Great Moments

ദൈവാസ്തിത്വത്തിന് തെളിവുകള്‍ അന്വേഷിക്കുമ്പോള്‍

ദൈവത്തെ അറിയുകയും അവന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുകയെന്നത് മനുഷ്യന്റെ മനസ്സില്‍ തന്നെയോ, അല്ലെങ്കില്‍ അവരുടെ സഹജപ്രകൃതയിലോ ഉള്ള ഒന്നാണ്. ഒരു മനുഷ്യനെ ബാഹ്യമായ എല്ലാ സ്വാധീനങ്ങളില്‍ നിന്നും, വിശ്വാസപരമായ എല്ലാ മാലിന്യങ്ങളില്‍ നിന്നും അകറ്റി ആരുമില്ലാത്ത ഒരിടത്ത് തനിച്ച് വിടുകയാണെങ്കില്‍ ആ മനുഷ്യന്റെ സഹജപ്രകൃതം ഈ പ്രപഞ്ചത്തിന് സ്രഷ്ടാവും നിയന്താവും കൈകാര്യകര്‍ത്താവുമുണ്ടെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്. പിന്നീട് അവന്റെ ആ സഹജപ്രകൃതം ദൈവസ്‌നേഹത്തിന് കാരണമാകുന്നു. ഇവിടെ നമുക്ക് ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്ന നിരീശ്വരവാദികള്‍, അവരുടെ സഹജ പ്രകൃതത്തില്‍ നിന്ന് വഴിതെറ്റുകയും, പൈശാചിക സ്വാധീനങ്ങള്‍ക്ക് കീഴൊതുങ്ങുകയും, പിശാച് അവരെ മുന്നില്‍ നിര്‍ത്തി കളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബോധ്യപ്പെടുന്നതാണ്. മനുഷ്യന്റെ സഹജപ്രകൃതം ഇപ്രകാരമാണെന്നത് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും വ്യക്തമാക്കുന്ന കാര്യമാണ്. ‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയെത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല’ (അര്‍റും: 30). പ്രവാചകന്‍(സ) പറയുന്നു: ‘ഓരോ കുട്ടിയും ജനിക്കുന്നത് സഹജപ്രകൃതത്തിലാണ് (الفطرة). അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ, ക്രിസ്ത്യാനിയോ, മജൂസിയോ ആക്കുന്നത്. ഒരു മൃഗം പ്രസവിക്കുന്നത് പൂര്‍ണമായ മറ്റൊരു മൃഗത്തെയാണ് എന്നതുപോലെ. അവയുടെ പ്രസവസമയത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും ന്യൂനത അനുഭവപ്പെടുന്നോ?’ ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: ‘എന്റെ അടിമകളെ സച്ചരിതരായിട്ടാണ് (حنفاء) ഞാന്‍ സൃഷ്ടിച്ചത്. അവരിലേക്ക് പിശാച് വരികയും അവരെ ദീനില്‍ നിന്ന് തെറ്റിക്കുകയുമാണുണ്ടായത്’.

അല്ലാഹുവിന്റെ അസ്തിത്വം തിരിച്ചറിയുന്നതിനും, അവനെ അറിയുന്നതിനുമുളള സഹജപ്രകൃതത്തെ (الفطرة) വലിയ പ്രാധാന്യത്തോടുകൂടി കണ്ടിരുന്നതിനാല്‍ പ്രവാചകന്‍ രാവിലെയും വൈകുന്നേരവും ഈ ‘ഫിത്വറത്തിനെ’ വീണ്ടും വീണ്ടും ഉറപ്പിക്കുമായിരുന്നു. അഥവാ ഇസ്‌ലാമെന്ന സഹജപ്രകൃതത്തെ (فطرةِ الإسلامِ) ദൃഢപ്പെടുത്തുമായിരുന്നു. ഇത് പൈശാചിക പ്രേരണകളില്‍ നിന്നുള്ള ബാഹ്യമായ ഇടപെടലുകള്‍ സ്വാധീനിക്കുന്നതില്‍ പ്രതിരോധം സൃഷ്ടിക്കുന്നതാണ്. പ്രവാചകന്‍(സ) രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും പറയുമായിരുന്നു: ‘മുസ്‌ലിമായും സച്ഛരിതരായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍ ഉള്‍പ്പെടാതെ, രാവിലെയും വൈകുന്നേരവും ഞങ്ങളെ ഇസ്‌ലാമിന്റെ സഹജപ്രകൃതത്തിലും (فطرةِ الإسلامِ), കറകളഞ്ഞ വിശ്വാസത്തിലും (كلمةِ الإخلاصِ), പ്രവാചകന്‍ മുഹമ്മദിന്റെ ദീനിനിലും, നമ്മുടെ പിതാവ് ഇബ്‌റാഹീമിന്റ പാതയിലുമായി നിലകൊള്ളുന്നു’. അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കിയ ഈ ‘സഹജപ്രകൃതത്തിന്’ പുകപടലമായ ലോകത്ത് വച്ച് ആദം നബി(അ)നോട് അല്ലാഹു വാങ്ങിയ കരാറുമായി (العهد) ശക്തമായ ബന്ധമുണ്ട്. ‘നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). (അവന്‍ ചോദിച്ചു) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു, എന്ന് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്). അല്ലെങ്കില്‍ മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വപിതാക്കള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തച്ചതിന്റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന് നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍’ (അല്‍അഅ്‌റാഫ്: 172-173).

