Current Date

Search
Close this search box.
Search
Close this search box.

‘വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുക തന്നെ ചെയ്യും’

വ്യാജകേസുകള്‍ ചുമത്തി ജയിലിലടക്കപ്പെട്ടതിനു ശേഷം വിട്ടയക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും ‘അള്‍ട്ട് ന്യൂസ്’ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറുമായി ‘ദി വയര്‍’ പ്രതിനിധി അലി ഷാന്‍ ജാഫ്രി നടത്തിയ അഭിമുഖത്തിന്റെ രത്‌നചുരുക്കം.

 

താങ്കള്‍ മോചിതനായതില്‍ അഭിനന്ദനങ്ങള്‍. ഇപ്പോള്‍ നിങ്ങള്‍ക്കെന്തുതോന്നുന്നു ?

ഞാന്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. എന്നോടൊപ്പം നിന്ന സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും എനിക്ക് ലഭിച്ച അപാരമായ പിന്തുണക്ക് ഞാന്‍ നന്ദി അര്‍പ്പിക്കുകയാണ്. എന്റെ അറസ്റ്റ് അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് പലര്‍ക്കും തോന്നി എന്നറിയുന്നത് വളരെ സന്തോഷമുണ്ടാക്കുന്നതാണ്. എന്റെ വീട്ടുകാര്‍ ഭയന്നിരുന്നുവെങ്കിലും പ്രതീകും അവന്റെ അമ്മയും കൂടെ നിന്നു, അവരെ ദിവസവും വിളിച്ചു. അവര്‍ കേസുകളുടെ അപ്ഡേറ്റുകള്‍ നിരന്തരം പങ്കിടുകയും യുപിയിലെയും ഡല്‍ഹിയിലെയും അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രാദേശിക അഭിഭാഷകരെ സജ്ജമാക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.
അള്‍ട്ട് ന്യൂസിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് പുറമെ, കേസുകള്‍ക്കായി തയ്യാറെടുക്കുന്ന അഭിഭാഷകരെ അവര്‍ സഹായിച്ചു. പ്രതീകിനെയും ലക്ഷ്യം വച്ചിരുന്നെങ്കിലും അദ്ദേഹം ശാന്തനായാണ് പ്രതികരിച്ചത്. ഞങ്ങളുടെ സേവന ദാതാക്കളെ ഭീഷണിപ്പെടുത്തിയിട്ടും അവര്‍ പിന്തുണ പിന്‍വലിച്ചില്ല. വാസ്തവത്തില്‍, കഴിഞ്ഞ രണ്ട് മാസമായി ഒരു അഭ്യര്‍ത്ഥനയും ഉന്നയിച്ചില്ലെങ്കിലും അവരില്‍ നിന്ന് ഞങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിച്ചു.

ഈ പരീക്ഷണത്തില്‍ ഏറ്റവും വേദനാജനകമായി തോന്നിയത് എന്തായിരുന്നു ?

എന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും നന്നേ ഭയപ്പെട്ടു. എന്റെ മകന്‍ അഭിമാനത്തോടെ എല്ലാവരോടും പറയും ഞാന്‍ അവന്റെ അച്ഛനാണെന്ന്. കഴിഞ്ഞ കുറേ ദിവസമായി അവനെ സ്‌കൂളിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവന്റെ പിതാവാണെന്ന് ആരോടും പറയരുതെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു.

നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ഓണ്‍ലൈനില്‍ ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്, അതിനാല്‍ നിങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് ഞങ്ങളോട് പറയാമോ?

ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ തല്ലി എന്ന വിദൂര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്റെ പിതാവ് ഒരു കര്‍ഷകനായിരുന്നു, അദ്ദേഹത്തിന് ഹൊസൂരില്‍ ചെറിയ പഴം-പച്ചക്കറി കച്ചവടം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സ് പാസ്സായപ്പോള്‍ എന്നെയും അനുജത്തിയെയും ഹൊസൂരിലെ നല്ല സ്‌കൂളില്‍ അയക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചു.

എപ്പോള്‍, എന്തിനാണ് നിങ്ങള്‍ ബാംഗ്ലൂരിലേക്ക് മാറിയത് ?

