Current Date

Search
Close this search box.
Search
Close this search box.

സൂര്യോദയവും കാത്ത്..

സ്വഛമായി നിലാവ്‌ പരത്തിയിരുന്ന
പൂര്‍‌ണ്ണ ചന്ദ്രനില്‍ കരി നിറം നിഴലിട്ടു.
കൃഷ്‌ണ പക്ഷത്തിനു ശേഷം
കാര്‍മേഘ പാളികളാലാവൃതമായി
തിങ്കള്‍ അവ്യക്തമായി കാണപ്പെട്ടു.
നറും നിലാവിന്റെ ശീതള ഛായയില്‍
സ്‌തുതി ഗീതമാലപിച്ചിരുന്നവരുടെ
ചങ്കു പൊട്ടി..

അവരുടെ ദീന രോധനം
മേഘ ഗര്‍‌ജ്ജനം കവര്‍‌ന്നു.
അവരുടെ കണ്ണീര്‍ ചാലില്‍
ഗോപകുമാരന്മാര്‍
ഗോക്കളെ കുളിപ്പിച്ചു.
അവരുടെ അസ്ഥികള്‍കൊണ്ട്‌
ചക്രവും,ശം‌ഖും ഗദയുമുണ്ടാക്കി.
അവരുടെ കരളുകള്‍ പറിച്ചെടുത്ത്
താമരയുണ്ടാക്കി.
അവരുടെ രക്തം
തേരാളികളെ കുടിപ്പിച്ച്‌
മദോന്മത്തരാക്കി
അവരുടെ ചില്ലുടഞ്ഞ കിനാക്കള്‍ കൊണ്ട്‌
രുദ്രാക്ഷ മാലയും
ജപമാലയും
ഉണ്ടാക്കി.
ഹിമാലയം ഉരുകി ഒലിച്ചു.
ഗം‌ഗയും യമുനയും
കര കവിഞ്ഞൊഴുകി.

ഇനി വീശാനിരിക്കുന്നു
മരുക്കാറ്റ്‌…
കപട കാവി സന്ധ്യയെ
വിളറി പിടിപ്പിക്കുന്ന കാറ്റ്‌
ഉദിക്കാനിരിക്കുന്നു
പുതിയ പ്രഭാതവും പ്രദോഷവും
പൂര്‍‌ണ്ണ നിലാവുള്ള രാത്രിയും.
………….
എന്റെ മാണിക്യ ചെപ്പ്‌ എന്ന കവിതാ സമാഹാരത്തിലെ കവിത.ബാബരി മസ്‌ജിദ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ സവര്‍‌ണ്ണ ഫാഷിസത്തിന്റെ സകലമാന രൗദ്രഭാവങ്ങളും മറ നീക്കി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന തൊണ്ണൂറുകളിലെ  രചന.

Related Articles