Current Date

Search
Close this search box.
Search
Close this search box.

ഫാഷിസത്തിന്റെ ആക്രമണത്തിന് ജാതിയും മതവുമുണ്ട്

shakir-t-velom.jpg

രാജ്യത്തിന് മേലുള്ള ഫാഷിസത്തിന്റെ പിടുത്തം അനുദിനം മുറുകി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഏത് തരത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിനും അതിന്റേതായ പ്രസക്തിയുണ്ട്. അത്തരത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ഒന്നാണ് കേരളക്കരയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ധീരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള യുവജന സംഘടനയായ സോളിഡാറ്റിയുടെ ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്ന തലക്കെട്ടിലുള്ള കാമ്പയിന്‍. കാമ്പയിന്റെ പശ്ചാത്തലത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ വേളം ഇസ്‌ലാം ഓണ്‍ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖം:

* ഫാഷിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സോളിഡാരിറ്റി ഇത്തരം ഒരു കാമ്പയിന്‍ മുന്നോട്ടു വെക്കുന്നതിന്റെ പ്രസക്തി എന്താണ്?
– രാജ്യവ്യാപകമായി ഫാഷിസത്തിനെതിരെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വന്നിരിക്കുന്ന ഒരു പശ്ചാത്തലമാണിത്. സംഘ്പരിവാറിന്റെ ഭാഗത്തു നിന്നും ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങളും അനീതികളും നടമാടുന്ന പശ്ചാത്തലം നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സംവിധാനങ്ങളും സ്ഥാപനങ്ങളും കാവിവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടന്നു കൊണ്ടിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് സോളിഡാരിറ്റി ഫാഷിസത്തെയും സംഘ്പരിവാറിനെയും കുറിച്ച് സംസാരിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിനുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം സംഘ്പരിവാറിനെ മുന്‍നിര്‍ത്തി മറ്റു ചില കാര്യങ്ങള്‍ രാജ്യത്തോട് പറയണമെന്നും സോളിഡാരിറ്റി ഇതിലൂടെ ആഗ്രഹിക്കുന്നു. സംഘ്പരിവാറിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ തന്നെയുള്ളതാണ് അതിന്റെ വംശീയ മുന്‍വിധികള്‍. നാം സംഘ്പരിവാറിനെ കുറിച്ചും ഇന്ത്യന്‍ ഫാഷിസത്തെ കുറിച്ചും സംസാരിക്കുമ്പോള്‍, പ്രത്യേകിച്ചും കേരളീയ അന്തരീക്ഷത്തില്‍ പലപ്പോഴും ഉന്നയിക്കാതെ പോകുന്ന കാര്യമാണ് അത് മുന്നോട്ടു വെക്കുന്ന വംശീയ വിദ്വേഷങ്ങളും മുന്‍വിധികളും. അവയെ തിരിച്ചറിയുകയും പ്രശ്‌നവല്‍കരിക്കുകയും അതിന് ഫലപ്രദമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു കൊണ്ട് മാത്രമേ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ എന്നാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്.

