Art & Literature

ലൈബ്രറികൾ വിജ്ഞാനീയങ്ങളുടെ ‘സുവർണ്ണ കാലഘട്ട’മായിരുന്നു

ഉമവി-അബ്ബാസി കാലഘട്ടത്തിലെ

ഏതൊരു വിജ്ഞാന ശാഖയെയും പ്രവർത്തിപഥത്തിൽ സംവിധാനിച്ച് വളർത്തി, അവയെ മിനുക്കിയെടുക്കുക അല്പം പ്രയാസകരമായ ദൗത്യം തന്നെയാണ്. പ്രയോഗ തലം മുതൽ അവയെ കൈകാര്യം ചെയ്യുന്നത് വരെയുള്ള രീതി ശാസ്ത്രം ഏതൊരു പ്രവർത്തനത്തിന്റെയും പ്രധാന മേഖലയിൽ പെട്ടതാണ്. ലോകത്ത് വിജ്ഞാന ശേഖരങ്ങളുടെ ഖജനാവുകൾ എന്നറിയപ്പെടുന്ന സംവിധാനങ്ങളാണ് ലൈബ്രറികൾ. പ്രസ്തുത ഖജനാവുകളെ ക്രമീകരിച്ച് അവയെ മുന്നോട്ട് ചലിപ്പിക്കാൻ ഉതകുന്ന ദിശാബോധം നൽകുന്ന വിജ്ഞാന ശാഖകൾ (Library Science) ലോകത്ത് പണ്ട് മുതൽക്കേ നിലനിൽക്കുന്നവയാണ്.

ഇന്നത്തെ യൂറോപ്പിന്റെ വൈജ്ഞാനിക ഉയർച്ച ( Scientific Revolution) യിൽ പ്രധാന ഘടകമായി വർത്തിച്ച ഇസ്ലാമിക വൈജ്ഞാനിക സംരംഭങ്ങളായിരുന്നു ഇസ്ലാമിക ലോകത്തെ പൗരാണിക ലൈബ്രറികളും അതുമായി ചേർന്നുള്ള പരിഭാഷ സംവിധാനങ്ങളും. ഉമവി കാലഘട്ടം മുതൽക്കുള്ള ഇസ്ലാമിന്റെ വൈജ്ഞാനിക സംഭാവനകൾക്ക് ദിശാബോധവും വ്യക്തതയും കൈവന്നത് ലൈബ്രറികൾ സ്ഥാപിച്ചതിന് ശേഷമാണ്. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ‘സുവർണ്ണ കാലഘട്ട’മായി ഉമവി-അബ്ബാസി കാലത്തെ പലപ്പോഴും ചരിത്രം വിലയിരുത്താറുണ്ട്. പ്രസ്തു കാലത്തെ ശാസ്ത്ര പുരോഗതിയുടെ സുവർണ്ണ കാലമായി വിലയിരുത്തുമ്പോൾ തന്നെ അന്നത്തെ ലൈബ്രറികളുടെ രീതിശാസ്ത്രം പഠനവിധേയമാക്കേണ്ടത് അനിവാര്യമാണ്. കേവലം ‘ ലൈബ്രറി’ എന്ന് പറഞ്ഞ് ഇസ്ലാമിക ചരിത്ര രേഖകളിലെ ലൈബ്രറി സംവിധാനങ്ങളെ വായിച്ചത് കൊണ്ട് അവ നിർവ്വഹിച്ച ദൗത്യത്തെ മനസ്സിലാക്കാൻ കഴിയണമെന്നില്ല. കൊളോണിയൽ ശക്തികൾ ഇസ്ലാമിക വിജ്ഞാനീയങ്ങൾ ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലേക്ക് തർജിമ ചെയ്യുകയും നിരവധി ഗ്രന്ഥശാലകൾ അഗ്നിക്കരിയാക്കിയതായി പരാമർശിച്ച് പോകുന്നതിനപ്പുറം ഇസ്ലാമിലെ ലൈബ്രറി സംവിധാനങ്ങളെ എത്രത്തോളം അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ടെന്നത് വിശകലനം ചെയ്യപ്പെടേണ്ടതാണ്. പലപ്പോഴായി ചരിത്രം പരാമർശിക്കുന്ന, ഗ്രന്ഥങ്ങൾ കൊണ്ട് ടൈഗ്രീസിനെ കറുപ്പിച്ച താർത്തിരികളുടെ ബാഗ്ദാദിലെ തേരോട്ട ചരിത്രം ഇതാടൊപ്പം പറഞ്ഞു വെക്കട്ടെ .

Also read: ഡല്‍ഹി ഭീകരതയുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍

ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വൈജ്ഞാനിക കണ്ടെത്തലുകൾ നടത്തി ലോകത്ത് അദ്ഭുതങ്ങൾ കൊണ്ട് വന്ന പ്രധാന പ്രദേശമാണ് സ്പെയിൻ. ലോകത്ത് ആദ്യമായി വിമാനം നിർമ്മിച്ച് പറപ്പിക്കാൻ ശ്രമങ്ങൾ നടത്തിയ അബ്ബാസ് ബിൻ ഫർനാസ്, സർജറിയുടെ പിതാവായി പശ്ചാത്യ ലോകം പോലും അംഗീകരിക്കുന്ന അബുൽ ഖാസിസ് എന്ന് വിളിക്കുന്ന അൽ സഹ്റാവി തുടങ്ങിയവർ മുസ്ലിം സെപയിന്റെ എക്കാലത്തെയും കണ്ടെത്തലുകളാണ്. ഇത്രയേറെ കണ്ടെത്തലുകൾക്ക് അടിത്തറയായി വർത്തിച്ച മുസ്ലിം സ്പെയിനിലെ വൈജ്ഞാനിക സംവിധാനങ്ങളിൽ എടുത്തു പറയേണ്ടവയാണ് ലൈബ്രറികൾ.

