Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കൈയേറിയ അവസാന വീടും തിരികെ പിടിക്കുന്നത് വരെ പോരാട്ടം തുടരും

Untitled-2.jpg

ഡോ. ഇബ്രാഹിം ഫാരിസ് അല്‍ യസൗരി. 1940ല്‍ ഫലസ്തീന്‍ ഗ്രാമമായ ബയ്തു ദാര്‍സില്‍ ജനിച്ച അദ്ദേഹം തന്റെ 1948ല്‍ ഫലസ്തീനില്‍ ജൂതന്മാരുടെ അധിനിവേശം മൂലം എട്ടാം വയസ്സില്‍ കുടുംബവുമൊത്ത് അഷ്‌ദോദിലേക്ക് കുടിയേറി. ചെറുപ്പകാലമെല്ലാം അഭയാര്‍ത്ഥി ക്യാംപുകളിലായിരുന്നു. അഭയാര്‍ത്ഥി ക്യാംപുകളിലെ ടെന്റുകളായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വീട്. യു.എന്നിന്റെ സ്‌കൂളില്‍ നിന്നായിരുന്നു പഠനം. 1960ല്‍ ഫാര്‍മസി പഠനത്തിനായി ഈജിപ്തിലേക്ക് പോയി. അവിടെ നിന്നാണ് അദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേരുന്നത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടെ ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവായി മാറുകയായിരുന്നു. പഠന ശേഷം അദ്ദേഹം ഗസ്സയില്‍ തിരിച്ചെത്തി. അവിടെ ഒരു ഫാര്‍മസി ആരംഭിച്ചു. തുടര്‍ന്ന് ഗസ്സയില്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി സജീവമായി.

1967ലെ യുദ്ധത്തോടെ ഇസ്രായേല്‍ ഗസ്സയില്‍ അധിനിവേശം നടത്തിയ സമയത്ത് ബ്രദര്‍ഹുഡ് ഈജിപ്തിലെ മാതൃസംഘടനയില്‍ നിന്നും വേറിട്ടു. ഗസ്സയില്‍ ഈ സംഘം ഇസ്രായേല്‍ അധിനിവേശങ്ങളെ ചെറുക്കാന്‍ നിലകൊണ്ടു. 20 വര്‍ഷങ്ങള്‍ക്കു ശേഷം 1987ല്‍ അല്‍ യസൗരിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഒന്നാം ഇന്‍തിഫാദക്ക് തുടക്കമിട്ടത്. അതിനു ശേഷമാണ് അദ്ദേഹം ഇസ്രായേലിന്റെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഹമാസിന് തുടക്കമിട്ടത്.

ഹമാസിന്റെ സ്ഥാപക നേതാവ് ഡോ. ഇബ്രാഹിം ഫാരിസ് അല്‍ യസൗരിയുമായി ഗസ്സയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഅ്താസിം ദലൂല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും.

 

എന്തിനാണ് ഹമാസ് രൂപീകരിച്ചത്?

ഇസ്രായേലിന്റെ അധിനിവേശം തടയാനും പ്രതിരോധിക്കാനും വേണ്ടിയാണ് ഹമാസിന് തുടക്കമിട്ടത്. ഞങ്ങളുടെ വീടുകള്‍ നശിപ്പിച്ച,രാജ്യം തകര്‍ത്ത,ജനങ്ങളെ കൂട്ടക്കൊല ചെയ്ത,ഞങ്ങളെ നാടുകടത്തിയ ഇസ്രായേലിനെതിരേ പടപൊരുതുക എന്നതു തന്നെയാണ് ഉദ്ദേശം.

എങ്ങനെയായിരുന്നു ഹമാസിന്റെ രൂപീകരണം?

1967ലെ ഇസ്രായേലിന്റെ ഗസ്സയിലെ ആറു ദിവസത്തെ യുദ്ധം അവസാനിച്ചതോടെ ഗസ്സ,വെസ്റ്റ് ബാങ്ക്,കിഴക്കന്‍ ജറൂസലം,സിനായി,ഗോലന്‍ എന്നീ പ്രദേശങ്ങളെല്ലാം ഇസ്രായേല്‍ അധീനപ്പെടുത്തി. ഈ സമയത്താണ് മുസ്‌ലിം ബ്രദര്‍ഹുഡിലെ എന്റെ സുഹൃത്തുക്കളെല്ലാം ഇതിനെതിരേ പ്രതികരിക്കണമെന്നു പറഞ്ഞ് രംഗത്തെത്തിയത്. അതിനു വേണ്ടി കൂടുതല്‍ പ്രവര്‍ത്തകരെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നാണ് എല്ലാവരും നിര്‍ദേശിച്ചത്. അങ്ങനെ ജനകീയ അടിത്തറയില്‍ മാത്രമേ ഇസ്രായേലിനെ നേരിടാനിറങ്ങാവൂ എന്ന അഭിപ്രായവുമുയര്‍ന്നു. അപ്പോഴേക്കും ഇസ്രായേല്‍ തങ്ങളുടെ കൈയേറ്റവും അക്രമവും വ്യാപകമാക്കിയിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ ശക്തമായി പ്രതികരിക്കാന്‍ ഒരുമിച്ചു കൂടിയത്. ഈ സമയം ഞങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. അന്നു മുതല്‍ തന്നെ ഞങ്ങളുടെ ആയുധം കല്ലുകളും കുപ്പികളുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശൈഖ് യാസീന്റെ വീട്ടില്‍ വച്ചാണ് ഹമാസ് രൂപീകരിക്കുന്നത്. ആദ്യത്തില്‍ പേര് ‘ഹംസ്’ എന്നായിരുന്നു. പിന്നീടാണ് ആവേശം എന്നര്‍ത്ഥമുള്ള ഹമാസായി മാറുന്നത്. കല്ലുകൊണ്ടുള്ള ഒന്നാം ഇന്‍തിഫാദയോടെയാണ് ഹമാസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

മുസ്ലിം ബ്രദര്‍ഹുഡുമായി നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഈജിപിതിലും മറ്റുമുള്ള മുസ്ലിം ബ്രദര്‍ഹുഡുമായി ഞങ്ങള്‍ക്ക് ഇപ്പോള്‍ സംഘടനാപരമായ ബന്ധമൊന്നുമില്ല. എന്നാല്‍ ആദര്‍ശപരമായ ബന്ധമുണ്ട്. രണ്ടു ഇസ്‌ലാമിക പ്രസ്ഥാനവും തങ്ങളുടെ രാജ്യം കൈയേറിയവര്‍ക്കെതിരേ പോരാട്ടം നടത്താന്‍ രൂപീകരിച്ച സംഘടനയാണ്. രണ്ടു പേരും അവരുടെതായ രാഷ്ട്രീയ,ഭൂമിശാസ്ത്ര സാഹചര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ ലക്ഷ്യമുണ്ട്. ഹമാസ് രൂപീകരിച്ച സമയത്ത് ഞങ്ങള്‍ ബ്രദര്‍ഹുഡിന്റെ സായുധ വിഭാഗമായിട്ടാണ് കണക്കാക്കിയത്. പിന്നീട് ബ്രദര്‍ഹുഡിന്റെ കീഴില്‍ ഞങ്ങള്‍ നിരവധി പോരാട്ടങ്ങളാണ് നടത്തിയിരുന്നത്.

എന്താണ് നിങ്ങളുടെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും?

ഞങ്ങളുടെ മാര്‍ഗം കല്ലുകളും,ടയറുകളും,ഉപരോധങ്ങളും,ഇസ്രായേല്‍ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണങ്ങളുമാണ്. മേഖലയില്‍ നിന്ന് തങ്ങളെ തുടച്ചുനീക്കാന്‍ ഇസ്രായേല്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനെയെല്ലാം പ്രതിരോധിച്ച് പ്രാദേശിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, ഇസ്രായേലില്‍ നിന്നും നാടിനെ പൂര്‍ണമായും മോചിപ്പിച്ച് നമ്മുടെ നാടും വീടും തിരിച്ചുപിടിക്കണം.

ജൂതന്മാരില്‍ നിന്നും ഇസ്രായേലില്‍ നിന്നും നിങ്ങള്‍ എങ്ങനെയാണ് വേറിട്ടു നില്‍ക്കുന്നത്?

തീര്‍ച്ചയായും അവരില്‍ നിന്ന് ഞങ്ങള്‍ തികച്ചും വ്യത്യസ്തരാണ്. അവര്‍ ഞങ്ങളുടെ ഭൂമി കൈയേറി ഞങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ തുടരുകയാണവര്‍. ഞങ്ങള്‍ ആദരിക്കുന്ന ഒരു മതത്തില്‍ വിശ്വസിച്ചവരാണവര്‍. ഞങ്ങള്‍ക്ക് അവര്‍ ശത്രുക്കളല്ല. എന്നാല്‍ അവര്‍ക്ക് ഞങ്ങളോട് വെറുപ്പും ശത്രുതയുമാണ്.

ഫലസ്തീന്‍ മോചിപ്പിച്ചാല്‍ അവരെ നിങ്ങളുടെ കൂടെ താമസിക്കാന്‍ അനുവദിക്കുമോ?

തീര്‍ച്ചയായും ഞങ്ങള്‍ അവരെ നമ്മുടെ കൂടെ തന്നെ നിലനിര്‍ത്തും. അവര്‍ ദശലക്ഷക്കണക്കിന് ആളുകളുണ്ടെങ്കിലും അവരെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തും. ഞങ്ങള്‍ക്ക് അവരുമായി യാതൊരു ശത്രുതയും പ്രശ്‌നങ്ങളുമില്ല. കഴിഞ്ഞകാല ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് വ്യക്തമാകും. ഇസ്ലാമിക ഭരണത്തിനു കീഴില്‍ ജൂതന്മാര്‍ സമൃദ്ധമായി തന്നെയാണ് ജീവിച്ചിരുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ നിങ്ങള്‍ എന്തൊക്കെ നേടി?

ഇസ്രായേലിന്റെ അധിനിവേശത്തിനെതിരേയും അതിക്രമത്തിനെതിരേയും ശക്തമായി പോരാടി. പ്രതിഷേധത്തിന്റെ തീജ്വാലകള്‍ ഊതിക്കെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും മറ്റും വലിയ ശ്രമമുണ്ടായി. അതിനെയെല്ലാം നേരിട്ടു മുന്നോട്ടു പോയി. ഫലസ്തീനികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടി. ഇസ്രായേലിന്റെ മര്‍ദനങ്ങള്‍ക്കിരയായവര്‍ക്ക് ഹമാസ് പ്രതീക്ഷയേകി. ഫലസ്തീനികള്‍ക്കായുള്ള ചെറുത്തു നില്‍പ്പിലൂടെ ഹമാസ് ലോകശ്രദ്ധ നേടി. സയണിസ്റ്റുകളെല്ലാം ശത്രുക്കളാണെന്നാണ് ഫല്‌സ്തീന്‍ ജനത കരുതിയിരിക്കുന്നത്. എന്നാല്‍ ഹമാസ് അങ്ങനെയല്ല കാണുന്നത്. ജൂതരും സയണിസ്റ്റുകളും രണ്ടാണെന്നാണ്. ഇസ്രായേല്‍ കൈയേറിയ അവസാന വീടും നാടും തിരികെ പിടിക്കുന്നത് വരെ ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.

 

Related Articles