അല്ലാഹു അവന്റെ ദാസന്മാരില്‍ നിന്ന് വാങ്ങിയ ഈ കരാറില്‍ മനുഷ്യര്‍ അല്ലാഹുവിന്റെ രക്ഷകര്‍തൃത്വത്തെ അംഗീകരിക്കുന്നുണ്ടെന്ന് കൃത്യമാണ്. അല്ലാഹു അവന്റെ അടിമകളെ അതിനെ സാക്ഷനിര്‍ത്തുകയും അവര്‍ അതിന് സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അവരില്‍ ആ കരാര്‍ കാത്തുസൂക്ഷിക്കുകയും, അതിന്റെ തേട്ടം മനസ്സിലാക്കി നിലകൊള്ളുകയും, അവനോട് പങ്കുചേര്‍ക്കാതെ ഇബാദത്തെടുക്കുകയും, പ്രവാചകനെ അംഗീകരിക്കുകയും, പ്രവാചകന്‍ കൊണ്ട് വന്നതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. മറ്റുചിലര്‍, അല്ലാഹു നല്‍കിയ സഹജപ്രകൃതത്തെ മാറ്റുകയും, വഴിതെറ്റിപോവുകയും, പിശാചിന്റെ കൂട്ടാളിയാവുകയും, അല്ലാഹുവിനോട് സാക്ഷ്യം വഹിച്ചതും പ്രതിജ്ഞയെടുതും മറന്നുപോയവുരുമാണ്. അങ്ങനെ അവര്‍ നിഷേധത്തിന്റെയും നിരീശ്വരവാദത്തിന്റെയും വഴി സ്വീകരിക്കുകയാണ്. അതോടൊപ്പം, അല്ലാഹു അവരെ അങ്ങനെ വിടുകയല്ല ചെയ്തത്. ഈ കരാറും സാക്ഷ്യവും ഓര്‍മിപ്പിക്കുന്നതിനായി അവരിലേക്ക് പ്രവാചകന്മാരെ അയക്കുകയും, വേദഗ്രനഥന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ സാക്ഷ്യം മറന്നുപോകാതിരിക്കുന്നതിനായി അല്ലാഹുവന്റെ പ്രവാചകന്‍ രാവിലെയും വൈകുന്നേരവും പറയുമായിരുന്നു: ‘അല്ലാഹുവെ, നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്, ഞാന്‍ കഴിയുന്നത്രയും നിന്നോട് ചെയ്ത കരാറിലും വാഗ്ദാനത്തിലുമാണ്. ചെയ്ത തെറ്റുകളില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. നീ എനിക്ക് നല്‍കിയ അനുഗ്രഹത്തെയും, ചെയ്ത തെറ്റിനെയും ഞാന്‍ അംഗീകരിക്കുന്നു. നാഥാ, എനിക്ക് നീ പൊറുത്ത് തരിക, നീയല്ലാതെ തെറ്റുകള്‍ക്ക് മാപ്പുകള്‍ നല്‍കുന്നവന്‍ മറ്റാരുമില്ല’. അല്ലാഹുവന്റെ പ്രവാചകന്‍ പാപമോചന പ്രാര്‍ഥനകളില്‍ ( سيّدُ الاستغفارِ ) പ്രധാനമായ പറഞ്ഞ പ്രാര്‍ഥനയാണിത്. “وأنا على عهدِكَ” (ഞാന്‍ നിന്നോട് ചെയ്ത കരാറിലാണ്) എന്നത് നിന്നോട് ഞാന്‍ ചെയ്ത കരാര്‍ നിന്നിലുള്ള വിശ്വാസത്തെ ബലപ്പെടുത്തുന്നുവെന്നും, നിന്റെ ഏകത്വത്തെ അംഗീകരിക്കുന്നവെന്നും, അതില്‍നിന്ന് വ്യതിചലിച്ച് പോവുകയില്ലെന്നുമുള്ളതാണ്.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

 

Facebook Comments
Related Articles
Show More

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.

Check Also

Close
Close
Close