വിജ്ഞാന സമ്പാദനത്തിന്റെ വറ്റാത്ത ഉറവകളായി ലോകത്ത് ഉദിച്ച് നിന്ന നഗരമാണ് മുസ്ലിം സെപയിനിലെ കൊറദോവ. ഇസ്ലാമിക ലോകത്ത് ഉറൂസുൽ ബിലാദ് (പട്ടണമണവാട്ടി) എന്നറിയപ്പെട്ട ലോകത്തിലെ സുകുമാര കലകളുടെ കേന്ദ്രമായിരുന്നു കൊറദോവ. കൊറദോവയിലെ ഓരോ ഭവനത്തിലും ഒരു ലൈബ്രറിയുണ്ടായതായി ചരിത്രം പറയുന്നു.
ആരെങ്കിലും മരണപ്പെട്ടാൽ ടിയാന്റെ ലൈബ്രറി കൊറദോവയിൽ കൊണ്ട് പോയി വിൽക്കുമായിരുന്നു വെന്ന് ചരിത്രം ആലങ്കാരികമായി പറഞ്ഞു വെക്കുന്നുണ്ട്. മഹത്തായ ഗ്രന്ഥങ്ങളുടെ മാർക്കറ്റ് എന്ന നിലക്കാണ് പ്രസ്തുത നഗരം പാശ്ചാത്യ ലോകത്തറിയപ്പെടുന്നത്. അത്രമാത്രം വായനയെ സ്നേഹിച്ച ഒരു നഗരം ഒരു പക്ഷെ ലോകത്ത് ഇസ്ലാമിക കാലഘട്ടത്തിൽ മാത്രമേ കാണാൻ കഴിയൂ. ഉമവിയ ഖിലാഫത്തിന്റെ തലസ്ഥാന നഗരിയെന്ന ഖ്യാതിയെക്കാൾ കോറദോവ നഗരത്തെ ചരിത്രം പരിചയപ്പെടുത്തിയത് വിവിധങ്ങളായ ലൈബ്രറി സംവിധാനങ്ങളുടെ കൂടിച്ചേരലായിരിക്കും. ഖലീഫ അൽ-ഹകമിന്റെ കാലത്ത് 40 ലക്ഷം അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരം സുൽത്താൻ സ്വന്തമായി നിയന്ത്രിച്ചു പോന്നിരുന്നു. തത്ത്വജ്ഞാനം, ഗണിതം, രസതന്ത്രം, ജ്യാമിതീയ കല, വാസ്തുവിദ്യ, ഭൂമി ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പ്രസ്തുത ലൈബ്രറി ലോകത്തിന് ഉദാത്ത മാതൃകകൾ സ്രഷ്ടിച്ചു. അൽ ഹകം രണ്ടാമന്റെ കാലത്ത് പ്രസ്തുത ലൈബ്രറി കൂടുതൽ വിശാലമാക്കപ്പെട്ടു.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബഹുഭാഷ പണ്ഡിത(polyglot) രുടെ സംഘമ ഭൂമിയായി പതിയെ കൊറദോവ മാറിക്കഴിഞ്ഞിരുന്നു. അക്കാലത്തെ ഇസ്ലാമിക ലൈബ്രറികളിൽ പണ്ഡിതന്മാരായ ജൂത- ക്രിസ്ത്യൻ വംശജരും ജോലി ചെയ്തിരുന്നു. ഹസ്ദേ ബിൻ ശബ്റൂത്ത് എന്ന ജൂത പണ്ഡിതൻ അൽ – ഹകം രണ്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ജോലി ചെയ്തതായി ചരിത്രം വരച്ചിടുന്നുണ്ട്. യാതൊരു വിധ വിവേചനമോ, പക്ഷപാതപരമായ സമീപനങ്ങളോ മുസ്ലിം ഭരണാധികാരികളിൽ നിന്ന് ഇവർക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് കൂടി ചരിത്രം വ്യക്തമാക്കുന്നു. യൂറോപ്പ് കടലാസ് നിർമ്മാണത്തെക്കുറിച്ച് ചിന്തിച്ച് പോലും തുടങ്ങാത്ത കാലത്ത് ചൈനയിലും മുസ്ലിം സെപയിനിലെ ശാത്തിബിയിൽ നിന്നുമാണ് കടലാസ് നിർമ്മാണ കേന്ദ്രങ്ങൾ ലോകത്ത് ഉയർന്നു വന്നത്. ഗ്രന്ഥങ്ങൾ എഴുതി തയ്യാറാക്കുന്ന രീതിയായത് കൊണ്ട് തന്നെ എഴുത്ത് കലയിൽ പ്രാവിണ്യം നേടിയവർ ഉയർന്നു വന്നു.

മറ്റൊന്ന് അറബി ഭാഷയുടെ വ്യാപനമായിരുന്നു. സ്പാനിഷ് ഭാഷയിലെ അറബി വാക്കുകളുടെ സ്വാധീനം വേറെ തന്നെ വിശകലനം ചെയ്യപ്പെടേണ്ടതാണ്. അറബി ഭാഷ പ്രധാന ഭാഷയായി ലൈബ്രറി വിജ്ഞാനീയങ്ങളിൽ മുഴച്ച് നിന്നപ്പോഴും മുസ്ലിം പണ്ഡിതർ ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ പ്രാവിണ്യം നേടി മികച്ചു നിന്നു. മുഹമ്മദ് എന്നാബാത്തി, അബ്ദുർ റഹ്മാൻ ബിൻ ഇസ്ഹാഖ്, അബൂ ഉസ്മാൻ അൽ ജസ്സാർ, മുഹമ്മദ് ബിൻ സൈദ് തുടങ്ങിയവർ അക്കാലത്തെ പ്രമുഖ ബഹുഭാഷ പണ്ഡിതരാണ്. ഗ്രാനഡ, മലാഗ, സരഗോസ, തൊലഡോ തുടങ്ങിയ നഗരങ്ങളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറികളുടെ എണ്ണം ക്രത്യമായ എണ്ണിത്തിട്ടപ്പെടുത്താൻ ചരിത്രത്തിന് പോലും ഇന്ന് കഴിഞ്ഞിട്ടില്ല. ആധുനിക കാലത്ത് വിദൂര വിദ്യാഭ്യാസത്തിനായി മുസ്ലിംകൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് പാശ്ചാത്യ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്ന രീതിപോലെ യൂറോപ്പിൽ നിന്ന് വിദൂര പഠന ലക്ഷ്യവുമായ ആളുകൾ കൊറദോവയിലേക്ക് ഒഴുകാൻ തുടങ്ങിയ കാലത്തെ ഇന്നും ഇസ്ലാമിക ലോകം അനുസ്മരിക്കുന്നതോടൊപ്പം വേദനയോടെ ഓർക്കുക കൂടി ചെയ്യുന്നു.

പള്ളികേന്ദ്രീകൃത ലൈബ്രറികൾ (Mosque Libraries)

മധ്യകാല മുസ്ലിം ലൈബ്രറി സംവിധാനങ്ങൾ ആ പ്രദേശത്തെ പ്രധാന പള്ളിയുമായി ചേർന്നോ അല്ലെങ്കിൽ പള്ളിയിൽ തന്നെയോ സജ്ജീകരിക്കപ്പെട്ടതായി കാണാം. ഇതിന്റെ പിന്നിലെ യുക്തി അതിവിശാലവും ബ്രഹത്തരവുമാണ്. ഇസ്ലാമിക ഭരണകൂടം നിലവിലുള്ള ഒരു നഗരഹ്രദയം, എടുപ്പുള്ള, തലയുയർത്തി നിൽക്കുന്ന ഒരു പള്ളി കൊണ്ടലങ്കൃതമായിരിക്കും. പ്രവാചക കാലഘട്ടം മുതൽകുള്ള പള്ളികളുടെ സ്ഥാനം പരിശോധിച്ചാൽ അവ നമ്മുക്ക് മനസ്സിലാക്കാം. ഇസ്ലാം മുന്നാട്ട് വെക്കുന്ന നഗര ആസൂത്രണങ്ങളിൽ ആരാധനാലയങ്ങൾക്ക് പ്രത്യേക സ്ഥാനം തന്നെ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിൽ നോട്ടമെത്തുന്ന പ്രധാന ഭാഗത്ത് ഒരു പള്ളി, മറ്റെല്ലാം നഗര സംവിധാനങ്ങളും വികസിക്കുന്നത് പ്രസ്തുത പള്ളി കേന്ദ്രീകരിച്ചായിരിക്കും. കേവല ആരാധനക്കായി മാത്രം ലോകത്ത് പള്ളികൾ കെട്ടിപ്പൊക്കുന്നതിനെ ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരത്തിലുള്ള പള്ളികളിൽ ഒരു ലൈബ്രറി കൂടി വരുമ്പോൾ വിജ്ഞാന സമ്പാദനത്തിന്റെ ഉറവിടമായി കൂടി പള്ളികൾ പരിവർത്തിക്കപ്പെടുന്നു. കണ്ടെത്തലുകൾ (Invention) ഗവേഷണങ്ങൾ (research) തുടങ്ങിയ മേഖലകളെക്കൂടി പള്ളിയുമായി ചേർത്ത് വിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്യാവുന്ന മേഖലകളാണ്. കേരളത്തിൽ ഈ അടുത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ മലയിടിഞ്ഞ് മരിച്ചവരുടെ പോസ്റ്റ്മാർട്ട നടപടികൾ നടത്തിയത് പോത്തുങ്കൽ എന്ന പ്രദേശത്തെ ഒരു സാധാരണ പള്ളിയിലാണ്. പ്രശംസനീയവും ആവശ്യ ഘട്ടങ്ങളിൽ പള്ളികളെ ഏത് രീതിയിൽ വേണെമെങ്കിലും മാറ്റാം എന്നതിന്റെ ഉത്തമ മാതൃകകളാണ് നാം കണ്ടത്. എന്നാൽ സ്ഥിരമായി പള്ളിയിൽ ഒരു മെഡിക്കൽ റൂം ഉണ്ടാകുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കിയാലോ? കൈറോയിലെ ഇബ്നു തുലൂൻ പള്ളിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന സ്ഥിരമായ മെഡിക്കൽ സംവിധാനങ്ങൾ നമ്മെ അദ്ഭുതപ്പെടുത്തും. എല്ലാ വെള്ളിയാഴ്ച്ചയും പുറമെ നിന്ന് വരുന്ന ഒരു ഫിസിഷ്യൻ പള്ളിയിൽ വെച്ച് ആവശ്യക്കാരായ രോഗികളെ പരിശോധിച്ച് ചികിത്സ നൽകിയിരുന്നതായി ചരിത്രം വരച്ചിടുന്നു. കൈറോവിലെ തന്നെ പ്രസിദ്ധമായ അൽ-അസ്ഹർ പള്ളി, മൊറോക്കയിലെ ഫെസ് നഗരത്തിൽ ഫാത്വിമ അൽ ഫഹ് രി എന്ന മഹതിയുടെ പേരിൽ സ്ഥാപിക്കപ്പെട്ട മസ്ജിദ് ഖറാവിയ്യീൻ, തുനീഷ്യയിലെ ഖൈറുവാൻ, സൈത്തുന പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട പള്ളികൾ, കൊറദോവയിലെ പൗരാണിക മുസ്ലിം ദേവാലയങ്ങൾ തുടങ്ങിയവ മോസ്ക് ലൈബ്രറിയുടെ ശൈലിയിൽ സംവിധാനിക്കപ്പെട്ടിരിക്കുന്നതാണ്.

ലൈബ്രറി കെട്ടിടങ്ങളുടെ ഘടനയും രൂപവും ഇസ്ലാമിക് വാസ്തുവിദ്യ രീതിക്കനുസരിച്ചാണ് യഥാർത്ഥത്തിൽ നിർമ്മിക്കപ്പെടേണ്ടത്. പൗരാണിക മുസ്ലിം നഗരങ്ങളിലെ ലൈബ്രറികളുടെ നിർമ്മാണ രീതികൾ വൈജ്ഞാനിക ചുറ്റുപാടുകളെ സ്വാധീനിക്കുന്നതായിരുന്നു. ബ്രഹത്തായ ഒരു വലിയ കെട്ടിടമെന്നതിലുപരി കലാപരമായി അവയെ സംവിധാനിക്കാൻ കൂടി മുസ്ലിം വാസ്തുവിദ്യ പ്രഗത്ഭർ ഉത്സാഹം കാണിച്ചിരുന്നു. അറബി-പേർഷ്യൻ വാസ്തുവിദ്യ രീതികൾ ചേർത്ത് ഒരു പുസ്തകം തുറന്ന് വെച്ച രീതിയിലോ, വിജ്ഞാനീയങ്ങളെ സൂചിപ്പിക്കുന്ന മറ്റേതെങ്കിലും രൂപങ്ങളിലേക്കോ അവയെ സന്നിവേശിപ്പിക്കാൻ മധ്യകാലഘട്ട മുസ്ലിം ഭരണകൂടങ്ങൾ മത്സരിച്ചിരുന്നു. മറ്റൊന്ന് ലൈബ്രറികളുടെ അകം സജ്ജീകരിക്കേണ്ട രീതിശാസ്ത്രമാണ്. ഉദാഹരണമായി ഇസ്ലാമിലെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ഗ്രന്ഥങ്ങൾ സൂക്ഷിക്കേണ്ട രീതി പൗരാണിക, ജ്യാമിതിയ (geometric) രൂപകല്പനയിൽ നിർമ്മിക്കപ്പെട്ട വാസ്തുവിദ്യാ രീതിയിലാവുമ്പോൾ വായനയിലൂടെ പ്രസ്തുത കാലഘട്ടത്തേക്ക് അറിയാതെ ഒരു വിദ്യാർത്ഥി ഇറങ്ങിപ്പോകുമെന്ന് തീർച്ച. അറിവ് നേടുന്ന ഇടങ്ങൾക്ക് ഗ്രന്ഥങ്ങളുടെ കാലപ്പഴക്കം അനുസരിച്ചുള്ള ആകർഷണീയത്വം ഉണ്ടായിരിക്കണം എന്ന് ചുരുക്കം. ലൈബ്രറിയുടെ പുറമെ നിന്നുള്ള സൗന്ദര്യത്തേക്കാൾ അകം വിഷയങ്ങൾക്കനുസരിച്ച് സംവിധാനിക്കപ്പെടുമ്പോഴുള്ള സൗന്ദര്യം വിവർണ്ണാതീതമാണ്.

ലൈബ്രറി ജീവനക്കാരുടെ പ്രവർത്തന ശൈലികളെ പോലെ തന്നെ അവരുടെ യോഗ്യതയും ഇസ്ലാമിക ലോകം കാര്യമായി പരിഗണിച്ചിരുന്നു. നിരീക്ഷകൻ, ലൈബ്രറിയിലെ ഓരോ വിഭാഗത്തിനും ആ വിഷയ സമ്പന്ധമായി ആധികാരികമായി അറിവുള്ള വ്യക്തികൾ, തുടങ്ങി വ്യത്യസ്ത മേഖലകളിൽ പൗരാണിക ഇസ്ലാമിക ലൈബ്രറികളിൽ കുറഞ്ഞത് 500 ലധികം ആളുകൾ സേവനം അനുഷ്ഠിച്ചിരുന്നു. ലൈബ്രറി വിജ്ഞാന ശാഖ (Library Science) സ്വയത്തമാക്കിയത് കൊണ്ട് ഒരു ലൈബ്രറി പൂർണ്ണമായ അർത്ഥത്തിൽ ചലിപ്പിക്കാൻ കഴിയണമെന്നില്ല. മേൽ വിവരിച്ച ചേരുവകൾ കൂടി ചേരുമ്പോൾ മാത്രമാണ് ലൈബ്രറി എന്ന സംവിധാനം പൂർണ്ണതയിലെത്തുകയുള്ളൂ. മേൽ പറഞ്ഞ തസ്തികകളിൽ ജോലി ചെയ്തവർക്ക് അക്കാലത്ത് വേണ്ടിയിരുന്ന കുറഞ്ഞ യോഗ്യത അവർ ബഹുഭാഷ പണ്ഡിതരായിരിക്കണം എന്നായിരുന്നു ഒപ്പം ഒരു പ്രത്യേക വിഷയത്തിൽ പാണ്ഡിത്യവും ലോകത്തെ എല്ലാ വിജ്ഞാനീയങ്ങളെ കുറിച്ച പൊതുധാരണയും. ലൈബ്രറി ജോലിക്കാവശ്യമായ യോഗ്യതയിൽ യാതൊരു വിധ വിട്ടുവീഴ്ച്ചക്കും മുസ്ലിം ഭരണകൂടങ്ങൾ വഴങ്ങിയിരുന്നില്ല. അത് തന്നെയായിരുന്നു മുസ്ലിം സ്പെയിൻ, ബാഗ്ദാദ് തുടങ്ങിയ നഗര സമുച്ചയങ്ങൾ ലോകത്ത് ഉദിച്ച് നിന്നതിന്റെ പിന്നിലെ ലക്ഷ്യവും.

വരും തലമുറകൾക്ക് മുമ്പിൽ ലൈബ്രറികൾ കേവലം വായന ശാലകളായി മാത്രം അവതരിപ്പിക്കപ്പെടരുത്. വിഷയ കേന്ദ്രീക്രിത എക്സിബിഷനുകൾ, വൈജ്ഞാനിക സദസ്സുകൾ തുടങ്ങി വ്യത്യസ്ത തലങ്ങളെ/ പ്രവണതകളെ ഉൾകൊള്ളാൻ കൂടി ആധുനിക ലൈബ്രറി സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. കണ്ടെത്തലുകൾ നടത്താനുള്ള സയൻസ് ലാബുകൾ വരെ ഒരുക്കി വിപുലമായ തയ്യാറെടുപ്പുകൾ നടത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. Inventions, discoveries, experimentation ഇവയെ കോർത്തിണക്കി ആധുനിക ലൈബ്രറികൾ സ്രഷ്ടിക്കുന്ന പഠനാന്തരീക്ഷം ലോകത്ത് ഇനിയും ഇസ്ലാമിന്റെ ‘സുവർണ്ണ കാലഘട്ടങ്ങൾ’ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

Facebook Comments
Related Articles

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close