മൂന്നു വര്‍ഷം ഞാനും അനിയത്തിയും ദിവസവും 60 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഹൊസൂരിലേക്കും തിരിച്ച് വീട്ടിലേക്കും ഞങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ബസില്‍ യാത്ര ചെയ്തിരുന്നത്. പിന്നീടാണ് ബാംഗ്ലൂരിലേക്ക് താമസം മാറാം എന്ന് ഉമ്മ തീരുമാനിച്ചത്. എന്നാല്‍, നഗരത്തിലേക്ക് മാറുക എന്നത് അന്നത്തെ കാലത്ത് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നതിനാല്‍ അവര്‍ക്ക് എന്റെ പിതാവിന്റെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ അവരെ ഞങ്ങളുടെ പഠനകാര്യം ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിക്കുകയായിരുന്നു. ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് കുടിയേറിയില്ലായിരുന്നുവെങ്കില്‍, ഇന്നത്തെ ഞങ്ങളുടെ ജീവിതം ഒരുപക്ഷേ വളരെ വ്യത്യസ്തമാകുമായിരുന്നു.

എന്തിനാണ് എഞ്ചിനീയറിംഗ് പഠിച്ചത് ?

ഒരു മികച്ച ജീവിതം നയിക്കാന്‍ ഒരു ഡോക്ടറോ എഞ്ചിനീയറോ ആകണം അല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു ആ സമയത്ത്, ഞങ്ങളെല്ലാം ചിന്തിച്ചിരുന്നത്. എനിക്ക് ഡോക്ടറാകാന്‍ കഴിഞ്ഞില്ല, കാരണം എനിക്ക് ബയോളജിയില്‍ മാര്‍ക്ക് കുറവായിരുന്നു.
എനിക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കേണ്ടതായും ഉണ്ടായിരുന്നു. കാരണം എന്റെ കുടുംബം ഞങ്ങളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി അക്ഷരാര്‍ത്ഥത്തില്‍ സകലതും വിറ്റിരുന്നു. ഞങ്ങള്‍ക്ക് സ്വത്തുക്കളൊന്നുമില്ലായിരുന്നു, മൂത്ത മകനായതിനാല്‍ കുടുംബത്തെ നയിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു.

എങ്ങനെയാണ് പ്രതീകിനെ കണ്ടുമുട്ടിയത് ?

പ്രതീകിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഞാന്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന്. ഞാന്‍ അതിന് ശരിയായ ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചു. അങ്ങനെ ഞാന്‍ അത് തിരുത്തി വീണ്ടും പോസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഉന സംഭവം നടന്നപ്പോള്‍, ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ ഞങ്ങളുടെ പേജുകള്‍ ഉപയോഗിച്ചു. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ഇതിലൂടെയാണ് സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങണം എന്ന ചിന്ത ഉദിച്ചത്. തുടക്കത്തില്‍, മുഖ്യധാരാ സമൂഹത്തിലേക്ക് എതിരഭിപ്രായങ്ങള്‍ എത്തിക്കുക എന്ന ജോലി മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പിന്നീട് ഫാക്ട് ചെക്കിങ് വെബ്സൈറ്റ് എന്ന ആശയവുമായി പ്രതീക് രംഗത്തെത്തി. അങ്ങനെയാണ് ആള്‍ട്ട് ന്യൂസ് പിറന്നത്. 2018 വരെ ഞാന്‍ അതില്‍ മുഴുവന്‍ സമയ ജോലിയില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. ഇക്കാര്യം ആദ്യം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ പ്രയാസമായിരുന്നു.

എന്തിനാണ് നിങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് നിങ്ങള്‍ കരുതുന്നത് ?

എന്റെ പഴയ ട്വീറ്റുകളുടെ പേരിലോ ഫേസ്ബുക്ക് പാരഡി പോസ്റ്റിന്റെ പേരിലോ അല്ല എന്നെ അറസ്റ്റ് ചെയ്തതെന്ന് വളരെ വ്യക്തമാണ്. രാഷ്ട്രീയക്കാരുടെ അതിരുവിട്ട പ്രസ്താവനകളുടെ വിമര്‍ശനമായിരുന്നു എന്റെ പഴയ ഓരോ പോസ്റ്റും. ബി.ജെ.പി വക്താക്കളുടെ അഭിപ്രായങ്ങള്‍ വിളിച്ചോതുന്ന എന്റെ ട്വീറ്റ് വൈറലാകുകയും സര്‍ക്കാരിനെതിരെ നയതന്ത്ര തലത്തില്‍ വരെ പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍, അവര്‍ എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗം നിങ്ങളുടെ അറസ്റ്റ് ആഘോഷിച്ചു. എന്തുകൊണ്ടാണ് ഈ മാധ്യമങ്ങള്‍ നിങ്ങളെ വെറുക്കുന്നത് ?

അവര്‍ക്ക് എന്നെ വെറുക്കാന്‍ നല്ല കാരണമുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ വിദ്വേഷം ഉണര്‍ത്തുകയും ജാഗ്രതയോടെയുള്ള നീതിയെ ആഘോഷിക്കുകയും ചെയ്യുന്നു. അവര്‍ ബി.ജെ.പി ഐ.ടി സെല്ലിന്റെ ആംപ്ലിഫയറുകളുടെ റോളിലേക്ക് അവരെ ചുരുക്കിയിരിക്കുന്നു.
മുമ്പ്, അവരുടെ വ്യാജ വാര്‍ത്തകള്‍ പുറത്തെത്തിച്ചപ്പോള്‍ അവര്‍ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അത് യാതൊരു കുറ്റബോധവുമില്ലാതെ ചെയ്യുന്നു. എന്റെ പ്രവൃത്തി അവരെ ശല്യപ്പെടുത്തുന്നു. സമൂഹത്തെ വിഭജിക്കുന്നതിനും ആളുകളില്‍ ഭയം നിറയ്ക്കുന്നതിലുമുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വത്തെ അവര്‍ ഭയപ്പെടുന്നു.

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും നൂറുകണക്കിന് വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, നിങ്ങളെ അലോസരപ്പെടുത്തിയ വീഡിയോ ?

ഹരിദ്വാര്‍ പരിപാടിയിലെ കലാപാഹ്വാനങ്ങളും സീതാപൂരില്‍ പോലീസ് സാന്നിധ്യത്തില്‍ പൊതുസമൂഹത്തിന് മുന്നിലെ ബലാത്സംഗ ഭീഷണിയും എന്നെ ഞെട്ടിച്ചു.

നിങ്ങളുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഗൂഢാലോചന പ്രചാരണ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുണ്ട്, ഒരുപക്ഷേ നിങ്ങള്‍ ഇന്ത്യന്‍ നിയമപാലകരില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട അജ്മല്‍ കസബ് ആയിരിക്കാം എന്നൊക്കെയാണത്. ഇത്തരത്തിലുള്ള കാര്യങ്ങളെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

എന്റെ കുടുംബത്തിന്റെ നല്ല ഭാവിക്കായി പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പൗരന്‍ മാത്രമായിരുന്നു ഞാന്‍. ഇത്തരക്കാരില്‍ നിന്ന് നല്ലതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഇത് ചിരിപ്പിക്കുന്നതാണ്, എന്നാല്‍ ശക്തമായ പ്രചാരണത്തിലൂടെ ഏത് വിമര്‍ശനാത്മക മനസ്സിനെയും എളുപ്പത്തില്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ കഴിയും. ഒരു മുസ്ലീമിനോട് ഇത് ചെയ്യുന്നത് അതിലും എളുപ്പമാണ്.

ചോദ്യം ചെയ്യലില്‍ പോലീസ് എന്താണ് ചോദിച്ചത് ?

ചോദ്യങ്ങളില്‍ പലതും ബാലിഷവും ചിലത് വിരോധം ജനിപ്പിക്കുന്നതുമായിരുന്നു. ഹത്രാസില്‍ വെച്ച് എന്നെ ചോദ്യം ചെയ്ത രണ്ട് ഉദ്യോഗസ്ഥര്‍ ഒരു വലതുപക്ഷ പ്രചരണ വെബ്സൈറ്റിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
ജോര്‍ജ്ജ് സോറോസ് എനിക്ക് ധനസഹായം നല്‍കുന്നതിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചപ്പോള്‍, ആ ചോദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ”സര്‍ ഇന്നയാളുടെ ട്വീറ്റ് അല്ലേ നിങ്ങളുടെ ഉറവിടം?’ എന്ന് അവനോട് ചോദിച്ചു. അവന്‍ ഞെട്ടിപ്പോയി, ഞങ്ങള്‍ ഉറക്കെ ചിരിച്ചു.

സ്‌നേഹപ്രിയരുടെ’ വക്താക്കളെപ്പോലെയാണ് സീതാപൂരിലെ പോലീസ് പെരുമാറിയത്. അവര്‍ എന്നോട് ചോദിച്ചു, ”ഇത്തരം പ്രസംഗങ്ങള്‍ നടത്താന്‍ ഈ മനുഷ്യന്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? എന്തുകൊണ്ടാണ് നിങ്ങള്‍ അവന്റെ ക്ഷമാപണം പോസ്റ്റ് ചെയ്യാത്തത്? ‘ പക്ഷെ അത് ഒരു ക്ഷമാപണം പോലും ആയിരുന്നോ?

ജയിലിലെ ഈദ് എങ്ങനെയായിരുന്നു ?

ഒരു നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിക്കുന്നതിനാല്‍ എനിക്ക് പതിവായി പ്രാര്‍ത്ഥിക്കാനോ ഈദിന് പോലും പ്രാര്‍ത്ഥിക്കാനോ കഴിഞ്ഞിരുന്നില്ല. എങ്കിലും, നമസ്‌കാരവും എന്റെ കുടുംബം എന്നോട് ചൊല്ലാന്‍ പറഞ്ഞ ദുആകളും ചൊല്ലാന്‍ ഞാന്‍ സമയം കണ്ടെത്തി. ഞാന്‍ എന്നെ തന്നെ ഒറ്റപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ജയിലിന്റെ നാല് ചുവരുകള്‍ക്കുള്ളിലെ എല്ലാ കാര്യങ്ങളും കൂടുതല്‍ അറിയാന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തി. കഴിയുന്നത്ര തടവുകാരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ഞാന്‍ സംസാരിച്ചു.

ജയിലില്‍ വ്യത്യസ്തരായ ആളുകളെ ശ്രവിക്കുക എന്നത് വേറിട്ട ഒരു അനുഭവമായി എനിക്ക് തോന്നി. ഒരു വശത്ത്, എനിക്ക് ദുര്‍ബലത അനുഭവപ്പെട്ടു, എന്നാല്‍ വളരെ വേഗം ഞാന്‍ പല ആളുകളുമായി ചങ്ങാത്തത്തിലായി, ഒരുപക്ഷേ അവരുടെ കഥ അറിയാന്‍ ഞാന്‍ വളരെ ആകാംക്ഷയുള്ളതുകൊണ്ടായിരിക്കാം അത്.

നിങ്ങളുടെ ജാമ്യം ഒരു ആക്ഷേപമായി കാണുന്നുവെന്ന് പറയാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ് ?

എനിക്ക് പണം, വിഭവങ്ങള്‍, സിവില്‍ സമൂഹത്തില്‍ നിന്നുള്ള പിന്തുണ, വലിയ പത്രപ്രവര്‍ത്തക സാഹോദര്യം, എല്ലാറ്റിനുമുപരിയായി വളരെ ഉറച്ച ഒരു നിയമ സഹായ സംഘം എന്നീ പ്രിവിലേജുകള്‍ എനിക്ക് ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിയുന്ന നിരവധി യുവ തടവുകാരെ ഞാന്‍ ജയിലില്‍ കണ്ടു. നീണ്ട നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത കശ്മീരി യുവാക്കളെ ഞാന്‍ കണ്ടുമുട്ടി. അവരുടെ കഷ്ടപ്പാടുകള്‍ കേട്ടപ്പോള്‍ എനിക്ക് കണ്ണുനീര്‍ പൊടിഞ്ഞു.

തിഹാറിലെ ഒരു പ്രമുഖ തടവുകാരന്‍ എന്നോട് പറഞ്ഞു, ”നിങ്ങള്‍ ഇവിടെ വന്നതില്‍ എനിക്ക് സങ്കടവും സന്തോഷവുമുണ്ട്. മറ്റ് മാധ്യമപ്രവര്‍ത്തകരും ഇവിടെ വന്ന് തടവുകാരുടെ അവസ്ഥ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ നിങ്ങള്‍ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെയും ഞങ്ങളുടെ കഥകളെയും കുറിച്ച് ലോകത്തോട് സംസാരിക്കാന്‍ കഴിയും.

മറ്റു പലര്‍ക്കും ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പിന്തുണ ഉണ്ടാകില്ല. അതിനാല്‍ ആളുകള്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിവേചനരഹിതമായി നിഷേധിക്കരുത്. വിചാരണ തടവുകാരെ, പ്രത്യേകിച്ച് ഹാഷ്ടാഗ് ക്യാംപയിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്തവരുടെ അവസ്ഥ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ കരുതുന്നു.

ഇനി എന്തെങ്കിലും പ്രത്യാശ കാണുന്നുണ്ടോ ?

കുട്ടികള്‍ പരസ്പരം വെറുക്കുന്നവരോ തങ്ങളെക്കുറിച്ചുതന്നെ ആത്മവിശ്വാസക്കുറവുള്ളവരോ ആയി വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ കള്ളം പറയില്ല – ഞാന്‍ പ്രത്യാശ കാണുന്നില്ല. എന്റെ വീക്ഷണത്തില്‍, ഈ രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കും അല്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ വഷളാകും. എന്നിരുന്നാലും, നിശബ്ദത പാലിക്കുന്നത് ഒരു ഓപ്ഷനാണെന്ന് ഞാന്‍ കരുതുന്നില്ല. സത്യം പറയുന്നതില്‍ തുടരാന്‍, നമുക്കുള്ള എല്ലാ വിഭവങ്ങളും നാം മുറുകെ പിടിക്കേണ്ടതുണ്ട്. ഇതുവരെ, ഞാന്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വ്യാജ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യാറാണുണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുന്നതിലായിരിക്കും എന്റെ ശ്രദ്ധ.

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

 

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles