Current Date

Search
Close this search box.
Search
Close this search box.

ടിയനന്മെൻ, റാബിയ അൽ അദവിയ്യ, പിന്നെ മ്യാന്മറും

പട്ടാള ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധ നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനക്കൂട്ടങ്ങളുടെ നേരെ സൈനിക നരനായാട്ട് നടക്കുന്നത് ആദ്യമല്ല. 1919 ഏപ്രിൽ 13ന് ജാലിയൻവാലാ ബാഗിൽ ബ്രിഗേഡിയർ ജനറൽ റജിനാൾഡ് ഡയറിന്റെ നേതൃത്വത്തിൽ നിരായുധരായ 379 സിവിലിയന്മാരെ കൊന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭീകര താണ്ഡവം നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ ചോര പുരണ്ട താളുകളാണല്ലോ. ബീജിംഗിലെ ടിയനൻമെൻ സ്‌ക്വയറിൽ കമ്യൂണിസ്റ്റ് സ്വേഛാധിപതി ഡെംഗ് സിയാവോപിങിന്റെ പട്ടാളം മുതൽ ഈജിപ്തിലെ പട്ടാള ജനറൽ അബ്ദുൽ ഫത്താഹ് അൽ സീസിയടെയും മ്യാന്മറിൽ ജനറൽ മിൻ ഓങ് ഹിലായിംഗിന്റെയും സൈന്യം വരെ ജനങ്ങളുടെ നെഞ്ചത്തേക്ക് വെടിയുണ്ട പായിച്ചവരാണ്. ആയിരങ്ങളുടെ ചോരപ്പുഴ ഒഴുകിയിട്ടും ഒരിറ്റ് മനുഷ്യത്വം പ്രകടിപ്പിക്കാത്തവരാണിവർ.

Assistance Association for Political Prisoners (AAPP) എന്ന അഡ്‌വോകേസി ഗ്രൂപ്പ് ഇന്ന പുറത്തുവിട്ട കണക്കനുസരിച്ച് മ്യാന്മറിൽ ഒരൊറ്റ ദിവസം പട്ടാളം വെടിവെച്ചുകൊന്നത് 141 പേരെയാണ. (114 എന്നായിരുന്നു ആദ്യ കണക്ക്). 512 സിവിലിയന്മാർക്ക് ഇതിനകം അവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരൊറ്റ ദിവസം നൂറിലേറെ പേരെ വെടിവെച്ചുകൊന്ന പട്ടാള ഭരണകൂട ഭീകരതയെ അപലപിച്ചതു കൊണ്ടുമാത്രം കാര്യമില്ല. ക്രിയാത്മക നടപടികൾ ഉണ്ടായില്ലെങ്കിൽ പട്ടാള ജണ്ട ആ രാജ്യത്തെ കുട്ടിച്ചോറാക്കും. ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊന്ന അൽ സീസിയുടെ ഈജിപ്തും സിറിയയിലെ ബശ്ശാറുൽ അസദും നമുക്ക് പാഠങ്ങളാണ്. അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്ത്വീനികളുടെമേൽ ഇസ്രായിലിലെ സയണിസ്റ്റ് പട്ടാളം കഴിഞ്ഞ 70 വർഷത്തിലേറെയായി നടത്തിവരുന്ന നിഷ്ഠൂരമായ കൊലകളും അടിച്ചമർത്തലുകളും മറന്നുകൂടാ.

ആധുനിക ചരിത്രത്തിൽ ഒരൊറ്റ ദിവസം ആയിരത്തോളം നിരപരാധരായ ജനങ്ങളെ പട്ടാളം വെടിവെച്ചുകൊന്ന ഏറ്റവും ഭീകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ച കൈറോയെ നമുക്ക് മറക്കാനാകുമോ? ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസി സർക്കാറിനെ അട്ടിമറിച്ച സിസിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്കുനേരെ 2014 ഓഗസ്റ്റ് 14ന് കിഴക്കൻ കൈറോയിലെ നസർ സിറ്റിയിലെ റാബിയ അൽ അദവിയ്യ സ്‌ക്വയറിലും നഹ്ദ സ്‌ക്വയറിലും പട്ടാളം നടത്തിയ വെടിവെപ്പിൽ ധീര രക്തസാക്ഷികളായത് 904 പേരാണ്. ഇതിൽ 817ഉം റബയിൽ മാത്രമാണ് കൊല്ലപ്പെട്ടത്. ഒരൊറ്റ ദിവസത്തെ കണക്കാണിത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരാളെപ്പോലും സിസിയുടെ കിങ്കരന്മാർ വെറുതെ വിട്ടില്ല.

 

ഇന്ന് മ്യാന്മറിലെ കൂട്ടക്കുരുതിയെ അപലപിക്കാനെങ്കിലും അമേരിക്കയും ബ്രിട്ടനുമൊക്കെ തയ്യാറായത് നല്ല കാര്യം. ഏഴു കൊല്ലം മുമ്പ് ഈജിപ്തിൽ അതിഭീകരമായ കൂട്ടക്കൊല നടന്ന സമയത്ത് ഇവരുടെയൊന്നും നാവ് പൊങ്ങിയിരുന്നില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. അതിന് കാരണമുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും മുഹമ്മദ് മുർസി ഇസ്ലാമിക സ്വാധീനമുള്ളയാളാണ്. അതിനാൽ അവർ ഭരണത്തിൽ തുടരരുത്! ഇതു തന്നെയല്ലേ 2006ൽ ഫലസ്ത്വീനിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ ജയിച്ചത് ഹമാസ് ആയതിനാൽ അവരെ ഭരിക്കാൻ അനുവദിക്കരുതെന്ന് നെതന്യാഹുവും മഹ്മൂദ് അബ്ബാസും ജൂനിയർ ബൂഷും കോണ്ടലിസ റൈസുമൊക്കെ തീരുമാനിക്കുന്നു. അൽജീരിയയിൽ ജനാധിപത്യപരമായി ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോൾ അവിടെ പട്ടാളത്തെ ഇറക്കിച്ചത് സീനിയർ ബുഷ് ആയിരുന്നു. അതിനുശേഷം ഒരു വിഭാഗം ജനങ്ങൾ തീവ്രവാദത്തിലേക്ക് ഒഴുകിയ ആ രാജ്യത്ത് സിവിലിയന്മാർ ഉൾപ്പെടെ ലക്ഷത്തിലേറെ പേർക്കാണ് പിന്നീട് ജീവൻ നഷ്ടപ്പെട്ടത്.

തിരിഞ്ഞു നോക്കിയാൽ ടിയനന്മെൻ സ്‌ക്വയറിനും കൈറോയുടേതിന് സമാനമായ കഥ പറയാനുണ്ട്. 1989 ജൂൺ മൂന്നിനും നാലിനുമിടയിലെ 24 മണിക്കൂറിനിടയിൽ ചെമ്പട കൂട്ടക്കൊല ചെയ്ത പ്രക്ഷോഭകരുടെ എണ്ണം 800 ഓളം വരും. അക്കാലത്ത് ഡസ്‌കിൽ വാർത്താ ഏജൻസികളുടെ ടിയനന്മെൻ റിപ്പോർട്ടുകൾ പരിഭാഷപ്പെടുത്തിയത് ഇന്നും ഓർമകളിലുണ്ട്. മനസ്സിനെ വിറങ്ങലിപ്പിച്ച ദിനങ്ങൾ. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിനു കീഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട യുവാക്കൾ ഒരിറ്റ് സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിൽ ഇറങ്ങിയപ്പോൾ തോക്കുകളും ടാങ്കുകളുമായാണ് പീപ്പിൾസ് ലിബറേഷൻ ആർമി എന്ന പേരിൽ അറിയപ്പെടുന്ന ചെമ്പട അവരെ നേരിട്ടത്. കുറേ യുവാക്കൾ ടാങ്കുകൾക്കടിയിൽ ചതഞ്ഞു മരിച്ചു. പ്രസ്തുത ഭീകരതയുടെ വാർഷികം ആചരിക്കാൻ പോലും വൻമതിലിന്റെ നാട്ടിൽ സ്വാതന്ത്ര്യമില്ല.

ടിയനന്മെനിനെക്കുറിച്ച ചർച്ച പോലും അനുവദിക്കാത്ത ചൈന, സ്വന്തം ജനതയിൽ പുതിയൊരു ശത്രുവിനെ കണ്ടെത്തി – സിൻജിയാംഗ് പ്രവിശ്യയിലെ ഉയിഗൂർ മുസ്ലിം ജനത. കടുത്ത പീഡനങ്ങളാണ് ഉയിഗൂറുകൾക്ക് നേരിടേണ്ടി വരുന്നത്. സൈന്യം പീഡിപ്പിച്ചു കൊന്നവരുടെയും സൈനിക നടപടിയിൽ ‘അപ്രത്യക്ഷരായവരു’ടെയും കണക്ക് ലഭ്യമല്ല. നിർബന്ധ വന്ധ്യംകരണം, റമദാനിൽ വ്രതമനുഷ്ഠിക്കുന്നവരെ നിർബന്ധിച്ച് ഭക്ഷിപ്പിക്കൽ തുടങ്ങിയവയാണ് അവിടെ സൈനികർ നടത്തിവരുന്ന മറ്റു മനുഷ്യാവകാശ ലംഘനങ്ങൾ. ഇതൊക്കെ തലതിരിഞ്ഞ ഉയിഗുർ മുസ്ലിംകൾക്കുള്ള ‘വൊക്കേഷനൽ ട്രെയിനിംഗ്’ ആണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്!

2005 മേയ് 12 ന് പഴയ സോവിയറ്റ് യൂനിയന്റെ അവശിഷ്ടമായ ഉസ്‌ബെക്കിസ്ഥാനിൽ ഇസ്ലാം കരീമോവ് എന്ന ഏകാധിപതിയുടെ പട്ടാളം ഒരൊറ്റ ദിവസം കൊണ്ട് കൊന്നു തള്ളിയ മനുഷ്യരെയും മറന്നുകൂട. തന്റെ ഭീകര ഭരണത്തിനെതിരെ പ്രതികരിച്ചവരെ ഇസ്ലാമിസ്റ്റുകൾ എന്നു മുദ്രകുത്തിയാണ് കരിമോവ് നേരിട്ടത്. ആൻഡിജാൻ നഗരത്തിൽ മാത്രം മെയ് 12ന് എ.കെ 47 യന്ത്രത്തോക്കുകൾ ഉപയോഗിച്ച് പട്ടാളം നടത്തിയ തേർവാഴ്ചയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 700ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അയൽരാജ്യമായ കിർഗിസ്ഥാനിൽ നടന്ന ട്യൂലിപ്പ് വിപ്ലവത്തിന്റെ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ജനം തെരുവിലിറങ്ങിയത്.

മ്യാന്മറിലേക്ക് തിരിച്ചുവരാം. തെരഞ്ഞെടുപ്പിൽ വിജയിച്ച നൊബെയിൽ സമ്മാന ജേതാവ് ഓങ് സാൻ സുചിക്ക് അധികാരം നൽകാതെ അവരെയും മറ്റു നേതാക്കളെയും തടവിലാക്കി പട്ടാള ജണ്ട ജനാധിപത്യ ധ്വസനം നടത്തിയതിന് എതിരെയാണ് അവിടെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

2015ലെ തെരഞ്ഞെടുപ്പിലും സുചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (NLD)മികച്ച വിജയം നേടിയിരുന്നെങ്കിലും ഭരണഘടനാപരമായി വിലക്കുള്ളതിനാൽ അവർക്ക് പ്രസിഡണ്ടാവാൻ കഴിഞ്ഞില്ല. എന്നാൽ, പ്രധാന മന്ത്രിയുടെ പദവിയുള്ള സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്ത് അവരോധിതയായതോടെ അധികാരം നിലനിർത്താനായി സകല മാനുഷിക മൂല്യങ്ങളും കൈവിടുന്ന സുചിയെയാണ് ലോകം കണ്ടത്. സൈന്യത്തിനും ബുദ്ധിസ്റ്റ് ഭീകരർക്കും കീഴൊതുങ്ങി സ്വന്തം ജനതയെ (റോഹിൻഗ്യ) കൂട്ടക്കൊല ചെയ്തതിനെ അന്താരാഷ്ട്ര ഫോറങ്ങളിൽ പോലും അവർ ന്യായീകരിച്ചു. സൂചിക്ക് നൽകിയ നൊബേൽ സമ്മാനം തിരിച്ചു വാങ്ങണമെന്ന ആവശ്യം ഉയർത്തിയ സംഭവം ആയിരുന്നു അത്.

മനുഷ്യാവകാശ പ്രവർത്തകയെന്ന പദവിയിൽനിന്ന് വംശീയ ഭ്രാന്തിലേക്ക് അധ:പതിച്ച സൂചിയോട് വിയോജിക്കുമ്പോഴും തുടർച്ചയായി ജനാധിപത്യ ധ്വംസനം നടത്തുന്ന പട്ടാള ജണ്ടയോടും അവരുടെ ഭീകരതയോടും ശക്തമായി പോരാടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശമാണ് മ്യാൻമർ നൽകുന്നത്. 1945ൽ ജപ്പാന്റെ അധിനിവേശത്തിനെതിരെ നടന്ന ചെറുത്തുനിൽപിന്റെ പ്രതീകമായി വർഷംതോറും ആചരിച്ചുവരുന്ന സായുധസേനാ ദിനത്തിൽതന്നെ ചോരപ്പുഴയൊഴുക്കുന്ന മിലിട്ടറി ജണ്ടയെ അന്താരാഷ്ട്ര സമൂഹം നിലയ്ക്ക് നിർത്താൻ തയ്യാറാവണം. റബ അൽ അദവിയ്യയിലെ ചെറുത്തുനിൽപിന്റെ പ്രതീകമായ ഫോർ ഫിംഗർ സല്യൂട്ടിൽനിന്ന് മ്യാൻമറിലെ ജനാധിപത്യവാദികൾ ഉയർത്തുന്ന ത്രീ ഫിംഗർ സല്യൂട്ടിലേക്ക് വലിയ അകലമില്ല.

Related Articles