Current Date

Search
Close this search box.
Search
Close this search box.

സ്വന്തം രാജ്യത്തിനായി പതാക ഉയര്‍ത്തി ‘ഫലസ്തീന്‍ യാത്രക്കാര്‍’

‘ഫലസ്തീന്‍ ട്രാവലേഴ്‌സ്’ കൂട്ടായ്മയിലെ റംസി അബ്ബാസുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി ഇമാന്‍ അബൂസിദ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപത് രൂപം.

കഴിഞ്ഞയാഴ്ചയാണ് ‘ഫലസ്തീന്‍ ട്രാവലേഴ്‌സ്’ എന്ന കൂട്ടായ്മയിലെ റംസി അബ്ബാസി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. തുര്‍ക്കിയിലെ മൗണ്ട് അറാറാതിന് മുകളില്‍ കയറി ഫലസ്തീന്റെ പതാകയും വീശി നില്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളുമായിരുന്നു അത്.
കടല്‍ നിരപ്പില്‍ നിന്ന് 5137 മീറ്റര്‍ മുകളിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. അബ്ബാസി നേതൃത്വം നല്‍കുന്ന 12 യുവാക്കളും യുവതികളും അടങ്ങിയ സംഘമാണ് യാത്രയിലുള്ളത്.

എന്താണ് നിങ്ങളുടെ യാത്രയുടെ സന്ദേശം, ലക്ഷ്യം ?

ഫലസ്തീന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഫലസ്തീനികള്‍ എല്ലായിടത്തുമുണ്ടെന്നുമുള്ള സന്ദേശം ലോകത്തെ അറിയിക്കുകയാണ് നമ്മള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ സാന്നിധ്യം, ക്ഷമ, ശക്തി, സ്ഥിരോത്സാഹം, ജീവിത സ്‌നേഹം എന്നിവ പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ കൊടുമുടി കയറുകയാണ്.

യാത്രയെക്കുറിച്ച് ?

ഫലസ്തീന്‍ സഞ്ചാരികള്‍ ഫലസ്തീനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പര്‍വതത്തിന്റെ മുകളില്‍ പതാക ഉയര്‍ത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതവും റഷ്യയിലെ മൗണ്ട് എല്‍ബ്രസും, എവറസ്റ്റ് ബേസ് ക്യാമ്പും ഇതിന് മുന്‍പ് ഞങ്ങള്‍ കീഴടക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ സമയത്ത് അറാറാത് ?

കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം ഞങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന ഒരേയൊരു രാജ്യം തുര്‍ക്കി ആയിരുന്നു, മാത്രമല്ല, അവിടെ പര്‍വതം കയറുന്നതിനുള്ള ചെലവ് താരതമ്യേന കുറവാണ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അംഗങ്ങള്‍ സ്വയം പണം കണ്ടെത്തി ചെയ്യുന്നതായതിനാല്‍ ഇത് ഒരു പ്രധാന ഘടകമാണ്. തുര്‍ക്കി ഇസ്രായേലിന്റെ ‘ചുവന്ന പട്ടികയില്‍’ ഉള്ളതിനാല്‍ ജോര്‍ദാന്‍ വഴിയാണ് യാത്ര പോകേണ്ടിവന്നത്. ഇതിനര്‍ത്ഥം ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇസ്രായേല്‍ പിഴ ഈടാക്കുമെന്നാണ്.

അറാറാത് പര്‍വത കയറ്റത്തിന്റെ അനുഭവം ?

തുര്‍ക്കിയിലേക്ക് പോയതിന്റെ പേരില്‍ ഇസ്രായേല്‍ ഞങ്ങള്‍ക്ക് ഒരാള്‍ക്ക് 1200 ഡോളര്‍ വീതം പിഴയീടാക്കും. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ പര്‍വതത്തിന് മുകളില്‍ ഫലസ്തീന്റെ പതാക ഉയര്‍ത്തിയത്. വളരെ കഠിനമായ പര്‍വതാരോഹമായിരുന്നു അത്. ശരിക്കും വെല്ലുവിളിയായിരുന്നു. കഠിനമായ മഞ്ഞുവീഴ്ചയും കാറ്റും ഞങ്ങളെ ബുദ്ധിമുട്ടിലും അപകടത്തിലുമാക്കി.

വീഡിയോ വൈറലായതിനെക്കുറിച്ച് ?

ഞങ്ങള്‍ അറാറാത് കയറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അത് വൈറലാവുകയായിരുന്നു. ഫലസ്തീന്‍ സഞ്ചാരികളുടെ നേട്ടത്തില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ജറുസലേമിലെ പ്രവര്‍ത്തകര്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ഷെയര്‍ ചെയ്തു. ഇത് അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ അഭിമാനം പ്രകടിപ്പിക്കുന്നതായിരുന്നു. ഇത് ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും നീതിക്കും ഉപകാരപ്രദമാകും.

ഫലസ്തീന്‍ ട്രാവലേഴ്‌സിന്റെ പിറവി ?

നാല് വര്‍ഷം മുന്‍പാണ് ഫലസ്തീന്‍ ട്രാവലേഴ്‌സ് രൂപീകരിച്ചത്. അതിന് കീഴില്‍ ഇപ്പോള്‍ 200ഓളം അംഗങ്ങള്‍ ഉണ്ട്. അധിനിവിഷ്ട ഫലസ്തീനിലെ സ്ത്രീകളും യുവാക്കളും ഇതില്‍ ഉണ്ട്.
ഫലസ്തീന്റെ സംസ്‌കാരവും പൈതൃകവും രേഖപ്പെടുത്തുന്നതിനായി നമ്മള്‍ സാധാരണയായി ഫലസ്തീനിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രകള്‍ നടത്താറുണ്ട്.
ഫലസ്തീന്‍ ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടുമുള്ള അഭിനിവേഷത്തില്‍ നിന്നാണ് ഗ്രൂപ്പിനെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്.

ഫലസ്തീന്‍ ഭൂമിയെക്കുറിച്ചും അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ ഫലസ്തീന്‍ സ്വത്വത്തിന്റെ ഒരു പ്രധാനവും അനിവാര്യവുമായ ഭാഗമാണ്, പ്രത്യേകിച്ച് അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍.

മറ്റു സേവനങ്ങള്‍ ?

ഫലസ്തീനു വേണ്ടി ശബ്ദിക്കാന്‍ ഞാന്‍ എന്നും മുന്‍പന്തിയിലുണ്ടാവാറുണ്ട്. ലോകമെമ്പാടും ഞങ്ങളുടെ ശബ്ദം കേള്‍ക്കുകയും ഞങ്ങളുടെ അവസ്ഥയും അനീതി, വംശീയ ഉന്മൂലനം, തകര്‍ക്കല്‍ നയങ്ങള്‍, കുടിയേറ്റക്കാരുടെ പ്രകോപനം എന്നിവയുള്‍പ്പെടെ ജറുസലേമില്‍ ഫലസ്തീനികള്‍ നേരിടുന്ന വംശഹത്യയെക്കുറിച്ച് ഞങ്ങള്‍ ജനങ്ങളോട് പറയുകയും ചെയ്തു. ഇത്തരം സന്ദേശങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. നമ്മള്‍ എപ്പോഴും ജറുസലേമിനെക്കുറിച്ച് സംസാരിക്കണം, അധിനിവേശ ശക്തികള്‍ ഞങ്ങളുടെ പ്രചാരണങ്ങളെ അടിച്ചമര്‍ത്താനും മാധ്യമങ്ങളുടെ കവറേജ് കുറയ്ക്കാനും നിരന്തരം ശ്രമിക്കുന്നു. ‘ഫലസ്തീനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തെ അറിയിക്കണമെന്നും അതിനാല്‍ ഇസ്രായേല്‍ പ്രചരണത്തെ ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലംബം:middleeastmon-itor
വിവ: സഹീര്‍ വാഴക്കാട്

Related Articles