈബര്‍ ചുരമാണ് കരമാര്‍ഗം. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെയാണ് ഇതുണ്ടായത്. എന്നാല്‍, ഇതിനും വളരെ മുമ്പുതന്നെ അറബ് വ്യാപാരികള്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ വിശിഷ്യാ മലബാര്‍, സിന്ധ്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചിരുന്നു. അവരുടെ മതവും സംസ്‌കാരവും വൈജ്ഞാനികസമ്പത്തും വേദഗ്രന്ഥവുമെല്ലാം അവരോടൊപ്പമുണ്ടായിരുന്നു. അറബ് മുസ്‌ലിംകളും ഇറാഖികളും ഇവിടെ അവരുടെ കോളനികളും പള്ളികളും സ്ഥാപിച്ചു. ഈ പള്ളികള്‍ തന്നെയായിരുന്നു അവരുടെ വൈജ്ഞാനിക കേന്ദ്രങ്ങള്‍. അതിനും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോരാളികളായി മുസ്‌ലിംകള്‍ ഇന്ത്യയിലെത്തിയത്.

സ്വഹാബികള്‍ ഇന്ത്യയില്‍
ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കാലം മുതല്‍തന്നെ മുസ്‌ലിംകള്‍ ഇന്ത്യന്‍ കടല്‍തീരങ്ങളില്‍ സൈനികനീക്കം നടത്തിയിരുന്നു. ഇത് പിന്നീടും തുടര്‍ന്നു. ഈ സംഘങ്ങളില്‍ ഹദീസ് റിപ്പോര്‍ട്ടര്‍മാരും പണ്ഡിതന്മാരുമായ സ്വഹാബികളുമുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രതീരത്ത് ബോംബെക്കു മുമ്പെ പ്രസിദ്ധമായ ത്വാന തുറമുഖവും ഈ ആക്രമണത്തിനു വിധേയമായി. തുടര്‍ന്ന് അവര്‍ ഗുജറാത്തിലെ ബറൂത്ച്ചിയിലേക്കു നീങ്ങി. ഈ യോദ്ധാക്കളില്‍ നബി(സ) യുടെ ദര്‍ശനഭാഗ്യം ലഭിച്ച അസംഖ്യം സ്വഹാബികളുണ്ടായിരുന്നുവെന്ന വസ്തുത അനിഷേധ്യമാണ്. അതിലൂടെ സ്വഹാബികളുടെ പാദസ്പര്‍ശനമേല്‍ക്കാന്‍ ഭാഗ്യംലഭിച്ച ഭൂമിയാണ് ഇന്ത്യ.
ഇന്ത്യയിലെ ആദ്യ മുഹദ്ദിസ്
ഹിജ്‌റ 93-ല്‍ മുസ്‌ലിംകള്‍ സിന്ധ് ആക്രമിച്ച് അധീനപ്പെടുത്തി. തുടര്‍ന്ന് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഈ പ്രദേശം മുസ്‌ലിംകളുടെ അധീനതയിലായിരുന്നു. ഹിജ്‌റ 159-ല്‍ ഖലീഫ മഹ്ദി ഇന്ത്യയിലേക്ക് അയച്ച സൈന്യത്തില്‍ രണ്ടു പ്രമുഖ താബിഈ മുഹദ്ദിസുകള്‍ ഉണ്ടായിരുന്നു. ഒന്ന് ശൈഖ് റബീഉബ്‌നു അസ്സബീഹ് അല്‍ ബസ്വരി. കശ്ഫുള്ളുനൂന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇസ്‌ലാമില്‍ അധ്യായങ്ങള്‍ തിരിച്ചു ഗ്രന്ഥരചന നടത്തിയ ആദ്യവ്യക്തി ഇദ്ദേഹമാണ്.’ ത്വബഖാത്ത് ഇബ്‌നു സഅ്ദില്‍ ഇങ്ങനെ കാണാം: ‘അദ്ദേഹം സമുദ്രമാര്‍ഗം, പോരാളിയായി ഇന്ത്യയിലേക്കു പുറപ്പെട്ടു. അങ്ങനെ മരണപ്പെട്ടപ്പോള്‍ (ഹിജ്‌റ 160-ല്‍) ഇന്ത്യന്‍ സമുദ്രത്തിലെ ഒരു ദ്വീപില്‍ അദ്ദേഹത്തെ ഖബ്‌റടക്കുകയും ചെയ്തു. (വാള്യം 7, പേജ്. 36)
ഇന്ത്യയിലെ മറ്റൊരു പ്രമുഖ താബിഇയാണ് ഹബാബ് ബ്‌നു ഫളാല. നബി(സ)യുടെ സേവകനായ അനസുബ്‌നു മാലികി(റ)നെ അദ്ദേഹം കണ്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് അയച്ച സൈന്യത്തിന്റെ കൂടെ അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മാതാപിതാക്കളുടെ അനുവാദമില്ലാതെ യുദ്ധത്തിനു പുറപ്പെടല്‍ അനുവദനീയമാണോ എന്ന് അനസി(റ)നോട് ചോദിച്ചപ്പോള്‍, അദ്ദേഹം നാട്ടിലേക്ക് മടങ്ങാനാണുപദേശിച്ചത്. നാട്ടിലേക്ക് മടങ്ങിയോ, ഇന്ത്യയിലേക്ക് പുറപ്പെട്ടോ എന്നകാര്യം വ്യക്തമല്ല. (മീസാനുല്‍ ഇഅ്തിദാല്‍, വാള്യം 1, പേജ്. 208)
ഹസന്‍ ബസ്വരിയുടെ ശിഷ്യനായ ഇസ്‌റാഈലുബ്‌നു മൂസ(റ) പല പ്രാവശ്യം ഇന്ത്യയില്‍ വരികയും തിരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടദ്ദേഹം നസീലുല്‍ ഹിന്ദ് എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യയില്‍നിന്ന് രണ്ട് മുഹദ്ദിസുകള്‍
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ ഹദീസ്, സീറ ആചാര്യന്മാരില്‍ പ്രമുഖനാണ് അബൂമഅ്ശര്‍ നജീഹുസ്സിന്‍ദി. മദീനയില്‍ പോയി സ്ഥിരതാമസമാക്കിയതിനാല്‍ അദ്ദേഹം മദനി എന്ന പേരിലറിയപ്പെടുന്നു. നബിചരിത്രം, യുദ്ധവിവരണം എന്നിവയില്‍ ഗ്രന്ഥരചന നടത്തിയവരില്‍ മുമ്പനാണദ്ദേഹം. ഹിജ്‌റ 170-ല്‍ അന്തരിച്ചു. ജീവിതാവസാനംവരെ അദ്ദേഹത്തിന്റെ ഭാഷക്ക് ഒരു സിന്ധ് ചുവയുണ്ടായിരുന്നു. അറബി അക്ഷരം സ്പഷ്ടമായി ഉച്ചരിക്കാന്‍ അദ്ദേഹത്തിനു പ്രയാസമായിരുന്നു. എങ്കിലും നല്ലൊരു വിഭാഗം ശിഷ്യ പരമ്പര അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. മരണപ്പെട്ടപ്പോള്‍ ഖലീഫ ഹാറൂന്‍ റശീദ് ജനാസ സന്ദര്‍ശിക്കുകയും മയ്യിത്ത്‌നമസ്‌കാരത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.
മറ്റൊരു മുഹദ്ദിസാണ് റാജാഉസ്സിന്‍ദി. ഇറാനിലേക്കു പോയ അദ്ദേഹം ‘ഇസ്ഫറാഇനി’ എന്ന നാമത്തില്‍ പ്രശസ്തനാണ്. പ്രഗത്ഭ മുഹദ്ദിസ് ഹാകിം അബൂ അബ്ദില്ലാഹിന്നയ്‌സാപൂരി, ‘ഹദീസ് വിജ്ഞാനത്തിലെ മഹാസ്തംഭം’ എന്നു വിശേഷിപ്പിക്കാന്‍ മാത്രം കഴിവും പ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിയാണിദ്ദേഹം. ആ കുടുംബം ഒരുപാട് ഹദീസ് പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഹിജ്‌റ 321-ല്‍ അദ്ദേഹം അന്തരിച്ചു.
ഖൈബര്‍ ചുരം വഴി വന്ന ആദ്യ മുഹദ്ദിസ്
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഖൈബര്‍ചുരം വഴി മുസ്‌ലിംകള്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ഹിജ്‌റ 412-ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഗസ്‌നവി ലാഹോര്‍ കീഴടക്കി. സൂല്‍ത്താന്‍ മസ്ഊദിന്റെ ഭരണകാലത്ത് ഹദീസ്-തഫ്‌സീര്‍ വിജ്ഞാനീയങ്ങളില്‍ അഗാധ ജ്ഞാനിയായ ശൈഖ് ഇസ്മാഈല്‍ ഇന്ത്യയില്‍ എത്തി. നല്ല സംസാര വൈഭവമുള്ള അദ്ദേഹംമുഖേന അസംഖ്യം പേര്‍ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം പ്രമുഖ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ഗണത്തില്‍പെടുന്നു. ഹദീസ്-തഫ്‌സീര്‍ വിജ്ഞാനങ്ങള്‍ ആദ്യമായി ലാഹോറില്‍ വ്യാപിപ്പിച്ചത് അദ്ദേഹമാണ്. ഹിജ്‌റ 448-ല്‍ ലാഹോറില്‍ അന്തരിച്ചു. (അല്‍ഫിഹ്‌രിസ്ത-ഇബ്‌നുന്നദീം, പേജ്. 136)
ശൈഖ് ഇസ്മാഈലിന്റെ മരണശേഷം ഹദീസ് വിജ്ഞാനത്തിന്റെ കിരണങ്ങള്‍പോലും ഇന്ത്യയില്‍നിന്നു അപ്രത്യക്ഷമായി. പിന്നീട് ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്തി ഹദീസ് പ്രചരിപ്പിച്ച, ‘മശാരിഖുല്‍ അന്‍വാര്‍’
എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയായ ഇമാം സാഗാനിയാണ് ഇല്‍മുല്‍ ഹദീസിനു ശക്തമായ തുടക്കം കുറിച്ചത്. പക്ഷേ, ഇന്ത്യക്കകത്തുള്ളതിനേക്കാള്‍ പ്രശസ്തി അദ്ദേഹത്തിനു പുറത്തായിരുന്നു.
‘മാ വറാഅന്നഹ്ര്‍ പ്രദേശത്തുള്ള കുടുംബാംഗമാണ് ഹസനുബ്‌നു മുഹമ്മദ് അസ്സഗാനി. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയില്‍ വന്നു താമസമാക്കി. ഹിജ്‌റ 570-ല്‍ അദ്ദേഹം ജനിച്ചു. പിതാവില്‍നിന്നുതന്നെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യമന്‍, ഹിജാസ്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ പഠനം നടത്തി. ഭാഷയിലും ഹദീസിലും ഇമാമായി പരിഗണിക്കപ്പെട്ടു. ബഗ്ദാദില്‍ വെച്ചാണ് തന്റെ ഹദീസ് ഗ്രന്ഥമായ ‘മശാരിഖുല്‍ അന്‍വാര്‍’ എന്ന ഗ്രന്ഥം രചിച്ചത്. അബ്ബാസീ ഖലീഫ മുസ്തന്‍സിര്‍ ബില്ലാഹിക്കാണ് ഗ്രന്ഥം സമര്‍പ്പിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹത്തിനു മറ്റു ഗ്രന്ഥങ്ങളുമുണ്ട്. ഹിജ്‌റ 615-ല്‍ ബഗ്ദാദില്‍ പോയ അദ്ദേഹം അബ്ബാസീ ഖലീഫയുടെയും ഇന്ത്യന്‍ സുല്‍ത്താന്റെയും ഇടയില്‍ അമ്പാസഡറായി ജോലിനോക്കി. ഹിജ്‌റ 650-ല്‍ അന്തരിച്ചു.
‘മിശ്കാത്തുല്‍ മസ്വാബീഹ്’ പോലെ വിവിധ അധ്യായങ്ങളായി തിരിച്ചു ക്രോഡീകരിച്ച ഗ്രന്ഥമാണ് ‘മശാരിഖുല്‍ അന്‍വാര്‍’ മിശ്കാത്ത് കര്‍മശാസ്ത്ര വിഷയാടിസ്ഥാനത്തിലാണ് ക്രോഡീകരിച്ചതെങ്കില്‍ ‘മശാരിഖ്’ അക്ഷരമാലാക്രമത്തിലാണെന്നു മാത്രം.
ചുരുക്കത്തില്‍, ഈ രംഗത്ത് ഈ കാലയളവില്‍ മഹത്തായ സേവനമര്‍പ്പിച്ച വ്യക്തി, ഇമാം സാഗാനിയും ഗ്രന്ഥം മശാരിഖുല്‍ അന്‍വാറുമാണ്. പക്ഷേ, ഈ ഗ്രന്ഥം ഇന്ത്യന്‍ പണ്ഡിതന്മാരില്‍ വളരെ കുറഞ്ഞ സ്വാധീനമേ ചെലുത്തിയിട്ടുള്ളൂ. കാരണം അദ്ദേഹം തന്റെ ജീവിതത്തിന്റെ നല്ല പങ്കും വിനിയോഗിച്ചത് അറബ്, ഇറാഖ് രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ അറബ് ലോകത്താണ് ഏറ്റവുംകൂടുതല്‍ സ്വീകാര്യത ലഭിച്ചതും. നമ്മുടെ പണ്ഡിതന്മാരധികവും മന്‍ത്വിഖ് (തര്‍ക്കശാസ്ത്രം), ഫല്‍സഫ (തത്ത്വശാസ്ത്രം), ഇല്‍മുല്‍കലാം (വചനശാസ്ത്രം), കര്‍മശാസ്ത്രം എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഹദീസിനോടുള്ള അവഗണന
യഥാര്‍ഥത്തില്‍ ഖൈബര്‍ചുരം വഴി ഇന്ത്യയിലെത്തിയവരിലധികവും തുര്‍ക്കിസ്താന്‍, ഖുറാസാന്‍, അഫ്ഗാനിസ്താന്‍ എന്നീ മേഖലയില്‍നിന്നുള്ളവരായിരുന്നു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ ഹദീസ് വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. പ്രസിദ്ധ മുഹദ്ദിസുകളായ ഇമാം ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഈ, അബൂദാവൂദ്, ഇബ്‌നുമാജ(റ) തുടങ്ങിയവരെല്ലാം ജനിച്ചുവളര്‍ന്നത് ഈ നാടുകളിലാണ്. എങ്കിലും അബ്ബാസിയ്യാ ഖിലാഫത്ത് ക്ഷയിച്ച് ദുര്‍ബലമാവുകയും സ്വതന്ത്ര അനറബി ഭരണകൂടങ്ങള്‍ ഇവിടങ്ങളില്‍ നിലവില്‍വരികയും ചെയ്തപ്പോള്‍ ഹദീസിനുള്ള പരിഗണന കുറയാന്‍ തുടങ്ങി. താര്‍ത്താരി ആക്രമണങ്ങളോടെ അത് പൂര്‍ണമാവുകയും ചെയ്തു. മതപഠനത്തിന്റെ ലക്ഷ്യം ജഡ്ജിയുടെ ജോലി ലഭിക്കുകയെന്നത് മാത്രമായി. ഫിഖ്ഹ് പഠനം സാര്‍വത്രികമാവുകയും സ്വീകാര്യത നേടുകയും ചെയ്തതോടെ തഫ്‌സീര്‍-ഹദീസ് പഠനങ്ങള്‍ അവഗണിക്കപ്പെട്ടു. അക്കാരണത്താല്‍ തുര്‍ക്കിസ്താന്‍, ഖുറാസാന്‍ എന്നീ പ്രദേശങ്ങളില്‍നിന്ന് ഇസ്‌ലാമിക പഠനത്തിനു ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികള്‍ നഹ്‌വ്, സ്വര്‍ഫ്, ഫിഖ്ഹ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വിഷയത്തില്‍ അനേകം രചനകളുണ്ടായി. എന്നാല്‍, അനുയോജ്യമായ പരിഗണന ഹദീസിനു ലഭിച്ചില്ല.
ഖൈബര്‍ ചുരം വഴി ഇന്ത്യയിലെത്തിയ പണ്ഡിതന്മാര്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ കെട്ടുകളുമായാണ് ഇന്ത്യയിലെത്തിയത്. കാരണം അത് ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും രാഷ്ട്രനിയമവും സുല്‍ത്താന്മാരുടെ അടുപ്പം നേടാനുള്ള ഉപാധിയുമായിരുന്നു. മുഗള്‍ ഭരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഫിഖ്ഹ്, ഫത്‌വ എന്നീ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങളുണ്ടായി. അവയില്‍ ഏറ്റവും പ്രശസ്തം ‘ഫതാവ ഹിന്ദിയ്യ’യാണ്.
മൊത്തത്തില്‍ ഇന്ത്യയില്‍ മുഗള്‍ കാലഘട്ടത്തിന്റെ മുമ്പ് ഹദീസിനു പ്രചുര പ്രചാരം ലഭിച്ചിരുന്നില്ല. തുഗ്ലക് കാലഘട്ടംവരെ ഹദീസിലെ പഠനഗ്രന്ഥം ‘മശാരിഖുല്‍ അന്‍വാര്‍’ മാത്രമായിരുന്നു. മിശ്കാതുല്‍ മസ്വാബീഹ് പഠിച്ചു കഴിഞ്ഞാല്‍ അയാള്‍ ഹദീസ് വിജ്ഞാനീയത്തിലെ ഇമാമായി.
ഹദീസിനുള്ള പരിഗണന എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ കാലത്ത് സംഗീതോപകരണങ്ങളുടെ ശബ്ദം കേള്‍ക്കുന്ന വിഷയത്തിലുള്ള അഭിപ്രായവ്യത്യാസം ശ്രദ്ധിച്ചാല്‍ മതി. തദ്വിഷയത്തിലുള്ള യാഥാര്‍ഥ്യം വ്യക്തമാകാന്‍ വാദപ്രതിവാദം സംഘടിപ്പിച്ചു. ശൈഖ് നിസാമുദ്ദീന്‍ ഒരു ഭാഗത്തും, മറ്റു പണ്ഡിതന്മാര്‍ മറുഭാഗത്തുമായി അണിനിരന്നു. ശൈഖ് നിസാമുദ്ദീന്‍ പറയുകയാണ്: ഞാനൊരു ഹദീസ് ഉദ്ധരിക്കുമ്പോള്‍ മറുഭാഗം വളരെ തന്റേടത്തോടെ വളച്ചുകെട്ടില്ലാതെ പറയും, ‘ഹദീസിനേക്കാള്‍ പ്രാമുഖ്യം ഫിഖ്ഹിനാണ്’. മറ്റുചിലപ്പോള്‍ ഇങ്ങനെയാവും പറയുക: ‘ഈ ഹദീസ് ശാഫിഈ ഇമാം തെളിവായി ഉദ്ധരിച്ചതാണ്. അദ്ദേഹം നമ്മുടെ എതിര്‍പക്ഷക്കാരനായതുകൊണ്ട് നമുക്ക് ഈ ഹദീസ് സ്വീകാര്യമല്ല.’
ചുരുക്കത്തില്‍, തലസ്ഥാനമായ ദല്‍ഹിയും ചുറ്റുമുള്ള പ്രദേശങ്ങളും ഏഴാം നൂറ്റാണ്ടിന്റെ മധ്യംവരെ ഹദീസ് ശാഖയെക്കുറിച്ച് തികഞ്ഞ അജ്ഞതയിലായിരുന്നു. മുസ്‌ലിംകളുടെ അശ്രദ്ധ മാത്രമായിരുന്നില്ല ഇതിനു കാരണം, അറബ് രാജ്യങ്ങളിലേക്കുള്ള യാത്ര വളരെ ദുഷ്‌കരമായിരുന്നതും മറ്റൊരു പ്രധാന കാരണമാണ്.

ബാഹ്മിനി വംശവും ഇല്‍മുല്‍ ഹദീസും
ഡക്കാനില്‍ അധികാരത്തില്‍ വന്ന ബാഹ്മിനി വംശം തീരപ്രദേശത്തേക്കുകൂടി വ്യാപിച്ചതോടെ അറബ് നാടുകളിലേക്കുള്ള യാത്ര സുഗമമായിത്തീര്‍ന്നു. സുല്‍ത്താന്‍ മഹ്മൂദ് ബാഹ്മിനി ഈ വിജ്ഞാനത്തോട് വളരെയധികം ആഭിമുഖ്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു. ഇന്ത്യന്‍ രാജാക്കന്മാരില്‍ ഹദീസ് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആദ്യ വ്യക്തിയും അദ്ദേഹം തന്നെയാണ്. ഹിജ്‌റ 780 മുതല്‍ 799 വരെയാണ് ഭരണകാലം. താരീഖ് ഫിരിസ്ത ഇങ്ങനെ രേഖപ്പെടുത്തുന്നു:
‘വിവിധ നഗരങ്ങളില്‍ ഹദീസ് പഠിതാക്കള്‍ക്ക് അദ്ദേഹം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി.’
ഗുജറാത്ത് രാജാക്കന്മാരും ഹദീസും
ജസീറത്തുല്‍ അറബുമായി സുദൃഢ ബന്ധം സ്ഥാപിച്ചതില്‍ മുഖ്യ പങ്ക് ഗുജറാത്ത് ഭരണാധികാരികള്‍ക്കാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടുമുതല്‍ അഞ്ചാം നൂറ്റാണ്ടുവരെ ഈ ഭൂവിഭാഗം മുസ്‌ലിം ആക്രമണത്തിനു വിധേയമായിട്ടുണ്ട്. പക്ഷേ, പൂര്‍ണാധിപത്യം നേടാന്‍ കഴിഞ്ഞിരുന്നില്ല. സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ് പൂര്‍ണ വിജയം നേടിയത്. സുല്‍ത്താന്‍ മുഹമ്മദ് ഷാഹ് തുഗ്ലക്കിന്റെ ഭരണകാലത്ത് സംസ്ഥാന ഗവര്‍ണറായിരുന്ന സഫര്‍ഖാന്‍, കേന്ദ്രഭരണകൂടത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇവിടെ സ്വതന്ത്രഭരണം സ്ഥാപിച്ചു. ഹിജ്‌റ 810-ല്‍ ഫൈറൂസ് ഷാ തുഗ്ലക്കിന്റെ കാലത്താണിത്. സുല്‍ത്താന്‍ മുളഫ്ഫര്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ച അദ്ദേഹത്തിന്റെ പുത്രന്‍ അഹ്മദ് ഷാ ഒന്നാമന്റെ കാലത്താണ് അറബ് ബന്ധം സുദൃഢമായത്. വ്യവസ്ഥാപിതമായി കപ്പല്‍ യാത്രക്കുള്ള സംവിധാനങ്ങളുണ്ടായി. ഹജ്ജ്, പഠന യാത്രകള്‍ സമുദ്രമാര്‍ഗമായതോടുകൂടി ഹിജാസുമായുള്ള നിരന്തര ബന്ധം ഹദീസ് പഠനശാഖയെ പരിപോഷിപ്പിച്ചു.

ഇറാനിലെ സ്വഫവീ ഭരണം
ഇറാനിലെ സ്വഫവീഭരണകാലത്തെ തീവ്രവംശീയത ഒരു നിലക്ക് ഇന്ത്യക്ക് അനുഗ്രഹമായിത്തീര്‍ന്നു. ശീഇസം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായതോടെ അവിടെയുള്ള അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാര്‍, സ്വരാജ്യമുപേക്ഷിച്ച് ഇന്ത്യയിലേക്കും അറേബ്യയിലേക്കും ഹിജ്‌റ പോയി.
ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അഹ്മദ് ഷാ ഒന്നാമന്റെ (ഭരണം ഹി. 812-824) കാലത്ത് ഇവിടെയെത്തിയ ശൈഖ് നൂറുദ്ദീന്‍ അഹ്മദ് ശീറാസി ഇവരില്‍ പ്രമുഖനായിരുന്നു. സയ്യിദ് ശരീഫുല്‍ ജുര്‍ജാനിയുടെ ശിഷ്യനായ അദ്ദേഹത്തില്‍നിന്ന് ഹിജാസ്, യമന്‍ തുടങ്ങിയ നാടുകളിലുള്ള അനേകം പണ്ഡിതന്മാര്‍ ബുഖാരിയുടെ സനദ് നേടുകയുണ്ടായി.
ഇല്‍മുല്‍ ഹദീസിന്റെ തുടക്കം
ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ഇന്ത്യയിലെ ഹദീസ് വിജ്ഞാന ശാഖയുടെ വളര്‍ച്ചയും പ്രചാരണവും ശക്തമായത്. ഈജിപ്ത്, സിറിയ, ഹിജാസ് തുടങ്ങിയ അറബ് നാടുകളില്‍ ഇമാം ഹാഫിസ് മുഹമ്മദുബ്‌നു അബ്ദിര്‍റഹ്മാന്‍ അസ്സഖാവിയുടെ പ്രശസ്തി അലയടിച്ചുയര്‍ന്ന കാലഘട്ടമാണിത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം മദീനയിലെത്തിയപ്പോള്‍ പ്രശസ്തിയുടെ പാരമ്യത കൈവരിച്ചു. ഹി. 902-ല്‍ അന്തരിച്ചു.

സഖാവിയുടെ ശിഷ്യപരമ്പര
മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഈ രംഗത്ത് ഗുജറാത്ത് മുന്‍പന്തിയിലായിരുന്ന കാര്യം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഗ്രയിലെ പള്ളികളും പാഠശാലകളും ഈ കൈത്തിരി കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ ഇമാം സഖാവിയുടെ പ്രഥമ ശിഷ്യനാണ് ശൈഖ് റാജിഅ് ബിന്‍ ദാവൂദ് അല്‍ ഗുജറാത്തി. സഖാവിയുടെ ക്ലാസില്‍ വ്യവസ്ഥാപിതമായി പങ്കെടുത്ത് ‘അല്‍ഫിയ്യത്തുല്‍ ഹദീസ്’ എന്ന ഗ്രന്ഥത്തിന്റെ ഇജാസത്ത് നേടി. പിന്നീട് ഗുജറാത്തിലെത്തിയ അദ്ദേഹത്തിനു ജനങ്ങള്‍ ഗംഭീര വരവേല്‍പാണ് നല്‍കിയത്. ഹി. 904-ല്‍ അഹ്മദാബാദില്‍ അദ്ദേഹം അന്തരിച്ചു.
മറ്റൊരു പ്രമുഖ വ്യക്തിയാണ് ശൈഖ് വജീഹുദ്ദീനുല്‍ മാലികി. ‘മലികുല്‍ മുഹദ്ദിസീന്‍’ എന്ന സ്ഥാനപ്പേര്‍ നല്‍കി ഗുജറാത്ത് ഗവണ്‍മെന്റ് അദ്ദേഹത്തെ ആദരിച്ചു. ഗുജറാത്ത് സ്വദേശമായി സ്വീകരിച്ച അദ്ദേഹം 929-ല്‍ അന്തരിച്ചു.
ശൈഖ് വജീഹുദ്ദീന്റെ സമകാലികനാണ് ശൈഖ് അലാഉദ്ദീന്‍ അഹ്മദ് അന്നഹര്‍വാലി. അദ്ദേഹം ഹിജാസിലേക്ക് പോവുകയും ഹാഫിസ് ഇബ്‌നു ഫഹ്ദ്, ശൈഖ് നൂറുദ്ദീന്‍ ശീറാസി എന്നിവരില്‍നിന്ന് ഹദീസിലുള്ള ഇജാസത്ത് സ്വീകരിക്കുകയും ഹി. 945-ല്‍ മക്കയില്‍ അന്തരിക്കുകയും ചെയ്തു.
ഇമാം സഖാവിയുടെ മറ്റൊരു പ്രമുഖ ശിഷ്യനാണ് ശൈഖ് മുഹമ്മദുബ്‌നു ഉമറല്‍ ഹള്‌റമി. അദ്ദേഹം ഗുജറാത്തിലെത്തിയപ്പോള്‍ സുല്‍ത്താന്‍ മുളഫ്ഫര്‍ ഷാഹ് അല്‍ഹലീം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഹദീസ് പഠിക്കുകയും ചെയ്തു. ഹി. 931-ല്‍ അഹ്മദാബാദില്‍ അന്തരിച്ചു.
ഹാഫിള് സഖാവിയില്‍നിന്ന് നേരിട്ട് ഹദീസ് പഠിക്കുകയും വൈജ്ഞാനിക തല്‍പരനായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ലോദിയുടെ കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഹദീസ് പഠനം ത്വരിതപ്പെടുത്തുകയും ചെയ്ത മറ്റൊരു പ്രമുഖനാണ് സയ്യിദ് റഫീഉദ്ദീന്‍ അസ്സ്വഫവീ അശ്ശീറാസി. ഹിജ്‌റ 954-ല്‍ അന്തരിച്ച അദ്ദേഹം, അറബ് ചരിത്രകാരന്മാര്‍ ‘മുഹദ്ദിസുല്‍ഹിന്ദ്’ എന്ന് പരിചയപ്പെടുത്തിയ അബുല്‍ ഫതഹ് അത്താനേശ്വരിയടക്കമുള്ള ശിഷ്യപരമ്പരയിലൂടെ ഹദീസ് വിജ്ഞാനത്തിന് അടിത്തറപാകി.

ഇബ്‌നു ഹജറിന്റെ ശിഷ്യപരമ്പര
അറബ് ലോകം വൈജ്ഞാനിക-ഭൗതിക രംഗങ്ങളില്‍ പരിവര്‍ത്തന വിധേയമായിക്കൊണ്ടിരുന്ന സന്ദര്‍ഭം. ഇന്ത്യയിലെ മുഗള്‍ ഭരണം അത്യുന്നതിയില്‍ നില്‍ക്കുന്ന കാലം. ഹാഫിള് ഇബ്‌നു ഹജര്‍ ഹദീസ് രംഗത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ അവസരമായിരുന്നു. ശൈഖ് സകരിയ്യല്‍ അന്‍സ്വാരി, ശൈഖ് സംഹൂദി, ശൈഖ് അബുല്‍ ഹസനില്‍ ബകരി എന്നിവരുടെ ശിഷ്യനാണ് ഇബ്‌നു ഹജര്‍(റ). ഹിജ്‌റ 973-ല്‍ അദ്ദേഹം അന്തരിച്ചു.
അക്ബറിന്റെ കാലഘട്ടം
അക്ബറിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ രാഷ്ട്രകാര്യ മന്ത്രിയായിരുന്ന ബൈറംഖാന്‍ ഹദീസ് പണ്ഡിതന്മാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം പണ്ഡിതന്മാരെയും ഗുജറാത്തില്‍നിന്ന് ദല്‍ഹിയിലേക്കു ക്ഷണിച്ചു. മീര്‍ സയ്യിദ് അബ്ദുല്‍ അവ്വല്‍ ജോണ്‍പൂരിയടക്കമുള്ളവര്‍ ക്ഷണം സ്വീകരിക്കുകയും ദല്‍ഹിയില്‍ താമസമാക്കുകയും ചെയ്തു.
ശൈഖ് സകരിയ്യല്‍ അന്‍സാരിയുടെ ശിഷ്യനും ഗുജറാത്തില്‍വന്ന് താമസിച്ച വ്യക്തിയുമാണ് ശൈഖ് അബ്ദുല്‍ മുഅ്തി അല്‍മക്കി (മരണം ഹി. 983). ശിഹാബുദ്ദീന്‍ അഹ്മദുല്‍ അബ്ബാസി (ഹി. 922) മറ്റൊരു ശിഷ്യനാണ്. ഇബ്‌നു ഹജറി(റ)ന്റെ ശിഷ്യന്മാരായ ശൈഖ് മുഹമ്മദ് അബ്ദുല്ലാഹില്‍ ഫാകിഹാനി (ഹി. 992), സയ്യിദ് അബ്ദുല്ലാഹില്‍ അയ്ദുറൂസി (ഹി. 990) ശൈഖ് സഈദുശ്ശാഫിഈ (ഹി. 991) എന്നിവരും ഗുജറാത്ത് കേന്ദ്രമായി ഹദീസ് പ്രചരിപ്പിച്ചവരാണ്.
ഇബ്‌നു ഹജറി(റ)ന്റെ മറ്റൊരു പ്രമുഖ ശിഷ്യനാണ് ശൈഖ് യഅ്ഖൂബ് അസ്സര്‍ഫി അല്‍കശ്മീരി. ഹി. 988-ല്‍ ജനിച്ച് 1003-ല്‍ 26-ാം വയസ്സില്‍ അന്തരിച്ച അദ്ദേഹം ശര്‍ഹുല്‍ ബുഖാരി, മഗാസിന്നുബുവ്വ, തഫ്‌സീറുല്‍ ഖുര്‍ആന്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവും മുജദ്ദിദ് അല്‍ഫസാനി ശൈഖ് അഹ്മദ് അസ്സര്‍ഹിന്ദിയുടെ ഗുരുനാഥനുമാണ്. സമകാലികനായ മറ്റൊരു കശ്മീര്‍ മുഹദ്ദിസാണ് ഇബ്‌നു ഹജറിന്റെ ശിഷ്യനായ മുല്ലാ മുഹമ്മദ് ശജ്‌റഫ്.
ചുരുക്കത്തില്‍, ഇമാം ഹാഫിള് അസ്സഖാഫി, ശൈഖ് സകരിയ്യല്‍ അന്‍സാരി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഇബ്‌നു ഹജറുല്‍ ഹൈതമി തുടങ്ങിയവരുടെ ശിഷ്യന്മാരായ നല്ലൊരു വിഭാഗം പണ്ഡിതന്മാര്‍ ഗുജറാത്ത്, ആഗ്രാ, ദല്‍ഹി, കശ്മീര്‍ തുടങ്ങിയ മേഖലകളിലുള്ളവരായിരുന്നു.

ശൈഖ് അലിയ്യുല്‍ മുത്തഖി (ഹി. 885-975)
ഹിജ്‌റ പത്താം നൂറ്റാണ്ടിന്റെ മധ്യേ ഇന്ത്യക്ക് ലഭിച്ച അമൂല്യ സമ്പത്താണ് ജോണ്‍പൂര്‍ സ്വദേശിയായ ശൈഖ് അലിയ്യുല്‍ മുത്തഖി. അദ്ദേഹത്തിന്റെ ഗുരുനാഥന്‍, ശൈഖ് ഹുസാമുദ്ദീനുല്‍ മുത്തഖിയാണ്. അക്കാലഘട്ടത്തിലെ വൈജ്ഞാനിക തൃഷ്ണയുടെ ആഴം അറിയാനുള്ള അളവുകോലു കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. ഹിജ്‌റ 953-ല്‍ തന്റെ 67-ാമത്തെ വയസ്സില്‍ ഹദീസ് പഠനത്തിനായി ജസീറതുല്‍ അറബിലേക്കു പോയി. ഹാഫിസ് ഇബ്‌നു ഹജറുല്‍ ഹൈതമി, ശൈഖ് അബുല്‍ ഹസനുല്‍ ബകരി, ശൈഖ് മുഹമ്മദുബ്‌നു മുഹമ്മദിസ്സഖാവി തുടങ്ങി എണ്ണമറ്റ ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്ന് ഗുരുനാഥന്മാരെക്കാള്‍ പേരും പ്രശസ്തിയും പദവിയും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം ഒരു ഹദീസ് വിജ്ഞാനകോശം രചിച്ചു. ഹി. 957 മുതല്‍ 971 വരെയുള്ള തീവ്രശ്രമത്തിലൂടെയാണ് ‘കന്‍സുല്‍ ഉമ്മാല്‍ ഫീ സുനനില്‍ അഖ്‌വാലി വല്‍ അഫ്ആല്‍’ എന്ന ഹദീസ് വിജ്ഞാന കോശത്തിന്റെ രചന പൂര്‍ത്തീകരിച്ചത്. മറ്റൊരു ഗ്രന്ഥമാണ് ‘മന്‍ഹജുല്‍ ഉമ്മാല്‍’. ഈ കാലയളവില്‍ രണ്ടു പ്രാവശ്യം ഗുജറാത്തില്‍ വരികയും സുല്‍ത്താന്‍ മഹ്മൂദുല്‍ ഗുജറാത്തി അദ്ദേഹത്തിനു ഗംഭീരസ്വീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ അനങ്ങാന്‍ വയ്യാതെ കിടക്കുമ്പോള്‍പോലും ശമിക്കാത്ത അദ്ദേഹത്തിന്റെ അന്വേഷണതൃഷ്ണയെക്കുറിച്ച് ശിഷ്യന്‍ ശൈഖ് മുഹദ്ദിസ് അബ്ദുല്‍ ഹഖ് ദഹ്‌ലവി രേഖപ്പെടുത്തിയിട്ടുണ്ട്. (അഖ്ബാറുല്‍ അഖ്‌യാര്‍. പേജ്. 242)
അദ്ദേഹത്തിന്റെ ഇന്ത്യയിലെ ശിഷ്യപ്രമുഖരാണ് ശൈഖ് അബ്ദുല്‍വഹ്ഹാബുല്‍ മുത്തഖി, ശൈഖ് മുഹമ്മദ് ത്വാഹിറുല്‍ ഫതനി, ശാഹ് മുഹമ്മദുബ്‌നുഫള്‌ലില്ലാഹില്‍ ബുര്‍ഹാന്‍പൂരി, ശൈഖ് അബ്ദുല്ല, ശൈഖ് റഹ്മത്തുല്ലാഹിസ്സിന്‍ദി തുടങ്ങിയവര്‍. ഇവര്‍ക്കും അസംഖ്യം ഗ്രന്ഥങ്ങളും ശിഷ്യപരമ്പരകളുമുണ്ട്.

മുല്ലാ അലിയ്യുല്‍ ഖാരി (മരണം ഹി. 1011)
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ മുഹദ്ദിസാണ് ശൈഖ് മീര്‍കുലാന്‍. അദ്ദേഹത്തിന്റെ ശിഷ്യനാണ് ലോകപ്രശസ്തനായ മുല്ലാ അലിയ്യുല്‍ ഖാരി. മുഗള്‍ ഭരണത്തിന്‍ കീഴിലായിരുന്ന ഹറാത്തിലാണ് ജനനമെങ്കിലും വിദ്യയഭ്യസിച്ചതും പ്രശസ്തിനേടിയതും ഗ്രന്ഥങ്ങള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതുമൊക്കെ ഇന്ത്യയിലായതുകൊണ്ട് അദ്ദേഹത്തെ ഇന്ത്യന്‍ മുഹദ്ദിസുകളുടെ ഗണത്തിലാണ് പരിഗണിക്കാറ്.
ശൈഖ് സുല്‍ത്താന്‍ മുഹമ്മദിന്റെ പുത്രനായ അദ്ദേഹം നാട്ടില്‍നിന്ന് പ്രാഥമിക വിദ്യ നേടിയതിനുശേഷം ശൈഖ് മീര്‍ കുലാനില്‍നിന്നു ‘മിശ്കാത്തുല്‍ മസ്വാബീഹ്’ പഠിക്കുകയും തുടര്‍ന്നു മക്കയിലേക്കു പോവുകയും ചെയ്തു. അവിടെ വെച്ച് ശൈഖ് അബുല്‍ ഹസനുല്‍ ബകരി, സയ്യിദ് സകരിയ്യല്‍ അന്‍സാരി, ഇബ്‌നു ഹജറുല്‍ ഹൈതമി, ശൈഖ് അബ്ദുല്ലാഹിസ്സിന്‍ദി, ശൈഖ് ഖുത്വ്ബുദ്ദീന്‍ അന്നഹര്‍വാലി എന്നിവരില്‍നിന്നും ഹദീസ് പഠനം പൂര്‍ത്തീകരിച്ചു.
മിശ്കാത്തിന്റെ വ്യാഖ്യാനമായ മിര്‍ഖാതുല്‍ മഫാതീഹ്, ഖാദി ഇയാളിന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം. ശര്‍ഹ് ശമാഇലുത്തിര്‍മിദി, തഖ്‌രീജുല്‍ അഹാദീസ്, ശര്‍ഹ് അകാഇദുന്നസ്വഫി, നൂറുല്‍ ഖാരി ശര്‍ഹുസ്വഹീഹുല്‍ ബുഖാരി, ശര്‍ഹ് സ്വഹീഹു മുസ്‌ലിം, അല്‍മസ്വ്‌നൂഅ് ഫീ മഅ്‌രിഫതില്‍ മൗളൂഅ്, തദ്കിറത്തുല്‍ മൗളൂആത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസുദ്ദഹ്‌ലവി
ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ഹദീസ് പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമാണ് അബ്ദുല്‍ ഹഖ് ദഹ്‌ലവി. അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ ദല്‍ഹി, ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ കേന്ദ്രമായി. ഹി. 958-ല്‍ അദ്ദേഹം ദല്‍ഹിയില്‍ ജനിച്ചു. പിതാവില്‍നിന്നും പഠനം ആരംഭിച്ചു. പിന്നീട് മക്കയിലേക്കു പോവുകയും അബ്ദുല്‍ വഹ്ഹാബ് അല്‍മുത്തഖിയുടെ ക്ലാസില്‍ വെച്ചു സ്വിഹാഹുസ്സിത്തഃ പഠിക്കുകയും ചെയ്തു. അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഹദീസ് ഗ്രന്ഥങ്ങള്‍ ഭാഷാന്തരം നടത്തുകയും ചെയ്തു. ഹദീസ് വിജ്ഞാന ശാഖക്ക് ചൈതന്യവും ചലനാത്മകതയും കൈവന്നത് ദഹ്‌ലവിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (ജനനം ഹി. 1114)
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണം ചക്രശ്വാസം വലിക്കുന്ന ഘട്ടത്തിലാണ് ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ രംഗപ്രവേശം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കക്ഷിത്വങ്ങളും മുസ്‌ലിം സമൂഹത്തില്‍ നുഴഞ്ഞുകയറി. മദ്ഹബീ പക്ഷപാതിത്വങ്ങളും ഫിഖ്ഹിന്റെ നിഷ്‌ക്രിയത്വവും തസ്വവ്വുഫിന്റെ ദുരുപയോഗവും ഗ്രീക്കു തത്ത്വചിന്തയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും അതിപ്രസരവും ഹദീസ് പഠനത്തില്‍നിന്ന് ജനങ്ങളെ പിന്തള്ളിയ അവസരം കൂടിയായിരുന്നു അത്. പ്രബോധനത്തിനും പരിഷ്‌കരണത്തിനും പുതിയ പാതകള്‍ വെട്ടിത്തെളിച്ച് വിശ്വാസ, കര്‍മ, ചിന്താ രംഗത്ത് ഖുര്‍ആന്നും ഹദീസിന്നും പ്രാമുഖ്യം നല്‍കി; സലഫുസ്സാലിഹുകളുടെ പാതയിലേക്ക് ഉമ്മത്തിനെ നയിച്ച പ്രതിഭയാണദ്ദേഹം. ഈ രംഗത്ത് അദ്ദേഹത്തിനു വിജയം നേടാന്‍ കഴിഞ്ഞു.
ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, ഇഖ്ദുല്‍ ജീദ് ഫീ അഹ്കാമില്‍ ഇജ്തിഹാദി വത്തഖ്‌ലീദ്, ഫൗസുല്‍കബീര്‍ അല്‍മുസവ്വാ ഫീ ശര്‍ഹില്‍ മുവത്ത്വ, അല്‍ ഇന്‍സ്വാഫ് ഫീ ബയാനി സബബില്‍ ഇഖ്തിലാഫ് തുടങ്ങി ധാരാളം കൃതികളുടെ കര്‍ത്താവാണ് ദഹ്‌ലവി.
സമകാലികരായ മുഹദ്ദിസ് മുഹമ്മദ് ഫാഖിര്‍ സാഇര്‍ ഇലാഹാബാദി, മുഹദ്ദിസ് മള്ഹര്‍ ജാനജാനാന്‍ തുടങ്ങിയവരും പുത്രന്മാരായ ശാഹ് അബ്ദുല്‍ അസീസ് (1159-1239), ശാഹ് അബ്ദുല്‍ ഖാദിര്‍ (1167-1253), ശാഹ് റഫീഉദ്ദീന്‍ (1162-1233), ശാഹ് അബ്ദുല്‍ഗനി (മരണം ഹി. 1227) തുടങ്ങിയവരും മത പുനരുത്ഥാന പ്രവര്‍ത്തനങ്ങളിലും ഇല്‍മുല്‍ ഹദീസിന്റെ പ്രചാരണത്തിലും വഹിച്ച പങ്ക് നിസ്തുലമാണ്.

നവാബ് സിദ്ദീഖ് ഹസന്‍ ഖാന്‍
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സുന്നത്ത് പുനരുജ്ജീവന പ്രസ്ഥാനം ശക്തിപ്രാപിക്കുന്നത്. ദല്‍ഹി, ബിഹാര്‍, ബംഗാള്‍, സിന്ധ്, ഡക്കാന്‍, ഗുജറാത്ത്, പഞ്ചാബ് തുടങ്ങി ഉത്തര-ദക്ഷിണേന്ത്യന്‍ ഭൂവിഭാഗങ്ങളില്‍ വ്യാപിച്ച് അറേബ്യയോളമെത്തിയ ഒരു തരംഗമായിരുന്നു അത്. ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് നവാബ് സിദ്ദീഖ് ഹസന്‍ ഭോപ്പാലിയും, ഇമാം സയ്യിദ് നദീര്‍ഹുസൈന്‍ മുഹദ്ദിസ് അദ്ദഹ്‌ലവിയുമായിരുന്നു. ആദ്യത്തെ വ്യക്തി, ഗ്രന്ഥരചനാ പ്രസിദ്ധീകരണം, സാമ്പത്തികസഹായം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ 62 വര്‍ഷം നീണ്ടുനിന്ന ഹദീസ് അധ്യാപനത്തിലൂടെയാണ് സേവനം നിര്‍വഹിച്ചത്. സയ്യിദ് ഇസ്മാഈല്‍ ശഹീദില്‍നിന്നാണ് ഇവര്‍ക്ക് ഊര്‍ജം ലഭിച്ചത്. തുടര്‍ന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചു.
സയ്യിദ് റശീദ് റിദ ഹി. 1353-ല്‍ എഴുതി: ”നമ്മുടെ സഹോദരന്മാരായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ ശ്രമമില്ലായിരുന്നെങ്കില്‍ ഹദീസ് വിജ്ഞാനം പൗരസ്ത്യ മേഖലയില്‍നിന്ന് നാമാവശേഷമാകുമായിരുന്നു. ഈജിപ്ത്, ശാം, ഇറാഖ്, ഹിജാസ് എന്നീ മേഖലകളില്‍ ഹിജ്‌റ പത്താം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ദൗര്‍ബല്യം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പാരമ്യതയില്‍ എത്തി.” (മിഫ്താഹ് കുനൂസിസ്സുന്നയുടെ ആമുഖം)
ഹി. 1347-ല്‍ അല്ലാമാ അല്‍ മുഹഖ്ഖിഖ് അബ്ദുല്‍ അസീസില്‍ ഖൂലി ‘മിഫ്താഹുസ്സുന്ന’യില്‍ വര്‍ത്തമാന കാല ഹദീസ് വിജ്ഞാനത്തിന്റെ അവസ്ഥയെക്കുറിച്ച് എഴുതി:
”ഇസ്‌ലാമിക സമൂഹം അംഗസംഖ്യയില്‍ വളരെകൂടുതലും, വ്യത്യസ്ത വിഭാഗങ്ങളുമായിരുന്നിട്ടും നമ്മുടെ ഇന്ത്യന്‍ മുസ്‌ലിം സഹോദരന്മാരെപ്പോലെ ഹദീസ് വിജ്ഞാന മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച മറ്റൊരു വിഭാഗവും ഉണ്ടായിരുന്നില്ല. സ്വതന്ത്രചിന്തയോടെ, ഇസ്‌നാദുകള്‍ പരിശോധിച്ച് ഗവേഷണ പഠനം നടത്തിയ, മൂന്നാം നൂറ്റാണ്ടിലേതുപോലുള്ള ഹദീസ് പഠിതാക്കളും ഹാഫിളുകളും അവരിലുണ്ടായിരുന്നു.”
ഫത്ഹുല്‍ ബാരി, ഇബ്‌നു കസീര്‍, സുനനുദ്ദാരിമി, തല്‍ഖീസുല്‍ കബീര്‍, ബുലൂഗുല്‍ മറാം, അദബുല്‍ മുഫ്‌റദ്, അദ്ദിറായത്തു ഫീ തഖ്‌രീജില്‍ ഹിദായ, സുബുലുസ്സലാം, മുന്‍തഖന്നുഖൂന്‍, ജാമിഉല്‍ ഉലൂം തുടങ്ങി അപ്രകാശിതവും അലഭ്യവുമായിരുന്ന അനേകം ഗ്രന്ഥങ്ങള്‍ സിദ്ദീഖ് ഹസന്‍ ഖാന്‍ അച്ചടിപ്പിച്ചു സൗജന്യമായി വിതരണംചെയ്തു.
അറബി-ഉര്‍ദു- പേര്‍ഷ്യന്‍ ഭാഷകളിലായി 222 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
ചുരുക്കത്തില്‍, ലോകപ്രശസ്തവും അനേക വാള്യങ്ങള്‍ വരുന്നതുമായ, ‘അബൂദാവൂദി’ന്റെ വ്യാഖ്യാനമായ ‘ഔനുല്‍ മഅ്ബൂദ്’ (ശംസുല്‍ ഹഖ് അസീമാബാദി) തിര്‍മിദിയുടെ വ്യാഖ്യാനമായ ‘തുഹ്ഫതുല്‍ അഹ്‌വദി'(അബ്ദുര്‍റഹ്മാനു ബ്‌നു അബ്ദിര്‍റഹീം മുബാറക് പൂരി), ‘സ്വഹീഹു മുസ്‌ലിമി’ന്റെ വ്യാഖ്യാനമായ ‘ഫത്ഹുല്‍ മുല്‍ഹിം’ (ശബീര്‍ അഹ്മദുല്‍ ഉസ്മാനി), ‘സ്വഹീഹു മുസ്‌ലിമി’ന്റെ വ്യാഖ്യാനമായ ‘ഫൈളുല്‍ബാരി’ (അന്‍വര്‍ഷാഹ് കശ്മീരി) ഇമാം മാലികിന്റെ ‘മുവത്ത്വ’യുടെ വ്യാഖ്യാനമായ ‘ഔജസുല്‍ മസാലിക്’ (ശൈഖ് സകരിയ്യല്‍ കന്തേലവി) തുടങ്ങിയവ ഇന്ത്യന്‍ പണ്ഡിതന്മാരുടെ സംഭാവനകളാണ്.
ഇന്ത്യയിലെ അഹ്‌ലെ ഹദീസ് പ്രസ്ഥാനവും, ദാറുല്‍ ഉലൂം-ദയൂബന്ദ്, മളാഹിറുല്‍ ഉലൂം-സഹാറന്‍പൂര്‍ തുടങ്ങിയ സ്ഥാപനങ്ങളും ഈ വിജ്ഞാനശാഖക്കു ചെയ്ത സംഭാവനകള്‍ അതുല്യമായിത്തന്നെ നിലനില്‍ക്കും.

Related Articles