* കാമ്പയിന്‍ തലക്കെട്ടില്‍ ‘സംഘ്പരിവാര്‍’ എന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ പേരെടുത്ത് തന്നെ പറഞ്ഞതു കൊണ്ട് സോളിഡാരിറ്റി എന്താണ് ഉദ്ദേശിക്കുന്നത്?
– ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്നാണ് സോളിഡാരിറ്റി പറയുന്നത്. ഇന്ത്യയെന്നത് അടിസ്ഥാനപരമായി സംഘ്പരിവാറിന്റേതല്ല എന്ന ആശയം അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ആ ആശയം തന്നെയാണ് അതിലെ ഏറ്റവും വലിയ പ്രകോപനം എന്നാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നത്. ഇന്ത്യന്‍ ദേശീയതയെ വളരെ വേഗത്തില്‍ സംഘ്പരിവാര്‍ ആശയങ്ങളും സംഘടനകളും ആന്തരികവല്‍കരിക്കുകയും എന്നിട്ടവര്‍ വരണ്ട ദേശീയതയുടെ കീഴില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ ആശയങ്ങളെയും ജനവിഭാഗങ്ങളെയും ദേശവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുകയെന്നതാണ് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദേശസ്‌നേഹികളുടെയും ദേശദ്രോഹികളുടേതുമായ രണ്ട് ദ്വന്ദങ്ങള്‍ കൃത്യമായി സൃഷ്ടിക്കപ്പെടുന്നു. സംഘ്പരിവാര്‍ ദേശസ്‌നേഹികളെ പ്രതിനിധീകരിക്കുന്നവരും സംഘ്പരിവാറിനെ എതിര്‍ക്കുന്ന ആശയങ്ങളും ജനങ്ങളും ദേശദ്രോഹികളുമായി മാറുന്നു. ഹൈദരാബാദില്‍ ആത്മാഹുതി ചെയ്ത രോഹിത് വിമുലയെന്ന വിദ്യാര്‍ഥിക്കെതിരെ ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി നല്‍കിയ കത്ത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യദ്രോഹ പ്രവര്‍ത്തനം സര്‍വകലാശാലയില്‍ നടക്കുന്നു, അതിന് നേതൃത്വം കൊടുക്കുന്നവരാണ് രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ എന്നാണ് അതില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അവര്‍ അവിടെ ഉയര്‍ത്തുന്നത് കീഴാള രാഷ്ട്രീയമാണ്. ദലിത്-കീഴാള രാഷ്ട്രീയത്തെ രാജ്യദ്രോഹമാക്കി മാറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത് സംഘ്പരിവാറിന്റെ ഈ ദ്വന്ദവല്‍കരണത്തിലൂടെയാണ്. ഈയൊരു ദ്വന്ദത്തെ മറിച്ചിടാനുളള ബോധപൂര്‍വമായ ശ്രമമാണ് സോളിഡാരിറ്റി ഉയര്‍ത്തുന്ന ഈ മുദ്രാവാക്യം ഉദ്ദേശിക്കുന്നത്.

* കൊച്ചിയിലെ മനുഷ്യ സംഗമത്തിന്റെയും കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെയും പശ്ചാത്തലത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നു എന്ന തരത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നിരുന്നു. സോളിഡാരിറ്റി എങ്ങനെയാണതിനെ കാണുന്നത്?
– ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടരുത് എന്നാണ് സോളിഡാരിറ്റിയുടെ ആത്മാര്‍ഥമായ ആഗ്രഹം. എല്ലാ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെയും കഴിവിന്റെ പരമാവധി ശക്തിപ്പെടുത്താനും വളര്‍ത്താനുമാണ് കഴിഞ്ഞ 14 വര്‍ഷം സോളിഡാരിറ്റി ശ്രമിച്ചിട്ടുള്ളത്. മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും മാറ്റി നിര്‍ത്തികൊണ്ട് മനുഷ്യത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ആളുകളെയും ചേര്‍ത്തു നിര്‍ത്തി വളര്‍ത്തിയെടുക്കേണ്ടതാണ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെന്നു സോളിഡാരിറ്റി വിശ്വസിക്കുന്നു. കാരണം ഫാഷിസം ഉയര്‍ത്തുന്ന പ്രതിസന്ധി സംഘടനകള്‍ക്കും ജനവിഭാഗങ്ങള്‍ക്കും ഇടയിലുള്ള രാഷ്ട്രീയപരവും അല്ലാത്തതുമായ അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ ഭീകരമാണ്.

അതേസമയം കേരളത്തില്‍ നടന്ന രണ്ട് സംഗമങ്ങള്‍, കൊച്ചിയില്‍ നടന്ന മനുഷ്യസംഗമവും കോഴിക്കോട് നടന്ന അമാനവ സംഗമവും ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നുണ്ടോ എന്ന ആശങ്ക മുന്നോട്ടു വെക്കുന്നുണ്ട്. അപ്പോള്‍ ആരാണ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ദുര്‍ബലപ്പെടുത്തുന്നത് എന്ന ചോദ്യം ന്യായമായും ഉന്നയിക്കേണ്ടി വരും. ഇസ്‌ലാം പേടിയുടെ അന്തരീക്ഷം നമ്മുടെ രാജ്യത്തും നിലനില്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാംപേടിയെ സംഘ്പരിവാര്‍ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ മനുഷ്യസംഗമത്തിലെ ചില സംഘാടകരെങ്കിലും ഇസ്‌ലാം പേടിയുടെ ഇരകളാളെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുന്‍വിധിയോടെ അകറ്റി നിര്‍ത്തുന്നത് അതിന്റെ ഭാഗമായിട്ടാണ്. ഇസ്‌ലാംപേടി തന്നെയാണ് സംഘ്പരിവാറിന്റെയും ഇക്കാലത്തെ പ്രധാന പ്രചരണായുധം. അതുകൊണ്ടു തന്നെ ഇസ്‌ലാംപേടിയെ ഉള്ളില്‍ വഹിച്ചു കൊണ്ട് ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയെയും കെട്ടിപ്പടുക്കാനാവില്ലെന്നാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്.

* ഫാഷിസ്റ്റുകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. അതില്‍ എത്രത്തോളം ശരിയുണ്ട്?
– ഇന്ത്യയിലെ ഫാഷിസത്തിനെതിരെ പലതരത്തിലുള്ള പ്രതിരോധങ്ങളും രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങളുമുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധം ഇടതുപക്ഷത്തിന്റേതാണെന്ന് തോന്നുന്നില്ല. കാരണം ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധങ്ങളെന്ന് പറയുന്നത് കേരളത്തിലും വെസ്റ്റ്ബംഗാളിലുമുള്ള ജനകീയ പ്രതിരോധങ്ങളാണ്. എന്നാല്‍ രാജ്യവ്യാപകമായി അക്കാദമിക തലത്തിലും ആശയതലങ്ങളിലും ജനകീയ സ്വഭാവത്തിലും സംഘ്പരിവാര്‍ വിരുദ്ധ പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്. ബീഹാറിലെയും ഡല്‍ഹിയിലെയും സംസ്ഥാന തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം തന്നെ ജനകീയ സ്വഭാവത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനമായിരുന്നു. ആ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് എന്തെങ്കിലും സവിശേഷമായ പങ്കുള്ളതായി അറിയില്ല. എന്നാല്‍ രാജ്യത്ത് നടക്കുന്ന വിവിധ സ്വഭാവത്തിലുള്ള സംഘ്പരിവാര്‍ വിരുദ്ധ കാമ്പയിനുകളെ ശക്തിപ്പെടുത്തുക എന്നത് സോളിഡാരിറ്റിയുടെ ഈ കാമ്പയിന്റെ ലക്ഷ്യമാണ്.

ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പരിമിതികള്‍ കൂടിയുണ്ടെന്നുള്ളതാണ്. സംഘ്പരിവാര്‍ തങ്ങളെ എതിര്‍ക്കുന്നവരെ പല രീതിയിലാണ് കടന്നാക്രമിക്കുന്നത്. അവര്‍ ദലിതുകളെ ആക്രമിക്കുന്നു, മുസ്‌ലിംകളെ ആക്രമിക്കുന്നു, മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു, കമ്മ്യൂണിസ്റ്റുകളെ ആക്രമിക്കുന്നു. ഇങ്ങനെ ഓരോ ജനവിഭാഗത്തിനെ കടന്നാക്രമിക്കാനും അതിന്റേതായ ന്യായങ്ങളും ആശയങ്ങളും അവര്‍ക്കുണ്ട്. സംഘ്പരിവാര്‍ ദലിത് വിഭാഗത്തെ കടന്നാക്രമിക്കുന്നത് അവര്‍ മുന്നോട്ടു വെക്കുന്ന ജാതിബോധത്തിന്റെ കൂടി ഭാഗമായിട്ടാണ്. മുസ്‌ലിംകളെ കടന്നാക്രമിക്കുന്ന് സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്ന വംശീയ മുന്‍വിധിയുടെ ഭാഗമാണ്. അതിനെ ഇത്തരത്തില്‍ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചിട്ടില്ല. രാജ്യത്തെ പൗരന്‍മാരെയാണ് ഫാഷിസം കടന്നാക്രമിക്കുന്നതെന്ന് അവര്‍ പറയുമ്പോള്‍ പൗരത്വത്തിന്റെ മാത്രം പ്രശ്‌നമായിട്ടാണ് പലപ്പോഴും അവര്‍ ഫാഷിസം ഉയര്‍ത്തുന്ന പ്രശ്‌നത്തെ സമീപിക്കുന്നത്. കോര്‍പറേറ്റ് വല്‍കരണമാണ് ഫാഷിസം ചെയ്യുന്നത് അതിന്റെ ഇരകള്‍ മുഴുവന്‍ ജനങ്ങളുമാണ്, അതിന് ജാതിയോ മതമോ ഇല്ലെന്ന് അവര്‍ പറയുമ്പോള്‍ ഒരു സാമ്പത്തിക പ്രശ്‌നമായിട്ട് മാത്രമാണ് അതിനെ മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഫാഷിസത്തിന്റെ ആക്രമണത്തിന് മതവും ജാതിയും ഉണ്ടെന്നാണ് സോളിഡാരിറ്റി പറയുന്നത്. രണ്ടാമതായി ഫാഷിസം ഏറ്റവുധികം ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ദേശീയതയെയും അതിന്റെ ഭാഗമായിട്ടുള്ള സംസ്‌കാരത്തെയുമാണ്. ഇതില്‍ ഇടതുപക്ഷത്തിന്റെ നിലപാടെന്ത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ദേശീയതയിലും ദേശീയ സംസ്‌കാരത്തിലും അടങ്ങിയിരിക്കുന്ന സവര്‍ണാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇടതുപക്ഷത്തിന് ആശയപരമായും പ്രായോഗികമായും കരുത്തുണ്ടോ എന്ന സംശയം ന്യായമാണ്.

* കാമ്പയിന്റെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?
– കാമ്പയിന്റെ ആശയം പൊജുജനങ്ങളിലേക്ക് കൈമാറുന്നതിന് അഞ്ച് വലിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് മുന്‍സിപാലിറ്റി ഭരണം ലഭിച്ച പാലക്കാട് വെച്ചാണ് കാമ്പയിന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള, ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന ടീസ്റ്റ സെറ്റല്‍വാദാണ് കാമ്പയിന്‍ പ്രഖ്യാപിനം നിര്‍വഹിച്ചത്. വധിക്കുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും സംഘ്പരിവാര്‍ ഭീഷണിപ്പെടുത്തിയിട്ടുള്ള, മംഗലാപുരം കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ സമരങ്ങളുടെയും സംഘ്‌വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണി പോരാളിയായ ദിവ്യ ദിനകര്‍ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു. മണ്ഡല്‍ കമ്മീഷന്റെ 25ാം വാര്‍ഷികം അനുസ്മരിച്ച് കോഴിക്കോട് സമ്മേളനം നടന്നു. പ്രമുഖ ദലിത് ആക്ടിവിസറ്റ് കാഞ്ച എലയ്യയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. ബഹുജന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി മുന്നോട്ടു വെക്കുന്ന സമ്മേളനമായിരുന്നു അത്. സംഘ്പരിവാറിന്റെ ജാതിയെ കുറിച്ച് ആലപ്പുഴയില്‍ സെമിനാര്‍, മോദി സര്‍ക്കാറിനോട് പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച സാംസ്‌കാരിക സംഗമം തൃശ്ശൂരില്‍, തിരുവനന്തപുരത്തും മലപ്പുറത്തും നടക്കുന്ന ബഹുജന റാലികള്‍ തുടങ്ങിയവക്ക് പുറമേ പ്രാദേശിക തലങ്ങളില്‍ പദയാത്രകള്‍, ഫിലിം പ്രദര്‍ശനം, സൗഹൃദ കൂട്ടായ്മകള്‍ തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്.

* കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം എങ്ങനെയാണ് സ്വീകരിക്കുന്നത്?
– കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും നല്ല പിന്തുണയും സഹകരണവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ നാട് കൊതിച്ചു കൊണ്ടിരുന്ന ഒരു കാമ്പയിനാണ് ഇതെന്നാണ് അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നുവോ എന്ന ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് ഫാഷിസ്റ്റ് വിരുദ്ധരായ പരമാവധി ആളുകളെ സമാഹരിച്ച് ഈ കാമ്പയിനുമായി സോളിഡാരിറ്റി മുന്നോട്ടു പോകുന്നത്. കേരളത്തിലെ ഫാഷിസ്റ്റ്, സംഘ്പരിവാര്‍ വിരുദ്ധരായ ആളുകളെയത് സന്തോഷിപ്പിക്കുകയും അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നുണ്ട് എന്നത് ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു.

Related Articles