Art & Literature

പാബ്ലോ പികാസോവിന്റെ ഒരു ചിത്രപ്രദർശനം

ചുമ്മാ ചില ആസ്വാദനവിചാരങ്ങൾ പങ്കു വെക്കുകയാണ്. അൽപം നീളമുണ്ട്. തൽപരകക്ഷികൾക്ക് മാത്രം വായിക്കാം. ആദ്യം ഒരു കഥ പറയാം. പാബ്ലോ പികാസോവിന്റെ ഒരു ചിത്രപ്രദർശനം നടക്കുകയാണ്.

വിരലുകൾ വഴങ്ങിത്തുടങ്ങിയ കാലം മുതൽക്ക് പെൻസിലും ബ്രഷും പിടിച്ചു തുടങ്ങിയ പികാസോ, പക്ഷേ പതിനാറാം വയസ്സിൽത്തന്നെ സിംബലിസത്തിന്റെ തലത്തിലേക്ക് കയറി. റിയലിസത്തോട് ഏതാണ്ട് പൂര്‍ണമായും വിട പറഞ്ഞു. അസ്വാഭാവികമായ നിറക്കൂട്ടുകളിലാണ് അത് തുടങ്ങിയത്. എൽ ഗ്രേക്കോയുടെ എക്‌സ്പ്രഷനിസ്റ്റ് ചിത്രങ്ങളെ കൗമാരപ്രായത്തിലുള്ള പിക്കാസോ സ്വന്തമായി വ്യാഖ്യാനിച്ചു തുടങ്ങി.

പിന്നീടങ്ങോട്ട് ചിത്രകലയിലെ വിപ്ലവത്തിന്റെ നാളുകളായിരുന്നു. പാരീസിൽ ജോർജസ് ബ്രാക്കുമായിച്ചേർന്ന് വിഷയങ്ങളെ ഘടകരൂപങ്ങളായി വിശ്ലേഷണം ചെയ്യുന്ന അനലറ്റിക് ക്യൂബിസം. അതിനിടയിൽ, ബ്രാക്കുമായി കൂടിച്ചേർന്ന് തന്നെ സാമൂഹ്യവിമർശനത്തിൽ കുറേക്കൂടി ജനകീയമായ രീതി കൈക്കൊണ്ട് കൊലാഷ്. അതു കഴിഞ്ഞ്, ജാമിതീയാകൃതികളുടെ ദ്വിമാന, ത്രിമാന രൂപങ്ങളുപയോഗിച്ച് ക്രിസ്റ്റൽ ക്യൂബിസം. പിന്നെയവിടുന്നൽപകാലം റിട്ടേൺ റ്റു ഓഡർ, അതായത്, നിയോ ക്ലാസിസിസം. റാഫേലിയൻ സാമ്പ്രദായിക ശൈലിയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അത്. അതിന് ശേഷം സർറിയലിസ്റ്റ് ശൈലിയിലുള്ള ക്യൂബിസ്റ്റ് പെയിന്റിങ്ങുകൾ. അങ്ങനെയങ്ങനെ പ്രതീകാത്മകചിത്രങ്ങളുടെ ചക്രവര്‍ത്തിയായി പികാസോ മാറി.

ഒരുപക്ഷേ, ലൂവ്ര് മ്യൂസിയത്തിൽ നടന്ന പ്രദർശനത്തിലാവാം മേൽപ്പറഞ്ഞ കഥ നടന്നത്. അത് പികാസോയുടെ ജീവിതത്തിന്റെ തന്നെ അവസാനകാലമായിരുന്നു. കലാകാരൻ ജീവിച്ചിരിക്കെ ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആദ്യ ചിത്രപ്രദർശനമായിരുന്നു പികാസോവിന്റേത്. ഓ.. പറഞ്ഞങ്ങ് കാടുകേറി. നീളമുള്ള പോസ്റ്റുകളിൽ താൽപര്യമില്ലാത്തവർ ഇടയിലുള്ള ഈ ഭാഗം വിട്ടുകളഞ്ഞ് വായിച്ചാലും മതി. പികാസോയുടെ പ്രതീകാത്മക ചിത്രണം കണ്ട് ഒന്നും തിരിയാതെ ഭ്രമിച്ചുപോയ ഒരു നിഷ്കളങ്കൻ ഹാളിൽ അന്നേരം ഉണ്ടായിരുന്ന ചിത്രകാരനെ സമീപിച്ചു. ഇതെന്തൊക്കെയാണ് പികാസോ, താങ്കളീ വരച്ചുവെച്ചിരിക്കുന്നത്. ഒരെണ്ണം പോലും എനിക്ക് മനസ്സിലായില്ലല്ലോ. ഇതിനൊക്കെയാണോ ചിത്രങ്ങൾ എന്ന് പറയുക? ചുമ്മാ കുറേ നിറങ്ങളും വരകളും ത്രികോണങ്ങളും ചതുരങ്ങളും.

എന്തിനും ഒരു കഥ വേണ്ടേ എന്ന് നമ്മുടെ ചില സിനിമാപ്രേമികൾ ചോദിക്കുന്നത് പോലെ. കോപിഷ്ഠനായി നിൽക്കുന്ന ആ വിമർശകനോട് പുഞ്ചിരിയോടെ പികാസോ ചോദിച്ചു, സുഹൃത്തേ, താങ്കൾക്ക് ചൈനീസ് ഭാഷ അറിയാമോ? ഇല്ല. എന്നാൽ, ചൈനീസ് ഭാഷ പറയുകയും കേട്ട് മനസ്സിലാക്കുകയും ചെയ്യുന്ന ഒരുപാടാളുകൾ ലോകത്തുണ്ട്. എന്റെ ചിത്രങ്ങളുടെ ഭാഷ ചൈനീസ് ആണ്.

അഹങ്കാരം നിറഞ്ഞ ഒരു മറുപടിയായിരുന്നത്. എന്നാൽ സത്യത്തിൽ അതങ്ങനെയാണോ? കഴിവുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. കലാകാരന്റെ ഈഗോ എന്നത് പ്രധാനമാണ്. ശരിയായ അഹംബോധം, അതിൽ നിന്നുണ്ടാകുന്ന ലഘുവായ ഒരഹന്ത. ഇതിലാണ് അയാളുടെ ആത്മവിശ്വാസം കുടിക്കൊള്ളുന്നത്. അതായത്, സത്യത്തിൽ അഹങ്കാരമല്ല, ഈ അഹന്തയായിരുന്നു പികാസോയുടെ മറുപടിയുടെ കാതൽ. ഒരു കലാസ്വാദകനെന്ന നിലയിൽ, എനിക്ക് മനസ്സിലാവാത്തതെല്ലാം മോശമാണെന്ന അഹങ്കാരം വെച്ചുപുലർത്തുന്ന ഒരാളല്ല ഈ കുറിപ്പുകാരൻ. അതേസമയം പലതിനെയും മനസ്സിലാക്കാനും വായിക്കാനും സ്വന്തം നിലയിൽ വ്യാഖ്യാനിക്കാനും പറ്റും എന്ന അഹന്ത അൽപമുണ്ട് താനും.

ഓരോ കലാരൂപത്തിനും അതിന്റേതായ ഭാഷയും ഭാവവുമുണ്ട്. ചൈനീസ് ഭാഷ അറിയാത്തവരുമായി ചൈനീസ് ഭാഷയിൽ സംവാദം സാധ്യമല്ലല്ലോ. എന്നാൽ ഭാഷ അറിയാത്തവർക്കും മുഖഭാവത്തിൽ നിന്നും അംഗവിന്യാസത്തിൽ നിന്നും കാര്യം ഏതാണ്ട് ഗ്രഹിക്കാൻ സാധിച്ചേക്കും. എന്നാൽ സൂക്ഷ്മമായി വിശകലനം ചെയ്യാൻ പറ്റില്ല.

ഇതുപോലെ ഒരു കലാരൂപത്തിന്റെ ഭാഷയും ഭാവവും കൃത്യമായി അറിയാത്തവർക്കും അത് ആസ്വദിക്കാൻ പറ്റിയേക്കാം. എന്നാൽ അവരുടെ സംവേദനശേഷിക്ക് അത് പൂർണമായും വഴങ്ങിക്കൊടുത്തു എന്ന് വരില്ല. എനിക്ക് ചിത്രകലയെപ്പറ്റി കാര്യമായ അറിവില്ല. അതിനാൽത്തന്നെ ചിത്രങ്ങളെ ഒരു എന്റർടെയിൻമെന്റായി സമീപിക്കാനേ എനിക്ക് പറ്റൂ. അതെക്കുറിച്ച വിശകലനങ്ങൾക്ക് ഞാൻ മുതിരാറില്ല. അഭിപ്രായങ്ങൾ പറയാറുമില്ല. എനിക്കറിയാവുന്ന ഭാഷയല്ലല്ലോ അതിന്റേത്.

എന്നാൽ സിനിമ, സാഹിത്യം എന്നിത്യാദികളുടെ ഭാഷ -അതിന്റെ വ്യാകരണം അത്ര സൂക്ഷ്മമായി പിടിയില്ലെങ്കിലും- എനിക്ക് വഴങ്ങും. അതിനാൽ അവയെ ഞാൻ ധൈര്യമായി വിശകലനം ചെയ്യുകയും ചെയ്യും. കലയെ കമ്പോളവൽക്കരിക്കുന്നവർ അതിന്റെ കാമ്പ് എടുത്തുകളഞ്ഞ് പുറമെ പെയിന്റടിച്ച് മിനുക്കി ഉള്ള് പൊള്ളയായ പടപ്പുകളിൽ അഭിരമിക്കാൻ പ്രേക്ഷകനെ നിർബ്ബന്ധിതനാക്കുകയാണ്. കമ്പോളം അത്ര മോശം സ്ഥലമൊന്നുമല്ല. എന്നാൽ കമ്പോളത്തിൽ വേഷം കെട്ടിച്ച് വ്യഭിചരിക്കാൻ വിടുന്നത് അത്ര പ്രയോജനപ്രദമാണെന്നും തോന്നുന്നില്ല.

പെരിഫെറലായ കാഴ്ചകളിൽ മാത്രം അഭിരമിക്കുന്നവർക്ക് അതാകാം. ഔന്നത്യം പുലർത്തുന്ന കലാസൃഷ്ടികളിൽ നിന്ന് അത് ചിലപ്പോൾ കിട്ടിയേക്കാം. അത് കിട്ടിയില്ലെന്ന് വെച്ച് അക്കാരണത്താൽ ആ സൃഷ്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നത് അവിവേകമാണ്. ആദ്യം ആ സൃഷ്ടിയുമായി അതിന്റെ ഭാഷയിൽ സംവദിക്കാം. അതിശക്തമായി വിമർശിക്കുകയുമാവാം. ആവിഷ്കാരം മാത്രമല്ല, വിമർശനവും നിലവാരം പുലർത്തേണ്ടതുണ്ടല്ലോ.

Facebook Comments

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker